Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കർണ്ണാടകയിലും ഗോവയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പയറ്റി തെളിഞ്ഞ പണക്കൊഴുപ്പിന്റെ ബലത്തിലുള്ള കൂറുമാറ്റ തന്ത്രം പൊളിഞ്ഞത് നേതാക്കളുടെ ശിവസേനാ പേടിയിൽ; കോൺഗ്രസ്-എംഎൽഎമാർ പൊലും പഴുതില്ലാത്ത ശിവസേനാ സുരക്ഷയിൽ മെരുങ്ങിയപ്പോൾ ഈച്ചയെ പോലും കടത്തി വിടാനാവാതെ വെള്ളം കുടിച്ച് ഫഡ്‌നാവിസ്; മോദിക്ക് ബദലായി വളർന്ന മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിക്ക് കാലിടറിയപ്പോൾ കുഴിയിൽ ചാടിയത് ചാണക്യനായ അമിത് ഷാ തന്നെ

കർണ്ണാടകയിലും ഗോവയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പയറ്റി തെളിഞ്ഞ പണക്കൊഴുപ്പിന്റെ ബലത്തിലുള്ള കൂറുമാറ്റ തന്ത്രം പൊളിഞ്ഞത് നേതാക്കളുടെ ശിവസേനാ പേടിയിൽ; കോൺഗ്രസ്-എംഎൽഎമാർ പൊലും പഴുതില്ലാത്ത ശിവസേനാ സുരക്ഷയിൽ മെരുങ്ങിയപ്പോൾ ഈച്ചയെ പോലും കടത്തി വിടാനാവാതെ വെള്ളം കുടിച്ച് ഫഡ്‌നാവിസ്; മോദിക്ക് ബദലായി വളർന്ന മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിക്ക് കാലിടറിയപ്പോൾ കുഴിയിൽ ചാടിയത് ചാണക്യനായ അമിത് ഷാ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: എങ്ങനേയും ഉദ്ധവ് താക്കറെ മുഖ്യന്ത്രിയാകാതിരിക്കുകയെന്നതായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ലക്ഷ്യം. അർദ്ധരാത്രിയിൽ അജിത് പവാറിനെ എൻസിപിയിൽ നിന്ന് അടർത്തിയെടുത്ത് ദേവേന്ദ്ര ഫഡ്‌നാവീസിനെ മുഖ്യമന്ത്രിയാക്കി. സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ തുടർച്ചയാ ഭരണം നേടി മോദിയുടെ പിൻഗാമിയാകുകയായിരുന്നു ഫഡ്‌നാവീസിന്റെ ലക്ഷ്യം. ഇതിന് വേണ്ടി കൂടിയാണ് ചാണക്യ തന്ത്രങ്ങളുമായി പ്രധാനന്ത്രി മോദിയുടെ നിർദ്ദേശാനുസരണം അമിത് ഷാ കരുക്കൾ നീക്കിയത്. എന്നാൽ ശിവസേനയോടാണ് കളിയെന്ന് അമിത് ഷാ ഓർത്തില്ല. കർണ്ണാടകയിലും ഗോവയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പയറ്റി തെളിഞ്ഞ പണക്കൊഴുപ്പിന്റെ കൂറുമാറ്റ തന്ത്രം മുംബൈയിൽ നടന്നില്ല. ബിജെപിക്കൊപ്പം പോയാൽ പണം കിട്ടുമെങ്കിലും ശിവസേനയെ പിണക്കിയാൽ പണി കിട്ടുമെന്ന് എല്ലാ എംഎൽഎമാർക്കും അറിയാമായിരുന്നു. ഈ ഉൾഭയമാണ് മഹാരാഷ്ട്രയിൽ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നത്.

കുതികച്ചവടത്തിന് ബിജെപി ശ്രമിക്കുമെന്ന് ശിവസേന മുന്നിൽ കണ്ടു. അതുകൊണ്ട് തന്നെ മഹാരാഷ്ട്രയ്ക്ക് പുറത്തുള്ള സുഖവാസ കേന്ദ്രത്തിലേക്ക് ഒരു എംഎൽഎയെ പോലും വിട്ടില്ല. എൻസിപിയുടേയും കോൺഗ്രസിന്റേയും ശിവസേനയുടേയും എംഎൽഎമാരെ ശിവസേനയ്ക്ക് സ്വാധീനമുള്ള ഹോട്ടലുകളിലേക്ക് മാറ്റി. എല്ലായിടത്തും ജോലിക്കാർ പോലും ശിവസേനക്കാർ. ശിവസേനയുടെ തൊഴിലാളി യൂണിയനുള്ള സ്വാധീനം പരമാവധി ഉപയോഗിച്ചായിരുന്നു ഇത്. അതുകൊണ്ട് തന്നെ ഹോട്ടലിലുള്ള എല്ലാ എംഎൽഎമാരും ഉദ്ധവ് താക്കറയുടെ നിരീക്ഷണത്തിലായി. ബിജെപിയുമായി ചർച്ച നടത്താൻ പോലും ഭയം. മുംബൈയിൽ ദാവൂദ് ഇബ്രാഹിമിന് പോലും ഭയം ശിവസേനയെയായിരുന്നു. അത്തരത്തിലൊരു ടീമിനോട് മുട്ടിയാൽ എന്താകുമെന്ന് ഏവർക്കും അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ബിജെപിക്കൊപ്പം ചേരാമെന്ന് അജിത് പവാറിനെ ഉറപ്പ് നൽകിയവരെല്ലാം ശരദ് പവാറിന്റെ അടുത്തേക്ക് എത്തി. ഉദ്ധവിന് മുഖ്യമന്ത്രിയാകാനുള്ള സാഹചര്യവും ഒരുങ്ങി.

എംഎൽഎമാരെ ചാക്കിട്ട് പിടിക്കാനുള്ള ദൗത്യം കേന്ദ്ര നേതാക്കൾ ഏൽപ്പിച്ചത് ഫഡ്‌നാവീസിനെതാണ്. ഗോവയിലേയും നോർത്ത് ഈസ്റ്റിലേയും തന്ത്രം നടപ്പിലാക്കാൻ ഫഡ്‌നാവീസിന് കഴിഞ്ഞുമില്ല. ഇത് ഉറപ്പായതോടെയാണ് മുഖ്യമന്ത്രി സ്ഥാനം ഫഡ്‌നാവീസ് രാജിവച്ചത്. ഇതോടെ അജിത് പവാർ ശരത് പവാർ പക്ഷത്തേക്കും മടങ്ങി. ഇതോടെ നാണംകെട്ടത് അമിത് ഷായാണ്. മഹാരാഷ്ട്രയിൽ ഉദ്ധവിനോട് അങ്ങനെ അമിത് ഷാ തോറ്റു. പ്രവർത്തനശൈലിയിലും സ്വഭാവങ്ങളിലും ഒരു പൊരുത്തവുമില്ലാത്ത മൂന്നു നേതാക്കൾ-ശരദ് പവാർ, ഉദ്ധവ് താക്കറെ, സോണിയ ഗാന്ധി-ബിജെപിക്കെതിരെ ഒരുമിച്ചു എന്നതാണു മുഖ്യമായ രാഷ്ട്രീയ തിരിച്ചടി. യാഥാർഥ്യങ്ങൾ പരിഗണിക്കാതെ അതിമോഹവുമായി ഇറങ്ങിത്തിരിച്ചാലുള്ള ദുരന്തമാണു മഹാരാഷ്ട്രയിൽ സംഭവിച്ചത്.

കഴിഞ്ഞ ആറുമാസത്തിനിടെ, മറ്റു പാർട്ടികളിൽനിന്നുള്ള അംഗങ്ങളെ ചാക്കിട്ടുപിടിച്ചു രാജ്യസഭയിൽ ഏതാണ്ടു ഭൂരിപക്ഷത്തോടടുക്കാൻ ബിജെപിക്കു സാധിച്ചു. ഒപ്പം കർണാടകയിലെ ജെഡിഎസ്‌കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ചു, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്ന ഭരണഘടനാമാറ്റം കൊണ്ടുവന്നു, ഒടുവിൽ അയോധ്യയിൽ രാമക്ഷേത്രം നിയമമാർഗത്തിലൂടെ നേടിയെടുക്കുമെന്ന തിരഞ്ഞെടുപ്പുവാഗ്ദാനവും സാധ്യമാക്കി. താറുമാറായ രാജ്യ സമ്പദ്വ്യവസ്ഥയാണ് മുന്നിലുള്ള പ്രതിസന്ധി. കർണാടക, ഗോവ,മണിപ്പുർ എന്നിവിടങ്ങളിൽ തിരിച്ചടികളെ തങ്ങളുടെ നേട്ടമാക്കി മാറ്റി വിരുതു കാട്ടിയ പാർട്ടിയാണ്ബിജെപി. അജിത് പവാറും സ്ഥലം കാലിയാക്കിയതോടെ ഫഡ്നാവിസും ഡൽഹിയിലെ മാർഗദർശകരും നാണംകെട്ടു. വലിയ സംസ്ഥാനമായ മഹാരാഷ്ട്ര കൈവിട്ടതോടെ ഇപ്പോൾ രാജ്യത്തിന്റെ പകുതിയിൽ താഴെ പ്രദേശത്തു മാത്രമേ ബിജെപിക്ക് അധികാരമുള്ളു എന്നതും തിരിച്ചടിയാണ്. മറ്റു വലിയ സംസ്ഥാന സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, കർണാടക, ഗുജറാത്ത്, അസം എന്നിവിടങ്ങളിൽ ബിജെപി മുഖ്യമന്ത്രിമാരാണ്.

ബിഹാർ,തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ എൻഡിഎ മുഖ്യമന്ത്രിമാരും. രാഷ്ട്രീയമായി ദേശീയ ജനാധിപത്യ സഖ്യത്തിനും (എൻഡിഎ) തിരിച്ചടിയാണ്, കാരണം ശിവസേനയാണ് അതിന്റെ സ്ഥാപക അംഗങ്ങളിലൊന്ന്. മഹാരാഷ്ട്ര നിയമസഭയിൽ പക്ഷേ, ബിജെപി തന്നെയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. തിരഞ്ഞെടുപ്പിൽ താൻ നേടിയ വിജയത്തെ ശിവസേന തട്ടിയെടുത്തു എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു ഫഡ്നാവിസ്. എന്നാൽ ശിവസേന ബിജെപിക്കെതിരെ പ്രകടിപ്പിച്ച പോരാട്ടവീര്യം കോൺഗ്രസിന് ആത്മവിശ്വാസം നൽകും. ബിജെപി മുന്നണികളിൽ വിള്ളലുണ്ടാക്കാൻ അവർ ഇനി ശ്രമിക്കും. കൃത്യമായി ഗൃഹപാഠം ചെയ്തശേഷം കളത്തിലിറങ്ങുക എന്ന നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും രീതിയും പാളിപ്പോയി. അജിത് പവാറിന് സ്വന്തം പാർട്ടിയിലെ എംഎൽഎമാരുടെ പിന്തുണയില്ലെന്ന് ഇന്റിലിജൻസ് റിപ്പോർട്ടുകളുണ്ടായിരുന്നു. അതു കണക്കിലെടുത്തില്ല. യഥാർഥ ചിത്രം കണ്ടെത്താൻ സംസ്ഥാനത്തെ ബിജെപി നേതാക്കളുടെയും പ്രവർത്തകരുടെയും വിപുലമായ രാഷ്ട്രീയ ശൃംഖല പോലും ഉപയോഗിച്ചില്ല. ശിവസേന എൻസിപിയും കോൺഗ്രസുമായി കൂട്ടുകൂടിയതിന്റെ രോഷവും സാമ്പത്തിക തലസ്ഥാനം കൈവിട്ടുപോകുന്നതിലെ നൈരാശ്യവും മോദി-ഷാ ടീമിന്റെ തീരുമാനങ്ങളിൽ ദൃശ്യമായിരുന്നു. ഇതാണ് മഹാരാഷ്ട്രയെ ഉദ്ധവിന്റെ കൈയിലെത്തിച്ചതും.

മഹാരാഷ്ട്രയിൽ ശിവസേനയുടെ ഉദ്ധവ് താക്കറെ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജഞ് ചെയ്യും. കഴിഞ്ഞ ശനിയാഴ്ച എൻസിപി വിമതരുടെ പിന്തുണയോടെ ബിജെപി സർക്കാർ അധികാരത്തിൽ എത്തിയതിന് പിന്നാലെ നടന്ന നാടകീയതയ്ക്കും സുപ്രീംകോടതി വിധിക്കും പിന്നാലെ ഇറങ്ങേണ്ടി വന്നതോടെയാണ് ശിവസേന - എൻസിപി - കോൺഗ്രസ് ത്രികക്ഷി സഖ്യം മഹാരാഷ്ട്രയിൽ അധികാരത്തിലേക്ക് എത്തുന്നത്. ഉദ്ധവ് താക്കറെ അധികാരമേൽക്കുന്നതിന് തൊട്ടു മുമ്പായി ഇന്ന് എംഎൽഎ മാരുടെ സത്യപ്രതിജ്ഞ ചെയ്യും. 288 എംഎൽഎ മാരാണ് ഇന്ന് സത്യപ്രതിജഞ് നടത്തുന്നത്. നിയമസഭയുടെ പ്രത്യേക സമ്മേളനവും ഇന്ന് നടക്കും. നാളെ ശിവാജി പാർക്കിലാണ് ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. നേരത്തേ സത്യപ്രതിഞ്ജ ചെയ്ത ദേവേന്ദ്ര ഫഡ്നാവീസിന് രണ്ടാംവരവിൽ മൂന്നുദിവസം മാത്രമാണ് മുഖ്യമന്ത്രി കസേരയിൽ ഇരിക്കാനായത്്. ഇന്നു വിശ്വാസ വോട്ടെടുപ്പ് നിശ്ചയിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കു തൊട്ടുപിന്നാലെ, ഉപമുഖ്യമന്ത്രിയും എൻ.സി.പി. വിമതനുമായ അജിത് പവാറാണ് ആദ്യം രാജിവച്ചത്.

ഒരുമണിക്കൂറിനുശേഷം പത്രസമ്മേളനത്തിൽ ഫഡ്നാവിസും രാജി പ്രഖ്യാപിച്ചു. സുപ്രീം കോടതി വിധിക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും കൂടിക്കാഴ്ച നടത്തിയശേഷമാണു ഫഡ്നാവിസ് സർക്കാരിന്റെ വിധി കുറിക്കപ്പെട്ടത്. എന്നാൽ, ശിവസേനയും എൻ.സി.പിയും കോൺഗ്രസും ചേർന്നു രൂപീകരിക്കുന്ന ''മുച്ചക്ര''സർക്കാർ അസ്ഥിരമായിരിക്കുമെന്നും ഫഡ്നാവിസ് പരിഹസിച്ചു. ശിവസേനയെക്കാൾ ഉപരി, ബിജെപിക്ക് അനുകൂലമായിരുന്നു ജനവിധിയെന്നും ശക്തമായ പ്രതിപക്ഷമെന്ന നിലയിൽ ഇനി ജനങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുമെന്നും ഫഡ്നാവിസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച രാവിലെ 7.50-നാണ് രാജ്യത്തെ അമ്പരപ്പിച്ചുകൊണ്ടു ഫഡ്നാവിസ് മുഖ്യമന്ത്രിയായും അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തത്. നേരത്തേ മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 105 സീറ്റുകളും ശിവസേനയ്ക്ക് 56 സീറ്റുകളുമാണ് കിട്ടിയത്. എന്നാൽ മുഖ്യമന്ത്രി സ്ഥാനം പങ്കുവെയ്ക്കണമെന്ന ശിവസേനയുടെ ആവശ്യമാണ് തർക്കത്തിൽ കലാശിച്ചത്. ഇതോടെയാണ് ശിവസേന - എൻസിപി - കോൺഗ്രസ് സഖ്യത്തിന് വഴി തെളിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP