Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിന്തൈറ്റ് ഇൻഡസ്ട്രീസിനെ ആഗോള വമ്പനാക്കിയ വ്യവസായ വീക്ഷണം; സുഗന്ധ വ്യഞ്ജനത്തിൽ നിന്നു ടൂറിസം റിസോർട്ടിൽ വരെ നീളുന്ന വാണിജ്യ നിക്ഷേപം; വിദ്യാഭ്യാസ രംഗത്തെ സജീവ സാന്നിധ്യം; ജോർജ് പോളിന്റെ നിര്യാണത്തിലൂടെ നഷ്ടമായത് കേരളത്തിലെ ബിസിനസ് വൈവിധ്യവൽക്കരണത്തിനും മുന്നിൽ നിന്നും ചുക്കാൻ പിടിച്ച ദീർഘ ദർശി

സിന്തൈറ്റ് ഇൻഡസ്ട്രീസിനെ ആഗോള വമ്പനാക്കിയ വ്യവസായ വീക്ഷണം; സുഗന്ധ വ്യഞ്ജനത്തിൽ നിന്നു ടൂറിസം റിസോർട്ടിൽ വരെ നീളുന്ന വാണിജ്യ നിക്ഷേപം; വിദ്യാഭ്യാസ രംഗത്തെ സജീവ സാന്നിധ്യം; ജോർജ് പോളിന്റെ നിര്യാണത്തിലൂടെ നഷ്ടമായത് കേരളത്തിലെ ബിസിനസ് വൈവിധ്യവൽക്കരണത്തിനും മുന്നിൽ നിന്നും ചുക്കാൻ പിടിച്ച ദീർഘ ദർശി

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തിലെ വ്യവസായ വൽക്കരണത്തിന് മുന്നിൽ നിന്നും ചുക്കാൻ പിടിച്ച സിന്തൈറ്റ് ഇൻഡസ്ട്രീസിന്റെ വൈസ് ചെയർമാനും മലങ്കര ഓർത്തഡോക്‌സ് സഭാ അൽമായ ട്രസ്റ്റിയുമായ ജോർജ് പോൾ (70) അന്തരിച്ചു. ഇന്നലെ രാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാര ശുശ്രൂഷ നാളെ രാവിലെ 11ന് എറണാകുളം ബാനർജി റോഡിലെ വസതിയായ എമ്പാശേരിയിൽ ആരംഭിക്കും. 12നു പാർക്ക് അവന്യു സെന്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ ദേവാലയത്തിൽ പൊതുദർശനം. സംസ്‌കാരം മൂന്നിനു കത്തീഡ്രൽ പള്ളിയുടെ എളംകുളത്തെ സെമിത്തേരിയിൽ നടക്കും.

സിന്തൈറ്റ് ഇൻഡസ്ട്രീസിനെ ആഗോള വമ്പനാക്കിയ വ്യവസായ വീക്ഷണമായിരുന്നു അദ്ദേഹത്തിന്റേത്. സിന്തൈറ്റിനെ വളർച്ചയുടെ പടവുകൾ താണ്ടിച്ച ജചോർജ് പോളിന്റെ വ്യവസായ വീക്ഷണം പക്ഷെ സിന്തൈറ്റിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. മെഡിക്കൽ വിദ്യാഭ്യാസ മാനേജ്‌മെന്റ് മേഖലയിലും സജീവമായിരുന്നു. വിദ്യാഭ്യാസ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം കുസാറ്റ് സിൻഡിക്കറ്റ് അംഗം, കോതമംഗലം മാർ അത്തനേഷ്യസ് കോളജ് ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, ചങ്ങനാശേരി എസ്ബി കോളജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഉപദേശക സമിതി അംഗം തുടങ്ങിയ നിലയിലും പ്രവർത്തിച്ചു.

മൂല്യവർധിത സുഗന്ധ വ്യഞ്ജന സത്തുകളുടെ (ഒലിയോ റെസിൻസ്) കയറ്റുമതിയിൽ രാജ്യത്തെ മുൻനിര സ്ഥാപനമായി സിന്തൈറ്റിനെ മാറ്റുന്നതിൽ പ്രമുഖ പങ്കു വഹിച്ച അദ്ദേഹം എറണാകുളം ജില്ലയിലെ കുറുപ്പംപടി എമ്പാശേരി കുടുംബാംഗമായ അദ്ദേഹം കേരള സർവകലാശാലയിൽ നിന്നു ബിരുദം നേടിയ ശേഷമാണ് മാതൃസഹോദരൻ സി.വി. ജേക്കബ് സ്ഥാപിച്ച സിന്തൈറ്റിൽ ചേരുന്നത്. സി.വി. ജേക്കബിനെ പിന്തുടർന്നു മാനേജിങ് ഡയറക്ടറുമായി.

''മത്സരക്ഷമത നിലനിർത്തിയാലേ വിജയിക്കാൻ കഴിയൂ. അതിനു നാലു കാര്യങ്ങളാണ് വേണ്ടത്. ഉൽപാദനക്ഷമത, ഗുണനിലവാരം, ചെലവു കുറയ്ക്കൽ, ഉപയോക്താക്കളുമായുള്ള അടുപ്പം'' ഇതായിരുന്നു ജോർജ് പോളിന്റഎ ബിസിനസ് വിജയത്തിന്റെ രസക്കൂട്ട്. വിപണിയിലെ മാറ്റത്തിനൊത്തു സ്വയം മാറണമെന്നു വിശ്വസിച്ചിരുന്ന അദ്ദേഹം ഓരോ ഘട്ടത്തിലും അതു പാലിക്കാൻ ശ്രമിച്ചു.

സുഗന്ധ വ്യഞ്ജനങ്ങളുടെ സത്ത് (ഒലിയോ റെസിൻ) ശാസ്ത്രീയമായി വേർതിരിച്ച് ആ രംഗത്തെ ആഗോള വമ്പന്മാരാക്കി സിന്തൈറ്റിനെ ഉയർത്താനുള്ള ശ്രമത്തിൽ ജോർജ് പോളിന്റെ പങ്കു നിസ്തുലം. അഞ്ഞൂറിൽ പരം മൂല്യവർധിത ഉൽപന്നങ്ങൾ 95 രാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കുന്ന സ്ഥാപനമാണ് സിന്തൈറ്റ്. നടപ്പു സാമ്പത്തിക വർഷം 3,000 കോടി രൂപയുടെ വിറ്റുവരവു ലക്ഷ്യമിടുന്ന സ്ഥാപനം. ബിസിനസ് വൈവിധ്യവൽക്കരണത്തിനും അദ്ദേഹം മുന്നിൽ നിന്നു. സുഗന്ധ വ്യഞ്ജനത്തിൽ നിന്നു ടൂറിസം റിസോർട്ടിൽ വരെ നീളുന്ന വാണിജ്യ നിക്ഷേപം.

വ്യവസായ കേരളത്തിന്റെ ആഗോള മുഖങ്ങളിൽ മുന്നിൽ നിന്നപ്പോഴും ജോർജ് പോൾ പക്ഷേ, വ്യവസായി മാത്രമായി ഒതുങ്ങിയില്ല. അദ്ദേഹത്തിന്റെ കർമരംഗം പടർന്നു പന്തലിച്ചതു വ്യത്യസ്ത മേഖലകളിലേക്ക്. മലങ്കര ഓർത്തഡോക്‌സ് സഭാ അൽമായ ട്രസ്റ്റിയെന്ന നിലയിൽ സമുദായ സേവന രംഗത്തും സജീവമായിരുന്നു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രലിന്റെ മുൻ ട്രസ്റ്റിയാണ്. വിദ്യാഭ്യാസ മാനേജ്‌മെന്റ് മേഖലയിൽ അദ്ദേഹത്തിന്റെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തിയ സ്ഥാപനങ്ങൾ ഒട്ടേറെ.

സ്വാശ്രയ മെഡിക്കൽ കോളജ് പ്രവേശനം വിവാദങ്ങളിൽ നിറഞ്ഞുനിന്ന കാലത്ത് മാനേജ്‌മെന്റ് അസോസിയേഷന്റെ നിലപാടുകൾ വ്യക്തതയോടെ സമൂഹത്തിനു മുന്നിൽ അവതരിപ്പിച്ചത് അദ്ദേഹമാണ്. ടിവി ചാനൽ ചർച്ചകളിലും അദ്ദേഹം സംഘടനയുടെ നിലപാടുകളുമായി നിറഞ്ഞുനിന്നു. കോലഞ്ചേരി ഓർത്തഡോക്‌സ് മെഡിക്കൽ മിഷൻ ആശുപത്രി മെഡിക്കൽ കോളജായി ഉയർത്താനും അദ്ദേഹത്തിന്റെ ദീർഘവീക്ഷണം തുണയായി.

ഭാര്യ: ലിസ ജോർജ് കോട്ടയം വിരുത്തിപ്പടവിൽ കുടുംബാംഗം. മക്കൾ: പൗലോ ജോർജ് (ഡയറക്ടർ, സിമേഗ ഫുഡ് ഇൻഗ്രേഡിയന്റ്‌സ്, കടയിരുപ്പ്), മിറിയ വർഗീസ്. മരുമക്കൾ: മിറിയം ജോർജ്, സച്ചിൻ വർഗീസ് (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, പലേഡിയൻ നെറ്റ്‌വർക്‌സ്, യുഎസ്എ). പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ, വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ.ജോൺ, സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ എന്നിവർ അനുശോചിച്ചു.

ജീവകാരുണ്യ, സേവന മേഖലകളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു, ഓർത്തഡോക്‌സ് ക്രിസ്ത്യൻ ഫെഡറേഷൻ പോലുള്ള സന്നദ്ധ സംഘടനകളിലൂടെ. സൗമ്യമായ മുഖത്തോടെ, വ്യക്തതയോടെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്ത ദീർഘദർശിയെയാണ് ജോർജ് പോളിന്റെ വിയോഗത്തോടെ നഷ്ടപ്പെടുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP