Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സന്നിധാനത്ത് നിന്ന് വാങ്ങിയ അരവണയിൽ ചത്ത പല്ലിയെ കിട്ടിയെന്ന വാർത്ത വ്യാജം; സുഗമവും ഭക്തസൗഹൃദവുമായ തീർത്ഥാടനത്തെ അട്ടിമറിക്കാനുള്ള ഗൂഢശ്രമം; അപ്പം അരവണ അടക്കമുള്ള വഴിപാടുകളെ അപകീർത്തിപ്പെടുത്താൻ ചില കേന്ദ്രങ്ങളിൽ നിന്ന് അസത്യമായ വാർത്ത പടച്ചു വിടുകയാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ്

സന്നിധാനത്ത് നിന്ന് വാങ്ങിയ അരവണയിൽ ചത്ത പല്ലിയെ കിട്ടിയെന്ന വാർത്ത വ്യാജം; സുഗമവും ഭക്തസൗഹൃദവുമായ തീർത്ഥാടനത്തെ അട്ടിമറിക്കാനുള്ള ഗൂഢശ്രമം; അപ്പം അരവണ അടക്കമുള്ള വഴിപാടുകളെ അപകീർത്തിപ്പെടുത്താൻ ചില കേന്ദ്രങ്ങളിൽ നിന്ന് അസത്യമായ വാർത്ത പടച്ചു വിടുകയാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ്

എസ്.രാജീവ്‌

ശബരിമല : സന്നിധാനത്തു നിന്നും വാങ്ങിയ അരവണയിൽ ചത്ത പല്ലിയെ ലഭിച്ചെന്ന വാർത്ത വ്യാജവും വസ്തുതാ വിരുദ്ധവുമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. സുഗമവും സമാധാനപരവും ഭക്ത സൗഹൃദവുമായ ഒരു തീർത്ഥാടനത്തെ അട്ടിമറിക്കാനുള്ള ഗൂഢശ്രമമാണ് ഈ വ്യാജ വാർത്തയ്ക്ക് പിന്നിലെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി. 2019 -20 വർഷത്തെ മണ്ഡല-മകരവിളക്ക് തീർത്ഥാടനം ആരംഭിച്ച് 10 ദിവസം പിന്നിടുമ്പോൾ സുഗമമായും സമാധാനപരവുമായാണ് തീർത്ഥാടനം പുരോഗമിക്കുന്നത്. ശബരിമലയിലെ അപ്പം, അരവണ അടക്കമുള്ള വഴിപാടുകളെ അപകീർത്തിപ്പെടുത്താൻ ചില കേന്ദ്രങ്ങളിൽ നിന്ന് അസത്യമായ വാർത്ത പടച്ചു വിടുന്നതും അത് സോഷ്യൽ മീഡിയയിലുടെയും മറ്റും പ്രചരിപ്പിക്കുന്നതും ബോർഡിന്റെ ശ്രദ്ധയിൽപ്പെട്ടുവെന്ന് ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു പറഞ്ഞു.

ഏറ്റവും വൃത്തിയുള്ളതും സുരക്ഷിതവുമായ രീതിയിൽ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ശബരിമലയിലെ അരവണ പ്ലാന്റിൽ തയ്യാറാക്കുന്ന അരവണയാണ് പായ്ക്ക് ചെയ്ത് വിൽപ്പനയ്ക്കായി കൗണ്ടറുകളിൽ എത്തിക്കുന്നത്. പ്ലാന്റിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി പ്ലാന്റ് അണുവിമുക്തമാക്കുകയും ചെയ്ത ശേഷമാണ് നിർമ്മാണം ആരംഭിക്കുന്നതാണ് പതിവ്. ഇക്കുറിയും നിർമ്മാണത്തിന് മുൻപ് അവ നടത്തിയിരുന്നു .അതികഠിനമായ താപനിലയിലാണ്അരവണ നിർമ്മാണം നടക്കുന്നത്. അതു കൊണ്ട് തന്നെ അരവണ നിർമ്മാണം നടക്കുന്ന സമയത്ത് ഒരു ഘട്ടത്തിലും പല്ലി, പാറ്റ, പോലുള്ള ജീവികൾക്ക് ഒരു വിധത്തിലും അരവണ പ്ലാന്റിൽ കടക്കുവാൻ കഴിയുകയില്ല. മാത്രമല്ല അരവണ നിർമ്മാണത്തിന്റെ എല്ലാ ഘട്ടത്തിലും സംസ്ഥാനഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ കർശനമായ പരിശോധനകളും നടത്തിയ ശേഷമാണ് അരവണ ടിന്നുകൾ വിൽപ്പനയ്ക്കായി കൗണ്ടറുകളിൽ കൊണ്ടുവരുന്നത്.

വസ്തുതകൾ ഇങ്ങനെയായിരിക്കെയാണ് അരവണയിൽ പല്ലിയെ കണ്ടുവെന്ന വ്യാജവാർത്ത സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നത്. ഇക്കാര്യം വാർത്തയിൽ കാണിക്കുന്ന ദൃശ്യങ്ങളിൽ നിന്ന് തന്നെ പകൽ പോലെ വ്യക്തമാണ്. ഈ വാർത്ത പൂർണ്ണമായും വാസ്തവവിരുദ്ധമാണെന്നും ഇത്തരത്തിൽ വാർത്ത സൃഷ്ടിച്ചവർക്കെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ബോർഡ് പരാതി നൽകിയതായും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.വ്യാജ വാർത്ത സൃഷ്ടിച്ച് ശബരിമലയെയും അതുവഴി തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും അപകീർത്തിപ്പെടുത്താനുള്ള ഗൂഢ ശ്രമം തൽപ്പര കക്ഷികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ടെന്നും ഭക്തജനങ്ങൾ ഇത് തിരിച്ചറിയണമെന്നും അഡ്വ.എൻ.വാസു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP