Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നെയ്മർ കട്ടുമായി ജ്യൂസിന് മുമ്പിൽ മൊബൈലുമായി ഇരിക്കുന്ന നായകൻ! നിർമ്മാതാവ് ജോബി ജോർജിനും സംവിധായകൻ ശരത്തിനും ഷെയ്ൻ നിഗം കൊടുത്തത് എട്ടിന്റെ പണി; അമ്മയും നിർമ്മാതാക്കളുടെ സംഘടനയുമായി ഉണ്ടാക്കിയ കരാറിനെ ലംഘിച്ച് മുടി മുറിക്കൽ; കാറ്റിൽ പറത്തിയത് സിനിമ തീരും വരെ രൂപമാറ്റം പാടില്ലെന്ന വ്യവസ്ഥ; മലയാള സിനിമയിൽ വില്ലൻ ഇപ്പോൾ അബിയുടെ മകൻ; മുടിമുറിച്ച് ഷെയ്ൻ നിഗം ഇരിക്കുന്ന ചിത്രം വൈറലാകുമ്പോൾ വെയിൽ സിനിമ പ്രതിസന്ധിയിലേക്ക്

നെയ്മർ കട്ടുമായി ജ്യൂസിന് മുമ്പിൽ മൊബൈലുമായി ഇരിക്കുന്ന നായകൻ! നിർമ്മാതാവ് ജോബി ജോർജിനും സംവിധായകൻ ശരത്തിനും ഷെയ്ൻ നിഗം കൊടുത്തത് എട്ടിന്റെ പണി; അമ്മയും നിർമ്മാതാക്കളുടെ സംഘടനയുമായി ഉണ്ടാക്കിയ കരാറിനെ ലംഘിച്ച് മുടി മുറിക്കൽ; കാറ്റിൽ പറത്തിയത് സിനിമ തീരും വരെ രൂപമാറ്റം പാടില്ലെന്ന വ്യവസ്ഥ; മലയാള സിനിമയിൽ വില്ലൻ ഇപ്പോൾ അബിയുടെ മകൻ; മുടിമുറിച്ച് ഷെയ്ൻ നിഗം ഇരിക്കുന്ന ചിത്രം വൈറലാകുമ്പോൾ വെയിൽ സിനിമ പ്രതിസന്ധിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വെയിൽ സിനിമയെ നടൻ ഷെയ്ൻ നിഗം പ്രതിസന്ധിയിലാക്കിയോ? വെയിൽ സിനിമയിലെ നായകനാണ് ഷെയ്ൻ നിഗം. മുടിയും താടിയും വളർത്തിയുള്ള കഥാപാത്രം. ഈ ചിത്രവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളുണ്ടായിരുന്നു. ജോബി ജോർജുമായി പിണങ്ങിയതും താര സംഘടനയും നിർമ്മാതാക്കളുടെ സംഘടനയും ഇടപെട്ടതുമെല്ലാം ചർച്ചയായി. ഒടുവിൽ സിനിമാ സെറ്റിൽ നിന്ന് ഷെയ്ൻ നിഗം പോയതും വിവാദങ്ങൾക്ക് പുതിയ തലം നൽകി. ഇതിനിടെയാണ് ഷെയ്ൻ നിഗമിന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ എത്തുന്നത്. ഫോട്ടോ ഷോപ്പിൽ ഉണ്ടാക്കിയതാണോ എന്ന ആർക്കും അറിയുകയുമില്ല. പ്രതികരണങ്ങൾ ഷെയ്ൻ നിഗമും തയ്യാറാകുന്നില്ല. ഇതോടെ മലയാള സിനിമാ ലോകം മുഴുവൻ തല മുടി വെട്ടിയ ഷെയ്ൻ നിഗമിന്റെ ചിത്രത്തിന് പിന്നാലെയാണ്. എന്നാൽ ഷെയ്ൻ നിഗം മുടി മുറിച്ചെന്ന് സിനിമയുമായി ബന്ധപ്പെട്ട പ്രമുഖൻ മറുനാടൻ മലയാളിയോട് സ്ഥിരീകരിക്കുകയും ചെയ്തു.

മുടി വെട്ടി ജ്യൂസ് കുടിക്കുന്ന ഷെയ്ൻ നിഗമിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. ഈ മുടി വെട്ടിയതിലൂടെ വെയിൽ സിനിമയുമായി ബന്ധപ്പെട്ട കരാറാണ് ലംഘിക്കുന്നത്. ഇതിലൂടെ പ്രതിസന്ധിയിലാകുന്നത് നിർമ്മാതാവ് ജോബി ജോർജാണ്. കന്നി സംവിധായക സംരഭത്തിന് ഇറങ്ങിയ ശരത്തും വെട്ടിലാകും. വെയിൽ എന്ന സിനിമ ഇനി പൂർത്തിയാവുക അസാധ്യമാണ്. സിനിമയുമായി സഹകരിക്കാൻ താനില്ലെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് ഷെയ്ൻ നിഗമിന്റെ ചിത്രം. അതിനിടെ മുടി ഷെയ്ൻ നിഗം വെട്ടിയെങ്കിൽ സിനിമ ചിത്രീകരണം അവസാനിപ്പിക്കുകയാണ് ഷെയ്ൻ നിഗം. സിനിമയെ പ്രതിസന്ധിയിലാക്കുന്നതാണ് നടപടി. അതുകൊണ്ട് തന്നെ സിനിമാക്കാർ ആരും ഷെയ്ൻ നിഗമിനെ പിന്തുണക്കുന്നില്ലെന്നതാണ് വസ്തുത. ഇതോടെ നടന്റെ കരിയറും പ്രതിസന്ധിയിലാകും. നിർമ്മാതാക്കളുടെ സംഘടന ഷെയ്ൻ നിഗമിനെ വിലക്കാനും സാധ്യതയുണ്ട്.

ഇത് പ്രതിസന്ധിയിലാക്കുന്നത് ശരത് എന്ന പുതുമുഖ സംവിധായകനെയാണ്. നേരത്തെ നിർമ്മാതാവ് ജോബി ജോർജുമായുള്ള ഭിന്നതയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഷെയ്ൻ വീണ്ടും വെയിലിൽ അഭിനയിക്കാൻ തുടങ്ങിയത്. എന്നാൽ സിനിമയിൽ തിരികെ എത്തിയ ഷെയ്നിനെ പുലർച്ചെ രണ്ടര മണിവരെ നിർബന്ധിപ്പിച്ച് അഭിനയിപ്പിച്ചെന്നും സെറ്റിൽ നിന്നും മാനസികമായി തകർന്നാണ് താരം തിരികെ എത്തിയതെന്നും താരത്തിന്റെ മാനേജർ പറഞ്ഞിരുന്നു. ഇതിനിടയ്ക്ക് ഷെയ്ൻ സംവിധായകൻ ശരത്തിന് അയച്ചെന്ന് പറയുന്ന ഒരു വോയിസ്‌ക്ലിപ്പും പ്രചരിക്കുന്നുണ്ട്. ഇതോടെ വിഷയം എല്ലാ സീമകളും കടന്ന് മുന്നോട്ട് പോയി. ശരത് മേനോനെ സൂക്ഷിക്കണം എന്നാണ് ഷെയ്ൻ പറയുന്നത്. ഒരാൾക്ക് പരിചയപ്പെടാൻ പറ്റുന്നതിൽ വെച്ച് ഏറ്റവും വൃത്തികെട്ടവനാണ് ശരത് മേനോനെന്നും ഷെയ്ൻ പറയുന്നു. ഇതിന് പിന്നാലെയാണ് മുടി മുറിക്കൽ.

സിനിമയുടെ ചിത്രീകരണം പാതിവഴിയിൽ ഉപേക്ഷിച്ചുപോയ താരം ഇപ്പോഴിതാ മുടി പറ്റെവെട്ടി താടിയും വടിച്ച് രംഗത്ത് വന്നത്. വെയിൽ എന്ന സിനിമയുടെ ചിത്രീകരണത്തോട് താരം സഹകരിക്കുന്നില്ലെന്ന പേരിൽ വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഷെയ്ൻ മുടിവെട്ടി പുതിയ സ്‌റ്റൈൽ സ്വീകരിച്ചിരിക്കുന്നത്. ഷെയ്‌നിന്റെ ഈ പ്രവർത്തി വെയിൽ സിനിമാ ടീമിനെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. അമ്മ അസോസിയേഷനും നിർമ്മാതാക്കളുടെ സംഘടനയുമായി നടത്തിയ ചർച്ചയിൽ വെയിൽ സിനിമയുമായി സഹകരിക്കുമെന്ന് ഷെയ്ൻ ഉറപ്പുനൽകിയിരുന്നു. അത് ലംഘിച്ചാണ് കഴിഞ്ഞ ദിവസം ചിത്രീകരണത്തിനിടയിൽ താരം ഇറങ്ങിപ്പോകുന്നത്. ഇപ്പോഴിതാ പ്രതിഷേധത്തിന്റെ സൂചനനായി മുടിയും വെട്ടിയാണ് പുതിയ സമരമുറ സ്വീകരിച്ചിരിക്കുന്നത്.

ഷെയ്നും നിർമ്മാതാവ് ജോബി ജോർജും തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് വിവാദമായ ചിത്രമായിരുന്നു വെയിൽ. തുടർന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ അമ്മയും നേതൃത്വം നൽകിയ ചർച്ചയിൽ ഇരുവരും തമ്മിലുള്ള തർക്കം പരിഹരിക്കുകയും വെയിലുമായി ഷെയ്ൻ സഹകരിക്കുമെന്ന ധാരണയിലെത്തുകയും ചെയ്തിരുന്നു. തർക്കം പരിഹരിച്ച് ഷൂട്ടിങ് ആരംഭിച്ചിരുന്നു. അതിനിടെയാണ് സെറ്റിൽ നിന്നും താരം ഇറങ്ങിപ്പോകുന്നത്. ജോബി ജോർജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഷെയ്ൻ നിഗം രംഗത്തെത്തിയതാണ് വിവാദത്തിന് തുടക്കമിട്ടത്. ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂൾ കഴിഞ്ഞ ശേഷം മറ്റൊരു ചിത്രമായ 'കുർബാനി'ക്കുവേണ്ടി പിന്നിലെ മുടി വെട്ടിയതിനെ തുടർന്ന് വെയിലിന്റെ ഷൂട്ടിങ് മുടക്കാനാണ് ഇത് ചെയ്തതെന്ന് ആരോപിച്ചാണ് നിർമ്മാതാവ് വധഭീഷണി മുഴക്കിയത് എന്നായിരുന്നു ഷെയ്‌ന്റെ ആരോപണം.ഇൻസ്റ്റാഗ്രാം ലൈവിലൂടെയാണ് ഷെയ്ൻ ജോബിക്കെതിരേ ആരോപണവുമായി രംഗത്തെത്തിയത്.

തുടർന്ന് ജോബി കൊച്ചിയിൽ വാർത്തസമ്മേളനം നടത്തി. ഷെയ്നെ ഭീഷണിപ്പെടുത്തിയിട്ടില്ല എന്ന് പറഞ്ഞ ജോബി, 30 ലക്ഷം രൂപയാണ് ചിത്രത്തിനായി ഷെയ്ൻ ചോദിച്ച പ്രതിഫലമെന്നും പിന്നീട് ചിത്രീകരണം തുടങ്ങിയപ്പോൾ അത് 40 ലക്ഷമാക്കിയെന്നും പറയുന്നു. ഭീഷണിപ്പെടുത്തുകയല്ല തന്റെ അവസ്ഥ പറയുകയാണുണ്ടായത്. സിനിമയുമായി സഹകരിക്കാതെ പോയാൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞിരുന്നതായും ജോബി ജോർജ് മാധ്യമങ്ങളെ അറിയിച്ചു. തുടർന്നാണ് പ്രശ്‌നം പരിഹരിക്കാൻ നിർമ്മാതാക്കളുടെയും താരങ്ങളുടെയും സംഘടന മുൻകൈ എടുക്കുന്നത്. 

മലയാള സിനിമ ഏറെ ആദരവോടെ കണ്ടിരുന്ന അബിയുടെ മകനാണ് ഷെയ്ൻ. അബിയുടെ മരണ ശേഷം ഏറെ വാൽസല്യം മലയാള സിനിമ ഷെയ്‌നിന് നൽകുകയും ചെയ്തു. ജോബി ജോർജുമായുള്ള വിവാദങ്ങളുടെ തുടക്കത്തിലും ഷെയ്ൻ നിഗമിനൊപ്പമായിരുന്നു സിനിമാക്കാർ ഏറെയും. അവരെ പോലും വെട്ടിലാക്കുന്നതാണ് മുടി മുറിക്കൽ വിവാദം. 

വെയിൽ വിവാദത്തിൽ ഷെയിൻ നിഗം പ്രതികരിക്കുന്നത് ഇങ്ങനെ

ഇന്ന് എന്നെ ഇത്രയും വലിയ മാനസിക വിഷമത്തിൽ കൊണ്ടുനിർത്തിയ എന്റെ പ്രിയസുഹൃത്ത് ശരത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി. കിസ്മത്ത് എന്ന സിനിമയ്ക്കു ശേഷം വെയിൽ എന്ന സിനിമയുടെ കഥ കേൾപ്പിക്കാൻ എന്നെ വന്നു പരിചയപ്പെട്ട ആളാണ് ശരത്ത്. കൊണ്ടുവന്ന തിരക്കഥ ഒത്തിരി പോരായ്മകൾ ഉള്ളതായിരുന്നു. തുമ്പും വാലില്ലാത്തതും ആയ ഒരു കഥ. ഞാൻ അഭിനയിച്ചുകൊണ്ടിരുന്ന പല സിനിമകളുടെയും ലൊക്കേഷനിൽ ശരത്ത് വന്നുകൊണ്ടിരുന്നു. അവസാനം കുമ്പളങ്ങി നൈറ്റ്സിന്റെ ലൊക്കേഷനിൽ വച്ചാണ് ഏകദേശരൂപം ആയത്. അപ്പോഴേക്കും ഞങ്ങളുെട പരിചയം സൗഹൃദത്തിലേക്ക് വഴിമാറിയിരുന്നു. എന്റെ ഡേറ്റ് കിട്ടിയാൽ മാത്രമേ നിർമ്മാതാവ് യെസ് പറയു എന്നും ഇല്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും പറഞ്ഞുകൊണ്ടാണ് ശരത്ത് പിന്നെ എന്നെ കാണാൻ വരുന്നത്.

സുഹൃത്തുക്കളെ അന്തമായി വിശ്വസിക്കുന്ന ആളാണ് ഞാൻ. അതെനിക്ക് എന്നും വിഷമങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ഒത്തിരി സിനിമകളുടെ തിരക്കിനിടയിലും ഞാൻ ശരത്ത് എന്ന സുഹൃത്തിന് ഈ സിനിമ ചെയ്യാൻ ഡേറ്റ് കൊടുത്തു. ഈ ഇടയ്ക്ക് വെയിൽ എന്ന സിനിമയുമായി തന്നെ ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങൾ എല്ലാവർക്കും അറിയാമല്ലോ. എറണാകുളം പ്രസ്‌ക്ലബിൽ പ്രസ്മീറ്റിന് പോകുന്നതിനു മുമ്പ് ശരത്ത് എന്നെ വിളിച്ചു പറഞ്ഞു. എനിക്കു വേണ്ടി സംസാരിക്കാനാണ് അവിടെ പോകുന്നതെന്ന്. എന്നാൽ അവിടെ ചെന്നിട്ട് നിർമ്മാതാവിനോട് ചേർന്ന് അവന്റെ ഭാഗം ന്യായീകരിക്കുകയാണ് െചയ്തത്. അന്നത്തെ പ്രശ്നം നിർമ്മാതാക്കളുടെ സംഘടന, അമ്മ സംഘടനയുടെ സെക്രട്ടറി ബഹുമാനപ്പെട്ട ബാബു ചേട്ടന്റെ സാന്നിധ്യത്തിൽ ഒത്തുതീർപ്പാക്കി. കുർബാനി എന്ന സിനിമയുടെ നടന്നുകൊണ്ടിരുന്ന ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷം വെയിൽ എന്ന സിനിമയ്ക്കു വേണ്ടി 15 ദിവസം നീക്കിവയ്ക്കണമെന്ന് ധാരണ ഉണ്ടായി. ഈ സിനിമയുടെ നിർമ്മാതാവ് ജോബി ജോർജ് ആണ് ശരത്തുമായി കൂടി ആലോചിച്ച് 15 ദിവസം മതിയെന്ന തീരുമാനം സംഘടനാഭാരവാഹികളെ അറിയിച്ചത്.

നിർമ്മാതാവ് ജോബി ജോർജ് എനിക്കെതിരെ വധ ഭീഷണി മുഴക്കിയിട്ടും എന്റെ മാതാപിതാക്കളെക്കുറിച്ച് മോശമായി സംസാരിച്ചിട്ടുപോലും നിർമ്മാതാക്കളുടെ സംഘടനയോടും അമ്മ സംഘടനയോടുമുള്ള ബഹുമാനം മൂലമാണ് വീണ്ടും ജോബി ജോർജിന്റെ നിർമ്മാണത്തിലുള്ള സിനിമയിൽ വീണ്ടും അഭിനയിക്കാൻ തയ്യാറായത്. ഈ ഒത്തുതീർപ്പു വ്യവസ്ഥയിലെ 15 ദിവസങ്ങളാണ് പുതിയ പ്രശ്നങ്ങൾക്കു തുടക്കം. നവംബർ 11ന് രാവിലെ 11 മണിക്ക് ശരത്ത് എന്റെ ഉമ്മച്ചിക്ക് ഫോണിൽ മെസേജ് അയച്ചു. ചാർട്ട് പ്രകാരം ഇരുപതിലധികം ദിവസം വേണ്ടിവരും എന്നായിരുന്നു പുതിയ ആവശ്യം. അസോസിയേഷന്റെ തീരുമാനത്തിനൊപ്പം നിൽക്കാനാണ് എനിക്ക് താൽപര്യം എന്നും മറിച്ചൊരു തീരുമാനത്തിനു താൽപര്യമില്ലെന്നും ഞാൻ അറിയിച്ചു. നവംബർ 16ന് ലൊക്കേഷനിലെത്തിയപ്പോൾ കാണാൻ കഴിഞ്ഞത് മറ്റൊരു ശരത്തിനെ ആയിരുന്നു. ചെറിയ കാര്യങ്ങൾക്കു വരെ പ്രശ്നങ്ങൾ ഉണ്ടാക്കി വലുതാക്കി കൊണ്ടിരുന്നു. എന്റെ മാനേജർ സതീഷ് ഷൂട്ടിങ് ഷെഡ്യൂളും ചാർട്ടും ആവശ്യപ്പെട്ടപ്പോൾ എല്ലാവരുടെയും മുന്നിൽവച്ച് അവനെ മോശം വാക്കുകൾ കൊണ്ട് ശകാരിക്കുകയും ഈ സിനിമ കഴിഞ്ഞു ശരിയാക്കാം എന്ന് ഭീഷണി മുഴക്കുകയും ചെയ്തു.

ഷോട്ട് റെഡിയാണെന്ന് എന്നെ വിളിച്ചുവരുത്തിയതിനു ശേഷമാണ് അവർ ലൈറ്റ്അപ്പ് തുടങ്ങുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഉറങ്ങാൻ പോലും അനുവദിക്കാതെ തുടർച്ചയായി ചിത്രീകരണം നടത്തുകയായിരുന്നു. ഒരു മനുഷ്യൻ ശരാശരി എട്ടു മുതൽ പത്ത് മണിക്കൂർ വരെ ആണ് ജോലി ചെയ്യാറുള്ളത്. ഈ കഴിഞ്ഞ ദിവസങ്ങളിൽ 10 മുതൽ 16 മണിക്കൂർ വരെ ആണ് ഈ സിനിമയ്ക്കു േവണ്ടി ഞാൻ സഹകരിച്ചുകൊണ്ടിരിക്കുന്നത്. ഒരു യുവാവിന്റെ ജീവിതത്തിലെ സങ്കീർണമായ നാലു കാലഘട്ടങ്ങളാണ് ഞാൻ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത് ആർട്ട് ഫോം ആണ്. അല്ലാതെ യാന്ത്രികമായി ചെയ്യാൻ പറ്റുന്ന ഒന്നല്ല. എന്റെ മനസാന്നിധ്യത്തിനും ഏകാഗ്രതയ്ക്കും കോട്ടംതട്ടുന്ന തരത്തിലാണ് ശരത്തിന്റെ സമീപനം. എന്നിലെ കലാകാരന് അത് സഹിക്കാവുന്നതിനും അപ്പുറമാണ്. ഈ സിനിമയുടെ അണിയറ പ്രവർത്തകർ ആസൂത്രണം ചെയ്തതിനേക്കാൾ കൂടുതൽ സീനുകൾ ഞാൻ കഴിഞ്ഞ ദിവസങ്ങളിലായി ചെയ്തു തീർത്തിട്ടുണ്ട്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ എട്ട് സീനുകൾ ചെയ്തു തീർത്തു. സങ്കീർണമായ അഭിനയമുഹൂർത്തം ആവശ്യമായ സീനുകൾ ആയിരുന്നു അതെല്ലാം. ഇത്രയും സഹകരിച്ചു പ്രവർത്തിച്ച എന്നോട് ഇന്നലെ രാവിലെ കൂടി ശരത്ത് വളരെ മോശമായാണ് പെരുമാറിയത്. കലയും ആത്മാഭിമാനവും പണയംവച്ചുകൊണ്ട് എനിക്ക് മുന്നോട്ടുപോകാൻ കഴിയില്ല. എനിക്കു ലഭിക്കുന്ന കഥാപാത്രങ്ങൾ എത്രയും നന്നായി ചെയ്യാൻ സാധിക്കുമോ അത്രയും നന്നായി ചെയ്യാൻ ശ്രമിക്കുന്ന കലാകാരനാണ് ഞാൻ. ഈ കഴിഞ്ഞ വർഷങ്ങളിലായി ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു. ഈ സിനിമകളുടെ സംവിധായകരും നിർമ്മാതാക്കളും കാര്യത്തിൽ സന്തുഷ്ടരാണ്. എനിക്ക് ഉണ്ടായിട്ടുള്ള ഈ മാനസിക സംഘർഷം ബഹുമാനപ്പെട്ട നിർമ്മാതാക്കളുടെ സംഘടനയിലെ ഭാരവാഹികളും അമ്മ സംഘടനയും മനസിലാക്കി എനിക്കു വേണ്ട ശക്തമായ സഹകരണം തരണമെന്ന് അഭ്യർത്ഥിക്കുന്നു. ഞാനും നിങ്ങളിൽ ഒരുവനാണ്. ഞാൻ ആരുടെയും അടിമയല്ല. ഞാനും ഒരു മനുഷ്യനാണ്. സത്യമേവ ജയതേ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP