Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചാവേറുകളുടെ കഥ പറയുന്ന മാമാങ്കത്തെ തകർക്കാനും ചാവേറുകളോ? മമ്മൂട്ടി നായകനായ ചിത്രം തകർക്കാൻ സോഷ്യൽ മീഡിയിൽ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന നിർമ്മാതാവിന്റെ പരാതിയിൽ പൊലീസിന്റെ ക്വിക് ആക്ഷൻ; ചിത്രത്തിന്റെ മുൻ സംവിധായകൻ സജീവ് പിള്ള അടക്കം ഏഴ് പേർക്കെതിരെ കേസ്; റിലീസ് ചെയ്യാത്ത സിനിമ കണ്ടുവെന്ന് വ്യാജപ്രചാരണം; ഭീഷണി കണ്ട് പേടിക്കില്ലെന്ന് സജീവ് പിള്ള

ചാവേറുകളുടെ കഥ പറയുന്ന മാമാങ്കത്തെ തകർക്കാനും ചാവേറുകളോ? മമ്മൂട്ടി നായകനായ ചിത്രം തകർക്കാൻ സോഷ്യൽ മീഡിയിൽ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന നിർമ്മാതാവിന്റെ പരാതിയിൽ പൊലീസിന്റെ ക്വിക് ആക്ഷൻ; ചിത്രത്തിന്റെ മുൻ സംവിധായകൻ സജീവ് പിള്ള അടക്കം ഏഴ് പേർക്കെതിരെ കേസ്; റിലീസ് ചെയ്യാത്ത സിനിമ കണ്ടുവെന്ന് വ്യാജപ്രചാരണം; ഭീഷണി കണ്ട് പേടിക്കില്ലെന്ന് സജീവ് പിള്ള

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏറെ പ്രതീക്ഷകളോടെ മലയാളികൾ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി മുഖ്യവേഷത്തിലെത്തുന്ന 'മാമാങ്കം'. ചിത്രീകരണത്തിന്റെ ആദ്യഘട്ടത്തിൽ തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ സജീവ് പിള്ളയെ മാറ്റിയത് വിവാദമായിരുന്നു. കേസും കൂട്ടവുമൊക്കെയായെങ്കിലും ചാവേറുകളുടെ കഥ കണ്ടാസ്വദിക്കാൻ ആരാധകർക്ക് ആവേശത്തിന് കുറവൊന്നുമില്ല. ഡിസംബർ 12 ന് ചിത്രം റിലീസ് ചെയ്യാനിരിക്കെ, മാമാങ്കത്തെ തകർക്കാൻ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയ സജീവ് പിള്ളയടക്കം ഏഴുപേർക്കെതിരെ കേസെടുത്തു. സിനിമയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ ആന്റണി ജോസഫ് നൽകിയ പരാതിയിൽ ഈഥൻ ഹണ്ട് എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിനെതിരെയും വിതുര പൊലീസ് കേസെടുത്തു. സിനിമയെ തകർക്കാൻ സോഷ്യൽ മീഡിയയിൽ നടന്ന സംഘടിതശ്രമത്തിൽ ഡിജിറ്റൽ മാർക്കറ്റിങ് ഏജൻസികളുടെ പങ്കും പൊലീസ് അന്വേഷിക്കും. റിലീസ് ചെയ്യാത്ത സിനിമ കണ്ടുവെന്നതടക്കമുള്ള വ്യാജപ്രചാരണങ്ങൾക്കെതിരെ തിരുവനന്തപുരം റേഞ്ച് ഡി.െഎ.ജി കെ.സഞ്ജയ്കുമാർ ഗുരുദീപിന് ലഭിച്ച പരാതിയിൽ വിതുര പൊലീസാണ് അന്വേഷണം തുടരുന്നത്.

റിലീസിനോടനുബന്ധിച്ച് മമ്മൂട്ടി ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളെല്ലാം തന്നെ തകൃതിയിൽ നടന്നുകൊണ്ടിരിക്കുകയാണ് വീണ്ടും വ്യാജപ്രചാരണവുമായി ബന്ധപ്പെട്ട കേസ്. അതേസമയം സജീവ് പിള്ള ആരോപണങ്ങൾ നിഷേധിച്ചു. 'കോൺഫിഡൻസ് അടിപടലം തരിപ്പണമാകുമ്പോൾ മറ്റുള്ളവരെ അപകീർത്തിപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നത് മൗഢ്യമാണ്. നിയമക്കുരുക്കിൽ പെടുത്തിയും ഭീഷണിയിലൂടെയും നിശബ്ദമാക്കാനും കഴിയില്ല. ചില വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്. ഒന്നും പറയാതെ പോകില്ല- സജീവ് ഫേസ്‌ബുക്കിൽ കുറിച്ചു.

ചിത്രത്തെ തകർക്കാൻ ചിലർ ആസൂത്രിതമായി ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സഹനിർമ്മാതാവ് ഒരാഴ്ച മുമ്പ് രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ ആദ്യത്തെ സംവിധായകൻ സജീവ് പിള്ള അടക്കമുള്ളവർക്കെതിരെയാണ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് നിർമ്മാതാവ് എത്തിയത്. ഇതുസംബന്ധിച്ച് തിരുവനന്തപുരം റേഞ്ച് ഡി ഐജിക്ക് സഹനിർമ്മാതാവ് ആന്റണി ജോസഫ് പരാതി നൽകിയിരുന്നു.
സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചിത്രത്തിനെതിരെ സംഘടിത നീക്കങ്ങൾ നടക്കുകയാണെന്നും റിലീസ് ചെയ്യാത്ത സിനിമ പരാജയമാണെന്ന പ്രചാരണമാണ് നടക്കുന്നതെന്നും പരാതിയിൽ പറഞ്ഞിരുന്നു. സിനിമയെ തകർക്കാൻ മുൻസംവിധായകൻ സജീവ് പിള്ളയും മറ്റുള്ളവരും ശ്രമിക്കുന്നുണ്ടെന്നാണ് സഹനിർമ്മാതാവ് ആരോപിച്ചിരുന്നത്. ഇപ്പോൾ വ്യാജപ്രചാരണം നടത്തി എന്ന നിർമ്മാതാവിന്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്.

സജീവ് പിള്ളയുടെ സംവിധാനത്തിൽ 13 കോടിയിൽപരം രൂപയുടെ നഷ്ടം നിർമ്മാതാവിന് സംഭവിച്ചതായി നേരത്തെ സഹനിർമ്മാതാവ് പരാതിയിൽ പറഞ്ഞിരുന്നു. പിന്നീട് 21.75 ലക്ഷം രൂപ നൽകി സജീവിനെ ചിത്രത്തിൽ നിന്നും ഒഴിവാക്കി. ഇതിന് ശേഷം സിനിമയെ തകർക്കാൻ നവമാധ്യമങ്ങളിൽ അടക്കം സജീവും മറ്റു ചിലരും ബോധപൂർവ്വം ശ്രമിക്കുന്നുവെന്നാണ് പരാതി. ഒരേ കേന്ദ്രത്തിൽ നിന്നാണ് സോഷ്യൽ മീഡിയയിലെ തെറ്റായ വാർത്തകൾ പ്രചരിക്കുന്നതെന്ന സംശയം ഞങ്ങൾക്കുണ്ട്.

ഡിജിറ്റൽ മാർക്കറ്റിങ് എജൻസികൾ ആരുടെയെങ്കിലും ക്വട്ടേഷൻ ഏറ്റെടുത്ത് നടത്തുന്നതാണോയെന്നും പൊലീസ് അന്വേഷിക്കണമെന്നും നിർമ്മാതാക്കൾ ആവശ്യപ്പെട്ടിരുന്നു, 55 കോടി രൂപയാണ് മാമാങ്കം സിനിമയ്ക്ക് വേണ്ടി കാവ്യ ഫിലിം കമ്പനി മുടക്കിയിരിക്കുന്നത്. ചരിത്ര പ്രമേയമായതിനാലും മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി നായകനായതിനാലും വലിയ പ്രതീക്ഷയാണ് ഈ സിനിമയെ സംബന്ധിച്ച് പ്രേക്ഷകർക്കുമുള്ളത്.ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ക്വട്ടേഷൻ ടീമിനെ കണ്ടെത്തിയില്ലെങ്കിൽ നാളെ അത് മറ്റ് മലയാള സിനിമകളെയും ബാധിക്കും. മാമാങ്കം പരാജയപ്പെടണമെന്ന് ആഗ്രഹിക്കുന്ന സംഘത്തിന്റെ കണ്ണിയായാണ് സജീവ് പിള്ള ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് ഞങ്ങൾ സംശയിക്കുന്നു.ഈ രണ്ട് വിഭാഗത്തിന്റെയും നീക്കങ്ങൾ അന്വേഷണ വിധേയമാക്കി നടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു എന്നും നിർമ്മാതാവ് പരാതിയിൽ കുറിച്ചിരുന്നു.

12 വർഷത്തിലൊരിക്കൽ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കികൊണ്ടാണ ചിത്രം ഒരുക്കുന്നത്. സാമൂതിരിയെ വധിക്കാനായി പുറപ്പെടുന്ന വള്ളുവനാടാൻ പോരാളികളാണ് കേന്ദ്രകഥാപാത്രങ്ങൾ. സിനിമയിൽ വള്ളുവനാടൻ പോരാളിയായാണ് മമ്മൂട്ടി എത്തുന്നതെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. വമ്പൻ താരനിര വമ്പൻ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്. നടൻ ഉണ്ണി മുകുന്ദനും സിനിമയിൽ പ്രാധാന്യമുള്ള ഒരു കഥാപാത്രമായി എത്തുന്നുണ്ട്. അനു സിത്താര,പ്രാചി ദേശായി തുടങ്ങിയവരാണ് സിനിമയിൽ നായികാ വേഷത്തിലെത്തുന്നത്. അരവിന്ദ് സാമി,സുദേവ് നായർ,നീരജ് മാധവ്,മാളവിക മോഹന്ഡ തുടങ്ങിയവരാണ് മാമാങ്കത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളിയാണ് മാമാങ്കം നിർമ്മിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP