Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഷെഹ്‌ല ഷെറിന് നീതി ലഭിക്കാൻ ശബ്ദിച്ച നിദ ഫാത്തിമയ്ക്കായി വീടുയരും; നിദയുടെ വീടു സന്ദർശിച്ച് ദയനീയ അവസ്ഥയെന്ന് പറഞ്ഞ് എം കെ മുനീറിന്റെ ഫേസ്‌ബുക്ക് ലൈവ്; വീട് നിർമ്മിക്കാൻ സഹായിക്കണമെന്ന അഭ്യർത്ഥന ഏറ്റെടുത്ത് വീട് പണിയാൻ തയ്യാറാണെന്ന് അറിയിച്ച് ഹരിത; ചെറുത്തുനിൽപ്പിന്റെ പ്രതീകമായി മാറിയ നിദ ഫാത്തിമയുടെ വീട് നിർമ്മാണം ഹരിത സംസ്ഥാന കമ്മിറ്റി ഏറ്റെടുത്ത വിവരം അറിയിച്ചത് എംഎസ്എഫ് നേതാവ് ഫാത്തിമ തെഹ്ലിയ

ഷെഹ്‌ല ഷെറിന് നീതി ലഭിക്കാൻ ശബ്ദിച്ച നിദ ഫാത്തിമയ്ക്കായി വീടുയരും; നിദയുടെ വീടു സന്ദർശിച്ച് ദയനീയ അവസ്ഥയെന്ന് പറഞ്ഞ് എം കെ മുനീറിന്റെ ഫേസ്‌ബുക്ക് ലൈവ്; വീട് നിർമ്മിക്കാൻ സഹായിക്കണമെന്ന അഭ്യർത്ഥന ഏറ്റെടുത്ത് വീട് പണിയാൻ തയ്യാറാണെന്ന് അറിയിച്ച് ഹരിത; ചെറുത്തുനിൽപ്പിന്റെ പ്രതീകമായി മാറിയ നിദ ഫാത്തിമയുടെ വീട് നിർമ്മാണം ഹരിത സംസ്ഥാന കമ്മിറ്റി ഏറ്റെടുത്ത വിവരം അറിയിച്ചത് എംഎസ്എഫ് നേതാവ് ഫാത്തിമ തെഹ്ലിയ

മറുനാടൻ ഡെസ്‌ക്‌

സുൽത്താൻ ബത്തേരി: ക്ലാസ് മുറിയിൽ പാമ്പു കടിയേറ്റ് മരിച്ച സുഹൃത്തിനായി ശബ്ദിച്ച് ചെറുത്തു നിൽപ്പിന്റെ പ്രതീകമായി മാറിയത നിദ ഫാത്തിമയ്ക്ക് വീടുയരും. വീട് സന്ദർശിച്ച് ആ കുടുംബത്തിന്റെ ദുരവസ്ഥ ലോകത്തെ അറിയിച്ചത് ലീഗ് നേതാവ് എം കെ മുനീർ എംഎൽഎയാണ്. നിദയുടെ വീട് നിർമ്മാണം പൂർത്തിയായിട്ടില്ലെന്നും വീട് ഉയരേണ്ടത് ആവശ്യമാണെന്നും മുനീര്ഡ പറയുകയുണ്ടായി. എംകെ മുനീറിന്റെ അഭ്യർത്ഥനയെ തുടർന്ന് നിദക്ക് വീടു വെച്ചു നൽകുമെന്ന് ഹരിത സംസ്ഥാനകമ്മറ്റി അറിയിച്ചു.

മുനീർ ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു: ''പുറംലോകം ഷെഹ്‌ലയുടെ മരണത്തെക്കുറിച്ച് കൂടുതലറിയുന്നത് നിദ ഫാത്തിമയുടെ ചാനൽ ചർച്ചയിലൂടെയാണ്. ഇന്നലെ ഞങ്ങൾ നിദയുടെ വീട് സന്ദർശിച്ചു. വളരെ ദയനീയമായ അവസ്ഥയാണ്. നന്നായി പഠിക്കുന്ന കുട്ടികളാണ്. പഠിക്കാൻ സൗകര്യമില്ലാത്ത ആ വീട്ടിൽ ജീവിക്കുന്നു, എന്നിട്ടും അവർ സംതൃപ്തരാണ്. മൂന്നര ലക്ഷം രൂപ മുൻസിപ്പാലിറ്റിക്കാർ കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ അതെവിടെയുമെത്തില്ല. ദയാദാക്ഷിണ്യമുള്ള, ഉദാരമായി ഇത്തരം കാര്യങ്ങളെ കാണുന്ന ധാരാളം ജനങ്ങൾ നമുക്കു ചുറ്റുമുണ്ട്. നമുക്കൊന്നിച്ച് ആ ഉദ്യമത്തിനായി പരിശ്രമിക്കാം''.

മുനീറിന്റെ ഫേസ്‌ബുക്ക് ലൈവിനു പിന്നാലെ നിദ ഫാത്തിമയുടെ വീട് നിർമ്മാണം ഹരിത സംസ്ഥാന കമ്മിറ്റി ഏറ്റെടുത്തുവെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റും ഹരിത മുൻ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. ഫാത്തിമ തഹ്‌ലിയ ഫേസ്‌ബുക്കിലൂടെ അറിയിച്ചു.

നിദയ്ക്ക് വീടു പണിതു നൽകും എന്നറിയിച്ച് ഫാത്തിമ തഹ്ലിയ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ: ''ക്ലാസ് റൂമിൽ പാമ്പ് കടിയേറ്റ് മരിച്ച ശഹലക്ക് നീതി ലഭിക്കാൻ വേണ്ടി പോരാടുന്ന നിദ ഫാത്തിമയുടെ ഒപ്പം എന്നും ഹരിതയുണ്ടാകും. നിദ ഫാത്തിമയുടെ വീട് നിർമ്മാണം ഹരിത സംസ്ഥാന കമ്മിറ്റി ഏറ്റെടുത്ത വിവരം സന്തോഷപൂർവം അറിയിക്കുന്നു''.

നിദയിലൂടെയാണ് ബത്തേരി സർവ്വജന സ്‌കൂളിലെ ശോചനീയാവസ്ഥയെക്കുറിച്ചും അദ്ധ്യാപകരുടെ നിസംഗതയെക്കുറിച്ചും കേരളമറിഞ്ഞത്. പാമ്പുകടിയേറ്റെന്ന് ഷഹ്?ല പറഞ്ഞിട്ടും അദ്ധ്യാപകർ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ലെന്ന നിദയുടെയും സഹപാഠികളുടെയും വെളിപ്പെടുത്തലാണ് സ്‌കൂൾ അധികൃതർക്കെതിരെ നടപടി ഉണ്ടാകാൻ കാരണം. ഒരു ഐപിഎസുകാരിയാകണമെന്നാണ് ബത്തേരി കൈപ്പഞ്ചേരി സ്വദേശിയായ നിദയുടെ ആഗ്രഹം. നിദയുടെ ധീരതക്ക് അംഗീകാരമായി 'യങ് ഇന്ത്' പുരസ്‌കാരം സമ്മാനിക്കുമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ അറിയിച്ചിരുന്നു.

ഷെഹല കേരളത്തിന്റെ വിങ്ങലായി മാറിയപ്പോൾ അവൾക്കായി ഓരോ മലയാളിയും കണ്ണീർ പൊഴിക്കുമ്പോഴും അവൾക്ക് നീതി നേടിക്കൊടുക്കാൻ, തനിക്കറിയാവുന്നതെല്ലാം മാധ്യമങ്ങൾക്ക് മുന്നിൽ നിന്ന് വീറോടെ വിളിച്ചു പറയുന്ന മറ്റൊരു പെൺകുട്ടിയും ശ്രദ്ധ നേടിയിരുന്നു. ഷെഹലയുടെ ശബ്ദമായ നിദാ ഫാത്തിമയാണ് സോഷ്യൽ മീഡിയ തിരയുന്ന ആ ഉശിരുള്ള പെൺകുട്ടി. ഷെഹലയുടെ സ്‌കൂളിലെ തന്നെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി. നാളെയുടെ പ്രതീക്ഷയാണിതെന്നാണ് സമൂഹമാധ്യമങ്ങൾ ഒന്നടങ്കം ഇവളെ വിശേഷിപ്പിക്കുന്നത്. ഉറച്ച മനസും ചങ്കൂറ്റവുമാണ് നിദയെ വേറിട്ടു നിർത്തുന്നത്.

അദ്ധ്യാപകരുടെ അനീതിയും അനാസ്ഥയും പുറത്തുകൊണ്ടുവരുന്നതിൽ നിർണായകമായത് നിദയുടെ ഉറച്ച വെളിപ്പെടുത്തലുകാളായിരുന്നു. സഹപാഠിയുടെ നീതിക്കായി അവൾ സത്യങ്ങൾ ഉറക്കെ വിളിച്ചു പറഞ്ഞു. ഒരുമടിയും പേടിയുമില്ലാതെ. അതേസമയം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കൈ ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന നിദയുടെ ചിത്രമാണ്. മിക്കവരുടെയും കവർഫോട്ടോ ആയി നിദ ഫാത്തിമ മാറിക്കഴിഞ്ഞിരുന്നു. ഈ ചിത്രം ഫോട്ടോഗ്രാഫറായ ജോൺസൺ പട്ടുവയലാണ് നിദയുടെ ഈ ചിത്രം പകർത്തിയിരിക്കുന്നത്. ബത്തേരി-മൈസൂർ ദേശീയപാതയിലെ യാത്രാ നിരോധനത്തിനെതിരെ സമരം നടന്നപ്പോളുള്ള നിദയുടെ ചിത്രമാണിത്.

ബത്തേരി സർവജന സ്‌കൂളിലെ ഷെഹ്ല ഷെറിൻ പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ സ്‌കൂളിലുണ്ടായ വീഴ്ച സധൈര്യം ലോകത്തോടു വിളിച്ചു പറഞ്ഞ നിദ ഫാത്തിമ അങ്ങനെ ഹീറോയാകുകയാണ്. 'ഒന്നും മിണ്ടരുത് എന്നു മനസ്സിലുറപ്പിച്ചാണു സ്‌കൂളിലേക്കു പോയത്. മിണ്ടിയാൽ അതു പ്രശ്നമാകുമെന്ന് എനിക്കുതന്നെ അറിയാം. എന്നാൽ നീതി കേടു കണ്ടപ്പോൾ മിണ്ടാതിരിക്കാനായില്ല' നിദ പറയുന്നു. ഫൈസൽ അലി റഹ്മാന്റെയും ഉമ്മുക്കുൽസുവിന്റെയും മൂന്നാമത്തെ കുട്ടിയാണ് നിദ.

എന്നാൽ അദ്ധ്യാപകർക്കെതിരെ സംസാരിച്ചതിന്റെ പേരിൽ തനിക്കെതിരെ നടപടികളുണ്ടാകുമോയെന്ന ഭയത്തിലാണ് നിദ ഫാത്തിമ. കുട്ടിയോട് സംസാരിച്ചതിനു ശേഷം ഡോക്ടർ ഷിംന അസീസ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് നിദയുടെ ആശങ്ക പങ്കുവെച്ചത്. പ്രിൻസിപ്പാളിനെയാണ് പേടിയെന്ന് കുട്ടി പറഞ്ഞതായും ഷിംന പോസ്റ്റിലൂടെ പറയുന്നു. 'ഞാനിങ്ങനെയൊക്കെ പറഞ്ഞതോണ്ട് എനിക്ക് ഇനിയും ആ സ്‌കൂളിൽ പോകണമെന്ന് ആലോയ്ക്കുമ്പോ പേട്യാവ്ണുണ്ട്. പ്രിൻസിപ്പലിനെയാ ഇനിക്ക് പേടി. ഓല് ഇന്നോടെന്തെങ്കിലും ചെയ്താൽ മിസ്സ് ന്റെ കൂടെ ഉണ്ടാവൂലേ?' നിദ ചോദിച്ചതായി ഷിംന പറയുന്നു. ഏതറ്റം വരെയും ഉറപ്പായും കൂടെ നിൽക്കുമെന്ന് കുട്ടിക്ക് വാക്ക് കൊടുത്തിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

നിദ പുറത്തുവന്ന് സംസാരിച്ചത് നിങ്ങളിൽ ചിലർ കൊന്ന അവളുടെ സഹപാഠിയുടെ ജീവൻ പോയതിന്റെ വേദനകൊണ്ടാണെന്നും ഷിംന പറയുന്നു. 'ഇനി ഇല്ലാക്കഥകളും ഭീഷണിയും പരിഹാസവും ഒക്കെയായിട്ട് ഇത്രയും ശൗര്യമുള്ള ഒരു പെൺകുഞ്ഞിനെ ഒതുക്കാൻ ശ്രമിക്കരുത്. അങ്ങനെയൊന്നുണ്ടായാൽ ഷെഹ്ലയുടെ കൂടെ നിന്ന ലോകം മുഴുവൻ ഉറപ്പായും നിദയോടൊപ്പവും ഉണ്ടാകും. അതിലൊരു സംശയവുമില്ല' ഷിംന അസീസ് പറയുന്നു. നാളെയും വെളിച്ചമുണ്ടാകുമെന്ന് ഉറപ്പ് തരുന്ന മക്കളാണ് ഇവരെന്നും. ഇവരോടൊപ്പമുണ്ടാകണം നമ്മളെന്നും പറഞ്ഞാണ് ഷിംന തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP