Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജെപിയുടെ അമിത ആത്മവിശ്വാസം ശക്തിപ്പെടുത്തിയത് ബിജെപി വിരുദ്ധ വികാരത്തിൽ രൂപം കൊണ്ട കൂട്ടുകെട്ടിനെ; അജിത് പവാറിൽ വിശ്വസിച്ച് നടത്തിയ നീക്കങ്ങൾ പൊളിഞ്ഞതോടെ നഷ്ടമായത് ആദ്യം നേടിയ സഹതാപ തരംഗം; ഒറ്റക്ക് മത്സരിച്ചാൽ വിജയിക്കുമെന്ന ആത്മവിശ്വാസത്തെ തകർത്തത് അതിനാടകീയ നീക്കങ്ങൾ; അധികാരത്തിൽ നിന്നും മാറി നിന്ന് മകനെ മുഖ്യമന്ത്രിയാക്കാൻ ഇറങ്ങിയ ഉദ്ധവ് താക്കറെ സ്വയം മുഖ്യമന്ത്രിയാകുമ്പോൾ മുംബൈ കൈവിട്ടു പോകുമോ എന്ന ആശങ്കയിൽ ബിജെപി വൃത്തങ്ങൾ

ബിജെപിയുടെ അമിത ആത്മവിശ്വാസം ശക്തിപ്പെടുത്തിയത് ബിജെപി വിരുദ്ധ വികാരത്തിൽ രൂപം കൊണ്ട കൂട്ടുകെട്ടിനെ; അജിത് പവാറിൽ വിശ്വസിച്ച് നടത്തിയ നീക്കങ്ങൾ പൊളിഞ്ഞതോടെ നഷ്ടമായത് ആദ്യം നേടിയ സഹതാപ തരംഗം; ഒറ്റക്ക് മത്സരിച്ചാൽ വിജയിക്കുമെന്ന ആത്മവിശ്വാസത്തെ തകർത്തത് അതിനാടകീയ നീക്കങ്ങൾ; അധികാരത്തിൽ നിന്നും മാറി നിന്ന് മകനെ മുഖ്യമന്ത്രിയാക്കാൻ ഇറങ്ങിയ ഉദ്ധവ് താക്കറെ സ്വയം മുഖ്യമന്ത്രിയാകുമ്പോൾ മുംബൈ കൈവിട്ടു പോകുമോ എന്ന ആശങ്കയിൽ ബിജെപി വൃത്തങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഉദ്ധവ് താക്കറെ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് ബിജെപി വിരുദ്ധ വികാരം ആളികത്തിച്ചാണ്. തീവ്ര ഹിന്ദുത്വ നിലപാടുള്ള ശിവസേനയെ കോൺഗ്രസും എൻസിപിയും അടുപ്പിക്കില്ലെന്നായിരുന്നു ബിജെപിയുടെ എക്കാലത്തേയും വിശ്വാസം. അത് മറികടന്നാണ് ഉദ്ധവ് താക്കറെ മഹാരാഷ്ട്രയെ നയിക്കാനെത്തുന്നത്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തെ നയിക്കാൻ ഉദ്ധവ് എത്തുമ്പോൾ അത് ബിജെപിക്ക് വലിയ തിരിച്ചടിയാണ്. മഹാരാഷ്ട്രയിൽ ബിജെപിക്ക് കോട്ടകളിൽ പോലും വിള്ളലുണ്ടാക്കാൻ ഉദ്ധവിന് കഴിയും. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും എൻസിപിക്കും എതിരെ സഖ്യമായാണ് ബിജെപിയും ശിവസേനയും മത്സിച്ചത്. എന്നാൽ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാത്ത സാഹചര്യം മുതലെടുക്കാൻ ശിവസേന രംഗത്ത് വന്നു. മകൻ ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കാനാണ് അച്ഛൻ ഉദ്ധവ് ശ്രമിച്ചത്. എന്നാൽ കോൺഗ്രസും എൻസിപിയും ഉദ്ധവിനെ നേതാവായി കണ്ടപ്പോൾ ബാൽ താക്കറെയുടെ മകൻ അധികാര കസേരയിൽ എത്തുകയാണ്. ഇനി മഹാരാഷ്ട്രയെ ഉദ്ധവ് നയിക്കും.

സോണിയയുടെ സൈന്യമെന്ന് വിളിച്ച് ഉദ്ധവ് സർക്കാരിനെ കളിയാക്കാൻ ബിജെപി മുന്നിലുണ്ട്. പക്ഷേ എൻസിപിയിൽ നിന്ന് അജിത് പവാറിനെ അടർത്തിയെടുത്ത് തന്ത്രം പൊളിഞ്ഞത് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവീസിന് വിനയാണ്. മുന്നണിയായി നിന്ന് ജയിച്ചിട്ടും എൻസിപിയുടെ കാലുമാറ്റത്തിൽ കിട്ടിയ സഹതാപ തരംഗവും നഷ്ടമാകുകയാണ്. ബിജെപിയെ പിന്നിൽ നിന്ന് കുത്തിയെന്ന ആരോപണത്തെ ശിവസേനയും മറികടന്നു. അതിലും വലിയ നാടകമാണ് അജിത് പവാറിനേയും കൂട്ടി ഫഡ്‌നാവീസിനെ പുലർച്ചെ മുഖ്യമന്ത്രിയാക്കിയത്. സുപ്രീംകോടതിയിൽ നിന്ന് അതിവേഗ വിശ്വാസ വോട്ടിന് വിധി വന്നപ്പോൾ ഫഡ്‌നാവീസും അജിത് പവാറും രാജിവച്ചു. അജിത് പവാർ എൻസിപി പാളയത്തിൽ എത്തുകയും ചെയ്തു. അങ്ങനെ അജിത് പവാറിനെ വിശ്വസിച്ച ബിജെപിക്ക് കിട്ടിയത് മുട്ടൻ പണിയാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും സഖ്യത്തിലായിരുന്നില്ല മത്സരിച്ചത്. ഒറ്റയ്ക്ക് മത്സരിച്ച ബിജെപി 120ഓളം സീറ്റുമായി അധികാരത്തിലെത്തി. എന്നാൽ ലോക്‌സഭയിൽ മഹാരാഷ്ട്ര തൂത്തുവാരാനായി ചില വിട്ടുവീഴ്ചകൾ നടത്തി. ശിവസേനയെ സഖ്യത്തിലേക്ക് കൊണ്ടു വന്നു. നിയമസഭയിലും അത് തുടർന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ചുവെങ്കിൽ ബിജെപിക്ക് 105ൽ കൂടുതൽ സീറ്റ് കിട്ടുമായിരുന്നു. എന്നാൽ ശിവസേനയെ ഒപ്പം നിർത്തി എൻഡിഎയെ കരുത്തുള്ളതാക്കാനായിരുന്നു ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ തീരുമാനം. പൂച്ചയെ പോലെ എല്ലാം അതുവരെ കേട്ടു നിന്ന ശിവസേന ഫലപ്രഖ്യാപനത്തിൽ ബിജെപിക്ക് ഭൂരിപക്ഷം ഇല്ലെന്ന് കണ്ടെപ്പോൾ നിലപാട് മാറ്റി. ഇതാണ് പുതിയ ബിജെപി വിരുദ്ധ സർക്കാരിലേക്ക് കാര്യങ്ങളെത്തിച്ചത്.

രണ്ടാംതവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് നാലുദിവസം പിന്നിടുമ്പോഴാണ് ദേവേന്ദ്ര ഫഡ്നവിസിനു രാജിവെക്കേണ്ടി വന്നത്. ഉദ്ധവ് താക്കറെയെ പൊതുനേതാവായി പ്രഖ്യാപിച്ച് ശിവസേന-എൻ.സി.പി.-കോൺഗ്രസ്സഖ്യം മന്ത്രിസഭയുണ്ടാക്കുമെന്നു പ്രഖ്യാപിച്ചതിനു പിറ്റേന്നായിരുന്നു ഫഡ്‌നവിസ് മുഖ്യമന്ത്രിയായും എൻ.സി.പി. നിയമസഭാകക്ഷി നേതാവായിരുന്ന അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തത്. നവംബർ 23-നു രാവിലെ 5.47-ന് രാഷ്ട്രപതിഭരണം നീക്കി രാവിലെ 7.50-നു മാധ്യമങ്ങളെപ്പോലും അറിയിക്കാതെയായിരുന്നു സത്യപ്രതിജ്ഞ. വാർത്താ ഏജൻസി എ.എൻ.ഐ.യെ മാത്രമാണ് ചടങ്ങിലേക്കു ക്ഷണിച്ചത്. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ച്, ഗവർണറെ കാണാനിരുന്ന മഹാസഖ്യത്തിനു വിശ്വസിക്കാവുന്നതിനും അപ്പുറത്തായിരുന്നു ബിജെപി.യുടെ അപ്രതീക്ഷിത നീക്കം. ഈ നീക്കത്തിലൂടെ ശിവസേനയുടെ ചതിയുണ്ടാക്കി നൽകിയ സഹതാപവും ബിജെപിക്ക് നഷ്ടമായി. അധികാരത്തിന് കുറുക്കു വഴികൾ തേടുന്ന പാർട്ടിയായി ബിജെപിയെ മുദ്രകുത്തി കോൺഗ്രസും ശിവസേനയും ഉദ്ധവ് താക്കറെയ്ക്ക് പിന്നിൽ ഒരുമിച്ചു. അജിത് പവാറും മറുകണ്ടം ചാടി.

22നു രാത്രി നടന്ന ശിവസേനഎൻസിപികോൺഗ്രസ് യോഗത്തിലാണ് ഉദ്ധവ് താക്കറെയെ പുരോഗമന സഖ്യത്തിന്റെ നേതാവായി തിരഞ്ഞെടുത്തത്. എന്നാൽ 23നു പുലർച്ചെ എൻസിപിയിലെ അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കി ബിജെപി മഹാരാഷ്ട്രയിൽ വീണ്ടും അധികാരത്തിലെത്തിയപ്പോൾ പലരും അത്ഭുതപ്പെട്ടു. ചക്രവ്യൂഹത്തിൽ ശരദ് പവാർ ഉൾപ്പെടെയുള്ള മുതിർന്ന പല നേതാക്കളും പകച്ചു. അപ്പോഴും പതറാതെ നിന്നു ഉദ്ധവ്. ശിവസേന സ്ഥാപിച്ചും പരിപാലിച്ചും ബാൽ താക്കറെ മറാത്തമണ്ണിൽ പുതിയ രാഷ്ട്രീയം കെട്ടിപൊക്കി. ഇപ്പോൾ ഉദ്ധവ് താക്കറെയ്ക്ക് മുന്നിൽ തുറക്കുന്നത് മഹാരാഷ്ട്ര മുഖ്യമന്ത്രിപദത്തിലേക്കുള്ള വാതിൽ. അച്ഛൻ ബാൽതാക്കറയുടെ കരുത്ത് നെഞ്ചിൽ സൂക്ഷിക്കുന്നുണ്ട് ഉദ്ധവും. അതുകൊണ്ട് തന്നെയാണ് ബിജെപി ഭയക്കുന്നതും. ഉദ്ധവിലേക്ക് മുംബൈ എത്തിയാൽ പിന്നെ തിരിച്ചു പിടിക്കാനാകുമോ എന്ന ഭയം അവർക്കുണ്ട്. 1960 ജൂലൈ 27നു ബാൽ താക്കറെയുടെയും മീനയുടെയും മൂന്നാമത്തെ സന്താനമായാണ് ഉദ്ധവ് ജനിച്ചത്. രാജ് താക്കറെയെപ്പോലെ ഉദ്ധവും ജെജെ സ്‌കൂൾ ഓഫ് ആർട്‌സിൽ നിന്നു ബിരുദമെടുത്തു. ഏരിയൽ ഫൊട്ടോഗ്രഫിയിലും വന്യജീവി ഫൊട്ടോഗ്രഫിയിലും ഉദ്ധവ് കേമനായി. ഫോട്ടോശേഖരങ്ങളുടെ രണ്ടു പുസ്തകങ്ങൾ പേരിലുണ്ട്. രശ്മിയാണു ഭാര്യ. മൂത്ത മകൻ ആദിത്യ നിലവിൽ എംഎൽഎയാണ്. ഇളയമകൻ തേജസ് പരിസ്ഥിതി സംരക്ഷണ രംഗത്താണ് ചുവടുറപ്പിക്കുന്നത്.

കേന്ദ്രത്തിൽ മോദി-ഷാ കൂട്ടുകെട്ടു പിടിമുറുക്കിയതോടെ ബിജെപിയിൽ നിന്നായി സേനയ്ക്കു വെല്ലുവിളി. 2014 ൽ കേന്ദ്ര, സംസ്ഥാന ഭരണത്തിൽ ശിവസേനയ്ക്കു പ്രധാന മന്ത്രിപദമൊന്നും ലഭിച്ചില്ല. 2019 ൽ സഖ്യം വീണ്ടും അധികാരമേറിയപ്പോഴും താരതമ്യേന പ്രാധാന്യം കുറഞ്ഞ ഘനവ്യവസായ മന്ത്രാലയമാണ് നൽകിയത്. അതൃപ്തി പരസ്യമാക്കാതെ മുന്നോട്ടു നീങ്ങുമ്പോഴാണു നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ മുഖ്യമന്ത്രിപദം പങ്കിടാനാവില്ലെന്ന കർശനനിലപാട് ബിജെപി കൈക്കൊണ്ടത്. ഒരുപക്ഷേ അജിത് പവാറിന്റെ അട്ടിമറിക്കു മുൻപ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദത്തിൽ ഏറിയിരുന്നെങ്കിൽ ഭരണത്തിന്റെ റിമോട്ട് കൺട്രോൾ ശരദ് പവാറിന്റെ പക്കലായിരുന്നേനെ. ഇതും മാറുകയാണ്. എംഎൽഎമാരെ ഒരുമിച്ച് നിർത്തി ത്രികക്ഷി സർക്കാരിന്റെ യഥാർത്ഥ നേതാവായി ഉദ്ധവ് മാറി. അതുകൊണ്ട് തന്നെ ഇനി സർവ്വ സൈനാധിപനായി തന്നെ മുഖ്യമന്ത്രിയാകാം. ബുധനാഴ്ച തന്നെ നിയമസഭയിൽ വിശ്വാസവോട്ട് നേടണമെന്ന സുപ്രീംകോടതിവിധി വന്ന് മണിക്കൂറുകൾക്കകം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് രാജിവെച്ചതിലേക്ക് കാര്യങ്ങളെത്തയത് ഉദ്ധവിന്റെ ഉറച്ച നിലപാടുകളാണ്. ഇതോടെ 162 എംഎ‍ൽഎ.മാരുടെ പിന്തുണയുള്ള ശിവസേന-എൻ.സി.പി.-കോൺഗ്രസ് സഖ്യമായ മഹാ വികാസ് അഘാഡി സർക്കാരുണ്ടാക്കാനുള്ള അരങ്ങൊരുങ്ങി.

സഖ്യത്തിന്റെ നേതാക്കൾ ചൊവ്വാഴ്ച വൈകീട്ട് ഗവർണർ ഭഗത്സിങ് കോഷിയാരിയെ കണ്ട് സർക്കാരുണ്ടാക്കാനുള്ള അവകാശവാദമുന്നയിച്ചു. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാർ സത്യപ്രതിജ്ഞ ചെയ്യും. ദാദറിലെ ശിവാജിപാർക്കിൽ സത്യപ്രതിജ്ഞ നടത്താനാണ് തീരുമാനം. സത്യപ്രതിജ്ഞ ചെയ്ത് 80 മണിക്കൂർ തികയും മുമ്പെയാണ് രണ്ടാമൂഴത്തിൽ ഫഡ്‌നവിസിന് രാജിവെച്ചിറങ്ങേണ്ടി വന്നത്. ഉപമുഖ്യമന്ത്രി അജിത് പവാർ രാജിസമർപ്പിച്ചതിന് പിന്നാലെയാണ് ഫഡ്‌നവിസും ഒഴിഞ്ഞത്. എൻ.സി.പി. സഭാംഗങ്ങളുടെ പിന്തുണ സമാഹരിക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് അജിത് പവാർ പിൻവാങ്ങിയത്. ഉടൻ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന അഘാഡിയുടെ ഹർജി അനുവദിച്ചുകൊണ്ടാണ് ചൊവ്വാഴ്ച രാവിലെ 10.30-ന് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിപറഞ്ഞത്. ബുധനാഴ്ച വൈകീട്ട് അഞ്ചിനകം എംഎ‍ൽഎ.മാരുടെ സത്യപ്രതിജ്ഞ പൂർത്തിയാക്കി അന്നുതന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നായിരുന്നു ഉത്തരവ്. വിശ്വാസവോട്ടെടുപ്പ് വൈകിയാൽ കുതിരക്കച്ചവടത്തിനു സാധ്യതയുണ്ടെന്നും വിധിയിൽ നിരീക്ഷിച്ചു.

വിശ്വാസവോട്ടെടുപ്പ് നേരത്തേയാക്കേണ്ടതില്ലെന്നും ഗവർണറുടെ തീരുമാനത്തിൽ ഇടപെടരുതെന്നുമുള്ള ഫഡ്നവിസിന്റെ വാദം തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ നടപടി. കേസ് 12 ആഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ കോടതി നിർദ്ദേശിച്ച സമയപരിധിക്കകം ഭൂരിപക്ഷത്തിനു വേണ്ട 145 എന്ന സംഖ്യയിലേക്കെത്താൻ കഴിയില്ലെന്നു ബോധ്യമായതോടെയാണ് വിശ്വാസവോട്ടുതേടാതെ രാജിവെക്കാൻ ഫഡ്നവിസ് തീരുമാനിച്ചത്. പത്രസമ്മേളനത്തിൽ രാജി പ്രഖ്യാപിച്ച മുഖ്യമന്ത്രി നാലുമണിയോടെ ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറി.

സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് നിയമസഭാ സമ്മേളന നടത്തിപ്പിന് ഗവർണർ താത്കാലിക സ്പീക്കറെ നിയോഗിച്ചു. ബിജെപി.യിലെ കാളിദാസ് കൊളംബ്കർ ചൊവ്വാഴ്ച രാജ്ഭവനിൽ നടന്ന ചടങ്ങിൽ പ്രോട്ടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു. ഇദ്ദേഹത്തിന്റെ അധ്യക്ഷതയിലാണ് ബുധനാഴ്ച നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP