Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുൻ ധാരണകൾ പൊളിച്ചെഴുതാതെ നേട്ടം സാധ്യമല്ല- ജി. എസ്. പ്രദീപ്; ദോഹ വിദ്യാർത്ഥി സമ്മേളനം സമാപിച്ചു

മുൻ ധാരണകൾ പൊളിച്ചെഴുതാതെ നേട്ടം സാധ്യമല്ല- ജി. എസ്. പ്രദീപ്; ദോഹ വിദ്യാർത്ഥി സമ്മേളനം സമാപിച്ചു

സ്വന്തം ലേഖകൻ

ദോഹ: ലോകത്തിന് മാതൃകയായിരുന്ന നമ്മുടെ രാജ്യത്തിന്റെ നാനാത്വത്തിൽ ഏകത്വമെന്ന ഗുണം ഇന്ന് അന്ത്യശ്വാസം വലിച്ചു കൊണ്ടിരിക്കുകയാണെന്നും അത് തകർന്ന് പോകാതെ കാത്ത് സൂക്ഷിക്കേണ്ടത് നമ്മുടെയെല്ലാവരുടെയും ബാധ്യതയാണെന്നും ഗ്രാൻഡ് മാസ്റ്റർ ഡോ. ജി. എസ്. പ്രദീപ്. ഇന്ത്യയെന്ന രാജ്യത്തിന്റെ ശക്തിയാണ് ഇതിലൂടെ നശിക്കുന്നതെന്നും ജി. എസ്. പ്രദീപ് വ്യക്തമാക്കി. 'മാറ്റം വരുന്നു' എന്ന പ്രമേയത്തിൽ വക്‌റ ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂളിൽ സമാപിച്ച ദോഹ വിദ്യാർത്ഥി സമ്മേളനത്തിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂളുമായി സഹകരിച്ച് സ്റ്റുഡൻസ് ഇന്ത്യയും ഗേൾസ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ദോഹ വിദ്യാർത്ഥി സമ്മേളനത്തിൽ രണ്ടായിരത്തോളം വിദ്യാർത്ഥികളാണ് പങ്കെടുത്തത്.

മാറ്റം സൃഷ്ടിക്കാതെ മാറ്റം വരുമെന്നത് മിഥ്യാധാരണയാണെന്നും ജി. എസ് പ്രദീപ് പറഞ്ഞു. വിജയത്തിലൂടെ മാത്രമേ യഥാർഥ ജ്ഞാനം ലഭിക്കുകയുള്ളൂവെന്നും മുൻധാരണകൾ തിരുത്തിയെഴുതുന്നത് വരെ ഒരു നേട്ടവും ജ്ഞാനവും കൈവരിക്കാൻ സാധ്യമല്ലെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു.

സ്വന്തത്തെ ത്യജിച്ച് മറ്റുള്ളവർക്കായി ജീവത്യാഗം ചെയ്തവർക്ക് മാത്രമേ സമൂഹത്തിൽ വിജയം വരിക്കാൻ സാധിച്ചിട്ടുള്ളൂവെന്നും അവരെ മാത്രമേ ലോകം ആദരിക്കുകയുള്ളൂവെന്നും അദ്ദേഹം സൂചിപ്പിച്ചു.

കാലാവസ്ഥാ വ്യതിയാനം അന്താരാഷ്ട്ര തലത്തിൽ ചർച്ചയായ സാഹചര്യത്തിൽ തന്നെ ഇത് പ്രമേയമാക്കി സമ്മേളനം സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് ഇന്ത്യയെയും ഗേൾസ് ഇന്ത്യയെയും അഭിനന്ദിക്കുന്നുവെന്ന് ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ് വ്യക്തമാക്കി. പ്രകൃതി ചൂഷണത്തിനെതിരെ പ്രകൃതി സംരക്ഷണവും വിദ്വേഷത്തിനെതിരെ സാഹോദര്യവുമായിരിക്കണം നമ്മുടെ മുദ്രാവാക്യമെന്നും നാളെയുടെ തലമുറക്ക് ജീവിക്കാൻ ഇവ രണ്ടും അനിവാര്യമാണെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിക്കുകയും ചെയ്തു.

നിലവിലെ ലോകസാഹചര്യത്തിൽ, വർഗീയതയും വംശീയതയും കൊടികുത്തിവാഴുന്ന സമയത്ത് മാറ്റം വരുന്നുവെന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ദോഹ വിദ്യാർത്ഥി സമ്മേളനം ഏറെ പ്രാധാന്യമർഹിക്കുന്നുവെന്ന് ക്വിൽ ഫൗണ്ടേഷൻ ചെയർമാൻ കെ. കെ. സുഹൈൽ അഭിപ്രായപ്പെട്ടു. സങ്കുചിതമായ ദേശീയതാവാദങ്ങൾ അപകടകരമാണെന്നും ഇത് രാജ്യത്തിന്റെ ഭാവി തന്നെ അലങ്കോലമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സമ്മേളനത്തിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാനുഷികമായ വിഷയങ്ങളിൽ മുന്നിട്ടിറങ്ങിയവരെ മാത്രമേ ലോകം ആദരിക്കുകയുള്ളൂവെന്നും ലോകത്ത് വിവിധ സമൂഹങ്ങൾ തങ്ങളുടെ സുവർണകാലത്ത് ലോകത്തിന് നൽകിയ സംഭാവനകളാണ് പിന്നീട് ലോകത്തിന്റെ ഭാവിയെ നിർണയിച്ചതെന്നും ക്വിൽ ഫൗണ്ടേഷൻ ചെയർമാൻ ചൂണ്ടിക്കാട്ടി.

ഖത്തർ ചാരിറ്റി ചീഫ് ഗവേണൻസ് ഓഫീസറും ഡി. ഐ. സി. ഐ. ഡി. ഡയറക്ടർ ബോർഡ് അംഗവുമായ മുഹമ്മദ് അൽ ഗാമിദി സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. സ്റ്റുഡൻസ് ഇന്ത്യാ പ്രസിഡന്റ് ഫായിസ് റഹ്മാൻ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾ അലസത വെടിഞ്ഞ് പ്രകൃതി ചൂഷണത്തിനെതിരെ ശബ്ദിക്കുന്നവരും പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്നവരുമാകണമെന്ന് ഫാഇസ് ഓർമിപ്പിച്ചു . ഗേൾസ് ഇന്ത്യ പ്രസിഡന്റ് ഫരീഹ അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു . നാം ഈ ലോകത്തിന്റെ ഭാഗമാണെന്ന് മനസിലാക്കി ഭൂമിക്ക് വേണ്ടി സാധ്യമാകുന്നത് ചെയ്യണമെന്ന് വിദ്യാർത്ഥി സമൂഹത്തെ സ്വാഗതത്തിൽ ഉണർത്തി

സേവ് ദ ഡ്രീം എക്‌സിക്യൂട്ടീവ് ഡയറക്ടറും ഐക്യരാഷ്ട്രസഭ മുൻ ഉദ്യോഗസ്ഥനുമായ മസിമിലിയാനോ മൊണ്ടനാരി, സ്റ്റുഡൻസ് ഇന്ത്യാ രക്ഷാധികാരി കെ സി അബ്ദുല്ലത്തീഫ്, യൂത്ത് ഫോറം പ്രസിഡന്റ് ജംഷീദ് ഇബ്‌റാഹിം എന്നിവർ ആശംസാ പ്രസംഗം നടത്തി. സമി യൂസുഫിന്റെ സംഗീത സംഘത്തിലെ മലയാളി സാന്നിദ്ധ്യമായ നാദിർ അബ്ദുസ്സലാം ഗാനമാലപിച്ചു. സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ്, ഫോട്ടോഗ്രഫി, എക്‌സിബിഷൻ മത്സരങ്ങളിലെ വിജയികൾക്കുള്ള പുരസ്‌കാര വിതരണവും വേദിയിൽ നടത്തി. ദോഹ വിദ്യാർത്ഥി സമ്മേളനം ജനറൽ കൺവീനർ തൗഫീഖ് കെ. പി. നന്ദി രേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP