Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡൽഹിയിൽ അവൾ എത്തിയാൽ ദോശയും കിഴങ്ങ് കറിയും അവളുടെ വായിലേക്ക് എനിക്ക് വെച്ചു കൊടുക്കണം; എന്റെ പേരക്കുട്ടി ഉമ്മക്കുൽസുവിനെ കാണണം.. കൈകൊണ്ടു തൊടണം..കെട്ടിപ്പിടിച്ച് ഉമ്മ നൽകണം; മരുമകൻ ഈസ അടക്കമുള്ളവർക്ക് പുതിയ ഡ്രെസ്സുകൾ വാങ്ങി നൽകണം; എല്ലാം ഈസയുടെ അമ്മ ഗ്രേസിയെ വിളിച്ച് പറഞ്ഞു; അഫ്ഗാൻ സേനയ്ക്ക് മുന്നിൽ കീഴടങ്ങിയ ഐഎസ് സംഘത്തിൽ നിമിഷ ഫാത്തിമ ഉണ്ടെന്നറിഞ്ഞ് സന്തോഷം അടക്കാനാവാതെ ബിന്ദു

ഡൽഹിയിൽ അവൾ എത്തിയാൽ ദോശയും കിഴങ്ങ് കറിയും അവളുടെ വായിലേക്ക് എനിക്ക് വെച്ചു കൊടുക്കണം; എന്റെ പേരക്കുട്ടി ഉമ്മക്കുൽസുവിനെ കാണണം.. കൈകൊണ്ടു തൊടണം..കെട്ടിപ്പിടിച്ച് ഉമ്മ നൽകണം; മരുമകൻ ഈസ അടക്കമുള്ളവർക്ക് പുതിയ ഡ്രെസ്സുകൾ  വാങ്ങി നൽകണം; എല്ലാം ഈസയുടെ അമ്മ ഗ്രേസിയെ വിളിച്ച് പറഞ്ഞു; അഫ്ഗാൻ സേനയ്ക്ക് മുന്നിൽ കീഴടങ്ങിയ ഐഎസ് സംഘത്തിൽ നിമിഷ ഫാത്തിമ ഉണ്ടെന്നറിഞ്ഞ് സന്തോഷം അടക്കാനാവാതെ ബിന്ദു

എം മനോജ് കുമാർ

 തിരുവനന്തപുരം: മൂന്നു വർഷത്തെ കാത്തിരിപ്പിനും പോരാട്ടത്തിനും അന്ത്യമാകുന്നതിന്റെ സന്തോഷത്തിലാണ് തിരുവനന്തപുരം ആറ്റുകാൽ സ്വദേശിനി ബിന്ദുവും പാലക്കാട് സ്വദേശിനി ഗ്രേസിയും കുടുംബവും. സമാന ദുഃഖിതരാണ് കഴിഞ്ഞ ദിവസം വന്ന നല്ല വാർത്തയുടെ പേരിൽ ആഹ്‌ളാദിക്കുന്നത്. ഒരേ വാർത്തയുടെ പേരിലാണ് ബിന്ദുവും ഗ്രേസിയും സന്തോഷം പങ്കിടുകയും ചെയ്യുന്നത്. ഐഎസിൽ ചേരാൻ അമ്മയായ ബിന്ദുവിൽ നിന്നും വിട്ടു പോയ മകൾ നിമിഷ എന്ന ഫാത്തിമയെയാണ് ബിന്ദു കാത്തിരിക്കുന്നത്. ഈ ഫാത്തിമയെ വിവാഹം കഴിച്ച് ഈസ എന്ന് പേര് സ്വീകരിച്ച് ഐഎസിൽ ചേരാൻ പോയ മകൻ ബെക്‌സൻ വിൻസെന്റ് എന്ന ഈസയെയാണ് ഗ്രേസി കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം അഫ്ഗാൻ സേനയ്ക്ക് മുന്നിൽ കീഴടങ്ങിയ ഐഎസ് സംഘത്തിന്റെ ഫോട്ടോയിൽ ഈ മുഖങ്ങളുണ്ട്. ഈ ഫോട്ടോയാണ് അഫ്ഗാൻ സേന ഇന്ത്യയ്ക്ക് കൈമാറിയത്. ഇതേ ഫോട്ടോകൾ ആണ് തിരിച്ചറിയാൻ വേണ്ടി എൻഐഎ ഇവർക്ക് മുന്നിലേക്ക് നീട്ടിയത്. ഈ ഫോട്ടോകളിൽ തിരിനീട്ടുന്ന സന്തോഷമാണ് ഇപ്പോൾ രണ്ടു കുടുംബങ്ങളുടെ ജീവിതത്തിന്റെ പ്രതീക്ഷകളായി എരിയുന്നത്.

ഐഎസ് ഭീകരവാദ കേസുകൾ അന്വേഷിക്കുന്ന എൻഐഎ കാണിച്ച ഫോട്ടോയിൽ കൊച്ചു മകളെ ഉമ്മക്കുൽസുവിനെ തിരിച്ചറിഞ്ഞതോടെയാണ് ബിന്ദുവിന്റെ സന്തോഷം അണപൊട്ടിയൊഴുകിയത്. ബുർഖാ ധാരികളായ ആ മുസ്ലിം സ്ത്രീകൾക്കിടയിൽ മകൾ നിമിഷ എന്ന ഫാത്തിമ കൂടിയുണ്ട് എന്ന് ബിന്ദു തിരിച്ചറിയുക കൂടി ചെയ്യുന്നുണ്ട്. ഇതേ ഫോട്ടോ കണ്ടപ്പോഴാണ് ഗ്രേസിയും സന്തോഷിച്ചത്. ഫോട്ടോയിൽ ഈസയുടെ മുഖം. ഈസായുടെ മകളായ ഉമ്മക്കുൽസുവിന്റെ മുഖം. തിരിച്ചറിയപ്പെടാത്ത ബുർഖാധാരികളിൽ ഒരാളായി തന്റെ കൊച്ചു മകളുടെ അമ്മയും. ഇതാണ് ഗ്രേസിയേയും ബിന്ദുവിനെയും ഒരുപോലെ ആഹ്‌ളാദിപ്പിക്കുന്നത്. രണ്ടു പേരും ഈ കുടുംബത്തിന്റെ തിരിച്ചു വരവ് കാക്കുകയാണ്. എപ്പോഴാണ് നടപടി ക്രമങ്ങൾ മറികടന്നു ഇവർ ഡൽഹിയിൽ എത്തുക എന്നതാണ് ഈ രണ്ടു വീട്ടമ്മമാരും ഉറ്റു നോക്കുന്നത്.

തന്റെ രണ്ടു മക്കളിൽ ഏക പെൺ തരിയാണ് നിമിഷ ഐഎസിൽ ചേരാൻ പോയപ്പോൾ ബിന്ദുവിനു നഷ്ടമായത്. തന്റെ രണ്ടു ആൺമക്കളിൽ ഒരാളാണ് ഗ്രേസിയെ സംബന്ധിച്ച് ഈസ. പക്ഷെ രണ്ടു മക്കളിൽ ജീവിച്ചിരിക്കുന്ന മകൻ ഈസ മാത്രമാണ്. അതിനാൽ ബെക്‌സൻ വിൻസെന്റ് എന്ന ഈസയെ തിരികെ കിട്ടുക എന്ന് പറഞ്ഞാൽ ഗ്രേസിക്ക് തന്റെ ജീവിതം തിരികെ ലഭിക്കുന്നതിന് തുല്യമാണ്. ബിന്ദുവിനെ സംബന്ധിച്ച് ഒരായുസിൽ ഒഴുക്കേണ്ട കണ്ണീർ മുഴുവൻ ഇവർ ഒഴുക്കി കഴിഞ്ഞു, മകളായ നിമിഷയെ തേടിയുള്ള ഓട്ടത്തിന്നിടയിലും അതിനായുള്ള പോരാട്ടത്തിനു വേണ്ടിയും. ഗ്രേസിയെ സംബന്ധിച്ച് നിശബ്ദമായ ഒരു പോരാട്ടത്തിനു അവർ ബിന്ദുവിനൊപ്പം ചേരുകയായിരുന്നു. ബിന്ദുവിനു നിമിഷയെ തിരികെ കിട്ടിയാൽ ഈസയെ തനിക്കും തിരികെ കിട്ടും എന്ന് ഗ്രേസിയുടെ മനസ് പറഞ്ഞു. അതിനാൽ തങ്ങളുടെ കുടുംബത്തിന്റെ മടങ്ങിവരവിനായി ഇവർ കൈകോർത്തു കാത്തിരിക്കുകയായിരുന്നു. എപ്പോഴും ഇവർ എൻഐഎയുടെ വിളികൾക്ക് വേണ്ടി കാതോർത്തു. മാധ്യമ വാർത്തകളുടെ പിന്നാമ്പുറം നോക്കി അലഞ്ഞു. ഇത്തരം അലയലുകളുടെ ഒടുക്കത്തിലാണ് തങ്ങളുടെ പ്രതീക്ഷകൾ സഫലമാകുന്ന സൂചനകൾ എൻഐഎ ഫോട്ടികൾ വഴി ഇവർക്ക് ലഭിക്കുന്നത്.

ഐഎസ് ഭീകരത ലോകത്ത് നിന്ന് തുടച്ച് നീക്കപ്പെടുന്ന വാർത്തകൾ കാണുമ്പോഴും ഒരു തരി പ്രതീക്ഷ തിരുവനന്തപുരത്തുള്ള ബിന്ദുവും പാലക്കാടുള്ള ഗ്രേസിയും നിലനിർത്തിയിരുന്നു. സഖ്യ സേനയുടെ ബോംബിഗിൽ രക്ഷപ്പെട്ടവരുടെ കൂട്ടത്തിൽ, അഫ്ഗാന് മുന്നിലോ സഖ്യസേനയ്ക്ക് മുന്നിലോ കീഴടങ്ങിയ കൂട്ടത്തിൽ ഈസ, നിമിഷ എന്ന ഫാത്തിമ, കൊച്ചുമകൾ ഉമ്മക്കുൽസു എന്ന പേരുകളുണ്ടോ എന്നത്. ഇതുവരെ ഒരു സ്ഥിരീകരണവും ഇവർക്ക് ലഭിച്ചിരുന്നില്ല. ബിന്ദുവിന്റെ രണ്ടു മക്കളിൽ ഏക പെൺ തരിയാണ് നിമിഷ എന്ന പേരിനു പകരം ഫാത്തിമ എന്ന് പേര് സ്വീകരിച്ച് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് എത്തിപ്പെടാൻ യാത്ര തിരിച്ചത്.

2016-ലാണ് ഇവർ ശ്രീലങ്ക വഴി അഫ്ഗാനിലേക്ക് കടന്നത്. കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജിൽ അവസാനവർഷ ബി.ഡി.എസ്. വിദ്യാർത്ഥിനിയായിരിക്കെയാണ് ഫാത്തിമ എന്ന പേര് സ്വീകരിച്ച് നിമിഷ അമ്മ ബിന്ദുവിനെയും കുടുംബത്തേയും ഉപേക്ഷിച്ച് കടൽ കടക്കുന്നത്. അന്ന് നിമിഷയുടെ ഭർത്താവായി മാറിയത് ഗ്രേസിയുടെ മകനായ ഈസയും. നദ്വത്തുൽ മുജാഹിദീന്റെ സജീവപ്രവർത്തകരായ ആയിശ, മറിയ എന്നിവർ വഴി പരിചയപ്പെട്ട ബെക്‌സൻ വിൻസെന്റ് എന്ന ഗ്രേസിയുടെ മകനാണ് ഈസ എന്ന് പേര് സ്വീകരിച്ച് ഇസ്ലാമിലേക്ക് മതം മാറുന്നത്. ഈ ഈസയാണ് നിമിഷ ഫാത്തിമ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. നിമിഷ ഫാത്തിമയാകുന്നത് അമ്മയായ ബിന്ദുവും കുടുംബവും അറിയാതിരിക്കുന്നത് പോലെസ് ബെക്‌സൻ വിൻസെന്റ് എന്ന ഈസ മതം മാറിയത് അമ്മയായ ഗ്രേസി അറിഞ്ഞിരുന്നില്ല. സമാനദുഃഖിതരുടെ ഈ കൂട്ടായ്മ പിന്നീട് ഇവരുടെ മോചനത്തിനും വാർത്തകൾക്കും വേണ്ടി കാത്തിരിക്കുകയായിരുന്നു.

നിമിഷ സുരക്ഷിതയായ വാർത്തയറിഞ്ഞുള്ള ബിന്ദുവിന്റെ പ്രതികരണം:

ഡോക്ടർ സജാദ് സലിം ആണ് എന്റെ മകളെ ഈ ഗതിയിലാക്കിയത്. ഈ വിവരങ്ങൾ ഞാൻ എൻഐഎയ്ക്ക് കൈമാറിയിട്ടുണ്ട്. മൂന്നു വർഷത്തെ കണ്ണീരിനു അന്ത്യമാവുകയാണ്. ഇന്നലെയാണ് ഞാൻ സ്വസ്ഥമായി ഉറങ്ങിയത്. ഈ ആഹ്‌ളാദം നിലനിർത്താൻ കഴിയുമോ എന്നാണ് ഞാൻ നോക്കുന്നത്. മകൾ ഡൽഹിയിൽ എത്തുന്നതും നോക്കിയിരിക്കുകയാണ് ഞാൻ. ദോശയും കിഴങ്ങ് കറിയുമാണ് അവൾക്ക് ഏറ്റവും ഇഷ്ടം. ഡൽഹിയിൽ അവൾ എത്തിയാൽ ദോശയും കിഴങ്ങ് കറിയും അവളുടെ വായിലേക്ക് എനിക്ക് വെച്ചു കൊടുക്കണം. എന്റെ പേരക്കുട്ടിയെ ഇന്ന് വരെ ഞാൻ കണ്ടിട്ടില്ല. ആ മകളെ എനിക്ക് കൈകൊണ്ടു തൊടണം. കെട്ടിപ്പിടിച്ച് ഉമ്മ നൽകണം. മരുമകൻ അടക്കമുള്ളവർക്ക് പുതിയ ഡ്രെസ്സുകൾ അവർക്ക് വാങ്ങി നൽകണം. ഇതാണ് ഇപ്പോൾ എന്റെ മനസിലുള്ളത്. എല്ലാം ഗ്രേസിയെ വിളിച്ച് ഞാൻ അറിയിച്ചിട്ടുണ്ട്.

മൂന്നു ദിവസം മുൻപാണ് കീഴടങ്ങിയ ആളുകളുടെ വിവരം ഇന്ത്യയിലേക്ക് എത്തുന്നത്. എൻഐഎ സംഘമാണ് കീഴടങ്ങിയവരുടെ ഫോട്ടോ കാണിച്ചത്. അതിൽ എന്റെ കൊച്ചു മകൾ ഉമ്മക്കുൽസുവുണ്ട്. മകളുടെ ഭർത്താവ് ഈസയുണ്ട്. ഇവരുടെ ചിത്രം വളരെ വ്യക്തമാണ്. കുട്ടിയുടെ ചിത്രം എന്റെ കൈവശമുണ്ടായിരുന്നു. അതുകൊണ്ട് എൻഐഎയ്ക്ക് മുൻപിൽ എനിക്ക് തിരിച്ചറിയാൻ വിഷമം വന്നില്ല. ബുർഖ ധാരികളായ യുവതികളുടെ കൂട്ടത്തിൽ എന്റെ മകളുണ്ട്. കൊച്ചു മകളും മരുമകനും ഉള്ളതിനാൽ മകളും അവിടെ സുരക്ഷിത തന്നെ. അവർ ഡൽഹിയിലെത്തി എന്നും തിരുവനന്തപുരത്ത് എത്തി എന്നുമുള്ള വാർത്തകൾ നിങ്ങൾക്ക് താമസിയാതെ കേൾക്കാം. മൂന്നു വർഷമായി ഓരോ വാർത്തകൾക്കും ഞാൻ ചെവിയോർക്കുകയായിരുന്നു. നിശബ്ദമായ പോരാട്ടമായിരുന്നു. എനിക്ക് ഒപ്പമുണ്ടായിരുന്നത് മാധ്യമങ്ങളും എൻഐഎയും മാത്രമാണ്. എല്ലാ വിവരങ്ങളും എനിക്ക് കേന്ദ്ര സർക്കാരിൽ നിന്നുമാണ് ലഭിച്ചത്. എൻഐഎയും ലഭ്യമായ എല്ലാ വിവരങ്ങളും എനിക്ക് നൽകുകയും ചെയ്തു. എനിക്ക് അറിയാവുന്ന തെളിവുകൾ വെച്ച് ഇത് ഈസ, ഇതുകൊച്ചു മകൾ എന്ന് ഞാനാണ് ഐഡന്റിഫൈ ചെയ്തത്. ഇതാണ് എൻഐഎ ശരിവെച്ചത്. ഇവരെ തിരികെ എത്തിക്കുന്ന പ്രോസസ് നടന്നുകൊണ്ടിരിക്കുന്നു എന്നാണ് എൻഐഎ അറിയിച്ചത്. എനിക്കും ഇത് മാത്രമേ അറിയൂ. അവർ വന്നാൽ എല്ലാവരെയും ഞാൻ വിളിക്കും-ബിന്ദു പറയുന്നു.

രണ്ട് ദിവസം മുൻപാണ് അഫ്ഗാനിസ്താൻ സേനയ്ക്കു മുന്നിൽ കീഴടങ്ങിയ ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്.) പ്രവർത്തകരിൽ തിരുവനന്തപുരം സ്വദേശിനി നിമിഷയും കുടുംബവുമുള്ളതായി വിവരം പുറത്ത് വരുന്നത്. . തിരുവനന്തപുരം ആറ്റുകാൽ സ്വദേശിനി ബിന്ദുവിന്റെ മകളാണ് നിമിഷ. 2016 ജൂലായിലാണ് നിമിഷയെ കാണാതായത്. കാസർകോട്ടുനിന്നു ഐ.എസിൽ ചേരാൻ അഫ്ഗാനിലേക്കു പോയ സംഘത്തിനൊപ്പമാണ് നിമിഷയും പോയത്. നിമിഷയ്ക്കൊപ്പം ഭർത്താവ് ഈസ, മകൾ മൂന്നുവയസ്സുകാരി ഉമ്മക്കുൽസു എന്നിവരാണ് തിരികെ വരാനുള്ളത്. ശ്രീലങ്ക വഴിയാണ് നിമിഷയും കുടുംബവും അഫ്ഗാനിസ്ഥാനിലേക്ക് കടന്നത്. മകൾ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കുടുംബവും ബിന്ദുവും. കഴിഞ്ഞവർഷം നവംബറിലാണ് ഇവർ അവസാനമായി ബന്ധപ്പെട്ടത്. ചെറുമകളുടെ ചിത്രം കൈമാറിയിരുന്നു. മകളുടെ ഭർത്താവ് ഈസയും സംസാരിച്ചിരുന്നു'- ബിന്ദു പറഞ്ഞിരുന്നു.

കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജിൽ അവസാനവർഷ ബി.ഡി.എസ്. വിദ്യാർത്ഥിനിയായിരുന്ന നിമിഷ പഠനകാലത്തെ സൗഹൃദത്തിലാണ് ക്രിസ്ത്യൻ മതവിശ്വാസിയായ പാലക്കാട് സ്വദേശി ബെക്‌സൺ വിൻസെന്റിനെ വിവാഹംകഴിച്ചത്. തുടർന്ന് ഇരുവരും ഇസ്ലാംമതം സ്വീകരിച്ചു. ശ്രീലങ്കവഴിയാണ് ഇവരുൾപ്പെട്ട സംഘം അഫ്ഗാനിലേക്കു പോയത്. നാഗർഹാറിലാണ് ഇവരുണ്ടായിരുന്നതെന്നാണ് ബന്ധുക്കൾക്ക് മുമ്പ് ലഭിച്ച വിവരം. കാസർകോട് നിന്ന് കാണാതായവർക്കൊപ്പമാണ് തിരുവനന്തപുരം സ്വദേശിനിയും ബി.ഡി.എസ്. വിദ്യാർത്ഥിനിയുമായ നിമിഷ എന്ന ഫാത്തിമയും അപ്രത്യക്ഷയായത്. കാസർകോട് പൊയിനാച്ചി സെഞ്ച്വറി ഡെന്റൽ കോളേജ് അവസാനവർഷ വിദ്യാർത്ഥിനിയായിരുന്നു നിമിഷ.

ആറ്റുകാൽ സ്വദേശിനി നിമിഷ, ഇസ്ലാം മതത്തിലേക്കു മാറിയത്. സെക്രട്ടേറിയറ്റിനു പിന്നിലുള്ള ഊറ്റുകുഴിയിലെ സലഫി സെന്ററിൽ വച്ചാണെന്ന് പൊലീസിന്റെ സ്ഥിരീകരിച്ചിരുന്നു. കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജ് അവസാനവർഷ വിദ്യാർത്ഥിനിയായിരിക്കെ, 2013 സപ്തംബറിലാണ് നിമിഷ മതപരിവർത്തനം നടത്തി ഫാത്തിമ എന്ന പേരു സ്വീകരിച്ചത്. അന്നത്തെ കാസർകോട് ജില്ലാ പൊലീസ് സൂപ്രണ്ട് അന്നത്തെ സംസ്ഥാന പൊലീസ് മേധാവി ടി.പി.സെൻകുമാറിനു സമർപ്പിച്ച റിപ്പോർട്ടിൽ പെൺകുട്ടിയുടെ ജീവിതരീതിയിലുണ്ടായ മാറ്റത്തെക്കുറിച്ചും പറയുന്നുണ്ട്. കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജിലെ ഒരു സഹപാഠിയുമായി നിമിഷ അടുപ്പത്തിലായി. ഇയാൾ കേരള നദ്വത്തുൽ മുജാഹിദീനിലെ സജീവ അംഗമായിരുന്നു. ഇയാളുമായുള്ള അടുപ്പം നിമിഷയെ കടുത്ത മതവിശ്വാസിയാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.

പിന്നീട് നിമിഷ ഫാത്തിമ നദ്വത്തുൽ മുജാഹിദീന്റെ യോഗങ്ങളിലും ക്ലാസുകളിലും സ്ഥിരമായി പങ്കെടുത്തിരുന്നു. പഠിച്ചിരുന്ന കോേളജിലെ സീനിയർ വിദ്യാർത്ഥികളും നദ്വത്തുൽ മുജാഹിദീന്റെ സജീവപ്രവർത്തകരുമായ ആയിശ, മറിയ എന്നിവർ വഴിയാണ് ബെക്‌സൻ വിൻസെന്റ് എന്ന ഈസയെ നിമിഷ ഫാത്തിമ പരിചയപ്പെടുന്നതും വിവാഹംകഴിക്കുന്നതും. ബന്ധുക്കൾ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയെ തുടർന്ന് കോടതിയിൽ ഹാജരായപ്പോൾ, നിമിഷ ഫാത്തിമ ബുർഖ ധരിച്ചിരുന്നുവെന്ന് അമ്മ ബിന്ദു വെളിപ്പെടുത്തിയിരുന്നു. പ്രായപൂർത്തിയായ പെൺകുട്ടി ഭർത്താവിനൊപ്പം പോകാൻ താത്പര്യം പറഞ്ഞപ്പോൾ കോടതി അന്ന് അതംഗീകരിക്കുകയായിരുന്നു. വെറും നാലു ദിവസത്തെ പരിചയം വച്ചാണ് അവർ വിവാഹിതരായതെന്നാണ് പെൺകുട്ടിയുടെ സുഹൃത്തുക്കൾ വീട്ടുകാർക്കു നൽകിയ സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP