Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്രീസിലേക്ക് ഡൈവ് ചെയ്യുന്നതിനിടെ ബാറ്റിങ് പാഡിലെ മരകഷ്ണം തുളച്ചു കയറി; പുറത്തായി പവലിയനിലേക്ക് മടങ്ങുമ്പോൾ കാലിൽ നിന്ന് ഒലിച്ചിറങ്ങി രക്തം; ഓപ്പണറുടെ കാലിൽ തുന്നലിട്ടെന്നും റിപ്പോർട്ട്; ശിഖർ ധവാന് പകരം അവഗണനയിൽ ടീമിന്റെ പടിക്ക് പുറത്തു പോയ മലയാളിയെ തിരിച്ചു വിളിക്കാൻ സൗരവ് ഗാംഗുലി നിർദ്ദേശിച്ചതായി റിപ്പോർട്ട്; തരൂരും ഹർഭജനും ഉയർത്തിയ പ്രതിഷേധം ഫലം കണ്ടെന്ന് സൂചന; സഞ്ജു വി സാംസൺ വിൻഡീസിനെതിരെ തിരുവനന്തപുരത്ത് കളിച്ചേക്കും

ക്രീസിലേക്ക് ഡൈവ് ചെയ്യുന്നതിനിടെ ബാറ്റിങ് പാഡിലെ മരകഷ്ണം തുളച്ചു കയറി; പുറത്തായി പവലിയനിലേക്ക് മടങ്ങുമ്പോൾ കാലിൽ നിന്ന് ഒലിച്ചിറങ്ങി രക്തം; ഓപ്പണറുടെ കാലിൽ തുന്നലിട്ടെന്നും റിപ്പോർട്ട്; ശിഖർ ധവാന് പകരം അവഗണനയിൽ ടീമിന്റെ പടിക്ക് പുറത്തു പോയ മലയാളിയെ തിരിച്ചു വിളിക്കാൻ സൗരവ് ഗാംഗുലി നിർദ്ദേശിച്ചതായി റിപ്പോർട്ട്; തരൂരും ഹർഭജനും ഉയർത്തിയ പ്രതിഷേധം ഫലം കണ്ടെന്ന് സൂചന; സഞ്ജു വി സാംസൺ വിൻഡീസിനെതിരെ തിരുവനന്തപുരത്ത് കളിച്ചേക്കും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മലയാളി താരം സഞ്ജു സാംസണെ ദേശീയ ടീമിൽ ഉൾപ്പെടുത്താൻ സെലക്ടർമാർക്ക് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി നിർദ്ദേശം കൊടുത്തതായി സൂചന. സഞ്ജുവിനെ ബംഗ്ലാദേശിനെതിരായ പരമ്പരയിൽ എടുത്ത ശേഷം ഒരു മത്സരത്തിൽപ്പോലും അവസരം നൽകാതെ തഴഞ്ഞ നടപടി വിവാദമായതോടെയാണ് ഇത്. ഇതോടെ സഞ്ജു വി. സാംസണ് വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 ടീമിലേക്ക് വിളിവരാൻ സാധ്യത കൂടുകയാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിനിടെ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാന് പരിക്കേറ്റതോടെയാണ് സഞ്ജുവിന് ടീമിലേക്ക് വീണ്ടും വിളിവരാൻ സാധ്യത തെളിയുന്നത്.

'അദ്ഭുതം' നടക്കാൻ പോകുന്നു എന്ന് മുംബൈ മിറർ റിപ്പോർട്ട് ചെയ്തതോടെയാണ് സൗരവിന്റെ മനസ്സ് വ്യക്തമായത്. മലയാളികളായ ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം നടത്തിവന്ന പ്രതിഷേധപ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ സഞ്ജുവിനെ ഇന്ത്യൻ ടീമിലേക്ക് തിരികെ വിളിക്കുമെന്നാണ് 'മുംബൈ മിറർ' റിപ്പോർട്ട് ചെയ്തത്. വെസ്റ്റിൻഡീസിനെതിരെ അടുത്ത മാസം ആരംഭിക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജുവിനെയും ഉൾപ്പെടുത്താനുള്ള സാധ്യതയാണ് തെളിയുന്നത്. നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന 15 അംഗ ടീമിൽ സഞ്ജുവിനെക്കൂടി ഉൾപ്പെടുത്തുമെന്നാണ് വിവരം. ഇതിനിടെയാണ് ശിഖർ ധവാന് പരിക്കേൽക്കുന്നത്. ഒരിക്കൽ ടീം പ്രഖ്യാപിച്ചുകഴിഞ്ഞാൽ താരങ്ങൾക്ക് പരുക്കേറ്റാലല്ലാതെ പുറത്തുനിന്ന് മറ്റൊരാളെ ടീമിൽ ഉൾപ്പെടുത്തുന്ന പതിവ് അപൂർവമാണെങ്കിലും സഞ്ജുവിന്റെ കാര്യത്തിൽ അതുണ്ടാകുമെന്നാണ് മുംബൈ മിററിന്റെ റിപ്പോർട്ട്.

മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ വിൻഡീസിനെതിരെ കളിക്കുന്നത്. ഇതിൽ ഒരു മത്സരം സഞ്ജുവിന്റെ സ്വന്തം നാടായ തിരുവനന്തപുരത്താണ്. സഞ്ജുവിനെ ടീമിൽനിന്ന് തഴഞ്ഞതിനു പിന്നാലെ തിരുവനന്തപുരം ട്വന്റി20 ബഹിഷ്‌കരിക്കണമെന്ന ക്യാംപയിൻ സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരുന്നു. ഇതും ബിസിസിഐയെ സ്വാധീനിച്ചിട്ടുണ്ട്. നീണ്ട നാലു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജു സാംസണിനെയും സിലക്ടർമാർ ഉൾപ്പെടുത്തിയത്. എന്നാൽ പരമ്പരയിലെ മൂന്നു മത്സരങ്ങളിലും പകരക്കാരുടെ ബെഞ്ചിലായിരുന്നു താരം. ഇതിനു പിന്നാലെയാണ് വിൻഡീസിനെതിരായ ട്വന്റി20, ഏകദിന ടീമുകളെ പ്രഖ്യാപിച്ചപ്പോൾ സഞ്ജുവിനെ തഴഞ്ഞത്. ഇതിനെ ആദ്യം ചോദ്യം ചെയ്തത് തിരുവനന്തപുരം എംപി കൂടിയായ ശശിതരൂരാണ്.

ഇതോടെ ഒരു അവസരം പോലും നൽകാതെ പുറത്തിരുത്തിയ ശേഷം തൊട്ടടുത്ത പരമ്പരയിൽ തഴഞ്ഞത് ആരാധകർക്കിടയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായി. താരത്തിന്റെ ആത്മവിശ്വാസത്തെപ്പോലും ഇതു ബാധിക്കുമെന്ന് നിരീക്ഷണങ്ങളുണ്ടായി. ബിസിസിഐയുടെ ട്വിറ്റർ, ഫേസ്‌ബുക് പേജുകളിൽ ആരാധകർ പ്രതിഷേധത്തിന്റെ ഭാഗമായി കമന്റുകൾ നിറച്ചു. ഹർഭജൻ സിംഗിനെ പോലുള്ളവരും രംഗത്ത് വന്നു. സൗരവ് ഗാംഗുലിയോട് തിരുത്തൽ ആവശ്യമാണെന്ന് കുറിച്ചു. സഞ്ജുവിന് അവസരം നൽകാതെ തഴഞ്ഞ 'നീതികേടിനെതിരെ' സോഷ്യൽ മീഡിയ കൂടുതൽ ശക്തമായി ഇടപെട്ടു. സിലക്ടർമാർ പരീക്ഷിക്കുന്നത് സഞ്ജുവിന്റെ ബാറ്റിങ് മികവാണോ അതോ ഹൃദയത്തിന്റെ കരുത്താണോയെന്നായിരുന്നു ഇവരുടെ ചോദ്യം. ഇപ്പോഴത്തെ സിലക്ടർമാരെ മാറ്റി കരുത്തരായ ആളുകളെ തൽസ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയോട് ഹർഭജൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെയാണ് ശിഖർ ധവാന് പരിക്കേൽക്കുന്നത്.

ശിഖർ ധവാന് പകരക്കാരനെ ഇതുവരെ നിശ്ചയിച്ചിട്ടില്ലെങ്കിലും മലയാളി താരം സഞ്ജു സാംസൺ ടീമിലെത്തിയേക്കും. സെലക്ഷൻ കമ്മിറ്റി ചെയർമാൻ എംഎസ്‌കെ പ്രസാദ് നാഷണൽ ക്രിക്കറ്റ് അക്കാദമി ഫിസിയോ ആഷിശ് കൗഷിക്കുമായി ധവാന്റെ പരിക്ക് ചർച്ച ചെയ്തിരുന്നു. ഇത് പ്രകാരം താരത്തിന് പൂർണ കായികക്ഷമത വീണ്ടെടുക്കാൻ കഴിയില്ലെന്ന് ഉറപ്പുവരുത്തുകയായിരുന്നു. സയ്യിദ് മുഷ്താഖ് അലി ടി20യിൽ മഹാരാഷ്ട്രയ്‌ക്കെതിരായ മത്സരത്തിൽ ബാറ്റിങ്ങിനിടെയാണ് ധവാന് പരിക്കേൽക്കുന്നത്. ക്രീസിലേക്ക് ഡൈവ് ചെയ്യുന്നതിനിടെ ബാറ്റിങ് പാഡിലെ മരകഷ്ണം കാലിൽ കൊള്ളുകയായിരുന്നു. പിന്നീട് പുറത്തായി പവലിയനിലേക്ക് മടങ്ങുന്നതിനിടെ താരത്തിന്റെ കാലിൽ നിന്ന് രക്തമൊലിക്കുന്നുണ്ടായിരുന്നു. കാലിൽ തുന്നലുണ്ടെന്നാണ് മെഡിക്കൽ റിപ്പോർട്ട്.

ഡൽഹി - മഹാരാഷ്ട്ര മത്സരത്തിൽ ക്രീസിലേക്ക് ഡൈവ് ചെയ്യുന്നതിനിടെ ധവാന്റെ തുടയ്ക്ക് പരിക്കേൽക്കുകയായിരുന്നു. തുടയ്ക്കേറ്റ മുറിവിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. കഴിഞ്ഞ ഐ.പി.എൽ ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരം ഷെയ്ൻ വാട്ട്സണ് സംഭവിച്ച പരിക്കിന് സമാനമാണ് ധവാന്റെ പരിക്കും. ഇതോടെയാണ് സഞ്ജു ടീമിലെത്താൻ സാധ്യത തെളിയുന്നതെന്ന് ദ ഹിന്ദുവും റിപ്പോർട്ട് ചെയ്തു. ആഭ്യന്തര ക്രിക്കറ്റിലും ഐ.പി.എല്ലിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടും സഞ്ജുവിനെ അവഗണിക്കുന്നത് മലയാളി ആരാധകർക്കിടയിൽ ഉണ്ടാക്കിയ അമർഷമാണ് ഇതിന് കാരണം.

2015ൽ 21 വയസുള്ളപ്പോഴാണ് സഞ്ജു ആദ്യമായി ഇന്ത്യയുടെ ടി -20 ടീമിലെത്തുന്നത്. അന്ന് ഒരു മത്സരത്തിൽ നിന്നും 19 റൺ നേടിയ സഞ്ജുവിന് പിന്നീട് ടീമിലെത്താൻ നാല് വർഷത്തെ കാത്തിരിപ്പ് വേണ്ടിവന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP