Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമലയിലേക്ക് പോകുമെന്ന് പറഞ്ഞ് യാത്ര തുടങ്ങിയ തൃപ്തി ദേശായിയും സംഘവും എത്തിയതുകൊച്ചിയിലെ കമ്മീഷണർ ഓഫീസിൽ; പുറത്ത് ശരണം വിളിയുമായി കർമ്മ സമിതിയും; തൃപ്തി ദേശായിയുടെ യാത്ര കൊച്ചിയിൽ വീണ്ടും അവസാനിക്കുമെന്ന് സൂചന; പൊലീസ് സുരക്ഷയൊരുക്കാനുള്ള സാധ്യതയിൽ പമ്പയിലും നിലയ്ക്കലിലും സന്നിധാനത്തും പ്രതിരോധവുമായി ഭക്തരും; ഭൂമാതാ ബ്രിഗേഡിനെ പമ്പയിലേക്ക് പോകാൻ പൊലീസ് അനുവദിക്കില്ലെന്ന് സൂചന

ശബരിമലയിലേക്ക് പോകുമെന്ന് പറഞ്ഞ് യാത്ര തുടങ്ങിയ തൃപ്തി ദേശായിയും സംഘവും എത്തിയതുകൊച്ചിയിലെ കമ്മീഷണർ ഓഫീസിൽ; പുറത്ത് ശരണം വിളിയുമായി കർമ്മ സമിതിയും; തൃപ്തി ദേശായിയുടെ യാത്ര കൊച്ചിയിൽ വീണ്ടും അവസാനിക്കുമെന്ന് സൂചന; പൊലീസ് സുരക്ഷയൊരുക്കാനുള്ള സാധ്യതയിൽ പമ്പയിലും നിലയ്ക്കലിലും സന്നിധാനത്തും പ്രതിരോധവുമായി ഭക്തരും; ഭൂമാതാ ബ്രിഗേഡിനെ പമ്പയിലേക്ക് പോകാൻ പൊലീസ് അനുവദിക്കില്ലെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഭരണഘടനാ ദിനത്തിൽ ശബരിമലയിൽ ദർശനത്തിന് എത്തിയ തൃപ്തി ദേശായി വിമാനം ഇറങ്ങി നേരെ പോയതുകൊച്ചയിലെ കമ്മീഷർ ഓഫീസിൽ. ഇന്ന് പുലർച്ചെ അഞ്ചരയ്ക്ക് തൃപ്തി ദേശായി നെടുമ്പാശ്ശേരിയിൽ എത്തി. അവിടെ നിന്ന് കോട്ടയം വഴി ശബരിമലയിലേക്കു പോകുമെന്നാണ് തൃപ്തി ദേശായി പറഞ്ഞത്. എന്നാൽ അപ്രതീക്ഷിതമായി കമ്മീഷണർ ഓഫീസിലാണ് എത്തിയത്. ഇവരെല്ലാം ഓഫീസിലാണ് ഉള്ളത്. ഇതിന് പുറത്ത് ശബരിമല കർമ്മ സമിതി പ്രവർത്തകരും തടിച്ചു കൂടിയിട്ടുണ്ട്. ഇതോടെ ശബരിമലയിലേക്കുള്ള ബിന്ദു അമ്മണിയുടെ യാത്ര കൊച്ചിയിൽ അവസാനിപ്പിക്കാനാണ് സാധ്യത. അത്രയേറെ പ്രതിഷേധം ഉയർന്നു കഴിഞ്ഞു. സ്വാമിയേ അയ്യപ്പാ.. തുടങ്ങിയ ശരണം വിളികളും കർമ്മ സമിതി പ്രവർത്തകർ ഉയർത്തി കഴിഞ്ഞു.

ബിന്ദു അമ്മിണിയും തൃപ്തി ദേശായിയ്‌ക്കൊപ്പമുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിൽ ആരും ഉണ്ടായിരുന്നില്ല. പ്രതിഷേധക്കാർ അറിയാതെയാണ് തൃപ്തി ദേശായി എത്തിയത്. അവിടെ നിന്ന് നെടുമ്പാശേരി പൊലീസ് സ്‌റ്റേഷനിലേക്ക് പോയി. എസ് പി ഓഫീസിലേക്ക് പോകാൻ നിർദ്ദേശിച്ചെങ്കിലും അതിന് വഴങ്ങാതെ രണ്ട് കാറിലായി പമ്പയിലേക്കു പോകുന്നതായി അറിയിച്ചു. എന്നാൽ എത്തിയതുകൊച്ചി കമ്മീഷണർ ഓഫീസിലാണ്. തൃപ്തി ദേശായി എത്തിയതോടെ പരിവാർ സംഘടനാ പ്രവർത്തകരും പമ്പയിലേക്ക് അതിവേഗം എത്തുകയാണ്. പത്തനംതിട്ടയിൽ നിന്നുള്ള പ്രവർത്തകരാണ് അവിടേക്ക് എത്തുന്നത്. ഇത് പൊലീസും തിരിച്ചറിയുന്നുണ്ട്. അങ്ങനെ കൊച്ചിയും പമ്പയും വീണ്ടും കർമ്മതിയുടെ പ്രതിഷേധത്തിന് വേദിയാകുകയാണ്.

ശബരിമലയിൽ ദർശനത്തിന് എത്തുമെന്ന് തൃപ്തി ദേശായി ഈ സീസണിലും പ്രഖ്യാപിച്ചിരുന്നു. യുവതി പ്രവേശനത്തിലെ വിധി സുപ്രീംകോടതിയുടെ പുനപരിശോധാനാ ഘട്ടത്തിലാണ്. എന്നാൽ പഴയ ഉത്തരവ് സ്റ്റേ ചെയ്തിട്ടില്ലെന്നും വിലയിരുത്തലുകൾ എത്തി. സുപ്രീംകോടതിയിലെ ജഡ്ജി തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇതോടെ ഉറപ്പായും എത്തുമെന്ന് തൃപ്തി ദേശായി പറയുകയും ചെയ്തു. എന്നാൽ കഴിഞ്ഞ തവണത്തേതിൽ നിന്ന് വിരുദ്ധമായി യുവതികളെ കയറ്റേണ്ടെന്ന നിലപാടാണ് സർക്കാരുള്ളത്. പുനപരിശോധനാ ഹർജിയിൽ തീരുമാനം വന്ന ശേഷം തീരുമാനിക്കാമെന്നതാണ് അവരുടെ പക്ഷം. ഇതിനിടെയാണ് വെല്ലുവിളിയായി തൃപ്തി ദേശായി നെടുമ്പാശേരിയിൽ എത്തുന്നത്. ബിന്ദു അമ്മണിയാണ് ഇതിന് നേതൃത്വം നൽകിയത്. കഴിഞ്ഞ സീസണിൽ സന്നിധാനത്ത് ബിന്ദു അമ്മിണിയും കനകദുർഗയും എത്തിയിരുന്നു. ഇത്തവണ തൃപ്തി ദേശായിയുടെ സംഘത്തിൽ അഞ്ച് പേരാണുള്ളത്.

ഇത്തവണ യുവതികളെ പമ്പ കടത്തില്ലെന്ന നിലപാട് സർക്കാരെടുത്തിരുന്നു. അതുകൊണ്ട് തന്നെ പ്രതിഷേധവും ഉണ്ടായില്ല. നിലയ്ക്കലിൽ തന്നെ പൊലീസ് പല സ്ത്രീകളേയും തടഞ്ഞ് മടക്കി. അതുകൊണ്ട് തന്നെ സന്നിധാനത്തെ ശബരിമല കർമ്മ സമിതി പ്രവർത്തകർ വലിയ തോതിൽ ഉണ്ടായിരുന്നില്ല. ആരും എത്തില്ലെന്ന കണക്കുകൂട്ടലിലായിരുന്നു അവർ. ഇതിനിടെയാണ് തൃപ്തി ദേശായിയും ബിന്ദു അമ്മിണിയും എത്തുന്നത്. ഈ സാഹചര്യത്തെ നേരിടാൻ കൂടുതൽ പ്രവർത്തകരെ ശബരിമലയിലേക്ക് കർമ്മ സമിതി ഉടൻ എത്തിക്കും. തൃപ്തി ദേശായിയെ പ്രതിരോധം തീർത്ത് തടയാനാണ് നീക്കം. ഇത് പൊലീസിനും തലവേദനായകും. ഇതിനിടെയാണ് കൊച്ചി കമ്മീഷണർ ഓഫീസിൽ ഇവർ എത്തിയത്. ഇതോടെ ഇവിടെ നിന്ന് തന്നെ തടഞ്ഞ് പറഞ്ഞ് അയയ്ക്കുമെന്ന് അവസ്ഥയാണ് ഉണ്ടാകുന്നത്.

എന്നാൽ തൃപ്തി ദേശായി വഴങ്ങില്ലെന്ന് പൊലീസും കണക്കു കൂട്ടുന്നു. എന്നാൽ കമ്മീഷണർ ഓഫീസിലെ സംഘർഷം രൂക്ഷമാകുന്നതിനാൽ ഇവർക്ക് പുറത്തിറങ്ങാൻ പോലും കഴിഞ്ഞ സീസണിൽ തൃപ്തി ദേശായി എത്തിയെങ്കിലും നെടുമ്പാശേരിയിൽ നിന്ന് പുറത്തിറങ്ങാൻ പോലും കഴിഞ്ഞില്ല. അതുകൊണ്ടാണ് ഇത്തവണ രഹസ്യമായി അവർ എത്തിയത്. ശബരിമലയിലേക്ക് പോകുമെന്ന് തൃപ്തി പറഞ്ഞു.

ലിംഗസമത്വത്തിനുവേണ്ടി വാദിക്കുന്ന ആക്ടിവിസ്റ്റാണ് തൃപ്തി ദേശായി. പുണൈ ആസ്ഥാനമായി ഭൂമാതാ ബ്രിഗേഡ് എന്നപേരിൽ 2010 ൽ ഒരു സംഘടനയുണ്ടാക്കിയതോടെയാണ് തൃപ്തി ദേശായി എന്ന പേര് ദേശീയതലത്തിൽ ശ്രദ്ധേയമാകുന്നത്. ക്ഷേത്രങ്ങളിലെ ആരാധനകളിൽ പങ്കെടുക്കുന്നതിൽ നിന്ന് സ്ത്രീകളെ വിലക്കുന്നതിനെതിരായാണ് ഇവരുടെ പ്രധാന പോരാട്ടം. മഹാരാഷ്ട്രയിലെ ശനി ശിഖ്‌നാപൂർ ക്ഷേത്രത്തിലും ഹാജി അലി ദർഗയിലും സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനായി സമരം ചെയ്തതോടെ ഇത്തരം പോരാട്ടങ്ങളുടെ മുഖമായി തൃപ്തിയുടെ ഭൂമാതാ ബ്രിഗേഡ് മാറി. ശനി ക്ഷേത്രത്തിൽ വനിതകളെ കയറ്റില്ലെന്ന 400 വർഷം പഴക്കമുള്ള ആചാരമാണ് ഭൂമാതാ ബ്രിഗേഡ് തിരുത്തിയത്. നാനൂറോളം സ്ത്രീകളുമായി ക്ഷേത്രത്തിൽ പ്രവേശനത്തിനെത്തിയ തൃപ്തിയെ നാട്ടുകാർ തടഞ്ഞു. ഹർജിയുമായി തൃപ്തി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ക്ഷേത്രപ്രവേശനത്തിന് ലിംഗവിവേചനം പാടില്ലെന്ന് തൃപ്തിയെ ശരിവച്ച് കോടതി ഉത്തരവ് വന്നതോടെ തൃപ്തിയുടെ സമരം ഫലം കണ്ടു. കോടതി ഉത്തരവോടെ ഹാജി അലി ദർഗയിലും സ്ത്രീകൾക്ക് പ്രവേശനം ലഭിച്ചു. കോലാപ്പൂരിലെ മഹാലക്ഷ്മി ക്ഷേത്രത്തിൽ തൃപ്തിയുടെ പ്രവേശനം രോഷാകുലരായ പുരോഹിതരുടെ ആക്രമണം വകവയ്ക്കാതെയായിരുന്നു.

ഈറനോടെയെത്തുന്ന പുരുഷന്മാർക്കുമാത്രം പ്രവേശനമുണ്ടായിരുന്ന നാസിക്കിലെ ത്രയംബകേശ്വർ ക്ഷേത്രത്തിൽ ഈറനുടുത്ത് പൊലീസ് പിന്തുണയോടെ തൃപ്തി ചരിത്രം തിരുത്തി. പ്രതിഷേധക്കൊടുങ്കാറ്റ് പ്രതീക്ഷിച്ചുതന്നെയാണ് ശബരിമലയിലേക്കുള്ള വരവും. യുവതീപ്രവേശം അനുവദിച്ച് സുപ്രീംകോടതി വിധിയെത്തിയ ഉടൻ ദർശനത്തിനെത്തുമെന്ന് തൃപ്തി പ്രതികരിച്ചിരുന്നു. വരികയും ചെയ്തു. എന്നാൽ കഴിഞ്ഞ സീസണിൽ നെടുമ്പാശേരിക്ക് പുറത്തു പോലും കടക്കാനായില്ല. പിന്നീട് ബിന്ദു അമ്മിണിയും കനകദുർഗയും ഏവരേയും വെട്ടിച്ച് സന്നിധാനത്ത് എത്തി. ഈ സാഹചര്യത്തിലാണ് ബിന്ദു അമ്മിണിയുടെ പിന്തുണയോടെ ശബരിമലയിലേക്ക് കടക്കാൻ തൃപ്തി ദേശായിയുടെ ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP