Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയർലണ്ടിലെ മകളുടെ പ്രസവത്തിന് സാക്ഷിയാകാൻ എല്ലാം ഒരുക്കി തയ്യറായ അച്ഛനും അമ്മയും; പക്ഷാഘാതത്തെ തുടർന്നുള്ള പുലർച്ചെയിലെ പതിവ് നടത്തത്തിനിടെ തലയ്ക്ക് അടിയേൽക്കൽ; ശശിധരന്റെ കൊലയ്ക്ക് മതിൽ തർക്കവുമായി ബന്ധമില്ലെന്ന് പൊലീസ്; റിട്ടയേർഡ് എസ് ഐ അടിയേറ്റ് പിടഞ്ഞ് മരിച്ചത് മുമ്പ് രണ്ട് പേർക്ക് നേരെ റിപ്പർ മോഡൽ ആക്രമണം ഉണ്ടായ അതേ സ്ഥലത്ത്; അടിച്ചിറയെ ആശങ്കയിലാക്കി ശശിധരന്റെ കൊലപാതകം; തുമ്പില്ലാതെ പൊലീസ്

അയർലണ്ടിലെ മകളുടെ പ്രസവത്തിന് സാക്ഷിയാകാൻ എല്ലാം ഒരുക്കി തയ്യറായ അച്ഛനും അമ്മയും; പക്ഷാഘാതത്തെ തുടർന്നുള്ള പുലർച്ചെയിലെ പതിവ് നടത്തത്തിനിടെ തലയ്ക്ക് അടിയേൽക്കൽ; ശശിധരന്റെ കൊലയ്ക്ക് മതിൽ തർക്കവുമായി ബന്ധമില്ലെന്ന് പൊലീസ്; റിട്ടയേർഡ് എസ് ഐ അടിയേറ്റ് പിടഞ്ഞ് മരിച്ചത് മുമ്പ് രണ്ട് പേർക്ക് നേരെ റിപ്പർ മോഡൽ ആക്രമണം ഉണ്ടായ അതേ സ്ഥലത്ത്; അടിച്ചിറയെ ആശങ്കയിലാക്കി ശശിധരന്റെ കൊലപാതകം; തുമ്പില്ലാതെ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: റിട്ട. എസ്‌ഐ അടിച്ചിറ മുടിയൂർക്കര പറയകാവിൽ കെ.ആർ. ശശിധരന്റെ കൊലപാതകത്തിൽ ദുരൂഹത തുടരുന്നു പൊലീസ് കസ്റ്റഡിയിലെടുത്ത അയൽവാസി സിജുവിനെ പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇയാൾക്ക് കൊലപാതകവുമായി ബന്ധമില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. മതിലു തർക്കം ഇവർക്കിടയിൽ ഉണ്ടായിരുന്നു. എന്നാൽ ഇയാൾ തനിക്ക് പങ്കില്ലെന്ന് ആവർത്തിച്ചു വിശദീകരിച്ചു. ഇതോടെ പ്രദേശത്ത് സജീവമായ ലഹരി സംഘങ്ങളുടെ പങ്ക് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ശശിധരനുമായി വിരോധമുള്ള വ്യക്തിയുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ശശിധരനെ കഴിഞ്ഞ ദിവസം തലയ്ക്ക് അടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സിജുവിനെ പൊലീസ് ചോദ്യം ചെയ്തത് 30 മണിക്കൂറാണ്. സിജു പറഞ്ഞത് ഒറ്റയുത്തരം കൊലപാതകത്തിൽ പങ്കില്ല. ഞായറാഴ്ച പുലർച്ചെ വീടിനു മുന്നിൽ ആരുടെയോ സംസാരം കേട്ടു പുറത്തിറങ്ങി. ഒരാൾ രക്തത്തിൽ കുളിച്ച് റോഡിൽ കിടന്നിരുന്നു. അയൽവാസികളും അവിടെയുണ്ടായിരുന്നു. മരിച്ചത് ശശിധരനാണെന്നു തിരിച്ചറിഞ്ഞു. മൃതദേഹം മാറ്റുന്നതു വരെ അവിടെ നിന്നു. പിന്നീട് കൃഷിസ്ഥലത്തു പോയി. അവിടെ നിന്നു കാന്താരി മുളക് പറിച്ചു. കുറച്ചു മുളക് അയൽവാസി കുഞ്ഞുമോനും നൽകി. ഇതാണ് സത്യമെന്ന് ഇയാൾ പറഞ്ഞു. ഇത് വിശ്വസിക്കേണ്ട സ്ഥിതിയിൽ പൊലീസ് എത്തി.

ശശിധരന് അടിയേറ്റ സ്ഥലത്ത് നേരത്തെയും രണ്ട് പേർക്ക് തലയ്ക്ക് അടി ഏറ്റിരുന്നു. ആരാണ് അടിച്ചതെന്നു തിരിച്ചറിയാഞ്ഞതിനാൽ ഇവർ രണ്ടുപേരും പൊലീസിൽ പരാതി നൽകിയില്ല. ശശിധരനും അടി കൊണ്ടവർക്കും സാമ്യം ഒന്നു മാത്രം. സിജുവിന്റെ അയൽവാസികളും ഇയാൾക്ക് വിരോധം ഉള്ളവരും ആയിരുന്നു തലയ്ക്ക് അടിയേറ്റ ഇരുവരും. 7 വർഷം മുൻപാണ് തോപ്പിൽ ബേബിച്ചന് അടിയേറ്റത്. ഫർണിച്ചർ വ്യാപാരിയായ ബേബിച്ചൻ രാത്രി ബൈക്കിൽ വീട്ടിൽ എത്തി ഗേറ്റ് തുറക്കാൻ ശ്രമിച്ചപ്പോൾ പിന്നിൽ നിന്ന് തലയ്ക്ക് അടിയേറ്റു. ഇതുകൊണ്ട് കൂടിയാണ് സിജുവിനെ പൊലീസ് സംശയിച്ചത്.

രണ്ട് പേർക്ക് തലയ്ക്ക് അടിയേറ്റപ്പോഴും അപ്പോൾ തന്നെ അവർക്ക് ബോധം മറഞ്ഞതിനാൽ സംഭവിച്ചത് എന്താണെന്നു മനസ്സിലായില്ല. പിന്നീട് ഇവരുടെ കാർപോർച്ചിൽ കിടന്ന വാനും കത്തി നശിച്ചു. ഇവരുടെ വീടിന്റെ ഗേറ്റിലും പരിസരത്തും മനുഷ്യ വിസർജ്യം കവറിൽ കെട്ടി വലിച്ചെറിയുന്നതും പതിവായിരുന്നു. 3 വർഷം മുൻപാണ് അയൽവാസിയായ ചെറുകര ചാക്കോയുടെ തലയ്ക്ക് അടിയേറ്റത്. സ്‌കൂട്ടറിൽ പോകുമ്പോൾ വഴിയരികിൽ മറഞ്ഞു നിന്ന് ആരോ തലയ്ക്ക് പിന്നിൽ അടിച്ചു. എന്നാൽ സ്‌കൂട്ടർ നിയന്ത്രണം വിട്ടെങ്കിലും മറിഞ്ഞുവീണില്ല. ഇതിനും കേസ് ഉണ്ടായില്ല. ഇതേ സ്ഥലത്തു വച്ചാണ് ഇന്നലെ ശശിധരനും തലയ്ക്ക് പിന്നിൽ അടിയേറ്റു വീണത്.

പരിസരവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിജുവിനെ കസ്റ്റഡിയിൽ എടുത്തത്. ശശിധരനെ കൊല്ലാൻ ഉപയോഗിച്ച ആയുധത്തിനായി ഇന്നലെ സിജുവിന്റെ വീട്ടുപരിസരത്ത് പൊലീസ് തിരച്ചിൽ നടത്തി. ഗാന്ധിനഗർ സ്റ്റേഷനിൽ നിന്നു വിട്ടയച്ച സിജു ചെമ്മനംപടിയിൽ ഇറങ്ങി. പ്രദേശത്തെ 3 വിടുകളിലെത്തി സഹായം അഭ്യർത്ഥിച്ചു. വീട്ടുകാർ ഒച്ചവച്ചതോടെ ഓടിമറഞ്ഞു. ഇതോടെ സിജു കടന്നുകളഞ്ഞതാണെന്ന് അഭ്യൂഹം പരന്നു. ഇതോടെ പൊലീസ് സ്ഥലത്തെത്തി സിജുവിനെ വിട്ടയച്ചതാണെന്നു നാട്ടുകാരെ അറിയിച്ചു. തുടർന്നാണ് ലഹരി സംഘങ്ങളുടെ പങ്ക് അന്വേഷിക്കുന്നത്. ഇവർക്കെതിരെയും ശശിധരൻ പരാതി നൽകിയിരുന്നു.

ബുധനാഴ്ചയാണ് ശശിധരന്റെ മകൾ പ്രീതിയുടെ പ്രസവ ശസ്ത്രക്രിയ ജോലി സ്ഥലമായ അയർലൻഡിലെ ആശുപത്രിയിൽ നിശ്ചയിച്ചിരിക്കുന്നത്. ഇതിനു പോകുന്നതിനായി ശശിധരനും ഭാര്യ സുമയും ഒരുക്കത്തിലായിരുന്നു. 3 മാസം കഴിഞ്ഞു തിരിച്ചുവരുമെന്ന് അയൽവാസികളേയും അറിയിച്ചു. ശനിയാഴ്ച രാത്രി വൈകിയും സുഹൃത്തുക്കളും അയൽവാസികളും ഇവരുടെ വീട്ടിൽ എത്തി ഏറെ സമയം സംസാരിച്ചിരുന്നു. ഉച്ചയ്ക്ക് 2.30 ന് എയർപോർട്ടിലേക്ക് പോകുന്നതിന് കാർ വരെ ഏർപ്പാടാക്കിയിരുന്നു.

ഏതാനും വർഷം മുൻ ഉണ്ടായ ചെറിയ പക്ഷാഘാതത്തെ തുടർന്ന് പ്രഭാത നടത്തം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. രാവിലെ പതിവ് പ്രഭാത നടത്തത്തിനു ഭാര്യയും ഒപ്പം വരാറുണ്ടെങ്കിലും യാത്ര പോകുന്നതിനു പെട്ടി അടുക്കുന്നതിനാൽ തനിച്ചാണ് രാവിലെ നടക്കാൻ പോയത്. രാവിലെ എത്തിയശേഷം ക്ഷേത്രദർശനത്തിന് പോകണമെന്ന് ഭാര്യയോട് പറഞ്ഞിട്ടാണ് ശശിധരൻ നടക്കാൻ ഇറങ്ങിയത്. പിന്നെ ശശിധരൻ ജീവനോട് മടങ്ങിയെത്തിയില്ല.

ശശിധരന്റെ സംസ്‌കാരം വൈകിട്ട് നാലോടെ വീട്ടുവളപ്പിൽ നടത്തി. അയർലൻഡിൽ ജോലി ചെയ്യുന്ന മകൻ പ്രനൂപ് കുമാറും മരുമകൾ രമ്യയും ഇന്നലെ വീട്ടിലെത്തി. അയർലൻഡിൽത്തന്നെ നഴ്‌സായി ജോലി ചെയ്യുന്ന മകൾ പ്രീതിയുടെ പ്രസവ ശസ്ത്രക്രിയ നാളെ നിശ്ചയിച്ചിരുന്നതിനാൽ പ്രീതിക്കും ഭർത്താവ് അരുണിനും നാട്ടിലേക്കു തിരിക്കാനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP