Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡൽഹി ആക്രമിച്ച മുഗളരോട് ഒരിക്കലും മുട്ടുമടക്കാത്ത ശിവാജി മഹാരാജാവിന്റെ പിന്മുറക്കാരൻ! ശിവാജി മുതൽക്ക് ഇങ്ങോട്ടുള്ള ഒരു മറാഠയും ഇന്നുവരെ ഡൽഹിയിൽ നിന്നുള്ള സമ്മർദ്ദങ്ങൾക്ക് മുന്നിൽ മുട്ടുമടക്കിയ ചരിത്രമില്ലെന്ന് പ്രഖ്യാപിച്ചപ്പോൾ ഇളകി മറിഞ്ഞത് മറാഠ വികാരം; രാഷ്ട്രീയ ഗോദയിൽ ഹാഫ് സെഞ്ചുറി തികച്ച ശരദ് പവാർ മഴയെ പോലും കൂസാതെ നടത്തിയ പ്രസംഗത്തിൽ ഒഴുകിയെത്തിയത് വോട്ടുകളുടെ പെരുമഴ; അന്നും ഇന്നും പവാർ ഇടഞ്ഞാൽ വിടില്ല ആരെയും

ഡൽഹി ആക്രമിച്ച മുഗളരോട് ഒരിക്കലും മുട്ടുമടക്കാത്ത ശിവാജി മഹാരാജാവിന്റെ പിന്മുറക്കാരൻ! ശിവാജി മുതൽക്ക് ഇങ്ങോട്ടുള്ള ഒരു മറാഠയും ഇന്നുവരെ ഡൽഹിയിൽ നിന്നുള്ള സമ്മർദ്ദങ്ങൾക്ക് മുന്നിൽ മുട്ടുമടക്കിയ ചരിത്രമില്ലെന്ന് പ്രഖ്യാപിച്ചപ്പോൾ ഇളകി മറിഞ്ഞത് മറാഠ വികാരം; രാഷ്ട്രീയ ഗോദയിൽ ഹാഫ് സെഞ്ചുറി തികച്ച ശരദ് പവാർ മഴയെ പോലും കൂസാതെ നടത്തിയ പ്രസംഗത്തിൽ ഒഴുകിയെത്തിയത് വോട്ടുകളുടെ പെരുമഴ; അന്നും ഇന്നും പവാർ ഇടഞ്ഞാൽ വിടില്ല ആരെയും

മറുനാടൻ ഡെസ്‌ക്‌

 മുംബൈ: ശരദ് പവാറിന്റെ ചെറുപ്പത്തിലെ ചിത്രം കണ്ടിട്ടില്ലേ..ആ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം. എന്തൊരു ഉശിരാണ്. എന്തൊരു ആത്മവിശ്വാസം. 80 ാം വയസിൽ പ്രായത്തിന്റെ ക്ഷീണം ഇല്ലെന്ന് ആരും പറയുന്നില്ല. എന്നിരുന്നാലും കണ്ടില്ലേ ആ പോരാട്ട വീര്യം. അമിത് ഷായുടെ ചാണക്യതന്ത്രങ്ങളോടിടഞ്ഞ്, അനന്തരവന്റെ കൂറുമാറ്റത്തെയും വകവയ്ക്കാതെ, സംശയാലുക്കളെ വകഞ്ഞുമാറ്റി വരികയായി മറാഠി വീര നായകൻ. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പവാർ മഹാരാഷ്ട്രയിൽ ഉടനീളം പങ്കെടുത്തത് 78 റാലികളിലാണ്. എന്നാൽ, മോദി സർക്കാർ ഉജ്ജ്വല ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയപ്പോൾ, എൻസിപിക്ക് സംസ്ഥാനത്ത് നിന്ന് ആകെ കിട്ടിയത് വെറും നാല് എംപിമാരെ. ദേശീയ രാഷ്ട്രീയത്തിലെങ്കിലും പവാറിന്റെ കാലം കഴിഞ്ഞുവെന്ന് പലരും വിധിയെഴുതിയ സമയം. അങ്ങനെ തന്നെ എഴുതി തള്ളാൻ വരട്ടെ എന്നാണ് പവാർ ഇപ്പോൾ പറയാതെ പറഞ്ഞിരിക്കുന്നത്. ഫട്‌നാവിസ് സർക്കാർ രാജി വച്ചതോടെ എതിരാളികൾക്ക് അതേനാണയത്തിൽ തിരിച്ചടി നൽകാൻ കഴിഞ്ഞിരിക്കുന്നു. അതും എൻസിപി ആ പാർട്ടിയുടെ ഏറ്റവും മോശം കാലത്തിലൂടെ കടന്നുപോകുമ്പോൾ.

ആറുമാസം കഴിഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോഴും പവാർ തന്നെയായിരുന്നു സാരഥി. 49 കാരനായ ഫട്‌നാവിസിന് ഒപ്പത്തിനൊപ്പം നിന്ന് 60 ഓളം റാലികളിലാണ് പങ്കെടുത്തത്.

മഴയെ കൂസാത്ത ആ പ്രസംഗം

മഹാരാഷ്ട്രാ തെരഞ്ഞെടുപ്പിലെ ഏറ്റവും വികാരനിർഭരമായ രംഗങ്ങളിൽ ഒന്നായിരുന്നു ശരദ് പവാറിന്റെ മഴ നനഞ്ഞുകൊണ്ടുള്ള പ്രസംഗം. 80 വയസ്സുള്ള മുതിർന്ന നേതാവ് വാർധക്യത്തിന്റെ എല്ലാ അവശതകളെയും അവഗണിച്ചുകൊണ്ട് നടത്തിയ പ്രസംഗം നവമാധ്യമങ്ങളിൽ വൈറലായിരുന്നു. പവാറിന്റെ കോട്ടകൊത്തളം എന്നറിയപ്പെടുന്ന സത്താറയിൽ വികാര നിർഭരനായി വോട്ടർമാരോട് അഭ്യർത്ഥന നടത്തിയത്, തന്നെ ചതിച്ചവനെ തറപറ്റിക്കണം എന്നായിരുന്നു. എൻസിപി എംപിയായിരുന്ന ഉദയൻരാജെ ബോൺസ്ലെ രാജിവെച്ച് ബിജെപിയിൽ ചേർന്നതിനാലാണ് ഉപതെരഞ്ഞെടുപ്പ വേണ്ടി വന്നത്. ഈ ഉദയൻരാജെയാണ് പവാർ ചതിയൻ
എന്ന് വിശേഷിപ്പിച്ചത്.

ഉദയൻരാജെ ഭോസലെയെ പിന്നിലാക്കി 85000 വോട്ടുകൾക്കാണ് എൻസിപി സ്ഥാനാർത്ഥി ശ്രീനിവാസ് പാട്ടീൽ വിജയിച്ചത്.മറാത്ത രാജാവായിരുന്ന ശിവജിയുടെ പിന്മുറക്കാരനായ ഉദയൻരാജെ ബോൺസ്ലെ മണ്ഡലം വീണ്ടും ബിജെപിക്ക് വേണ്ടി പിടിച്ചെടുക്കുമെന്നായിരുന്നു പൊതുവേ വിലയിരുത്തിയിരുന്നത്. ശിവജിയുടെ പാരമ്പര്യവും മോദിയുടെ ദേശീയതയും കലർത്തിയായിരുന്നു ബിജെപിയുടെ കാമ്പയിൻ. എന്നാൽ അത് എട്ടുനിലയിൽ പൊട്ടുകയായിരുന്നു. ജനം പവാറിന്റെ വാക്കുകൾ മാത്രമാണ് ഇവിടെ കേട്ടത്.

സത്താറയിൽ മഴ നനഞ്ഞുകൊണ്ട് പാർട്ടി അദ്ധ്യക്ഷൻ ശരത് പവാർ നടത്തിയ പ്രസംഗം വോട്ടർമാരെ വൻതോതിൽ സ്വാധീച്ചുവെന്നാണ് നീരീക്ഷകരുടെ വിലയിരുത്തൽ.അത് തെറ്റിയില്ലെന്നാണ് ഉയർന്ന ഭൂരിപക്ഷം തെളിയിക്കുന്നത്.സത്താറ ജില്ലയിലെ ജനങ്ങൾക്ക് പവാറിനോടുള്ള ഇഷ്ടം വീണ്ടും തിരിച്ചുപിടിച്ചുവെന്നും അദ്ദേഹത്തിന്റെ പോരാട്ട വീര്യത്തെ അവർ വിലമതിക്കുന്നുവെന്നും നിരീക്ഷകർ പറഞ്ഞിരുന്നു.സത്താറ മണ്ഡലം എക്കാലത്തെയും ശരത് പവാറിന്റെ കോട്ടയായാണ് വിലയിരുത്തപ്പെടുന്നത്. മണ്ഡലത്തിലെ ആറ് നിയോജക മണ്ഡലങ്ങളിൽ നാലും എൻ.സി.പിയുടെ കയ്യിലാണ്. ഒരെണ്ണം കോൺഗ്രസിന്റെ കയ്യിലും. ഒരു സീറ്റ് മാത്രമാണ് ശിവസേനയുടെ കയ്യിലുള്ളത്.ശരത് പവാറിന് വലിയ തിരിച്ചടിയായിരുന്നു ബോൺസ്ലെയുടെ രാജി. അതുകൊണ്ട് തന്നെ ബോൺസ്ലെയെ പരാജയപ്പെടുത്തി മണ്ഡലം തിരികെ പിടിക്കുക എന്നത് പവാർ അഭിമാന പ്രശ്‌നമായാണ് എടുത്തത്. സ്ഥാനമാനങ്ങൾക്കുവേണ്ടി തന്നെ വഞ്ചിച്ച ഉദയൻരാജെയെ കെട്ടുകെട്ടിക്കണം എന്നായിരുന്നു പവാർ എല്ലായിടത്തും പ്രസംഗിച്ചതും.

ബിജെപി അമിത്ഷാ അടക്കമുള്ള സകലനേതാക്കളെയും കൂട്ടി കാടിളക്കി പ്രചാരണം നടത്തുമ്പോൾ കോൺഗ്രസിന് ഒരു ലീഡ് കാമ്പയിനർ പോലും ഇല്ലായിരുന്നു. രാഹുൽ ഗാന്ധി ഒരു പേരിന് മാത്രം ചില തവണ വന്നുപോയതൊഴിച്ചാൽ തീർത്തും ദുർബലമായിരുന്നു കോൺഗ്രസ് സംഘടനാ സംവിധാനം. എന്നാൽ ഈ 80ാം വയസ്സിലും സടകുടഞ്ഞ് എഴുന്നേറ്റ് എൻസിപി നേതാവ് ശരദ്പവാർ നടത്തിയ ശക്തമായ പ്രചാരണമാണ് മുന്നണിയെ രക്ഷിച്ചത്. പവാറിനെതിരെ ഈയിടെയാണ് എൻഫോഴ്‌സമെന്റ് വകുപ്പ് അഴിമതിക്കേസ് എടുത്തത്. എന്നാൽ ജയിലിൽപോയി കിടക്കാൻ തയ്യാറാണെന്ന് പറഞ്ഞുകൊണ്ട് പവാർ നടത്തിയ വൈകാരിക പ്രസംഗം വോട്ടർമാരെ വല്ലാതെ സ്വാധീനിച്ചിരുന്നു. മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പിലും ഭരണം പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും തിളക്കമാർന്ന പ്രകടനമാണ് കോൺഗ്രസ്- എൻസിപി സഖ്യം നടത്തിയത്.

രാഷ്ട്രീയ ഗോദയിൽ ഹാഫ് സെഞ്ചുറി തികച്ചു

കഴിഞ്ഞ അഞ്ചുപതിറ്റാണ്ടിനിടെ 14 തിരഞ്ഞെടുപ്പുകളെയാണ് പവാർ നേരിട്ടത്. പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ ബാരാമതി മണ്ഡലത്തിൽ നിന്ന് ഒരിക്കൽ ഒഴികെ എല്ലാവട്ടവും ജയിച്ചുകയറുകയും ചെയ്തു. മഹാരാഷ്ട്രയുടെ ആദ്യ മുഖ്യമന്ത്രിയായിരുന്ന യശ്വന്ത് റാവു ബൽവന്ത്‌റാവു ചവാന്റെ വത്സല ശിഷ്യനായിരുന്നു പവാർ. 1967 ൽ ബാരാമതിയിൽ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി ജയിച്ചു. നാലുവട്ടം മഹാരാഷ്ട്ര മുഖ്യമന്ത്രി. 1978 ൽ ആദ്യം 38 ാം വയസിൽ കോൺഗ്രസ് എസിന്റെ മുന്നണി സർക്കാരിനെ നയിച്ച് കൊണ്ട് ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി. കേന്ദ്രസർക്കാരിൽ പ്രതിരോധ, കൃഷി വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട് പവാർ.

ആദ്യം അവിഭക്ത കോൺഗ്രസിലും, പിന്നീട് ഇന്ദിരാ വിഭാഗത്തിലുമായി കോൺഗ്രസിന്റെ വിശ്വസ്തൻ. 1991 -ൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന് ശേഷമുള്ള ശൂന്യതയിൽ പ്രധാനമന്ത്രി പദത്തിലേക്കുവരെ പരിഗണിക്കപ്പെട്ടെങ്കിലും അത് നരസിംഹറാവു കൊണ്ടുപോയി. ആശ്വാസമായി പ്രതിരോധ മന്ത്രിപദം. സോണിയാ ഗാന്ധിയെ എഐസിസി അദ്ധ്യക്ഷ പദത്തിലേക്ക് പരിഗണിച്ചപ്പോൾ, പവാർ ഇടഞ്ഞു. സ്വദേശി വാദം പറഞ്ഞ് ശരദ് പവാർ, പി എ സംഗ്മ, താരിഖ് അൻവർ എന്നിവർ ചേർന്ന് മഹാരാഷ്ട്ര കോൺഗ്രസ് പിളർത്തി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ഉണ്ടാക്കി.

ഇടഞ്ഞാൽ വിടില്ല ആരെയും

പവാർ കോടിക്കണക്കിന് രൂപയുടെ ഹവാല തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് റിപ്പോർട്ട് നൽകിയ ഇംഗ്ലീഷ് പത്രത്തിനും മറാത്തി വാരികയ്ക്കും എതിരെ 100 കോടിയുടെ നഷ്ടപരിഹാരക്കേസ് നൽകി. പണി പാളിയെന്ന് മനസ്സിലായ മാധ്യമസ്ഥാപനങ്ങൾക്ക് ഒടുവിൽ മാപ്പ് പറയേണ്ടി വന്നു.രണ്ടു മാധ്യമങ്ങളുടെയും മുൻപേജിൽ ക്ഷമാപണറിപ്പോർട്ടും പ്രസിദ്ധപ്പെടുത്തിയ ശേഷമേ പവാർ അടങ്ങിയുള്ളു. എൻഫോഴ്‌മെന്റിന്റെ പ്രശ്‌നം വന്നപ്പോഴും, അത് രാഷ്ട്രീയമായി മുതലാക്കാനാണ് പവാർ നോക്കിയത്. സമൻസൊന്നും ഇല്ലാതെ തന്നെ, താൻ സെപ്റ്റംബർ 27 -ന് ഇഡി-ക്കു മുന്നിൽ നേരിട്ട് ഹാജരായി അവരുടെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയാൻ പോവുകയാണ് എന്ന് പ്രസംഗിച്ച് അണികളെ വിശ്വാസത്തിലെടുത്തു. ഹാജരാകുമെന്ന് പറഞ്ഞപ്പോൾ എൻഫോഴ്‌മെന്റ് അത് വിലക്കി. ക്രമസമാധാന പ്രശ്‌നം ഉണ്ടാകും എന്നായിരുന്നു ഇഡിയുടെ വാദം.

നിയമസഭാ തിരഞ്ഞെടുപ്പിലും മറാത്താ വികാരം ആളിക്കത്തിക്കുകയായിരുന്നു പവാറിന്റെ തന്ത്രം.'ഞാൻ ആണത്തമുള്ള മറാഠയാണ് ( മറാഠ മർദ്). ശിവാജി മുതൽക്ക് ഇങ്ങോട്ടുള്ള ഒരു മറാഠയും ഇന്നുവരെ ഡൽഹിയിൽ നിന്നുള്ള സമ്മർദ്ദങ്ങൾക്ക് മുന്നിൽ മുട്ടുമടക്കിയ ചരിത്രമില്ല' എന്ന്. ഇതോടെ മഹാരാഷ്ട്ര ഇളകി മറിഞ്ഞു. അത് വോട്ടായി മാറുകയും ചെയ്തു

മുന്നണി രാഷ്ട്രീയത്തിന്റെ കാവലാൾ; ശത്രുക്കൾക്കും പ്രിയങ്കരൻ

മഹാരാഷ്ട്രയിൽ മുന്നണി രാഷ്ട്രീയത്തിന്റെ അടവുകൾ പയറ്റുന്നതിൽ അഗ്രഗണ്യനാണ് ശരദ് പവാർ. മുന്നണി രൂപീകരണത്തിന് മധ്യസ്ഥനായിരുന്നു എന്നും. രാഷ്ട്രീയ എതിരാളികളുടെ അടുത്തേക്ക് എന്നും ഒരു പാലമിട്ടു. കോൺഗ്രസിൽ നിന്ന് അകലാനും പിന്നീട് അടുക്കാനും, വിമതനായി സ്വന്തം പാർട്ടിയുണ്ടാക്കാനും കോൺഗ്രസുമായി സഖ്യം രൂപീകരിക്കാനും 1985 ലെ പിഡിഎഫ് മുന്നണിയിൽ ബിജെപിയെ പോലും ഉൾപ്പെടുത്താനും ഒക്കെയുള്ള വഴക്കം.

1999 ൽ എൻസിപി രൂപീകരിച്ച പവാർ ജനങ്ങളുമായി തീവ്രബന്ധം കാക്കുന്ന നേതാവാണ്. പശ്ചിമ മഹാരാഷ്ട്രയിലും മറാത്ത് വാഡയിലും ചിതറിക്കിടന്ന മറാത്തി വോട്ടുകൾ ഏകോപിപ്പിക്കാൻ പവാറിനായി. കൂറുമാറ്റത്തിനും കുപ്രസിദ്ധനാണ് പവാർ. ആദ്യവട്ടം മഹാരാഷ്ട്ര മുഖ്യമന്ത്രിയായത് വസന്ത് ദാദ പാട്ടീൽ സർക്കാരിനെ അട്ടിമറിച്ചുകൊണ്ടാണ്. എന്നാൽ, ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സ്വന്തം പാർട്ടിയിൽ നി്ന്നുള്ള കൊഴിഞ്ഞുപോക്കും കാണേണ്ടി വ്‌നനു. അതിന് തടയാൻ കഴിഞ്ഞത് ആ കൂർമ ബുദ്ധിയും വ്യക്തിപ്രഭാവവും കൊണ്ടുതന്നെ.

ആരായിരിക്കും പവാറിന്റെപിൻഗാമി?

2024 ലെ തിരഞ്ഞെടുപ്പാകുമ്പോഴേക്കും പവാറിന് 84 വയസാകും. ഈ തിരഞ്ഞെടുപ്പിലെ അതേ ഊർജ്ജത്തോടെ അന്നും പ്രചാരണത്തിന് ഇറങ്ങാൻ പവാറിന് ആകുമോ? ആരായിരിക്കും ആ സെക്കൻഡ് ഇൻ കമാൻഡ്. മറുകണ്ടം ചാടിയ അനന്തരവൻ അജിത് പവാറിനെ ഇനി ശരദ് പവാർ വിശ്വാസത്തിലെടുക്കുമോ? അതോ മകൾ സുപ്രിയ സുലെ ആയിരിക്കുമോ പിൻഗാമി. എംഎൽഎയെ വിളിച്ചുകൂട്ടുന്നതിലും ഏകോപിപ്പിക്കുന്നതിലും മറ്റും മിടുക്ക് കാട്ടിയ സുപ്രിയ സുലെ പവാറിന്റെ നേതൃശേഷിപാരമ്പര്യമുള്ള നേതാവ് തന്നെ. പാർട്ടി അതിന്റെ ഏറ്റവും വലിയ വെല്ലുവിളികളെ നേരിടുന്ന കാലമാണ്. ശരദ് പവാറിന്റെ തട്ടകമായ പടിഞ്ഞാറൻ മഹാരാഷ്ട്രയിലും, മറാത്ത്‌വാഡയിലും പാർട്ടിയിൽ നിന്ന് പല നേതാക്കളും കൊഴിഞ്ഞുപോയി ബിജെപിയിൽ ചേർന്നു. സാമുദായിക കക്ഷികളും ജാതിക്കൂട്ടായ്മകളും ഒക്കെ എൻസിപിയെ ഉപേക്ഷിച്ചുപോവുകയാണ്.

സഹകരണ മേഖലയിലും സ്വാധീനം ക്ഷയിച്ചുകൊണ്ടിരുന്നു. 25,000 കോടി രൂപ അനന്തരവൻ അജിത് പവാറിനൊപ്പം ചേർന്ന് ഈടൊന്നും വാങ്ങാതെ ബാങ്ക് കടം കൊടുത്തതാണ് പ്രശ്‌നമായത്. എന്നാൽ, ആ ബാങ്കിൽ ശരദ് പവാർ ഒരിക്കലും ഡയറക്ടറോ, സാധാരണ അംഗം പോലുമോ ആയിരുന്നിട്ടില്ല. തനിക്കെതിരെ വന്ന ആയുധം എതിരാളിക്ക് നേരേ തിരിച്ച് പ്രയോഗിക്കാനുള്ള കഴിവാണ് പവാറിനെ വേറിട്ട് നിർത്തുന്നത്. വേണ്ടത്ര തെളിവുകളുടെ പിൻബലമില്ലാതെ എൻഫോഴ്‌മെന്റ് ആരോപണം ഉന്നയിച്ചപ്പോൾ അതിനെ എൻസിപിക്ക് ഗുണകരമാക്കാൻ പവാറിന് കഴിഞ്ഞു. ഡൽഹി ആക്രമിച്ച മുഗളരോട് ഒരിക്കലും മുട്ടുമടക്കാത്ത ശിവാജി മഹാരാജാവിന്റെ പിന്മുറക്കാരനായി സ്വയം പ്രതിഷ്ഠിച്ചു പവാർ. വോട്ടുകൾ വന്ന വഴികളിൽ ഒന്നും അതുതന്നെയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP