Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വനത്തിന് നടുവിലുള്ള ആദിവാസികൾക്ക് അക്ഷരവെളിച്ചം പകർന്നെന്ന് മൻ കി ബാത്തിൽ പറഞ്ഞത് പ്രധാനമന്ത്രി; ലൈബ്രറി നടത്തിപ്പിൽ ഉറച്ച് നിൽക്കുകയും ഊരിനെക്കുറിച്ച് പുസ്തകമെഴുതാൻ പി കെ മുരളീധരനെ സഹായിക്കുകയും ചെയ്തപ്പോൾ വന്നത് ഊരുവിലക്ക്; ഇടമലക്കുടിയിലെ ചൂഷണങ്ങളും ഊരുവിലക്കും മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു ധരിപ്പിക്കാൻ ചെന്നപ്പോൾ അനുമതിയില്ല; ചിന്നതമ്പിയും ഭാര്യ മണിയമ്മയും ഊരിലേക്ക് പോകാൻ കഴിയാതെ തലസ്ഥാന നഗരിയിൽ അലയുന്നു

വനത്തിന് നടുവിലുള്ള ആദിവാസികൾക്ക് അക്ഷരവെളിച്ചം പകർന്നെന്ന് മൻ കി ബാത്തിൽ പറഞ്ഞത് പ്രധാനമന്ത്രി; ലൈബ്രറി നടത്തിപ്പിൽ ഉറച്ച് നിൽക്കുകയും ഊരിനെക്കുറിച്ച് പുസ്തകമെഴുതാൻ പി കെ മുരളീധരനെ സഹായിക്കുകയും ചെയ്തപ്പോൾ വന്നത് ഊരുവിലക്ക്; ഇടമലക്കുടിയിലെ ചൂഷണങ്ങളും ഊരുവിലക്കും മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു ധരിപ്പിക്കാൻ ചെന്നപ്പോൾ അനുമതിയില്ല; ചിന്നതമ്പിയും ഭാര്യ മണിയമ്മയും ഊരിലേക്ക് പോകാൻ കഴിയാതെ തലസ്ഥാന നഗരിയിൽ അലയുന്നു

എം മനോജ് കുമാർ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിൽ പരാമർശിച്ച ചിന്ന തമ്പിക്കും ഭാര്യ മണിയമ്മയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിക്കാൻ അനുമതി ലഭിച്ചില്ല. ഇടമലക്കുടിയിൽ നടക്കുന്ന ചൂഷണങ്ങൾ പുറത്തെത്തിച്ചത് കാരണമാണ് ഇവർക്കും ഏകാധ്യാപക വിദ്യാലയം നടത്തുന്ന പി.കെ.മുരളീധരനും ഊരുവിലക്ക് വന്നത്. ഊരുവിലക്ക് കാരണം ഇടമലക്കുടിയിൽ നിന്ന് പുറത്തായ ഇവർ തിരുവനന്തപുരത്തു നീതി തേടി അലയുകയാണ്.

ഇടമലക്കുടിയിൽ ചിന്നതമ്പി നടത്തുന്ന ഹോട്ടലിൽ ഒപ്പം ഒപ്പം ഒരു ലൈബ്രറി കൂടി പ്രവർത്തിക്കുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിൽ ചിന്നതമ്പിയെക്കുറിച്ച് പറഞ്ഞത്. വനത്തിന് നടുവിലുള്ള ആദിവാസികൾക്ക് അക്ഷരവെളിച്ചം പകർന്നെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. കഴിഞ്ഞ ജൂലൈയിലാണ് പ്രധാനമന്ത്രി പരാമർശം നടത്തിയത്. ഇതേ ചിന്ന തമ്പിക്കും ഭാര്യയ്ക്കുമാണ് ഇടമലക്കുടിയിൽ ഊരുവിലക്ക് വന്നത്. പഞ്ചായത്തിൽ നടക്കുന്ന ചൂഷണങ്ങളും ഊരുവിലക്ക് കാരണം അനുഭവിക്കേണ്ടി വരുന്ന പ്രതിസന്ധിയും മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു ധരിപ്പിക്കാനാണ് ഇവർ തിരുവനന്തപുരത്ത് എത്തിയത്. എന്നാൽ സന്ദർശനാനുമതി നിഷേധിക്കപ്പെടുകയായിരുന്നു. ഇടമലക്കുടി സൊസൈറ്റിക്കുടിയിലെ പഞ്ചായത്ത് ഹാളിൽ പഞ്ചായത്തംഗങ്ങളും കാണിമാരും ഊരുമൂപ്പന്മാരും ചേർന്ന ഊരുകൂട്ടമാണ് വിലക്കേർപ്പെടുത്തിയത്.

രോഗം ബാധിച്ചാൽ മഞ്ചലിൽ കിലോമീറ്ററുകൾ താണ്ടി ആശുപത്രിയിലെത്തിക്കേണ്ട അവസ്ഥ നേരിടുന്ന കേരളത്തിലെ ഏക പഞ്ചായത്ത് കൂടിയാണിത്. നാഗരികതയിലേക്ക് കൈപിടിച്ചുയർത്താനാണ് ഇടമലക്കുടിക്ക് സ്വതന്ത്ര പഞ്ചായത്ത് എന്ന പദവി നൽകിയത്. പക്ഷെ അതുകൊണ്ടൊന്നും മുതുവാൻ സമുദായത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ല. ഇവ അപരിഹാര്യമായി തുടരുകയാണ്. ഊരുമൂപ്പന്മാരാണ് ഇടമലക്കുടിയിലെ ഊരുകൾ ഭരിക്കുന്നത്. മൂപ്പന്റെ തീരുമാനങ്ങൾക്ക് അപ്പീലില്ല. അതുകൊണ്ട് തന്നെയാണ് ഊരുവിലക്ക് മുരളീധരനും ചിന്നതമ്പിക്കും ഭാര്യയ്ക്കും പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഊരുവിലക്ക് പോലുള്ള അപരിഷ്‌കൃത രീതികൾ കാരണം മുതുവാൻ സമുദായം പിൻനടത്തം നടക്കുകയാണ്. ഈ പിൻനടത്തം കാരണം വരുന്ന ഗുരുതരമായ സാമൂഹ്യ പ്രശ്‌നങ്ങൾക്ക് ഏതെങ്കിലും രീതിയിൽ പരിഹാരം കാണാൻ കഴിയുമായിരുന്ന കൂടിക്കാഴ്ചയാണ് മുഖ്യമന്ത്രിയുടെ നിഷേധാത്മക നിലപാട് കാരണം നടക്കാതെ പോയത്. ആഴ്ചകൾ ആയി ഇവർ മൂവരും തിരുവനന്തപുരത്ത് ഉണ്ടെങ്കിലും മുഖ്യമന്ത്രിയെ നേരിൽ കണ്ടു പരാതി പറയാൻ ഇവർക്ക് കഴിഞ്ഞില്ല. പല കാരണങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഓഫീസ് അനുമതി നിഷേധിക്കുകയായിരുന്നു. ആദിവാസി പ്രശ്‌നങ്ങൾക്ക് പട്ടികജാതി-പട്ടികവകുപ്പ് മന്ത്രി പരിഹാരം കാണട്ടെ എന്ന മനോഭാവമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രദർശിപ്പിച്ചത്. ഇവരിൽ നിന്ന് പരാതി വാങ്ങി മുഖ്യമന്ത്രിയുടെ ഓഫീസ് ഫയലിൽ തിരുകുക മാത്രം ചെയ്തു. മുഖ്യമന്ത്രി അനുമതി നിഷേധിച്ചതിനെ തുടർന്ന് പട്ടികജാതി-വർഗ്ഗ ചുമതലയുള്ള മന്ത്രി എ.കെ.ബാലനെ ഇവർ കണ്ടെങ്കിലും ഊരുവിലക്കിനോ ഇവർ നേരിടുന്ന പ്രശ്‌നങ്ങൾക്കോ ഒരു പരിഹാരവും ആയതുമില്ല.

രോഗങ്ങളും ദാരിദ്ര്യവുമാണ് ഇടമലക്കുടിയുടെ മുഖമുദ്ര. ആദിവാസി വിഭാഗമായ മുതുവാന്മാർ മാത്രമുള്ള കേരളത്തിലെ ഏക പഞ്ചായത്ത് കൂടിയാണിത്. ടൂറിസ്റ്റുകൾക്കോ സാധാരണ ജനങ്ങൾക്കോ പ്രവേശനമില്ലാത്ത കർശന നിയന്ത്രണങ്ങളുള്ള ഒരു പഞ്ചായത്ത് കൂടിയാണ് ഇടമലക്കുടി. തനതായ ജീവിത രീതികൾ പിന്തുടരുന്നത് കാരണം നാഗരിക ജീവിത രീതികൾ ഇപ്പോഴും ഇവർക്ക് പഥ്യവുമല്ല. അപരിഷ്‌കൃത സമൂഹവുമായി ഇപ്പോഴും നിലകൊള്ളുന്ന ഇടമലക്കുടിയിൽ നിന്ന് പുറത്തു വരുന്ന വാർത്തകൾ ഇപ്പോഴും കാലത്തിനു യോജിക്കുന്നതുമല്ല. പാണ്ടിപ്പടയെ പേടിച്ച് നൂറ്റാണ്ടുകൾക്കു മുൻപ് മധുരയിൽ നിന്നെത്തിയവരാണ് ഈ മുതുവാന്മാരെന്നാണ് ചരിത്രം പറയുന്നത്. ചേര-പാണ്ഡ്യ യുദ്ധം കൊടുമ്പിരികൊണ്ട കാലത്ത് ഇടുക്കിയുടെ മലഞ്ചെരിവുകളിലെത്തി താമസമാക്കിയ ഗോത്ര വർഗക്കാരാണ് ഇവർ. ഇടമലക്കുടിയിലെ ചൂഷണങ്ങൾ പുറത്തു കൊണ്ടുവന്ന മുരളീധരനും ചിന്നതമ്പിക്കും ഭാര്യ മണിയമ്മയുയ്ക്കും ഊരുവിലക്ക് പ്രഖ്യാപിച്ചാണ് മുതുവാൻ സമുദായം ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. കുടികൾ പലതാണെങ്കിലും സമുദായവും വിശ്വാസവും ഇവർക്ക് ഒന്ന് തന്നെയാണ്. അതുകൊണ്ട് തന്നെയാണ് ഊരുവിലക്ക് പ്രഖ്യാപിക്കപ്പെട്ടതിനാൽ ഇവർക്ക് ഊരിലെക്ക് തിരികെ പോകാൻ കഴിയാത്തത്.

ഊരിലെ കുട്ടികൾക്ക് വർഷങ്ങളായി അറിവിന്റെ വെളിച്ചം പകർന്നു നൽകുന്ന ഏകാധ്യാപക വിദ്യാലയം നടത്തുന്ന പി.കെ.മുരളീധരനും മുരളീധരനെ സഹായിക്കുന്ന ചിന്നതമ്പിക്കും ഭാര്യ മണിയമ്മയ്ക്കുമാണ് ഇപ്പോൾ ഊരുവിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഊരുവിലക്ക് കാരണം മുരളീധരനും ചിന്നതമ്പിക്കും മണിയമ്മയ്ക്കും ഊരിലേക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ്. ഊരിൽ നിന്ന് ഇവർ പുറം തള്ളപ്പെട്ടത് കാരണം തിരുവനന്തപുരത്ത് സുഹൃത്തുക്കളുടെ സഹായത്താലാണ് ഇവർ ഇപ്പോൾ കഴിയുന്നത്. ഇടമലക്കുടിയിൽ ഏകാധ്യാപക വിദ്യാലയം നടത്തുന്ന മുരളീധരൻ എഴുതിയ ഇടമലക്കുടി ഊരും പൊരുളും എന്ന പുസ്തകത്തിന്റെ പേരിലാണ് ഊരുവിലക്ക് എന്ന് പറയുന്നുണ്ടെങ്കിലും അടിമലക്കുടി ചൂഷണങ്ങൾ പുറത്തു കൊണ്ട് വന്നതിന്റെ പേരിലാണ് ഊരുവിലക്ക് നടപ്പിൽ വരുത്തിയത്. 2014 ലാണ് ഊരും പൊരുളും എന്ന പുസ്തകം മുരളീധരൻ എഴുതിയത്. അഞ്ച് വർഷങ്ങൾക്ക് ശേഷം ഇതേ പുസ്തകത്തിലെ പരാമർശങ്ങൾ കാരണമാണ് ഇപ്പോൾ ഊരുവിലക്ക് നടപ്പാക്കിയിരിക്കുന്നത്. ഇടമലക്കുടിയിൽ ഏകാധ്യാപക വിദ്യാലയം നടത്തുന്ന മുരളീധരനും ചിന്നതമ്പിക്കും ഊരിൽ നിന്നും വധഭീഷണിയും നിലനിൽക്കുന്നുണ്ട്. എഴുപതിലേറെ പ്രായമുള്ള ചിന്നതമ്പിയും ഭാര്യയും നിലവിൽ രോഗികളുമാണ്. ഊരുവിലക്ക് കാരണമുള്ള പ്രശ്‌നങ്ങളും ഭീഷണിയും കാരണം ഇവർ ആത്മഹത്യാ മുനമ്പിലുമാണ്. ഊരുവിലക്ക് നേരിടുന്ന പി.കെ.മുരളീധരൻ മറുനാടനോട് മനസ് തുറക്കുന്നു.

എന്തിനാണ് തിരുവനന്തപുരത്ത് എത്തിയത്?

മുഖ്യമന്ത്രി പിണറായി വിജയനെ കാണാനാണ് തിരുവനന്തപുരത്ത് എത്തിയത്. അദ്ദേഹത്തിനെ കണ്ടു നേരിട്ട് പരാതി നൽകണം. കഴിഞ്ഞ പതിമൂന്നിനു ഇടമലക്കുടിയിൽ നിന്നും അദ്ധ്യാപകനായ എന്നെയും ഊരിലെ പി.വി.ചിന്നതമ്പിയേയും ഊരുവിലക്കിയിട്ടുണ്ട്. ഇടമലക്കുടി പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിലാണ് എനിക്കും ചിന്നതമ്പിക്കും ഊര് വിലക്ക് വന്നത്. ഇതിനു പരിഹാരം കാണാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് മാത്രമേ കഴിയൂ എന്നുള്ളതുകൊണ്ടാണ് ഈ ഊരുവിലക്ക് വന്നത്. ഞങ്ങളോട് ഊരിൽ കയറാൻ പാടില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. എനിക്ക് വീടുണ്ട്. അവിടെ ഊരുവിലക്കാൻ ആരുമില്ല. ചിന്നതമ്പിക്ക് അതല്ല. അദ്ദേഹം ഗ്രാമവാസിയാണ്. ജീവിതം അവിടെയാണ്. പ്രാകൃത ആചാരമാണിത്. ഈ ഊരുവിലക്ക് ഒഴിവാക്കണം. ചിന്നതമ്പിക്ക് ഊരിലെക്ക് തിരിച്ചെത്താനുള്ള സാഹചര്യം ഒരുക്കണം. ഊരുവിലക്ക് കാര്യത്തിൽ ഒരു പരിഹാരം തേടിയാണ് തിരുവനന്തപുരത്ത് വന്നത്.

എന്തുകൊണ്ട് പെട്ടെന്ന് ഒരു ഊരുവിലക്ക്?

ഊരുവിലക്കിനു പിന്നിൽ ബാഹ്യശക്തികളുണ്ട്. കഴിഞ്ഞ ഇരുപത് വർഷമായി ഇടമലക്കുടി സമൂഹമായി ഇടപഴകി ജീവിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ട് തന്നെയാണ് ഈ ഊരുവിലക്കിനു പിന്നിൽ ബാഹ്യശക്തികൾ എന്ന് പറയുന്നത്. 2014 ലാണ് ഞാൻ പുസ്തകം എഴുതുന്നത്. ഇപ്പോൾ പ്രശ്‌നം വരുന്നത് അഞ്ചു വർഷത്തിനു ശേഷം. പുസ്തകത്തിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഊരുവിലക്ക് വന്നത്. ബാഹ്യശക്തികൾ ആണ് അഞ്ച് വർഷത്തിനു ശേഷം വിവാദമാക്കിയതിന് പിന്നിൽ. 2018 അവസാന മാസം ഇടുക്കി ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയുടെ ഒരു സംഘം ഇടമലക്കുടിയിൽ വരുകയും അവിടുത്തെ പ്രവർത്തനങ്ങൾ അന്വേഷിക്കുകയും ചെയ്തിരുന്നു. ആ സംഘത്തെ സഹായിച്ചിരുന്നത് ഞാനും ഈ ചിന്ന തമ്പിയും ഒക്കെയായിരുന്നു. അതിനുശേഷം എനിക്ക് ഭീഷണിയുണ്ടായി. പുസ്തകത്തിലെ ജനങ്ങൾ തന്നെ നിന്നെ ഇവിടുന്നു ഓടിക്കും എന്നാണ് അയാൾ ഭീഷണിപ്പെടുത്തിയിരുന്നു. നിന്നെ കൊല്ലും എന്നൊക്കെ പറഞ്ഞിരുന്നു. എനിക്ക് വധഭീഷണിയും നിലനിന്നിരുന്നു. ഈ കാര്യത്തിൽ ഒരു പരാതി ഞാൻ മാങ്കുളം പൊലീസ് സ്റ്റേഷനിൽ കൊടുക്കുകയും ചെയ്തിരുന്നു. ഈ പുസ്തകത്തിന്റെ പേരിൽ അടുത്ത ദിവസമാണ് ഊരുകളിൽ മുഴുവൻ പ്രശ്‌നങ്ങൾ വന്നത്. ഊരിനെ അവഹേളിക്കുന്ന പരാമർശങ്ങൾ പുസ്തകത്തിലുണ്ട് എന്നാണ് പറയുന്നത്. പുസ്തകത്തിൽ ഊരിനെ അവഹേളിക്കുന്ന പരാമർശങ്ങൾ ഒന്നുമില്ല. അവരിൽ നിന്ന് കിട്ടിയ കാര്യങ്ങൾ ആണ് പുസ്തകത്തിലുള്ളത്. മറ്റു പലരും പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. അതിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ഊരുവിലക്കിനു കാരണമായി എന്താണ് സമുദായം പറയുന്നത്?

എന്തിനു വേണ്ടി ഊരുവിലക്ക് എന്ന കാര്യം എനിക്ക് തന്നെ അറിയില്ല. അതിൽ ഒരു വ്യക്തതയില്ല. ഇവരുടെ ഒരു ഐതീഹ്യമുണ്ട്. ഇവർ മധുരാ ദേശത്തും വന്ന ആളുകൾ എന്ന ഐതീഹ്യമാണ് അത്. കർണ്ണകീ-കോവാല ചരിത്രമാണ് ഐതീഹ്യമായി ഇവർ പറയുന്നത്. അന്ന് കലാപമുണ്ടായപ്പോൾ അവിടെ നിന്ന് പോന്നവരാണ് ഇവർ. ഇവർ മാത്രമല്ല അതിനൊപ്പം മന്നാൻ സമുദായത്തിൽപ്പെട്ട ആളുകൾ ഉണ്ടായിരുന്നു ഇവരെല്ലാം ഒരുമിച്ചാണ് വന്നത്. പെരിയാർ തീരത്താണ് താമസിച്ചിരുന്നത് എന്നാണ് ഐതീഹ്യങ്ങളിലൂടെ ഇവർ പറയുന്നത്. രണ്ടു കൂട്ടരുടെയും കയ്യിലുണ്ടായിരുന്ന ഭക്ഷണമാണ് ഇവർ കഴിച്ചിരുന്നത്. എന്തോ കാരണത്താൽ ഇവർക്ക് തമ്മിൽ പ്രശ്‌നങ്ങൾ വരുകയും മന്നാൻ സമുദായത്തിനു അയിത്തം കൽപ്പിച്ച് ആറിനപ്പുറത്തേക്ക് പറഞ്ഞുവിട്ടു. തലമുറകൾ കഴിഞ്ഞതിനു ശേഷം ഏതോ ഒരു കാലഘത്തിൽ മന്നാൻ രാജാവും സംഘവും പെരിയാർ തീരത്ത് വന്നു. ഈ കാലത്ത് പൂഞ്ഞാർ രാജാവ് വനം സന്ദർശിക്കാൻ വന്നു. ഈ സ്ഥലം എന്റെതാണ് ഇവിടെയ്ക്ക് കടക്കരുത് എന്ന് മന്നാൻ രാജാവ് വിലക്കി. ആളറിയാതെയാണ് വിലക്കിയത്. ഇത് കഴിഞ്ഞപ്പോൾ മന്നാൻ രാജാവ് ക്ഷമ ചോദിച്ചു. അപ്പോൾ പൂഞ്ഞാർ രാജാവ് ഇവരോട് പഴയ സ്ഥലത്തേക്ക് തന്നെ പോകാൻ ആവശ്യപ്പെട്ടുവെന്നും പറയുന്നു. ആ സമയത്ത് മന്നാൻ സമുദായത്തിൽപ്പെട്ട നാലഞ്ചു കുടുംബങ്ങൾ തിരികെ പോയില്ല. ഉപജീവനമാർഗങ്ങൾ മുഴുവൻ ഇവിടെയായിരുന്നു. ഇത് ഇട്ടിട്ടു പോയാൽ ജീവിതം അപകടത്തിലാവും. അതിനാൽ അവർ പോയില്ല. അവരെ സഹായിച്ചത് മുതുവാൻ സമുദായമാണ് എന്നാണ് ഐതീഹ്യത്തിൽ പറയുന്നത്.

ഊര് വിലക്ക് കാരണം എന്തൊക്കെ പ്രശ്‌നങ്ങൾ നേരിടുന്നു?

ഊര് വിലക്ക് വന്നാൽ ആർക്കും ഊരിലേക്ക് പ്രവേശനം ലഭിക്കില്ല. എന്നെ ബാധിക്കില്ലെങ്കിലും ചിന്ന തമ്പിയെ ബാധിക്കും. അവർ ഊരിൽ തങ്ങുന്ന ആളുകളാണ്. മരിച്ചാൽ പോലും ശവമടക്കിനു പോലും ആരും വരാത്ത അവസ്ഥയാണ് ചിന്ന തമ്പിയും ഭാര്യയും നേരിടുന്നത്. ഇത് ഒരു അനാചാരമാണ്. ഇത് മാറണം. ചിന്ന തമ്പിക്ക് ഊര് വിലക്ക് വരാൻ കാരണം പുസ്തകത്തിലെ ചില വിവരങ്ങൾ ചിന്ന തമ്പി നൽകി എന്ന് സമുദായം വിശ്വസിക്കുന്നതുകൊണ്ടാണ്. പുസ്തകത്തിലെ മുഴുവൻ വിവരങ്ങൾ ചിന്ന തമ്പി നൽകിയതല്ല. ചില കാര്യങ്ങൾ പറഞ്ഞു തന്നിട്ടുണ്ട്. പന്ത്രണ്ടു വർഷങ്ങളുടെ ശ്രമഫലമായുള്ള പുസ്തകമാണിത്. സമുദായത്തെ വേദനിപ്പിക്കാൻ തക്കവണ്ണമുള്ള പരാമർശങ്ങൾ പുസ്തകത്തിലില്ല. പിന്നെ എങ്ങിനെ ഊരുവിലക്ക് എന്നത് എനിക്ക് മനസിലാകുന്നില്ല.

ഇനി എന്താണ് ചെയ്യാൻ കഴിയുക? ഏകാധ്യാപക വിദ്യാലയത്തിന്റെ അവസ്ഥ എന്ത്?

ചിന്ന തമ്പി രോഗിയാണ്. പ്രഷർ കാരണമുള്ള പ്രശ്‌നങ്ങൾ ചിന്ന തമ്പിയെ ഇപ്പോൾ തന്നെ അലട്ടുന്നുണ്ട്. വിദ്യാലയം ഊരിലെ കുട്ടികൾക്ക് വേണ്ടിയുള്ളതാണ്. വിലക്ക് കാരണം വിദ്യാലയം പ്രവർത്തിക്കുന്നില്ല. ലൈബ്രറിയുടെ അവസ്ഥയും തീരെ പരിതാപകരമാണ്.

മുഖ്യമന്ത്രി എന്തുകൊണ്ട് കാണാനുള്ള അനുമതി നിഷേധിക്കുന്നു?

മാവോയിസ്റ്റ് ഭീഷണി കാരണം ഇപ്പോൾ കാണാൻ കഴിയില്ലാ എന്നാണ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞത്. പട്ടികജാതി വകുപ്പ് മന്ത്രിയായ എ.കെ.ബാലനെ നേരിട്ട് കാണാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞത്. പരാതി പക്ഷെ ഫയലിൽ സ്വീകരിച്ചു. മന്ത്രി എ.കെ.ബാലനെ നേരിട്ട് കണ്ടിരുന്നു. കാര്യങ്ങൾ വിശദീകരിച്ചു. പക്ഷെ പരിഹാരം ആയില്ല. ദേവികുളം എംഎൽഎ എസ്.രാജേന്ദ്രനെ ഇതിനുവേണ്ടി ചുമതലപ്പെടുത്താം എന്നാണ് പറഞ്ഞത്. താത്കാലിക പരിഹാരമല്ല വേണ്ടത്. ഇത്തരം ഊരുവിലക്കുകൾ കേരളത്തിൽ വരരുത്. ആ രീതിയിൽ പ്രശ്‌ന പരിഹാരം വേണം. ഇനി ഒരു മണിയമ്മയും ഒരു ചിന്ന തമ്പിയും ഉണ്ടാകരുത്. നിയമപരമായി ഊരുവിലക്ക് നിരോധിക്കപ്പെടണം. ഒരു ചിന്ന തമ്പിയെയോ മണിയമ്മയെയോ അവിടെ കേറി കിടത്തിയതുകൊണ്ട് നവോത്ഥാന കേരളം ആകുന്നില്ല. ചിന്ന തമ്പിയും ഭാര്യയ്ക്കും ഊരിൽ താമസിക്കാനുള്ള അവസരം ഒരുക്കി നല്കണം. അനാചാരം ആ സമൂഹത്തിൽ നിന്ന് ഇല്ലാതാകണം. അതാണ് ഞങ്ങൾക്ക് വേണ്ടത്. അതിനു മുഖ്യമന്ത്രി ഇടപെടണം. എത്രയും വേഗമുള്ള ഇടപെടൽ ആണ് അതിനു ആവശ്യം.

ചിന്നതമ്പിക്കും ഭാര്യയ്ക്കും പോകാൻ ഒരു ഇടവുമില്ല. നാട്ടിലേക്ക് പോകാൻ കഴിയില്ല. ഇവിടെ കൂടുതൽ തങ്ങാനും കഴിയില്ല. ഊരുവിലക്ക് പോകാതെ ഊരിൽ പോകാൻ കഴിയില്ല. ജീവിക്കാൻ വേറെ മാർഗവുമില്ല. ഇവർ ഇപ്പോൾ തിരുവനന്തപുരത്ത് കഴിയുകയാണ്. ചില സുഹൃത്തുക്കളുണ്ട്. അവരുടെ സഹായത്തോടെയാണ് ഇവർ ഇവിടെ കഴിയുന്നത്. രോഗികൾ ആണ്. പ്രായവുമുണ്ട്. അവർ എന്ത് ചെയ്യും എന്നാണ് ചോദ്യം ഉയരുന്നത്. പരിഹാരം ഉണ്ടായിട്ടില്ലെങ്കിൽ അവർ ഇവിടെ കിടന്നു മരിക്കും. അല്ലാതെ വേറെ ഗതിയില്ല. എല്ലാവരും വന്നു തല്ലിക്കൊല്ലും എന്നാണ് ഇടമലക്കുടി പഞ്ചായത്ത് പ്രസിഡന്റ് തന്നെ പറഞ്ഞത്. ഇതാണ് ചിന്നതമ്പി പറഞ്ഞത്. ജീവനിൽ പേടിയുണ്ട്. വധഭീഷണിയുമുണ്ട്. ചിന്നതമ്പിയോട് ഭാര്യ പറഞ്ഞത് നമുക്ക് ആത്മഹത്യ ചെയ്യാം എന്നാണു പറഞ്ഞത്. അത്ര വലിയ പ്രശ്‌നങ്ങളാണ് ഇവർ അഭിമുഖീകരിക്കുന്നത്. തിരികെ പോകാൻ കഴിയാത്ത അവസ്ഥയിലാണ്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും ഈ കാര്യം പറഞ്ഞിട്ടുണ്ട്. മുതുവാൻ സമുദായം താമസിക്കുന്ന ഒരു ഊരിൽ പോലും ഇവർക്ക് പോകാൻ കഴിയില്ല-മുരളീധരൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP