Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലങ്കര കത്തോലിക്ക സഭക്കു അഭിമാനമായി റോക്ക് ലാൻഡിൽ സെന്റ് പീറ്റേഴ്സ് ദേവാലയം കൂദാശ ചെയ്തു

മലങ്കര കത്തോലിക്ക സഭക്കു അഭിമാനമായി റോക്ക് ലാൻഡിൽ സെന്റ് പീറ്റേഴ്സ് ദേവാലയം കൂദാശ ചെയ്തു

ജോയിച്ചൻ പുതുക്കുളം

ന്യൂയോർക്ക്: റോക്ക് ലാൻഡിലെ ബ്ലോവൽട്ടിൽ ഇരൂനൂറിലേറെ വർഷത്തെ ചരിത്രം പേറുന്ന ഗ്രീൻബുഷ് പ്രിസ്ബിറ്റേറിയൻ ചർച്ച്, സെന്റ് പീറ്റേഴ്സ് മലങ്കര കാത്തലിക് ദേവാലയമായി കൂദാശ ചെയ്യപ്പെടുന്ന അനുഗ്രഹീത നിമിഷത്തിനു വൻ വിശ്വാസി സമൂഹം സാക്ഷ്യം വഹിച്ചു.

മുപ്പതിൽ താഴെയുള്ള ഇടവകാംഗങ്ങളുടെ ത്യാഗനിർഭരമായ കൂട്ടായ്മയുടേയും സഭാ സ്നേഹത്തിന്റേയും പ്രതീകമായ ദേവാലയം മലങ്കര കത്തോലിക്കാ സഭയുടെ അമേരിക്ക കാനഡ ഭദ്രാസനാധിപൻ ഫിലിപ്പോസ് മാർ സ്തെഫാനോസ് മെത്രാപ്പൊലീത്ത കൂദാശ ചെയ്തതോടെ പ്രവാസ നാട്ടിൽ മലങ്കര കത്തോലിക്കാ സഭ വളർച്ചയുടെ പുതിയ പടവുകൾ കയറുന്നു

സ്വന്തം ദേവാലയം കണ്ടെത്താൻ നേതൃത്വം നൽകിയ മുൻ ഭദ്രാസനാധിപനും ഇപ്പോൾ പാറശാല രൂപതാധ്യക്ഷനുമായ തോമസ് മാർ യൗസേബിയോസ് മെത്രാപ്പൊലീത്ത, പത്തനംതിട്ട രൂപതാ മുൻ അധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പൊലീത്ത, പള്ളി വികാരിയും രൂപതാ വികാരി ജനറാളുമായ മോൺ. അഗസ്റ്റിൻ മംഗലത്ത്, ഒട്ടേറെ വൈദീകർ തുടങ്ങിയവർ സഹകാർമികരായി.

രൂപതയിൽ മണിമാളികയും, സെമിത്തേരിയുമുള്ള ഏക ദേവാലയമാണിതെന്നു മാർ സ്തെഫാനോസ് അനുഗ്രഹ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി. മൂന്നുലക്ഷത്തോളം ഡോളർ മുടക്കി പള്ളി നവീകരിച്ചുവെങ്കിലും മണിമാളിക അതേപടി നിലനിർത്തി. സെമിത്തേരിയാകട്ടെ രണ്ടു നൂറ്റാണ്ടിലെ വിവിധ തലമുറകളുടെ അന്ത്യവിശ്രമസ്ഥലവുമാണ്. ചരിത്രത്തിന്റെ തിരുശേഷിപ്പ്. സെമിത്തേരിയിൽ ഉപയോഗിക്കാത്ത സ്ഥലവുമുണ്ട്. രണ്ടേക്കർ വരുന്ന സ്ഥലത്ത് സെമിത്തേരി വികസിപ്പിക്കാനുമാകും. അപ്പോൾ പള്ളിക്കു സ്വന്തം സെമിത്തേരിയുമാകും.

ചെറിയ ഇടവകയെങ്കിലും ഏഴരലക്ഷം ഡോളർ രൊക്കം മുടക്കിയാണ് ചരിത്രപ്രധാനമായ പള്ളി സ്വന്തമാക്കിയത്. അതു മറ്റുള്ളവർക്ക് പ്രചോദനമാകുന്നു.

ഒരു സ്വപ്നസാക്ഷാത്കാരമാണിതെന്നു മാർ സ്തെഫാനോസ് ചൂണ്ടിക്കാട്ടി. ചെറിയതെങ്കിലും ഊർജസ്വലമായ സഭാ സമൂഹത്തിന്റെ പ്രയത്നഫലം. ഭൗതിക വസ്തുക്കൾ കൊണ്ട് നിർമ്മിതമാക്കുന്ന ഭവനം കൂദാശയിലൂടെ ദൈവിക ആലയമായി മുദ്രകുത്തപ്പെടുകയാണ്. യേശുവിന്റെ സാന്നിധ്യം നിറഞ്ഞ ജീവിക്കുന്ന അടയാളമാണിത്.

ദേവാലയത്തിൽ നാം ദൈവീക സാന്നിധ്യം അനുഭവിച്ചറിയുന്നു. അപ്പസ്തോലന്മാരുടെ പ്രബോധനം പങ്കുവെയ്ക്കാനും വിശുദ്ധ കുർബാനയിൽ പങ്കുചേരാനും ഇവിടെ നമുക്കാകുന്നു.

പരിശുദ്ധ സ്ഥലമാണിത്. ഒരു ക്ലബ് ആയി ദേവായത്തെ കണക്കാക്കരുത്. ജനത്തിനു ഒത്തുകൂടാനുള്ള സ്ഥലമല്ലിത്.

മറ്റുള്ളവർക്കെതിരേ കുറ്റാരോപണത്തിനുള്ള സ്ഥലവുമല്ലിത്. വ്യക്തികളുടേയോ, കുടുംബത്തിന്റേയോ മഹത്വം ഘോഷിക്കാനുള്ള ഇടവുമല്ല. ദൈവത്തെ മഹത്വപ്പെടുത്താനും പര്സപരമുള്ള സ്നേഹം പങ്കുവെക്കാനുള്ള ഇടാീണിത്.

ദേവാലയത്തിൽ സ്ഥാപിച്ചിരിക്കുന്ന നാലു ചിത്രങ്ങളുടെ അർത്ഥവ്യാപ്തിയും അദ്ദേഹം വിശദീകരിച്ചു. മദ്ബഹയിൽ യേശുവിന്റെ ചിത്രം കൈകളുയർത്തി എല്ലാവരേയും ക്ഷണിക്കുന്നു. ദുഃഖിതർക്കും പീഡിതർക്കും ആശ്വാസം നൽകുന്ന കരങ്ങളാണവ. വിഷമതകളിലും ദുഃഖങ്ങളിലും പെടുമ്പോൾ എല്ലാവർക്കും ആശ്വാസം നൽകുന്ന സാകേതം. യേശുവിന്റെ സ്നേഹവും കാരുണ്യവും അനുഭവവേദ്യമാകുന്ന സ്ഥലം.'

തിരുവത്താഴത്തിന്റെ ചിത്രമാണ് മറ്റൊന്ന്. ദേവാലയം ശുശ്രൂഷാ വേദിയാണ്. അവിടെ നാം യേശുവിന്റെ സ്നേഹത്തിൽ പങ്കുചേരുകയാണ്.

പള്ളിയുടെ നാമഹേതുകനായ വി. പത്രോസിന്റെ ചിത്രമാണ് മറ്റൊന്ന്. പത്രോസാകുന്ന പാറയിലാണ് സഭ സ്ഥാപിതമായിരിക്കുന്നത്. ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ് അങ്ങ് എന്നു പത്രോസ് ഏറ്റുപറഞ്ഞതുപോലെ നാമും ഏറ്റുപറയണം. പത്രോസിനോട് ചേർന്നു നാം നമ്മുടെ വിശ്വാസം പ്രഘോഷിക്കുന്നു.

തിരുകുടുംബത്തിന്റെ രൂപമാണ് നാലാമത്തേത്. ദൈവം കുടുംബത്തെ സ്ഥാപിച്ചു. കുടുംബത്തിൽ വാഴുന്നു. കുടുംബത്തിന്റെ ശാക്തീകരണം സാധിതമാക്കണം. പരിശുദ്ധ അമ്മ ദൈവത്തിനു പൂർണമായി സമർപ്പിച്ചു. അമ്മയോടു ചേർന്നു ദൈവത്തിൽ പൂർണമായി അർപ്പിക്കാൻ നമുക്കാകണം. നീതിമാനായ മാർ യൗസേഫിന്റെ പാത പിൻതുടരാൻ നമുക്കാകണം അദ്ദേഹം പറഞ്ഞു.

കൂദാശാ ദിനത്തിൽ തന്നെ മൂന്നു കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടന്നു.

മോൺ. അഗസ്റ്റിൻ മംഗലത്തിനെ താത്കാലികമായി റോക്ക് ലാൻഡിലേക്ക് അയച്ചതും, നാലു കന്യാസ്ത്രീകളെ ശുശ്രൂഷയ്ക്കായി താത്കാലികമായി നിയോഗിച്ചതും മാർ യൗസേബിയോസ് അനുസ്മരിച്ചു. മടങ്ങുന്നതിനു പകരം ഈ സമൂഹത്തിൽ തന്നെ തുടർന്നും സേവനം ചെയ്യാമെന്നാണ് അവർ എല്ലാവരും ആവശ്യപ്പെട്ടത് അദ്ദേഹം ചൂണ്ടിക്കാട്ടി.

വികാരി മോൺ അഗസ്റ്റിൻ മംഗലത്ത് പള്ളി വാങ്ങുന്നതിനും അത് നവീകരിക്കുന്നതിനും വേണ്ടി രാപ്പകൽ പ്രവർത്തിച്ചവരെ അനുസ്മരിച്ചു. അവരുടെ ത്യാഗപൂർണ്ണമായ അധ്വാനമാണ് ഇന്ന് ഫലവത്തായത്. അവർക്കെല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു. കന്യാസ്ത്രീകൾ നൽകുന്ന സേവന പ്രവർത്തനങ്ങളും പ്രത്യേകമായി അനുസ്മരിച്ചു.

സ്റ്റെർലിങ് ബിൽഡിങ് കമ്പനിയാണ് പള്ളി നവീകരിച്ചത്. ജോൺ വർഗീസ് അൾത്താര നിർമ്മിച്ചു.

റോക്ക്ലാന്റ് ഇടവകക്കാർ ആദ്യകാലത്ത് ന്യൂജേഴ്സിയിലായിരുന്നു ആരാധനയിൽ പങ്കെടുത്തത്. ഇപ്പോഴത്തെ കാതോലിക്കാ ബാവ മാർ ക്ലീമീസ് അമേരിക്കയിൽ സേവനമനുഷ്ഠിച്ചപ്പോൾ റോക്ക്ലാന്റിൽ മിഷൻ സ്ഥാപിച്ചു. 2002ൽ. ഏതാനും കുടുംബങ്ങൾ മാത്രമാണ് അന്ന് ഉണ്ടായിരുന്നത്ആറു വർഷം പള്ളി സെക്രട്ടറിയും ട്രസ്റ്റിയുമായിരുന്ന തോമസ് ഏബ്രഹാം (തോമസുകുട്ടി) അനുസ്മരിച്ചു. പള്ളി വാങ്ങാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ അക്കാലത്ത് തുടങ്ങി. ഫാ. ജോയി മാങ്കുളം ആയിരുന്നു ആദ്യ വികാരി. പിന്നീട് ഫാ. സണ്ണി മാത്യു കാവുവിള ചുമതലയേറ്റു.

ഡയോസിഷൻ സെക്രട്ടറി കൂടിയായ പള്ളി സെക്രട്ടറി ഫിലിപ്പ് മാത്യു, ട്രഷറർ ഷെറിൻ ജോസഫ് എന്നിവരാണ് പള്ളി വാങ്ങുന്നതിനും നവീകരിക്കുന്നതിനും മുന്നിൽ നിന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP