Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൂടുതൽ കാശ് വാങ്ങിയപ്പോൾ ഓഫർ ചെയ്തത് സൗദി എയർലൈൻസ് ഫ്‌ളൈറ്റും മുന്തിയ താമസ സൗകര്യവും; കിട്ടിയത് സ്‌പൈസ് ജെറ്റ് യാത്രയും ആളെ കുത്തിനിറച്ച റൂമുകളും; മലപ്പുറത്ത് നിന്ന് ഉംറയ്ക്ക് പോയ സംഘത്തിലെ ഒരാൾക്കും പ്രതിരോധ കുത്തിവെപ്പും നൽകിയില്ല; പകരം കുത്തിവെപ്പ് നൽകിയെന്ന വ്യാജ മെഡിക്കൽ രശീതിയും; തിരിച്ചെത്തിയ പലരും നേരേ പോയത് ആശുപത്രിയിലേക്ക്; ഒരാൾക്ക് ജീവനും നഷ്ടം; വിശുദ്ധചടങ്ങിന് പോയവരെ അൽഹിന്ദ് ട്രാവൽസ് തട്ടിച്ചത് ഇങ്ങനെ

കൂടുതൽ കാശ് വാങ്ങിയപ്പോൾ ഓഫർ ചെയ്തത് സൗദി എയർലൈൻസ് ഫ്‌ളൈറ്റും മുന്തിയ താമസ സൗകര്യവും; കിട്ടിയത് സ്‌പൈസ് ജെറ്റ് യാത്രയും ആളെ കുത്തിനിറച്ച റൂമുകളും; മലപ്പുറത്ത് നിന്ന് ഉംറയ്ക്ക് പോയ സംഘത്തിലെ ഒരാൾക്കും പ്രതിരോധ കുത്തിവെപ്പും നൽകിയില്ല; പകരം കുത്തിവെപ്പ് നൽകിയെന്ന വ്യാജ മെഡിക്കൽ രശീതിയും; തിരിച്ചെത്തിയ പലരും നേരേ പോയത് ആശുപത്രിയിലേക്ക്; ഒരാൾക്ക് ജീവനും നഷ്ടം; വിശുദ്ധചടങ്ങിന് പോയവരെ അൽഹിന്ദ് ട്രാവൽസ് തട്ടിച്ചത് ഇങ്ങനെ

എം മനോജ് കുമാർ

മലപ്പുറം: വിശുദ്ധ കർമ്മമായ ഉംറയ്ക്കു ഇക്കുറി സൗദിയിലേക്ക് അൽഹിന്ദ് തീർത്ഥാടകരെ എത്തിച്ചത് പ്രതിരോധകുത്തിവെയ്‌പ്പുകൾ നടത്താതെ. പ്രതിരോധ കുത്തിവയ്‌പ്പുകൾക്ക് ചാർജ് ഈടാക്കിയശേഷം കുത്തിവെയ്‌പ്പ് നടത്തി എന്ന് സൗദി അധികൃതരെ തെറ്റിദ്ധരിപ്പിച്ചാണ് തീർത്ഥാടകരെ എത്തിച്ചത്. ഏഷ്യയിലെ പ്രമുഖ ട്രാവൽ ഗ്രൂപ്പായ അൽഹിന്ദിനെതിരെയാണ് തട്ടിപ്പ് നടത്തിയതായി പരാതി ഉയർന്നിരിക്കുന്നത്. സൗദി അധികൃതരെ കബളിപ്പിക്കാൻ കുത്തിവയ്‌പ്പ് നടത്തിയതിന്റെ പേരിൽ വ്യാജ മെഡിക്കൽ രസീതി വച്ചാണ് ഇവർ തീർത്ഥാടകരെ സൗദിയിൽ എത്തിച്ചത്.

പ്രതിരോധ കുത്തിവയ്‌പ്പിനു അഞ്ഞൂറിലധികം രൂപ ചാർജ് ഈടാക്കിയാണ് ഇവർ കുത്തിവെയ്‌പ്പ് നടത്താതെ വിട്ടത്. കുത്തിവയ്‌പ്പിനുള്ള പണം തട്ടാൻ വേണ്ടിയാണ് ഏജൻസി ഈ കള്ളക്കളി കളിച്ചത്. സൗദി അധികൃതർ ഗൗരവമായി കാണുന്ന ഒരു കുറ്റകൃത്യമാണ് അൽഹിന്ദ് ട്രാവൽസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് എന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. മലപ്പുറത്ത് നിന്നും ഉംറയ്ക്ക് പോയ നാല്പത്തിയാറു അംഗ സംഘമാണ് കുത്തിവെയ്‌പ്പ് ഇല്ലാതെ സൗദിയിൽ എത്തിയത്. ഉംറ പോലുള്ള വിശുദ്ധമായ ചടങ്ങിനു പോകുന്നവരെ ഏജൻസി ഇങ്ങിനെ ചതിച്ചതിലും ഇവരിൽ ഒരാൾക്ക് അസുഖം കാരണം ജീവൻ നഷ്ടമായതിലും മുസ്ലിം സമുദായത്തിൽ നിന്ന് വലിയ രോഷമാണ് ഉയരുന്നത്. ആദ്യമായി ഉംറയ്ക്ക് പോയവരാണ് സംഘത്തിലുണ്ടായിരുന്നത്. ഉംറക്ക് പോവുന്നവരെ വ്യാപകമായി ചൂഷണം ചെയ്യുന്നത് അവസാനിച്ചേ മതിയാകൂ എന്നാണ് ഇപ്പോൾ ഉയരുന്ന മുറവിളി.

പ്രതിരോധ കുത്തിവെയ്‌പ്പ് നടത്തിയിരുന്നെങ്കിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്ന് സംഘാംഗങ്ങൾ പറയുന്നു. 60000 രൂപയ്ക്ക് മുകളിലുള്ള പാക്കേജിലാണ് ഇവർ പോയത്. കടുത്ത ചൂഷണമാണ് ഏജൻസിയിൽ നിന്നും ഏൽക്കേണ്ടി വന്നത്. ഇത് തീർത്ഥാടകർ നൽകിയ വാട്ട്‌സ് അപ്പ് മെസ്സേജിൽ വ്യക്തമാകുന്നുണ്ട്. ഈ കഴിഞ്ഞ ഏഴാം തീയതി പോയി ഇരുപത്തി ഒന്നിന് തിരിച്ചെത്തിയ സംഘത്തിലെ തീർത്ഥാടകർക്കാണ് ഈ അനുഭവം വന്നത്. സാധാരണ ഗ്രൂപ്പിനേക്കാൾ കൂടുതൽ ചാർജ് വാങ്ങിയപ്പോൾ അൽഹിന്ദ് പറഞ്ഞത് സൗദി എയർലൈൻസ് ഫ്‌ളൈറ്റ് എന്നാണ്. മുന്തിയ താമസ സൗകര്യവും ഓഫർ ചെയ്തു. എന്നാൽ യാത്ര സ്പൈസ് ജെറ്റിലും. ഒരു ദിവസത്തെ ഹോട്ടൽ ചാർജ് ലഭിക്കാൻ യാത്രാ സമയത്തിന് എത്രയോ മണിക്കൂറുകൾ മുന്നേ ഹോട്ടൽ റൂം വെക്കേറ്റ് ചെയ്യിപ്പിച്ചു നല്ല തണുപ്പത്ത് എയർപോർട്ടിന് പുറത്ത് മണിക്കൂറുകൾ കാത്തു നിർത്തി. രണ്ടോ മൂന്നോ ആളുകൾക്ക് താമസിക്കാവുന്ന ഹോട്ടൽ റൂമുകളിൽ അഞ്ചിൽ കൂടുതൽ ആളുകളെ കുത്തി നിറച്ചു. വൃദ്ധരും പിഞ്ചു കുഞ്ഞുങ്ങളും അടങ്ങിയ തീർത്ഥാടകർക്കാണ് ഇങ്ങിനെയുള്ള ദുരനുഭവം വന്നത്.

പതിനഞ്ചോളം ദിവസങ്ങൾ സൗദിയിൽ ചെലവിട്ട തീർത്ഥാടകർക്ക് ഒരു പ്രതിരോധ കുത്തിവെപ്പും നൽകിയുമില്ല. കോഴിക്കോട് നിന്ന് പോയി കോഴിക്കോട് തന്നെ വരുന്ന രീതിയിലുള്ള പാക്കേജ് ആയിരുന്നു ഉംറയ്ക്ക് അൽഹിന്ദ് നൽകിയത്. പ്രതിരോധ കുത്തിവെയ്‌പ്പ് കൂടി ഉൾക്കൊള്ളുന്ന പാക്കേജ് ആണിത്. തുക തട്ടാൻ വേണ്ടിയാണ് ഏജൻസി ഈ കാര്യം ചെയ്തത് എന്നാണ് സംഘാംഗങ്ങൾ മറുനാടനോട് വെളിപ്പെടുത്തിയത്. കുത്തിവയ്‌പ്പ് എടുക്കാത്തത് കാരണം ഇവരിൽ പലരും രോഗബാധിതരാവുകയും ഈ സംഘത്തിലെ ഒരാൾക്ക് ജീവൻ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. ഇവരുടെ സംഘത്തിൽപ്പെട്ട അഹമ്മദ് കുട്ടി (61)യാണ് ശ്വാസം മുട്ടലിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ വെച്ച് ജീവൻ വെടിഞ്ഞത്. ഇതേ സംഘത്തിലെ ഒരാൾക്ക് ജീവൻ നഷ്ടമായപ്പോൾ ഒരു ബാലിക രോഗബാധ കാരണം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയും ചെയ്യുന്നുണ്ട്. മറ്റു പലരും രോഗബാധിതരാണ് എന്നാണ് സംഘാംഗങ്ങൾ മറുനാടനോട് പ്രതികരിച്ചത്.

വിശുദ്ധ കർമ്മമായ ഹജ്ജിനും ഉംറയ്ക്കുമായി പോകുമ്പോൾ നടത്തുന്ന പ്രതിരോധകുത്തിവെയ്‌പ്പുകൾ നിർബന്ധിതമാക്കുന്ന രാജ്യമാണ് സൗദി. എല്ലാ രാജ്യത്ത് നിന്നും ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ഹജ്ജിനും ഉംറയ്ക്കുമായി സൗദിയിൽ എത്താറുള്ളത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഇത് കാരണം സൗദിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുമുണ്ട്. അതുകൊണ്ട് തന്നെയാണ് പ്രതിരോധ കുത്തിവയ്‌പ്പുകൾ സൗദി നിർബന്ധമാക്കുന്നത്. ഈ മെഡിക്കൽ രശീതി പാസ്‌പോർട്ടിന് മുകളിൽ കുത്തിവെയ്ക്കണം. ഇത് സൗദി അധികൃതർ വെരിഫൈ ചെയ്യും. അതിനു ശേഷമാണ് തീർത്ഥാടകരെ രാജ്യത്തിനകത്തേക്ക് പ്രവേശിപ്പിക്കുന്നത്. എന്നാൽ തീർത്ഥാടകരെ സൗദിയിൽ എത്തിക്കുന്ന ഏജൻസി തന്നെ ഇത്തരം ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതാണ് തീർത്ഥാടകകരെ ഞെട്ടിക്കുന്നത്.

ഒരാൾ മരിക്കുകയും മറ്റൊരു ബാലിക രോഗബാധിതയായി ചികിത്സയിൽ കഴിയുന്ന കാര്യവും അംഗങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. ഇത്തരം ഗൗരവതരമായ തട്ടിപ്പുകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത് പ്രശ്‌നങ്ങൾ വെളിയിൽ കൊണ്ടുവരണം എന്നാണ് ഈ ഗ്രൂപ്പിലെ അംഗങ്ങൾ മറുനാടനോട് ആവശ്യപ്പെട്ടത്. ഈ സംഘത്തിൽപ്പെട്ട അഹമ്മദ്കുട്ടിയുടെ മരണം ഇവർ ഗൗരവമായി കാണുകയുമാണ്. പ്രതിരോധ കുത്തിവെയ്‌പ്പ് നടത്താതെ സൗദിയിൽ എത്തിച്ചത് കാരണമാണ് അഹമ്മദ്കുട്ടി മരിക്കാൻ ഇടയായത് എന്നാണ് അംഗങ്ങൾ സംശയിക്കുന്നത്. ഇതേ സംശയമാണ് ഈ ഗ്രൂപ്പിലെ അംഗം മറുനാടനോട് പങ്കു വെച്ചതും. ഗ്രൂപ്പിലെ പല അംഗങ്ങൾക്കും ശാരീരിക അസ്വസ്ഥതകൾ വന്നു എന്നാണ് ഗ്രൂപ്പ് അംഗം പറഞ്ഞത്. കുത്തിവെയ്‌പ്പുകൾ നിർബന്ധമാണ്. കുത്തിവയ്‌പ്പിനു പണം ഈടാക്കുന്നുമുണ്ട്. അത് നടത്താതെ എന്തിനു തങ്ങളെ സൗദിയിൽ എത്തിച്ചു എന്നാണ് അംഗങ്ങൾ ചോദിക്കുന്നത്. ഇപ്പോൾ അധികൃതർക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് സംഘാംഗങ്ങൾ.

ഉംറയ്ക്ക് പോയ റിയാസിന്റെ പ്രതികരണം ഇങ്ങനെ:

ഹജ്ജിനു പോകുമ്പോൾ, ഉംറയ്ക്ക് പോകുമ്പോൾ പ്രതിരോധ വാക്‌സിൻ നിർബന്ധമാണ്. എമിഗ്രേഷൻ ക്ലിയറൻസിന് ഇത് അത്യാവശ്യവുമാണ്. പ്രതിരോധ വാക്‌സിൻ എടുത്ത് എന്നതിന്റെ രശീതി പാസ്‌പോർട്ടിൽ കുത്തിവയ്ക്കണം. ഇത്രമാത്രം നിർബന്ധമാണ് സൗദിയിലുള്ളത്. വിവിധ രാജ്യക്കാർ സൗദിയിൽ എത്തുന്നത് കാരണമാണ് വാക്‌സിൻ നിർബന്ധമാക്കിയത്. ഞങ്ങൾക്ക് ആർക്കും വാക്‌സിൻ നൽകിയില്ല. എന്നാൽ നൽകിയതായി രേഖപ്പെടുത്തി. അതുകാരണം തിരികെ എത്തിയപ്പോൾ സംഘാംഗങ്ങൾ പലരും രോഗബാധിതരായി. ഒരാൾ ആശുപത്രിയിൽ കഴിയുമ്പോൾ ഒരാൾക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. ഒരു ബാലിക അസുഖ ബാധിതയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലുമുണ്ട്. ശ്വാസം മുട്ടൽ കാരണമാണ് ഞങ്ങളുടെ സംഘത്തിലെ അഹമ്മദ് കുട്ടി മരിച്ചത്. ഇദ്ദേഹത്തിനു വാക്‌സിൻ എടുത്തിട്ടില്ല. ഞങ്ങൾക്ക് ആർക്കും എടുത്തിട്ടില്ല. വാക്‌സിന്റെ തുക അഞ്ഞൂറിലധികം രൂപ ഇവർ ഞങ്ങളിൽ നിന്നും ഈടാക്കി.

എന്നിട്ട് വാക്‌സിൻ ചെയ്തതായി രേഖയുണ്ടാക്കി. ഇത് സൗദിയിൽ സബ്മിറ്റ് ചെയ്തു. അവിടെ എത്തിയപ്പോൾ തന്നെ അദ്ദേഹത്തിനു സുഖമില്ലാതായി. മരുന്ന് കൊടുത്തു. ഫ്‌ളൈറ്റിൽ നിന്നും വയ്യാതായി. ഇവിടെ മലപ്പുറം വന്നപ്പോൾ ആശുപത്രിയിൽ എത്തിച്ചു. ഭേദമായി ആശുപത്രിയിൽ തിരികെ എത്തിച്ചപ്പോൾ വീട്ടിൽ നിന്ന് മരിക്കുകയും ചെയ്തു. എല്ലാവര്ക്കും പ്രതിരോധ കുത്തിവയ്‌പ്പുകൾ നിർബന്ധമാണ്. ആർക്കും വാക്‌സിൻ നൽകിയില്ല. അത് കാരണം മിക്കവരും രോഗ ബാധിതരായി. എനിക്കും വയ്യാതായിട്ടുണ്ട്. മിക്കവരും ആശുപത്രിയിൽ ചികിത്സ തേടി പോയി. വാക്‌സിൻ നൽകാതിരുന്നത് കാരണം പലർക്കും കർമ്മങ്ങൾ അനുഷ്ഠിക്കാൻ കഴിയാത്ത അവസ്ഥയുണ്ടായി. മുഖത്തോടു മുഖം നോക്കിയിരിക്കേണ്ടിയും വന്നു. ഒരാൾക്ക് വയ്യാതാകുമ്പോൾ മറ്റുള്ളവർക്ക് ഒപ്പം നിൽക്കേണ്ടിയും വന്നു. അവർക്ക് ചടങ്ങ് മുടങ്ങുകയും ചെയ്തു-റിയാസ് പറയുന്നു.

അൽ ഹിന്ദിനെതിരെയുള്ള തീർത്ഥാടകരുടെ വാട്‌സ്ആപ്പ് സന്ദേശം:

ഉംറ തീർത്ഥാടകരെ വഞ്ചിച്ച് അൽ ഹിന്ദ് ട്രാവൽസ് .ഉംറ തീർത്ഥാടകർക്ക് കുത്തിവെപ്പ് എടുക്കാതെ കുത്തിവെപ്പ് എടുത്തതിന്റെ വ്യാജരേഖ ചമച്ചാണ് തട്ടിപ്പ്ഓഫർ ചെയ്ത സൗകര്യങ്ങൾ നൽകാതെയും വഞ്ചന.ഒരു പുണ്യ യാത്ര എന്നതിനാൽ പലരും പരാതി നൽകാതെ ക്ഷമിക്കുന്നത് ഇവർക്ക് കൂടുതൽ സൗകര്യമാവുന്നു.ഉംറ തീർത്ഥാടനത്തിന് പോവുന്ന സാഹചര്യത്തിൽ നിർബദ്ധമായും എടുക്കേണ്ടുന്ന പ്രതിരോധ കുത്തിവെപ്പാണ് കടലാസിൽ ഒതുക്കി യാത്രാ രേഖയൊരുക്കിയത്. അൽ ഹിന്ദിലൂടെ അമ്പതോളം അംഗങ്ങളുമായി ഉംറക്ക് പോയവരാണ് ഞെട്ടിപ്പിക്കുന്ന പരാതികളുമായി വന്നിരിക്കുന്നത്. ഉംറക്ക് പോവുന്നവരെ വ്യാപകമായി ചൂഷണം ചെയ്യുന്നത് അവസാനിച്ചേ മതിയാകൂ...എല്ലാവരും പ്രതികരിക്കുക.

അൽ ഹിന്ദ് പാക്കേജ് പ്രകാരം ഉംറക്ക് പോവുന്ന തീർത്ഥാടകർ അവരെ തീർത്ഥാടനത്തിനും തിരിച്ച് നാട്ടിൽ എത്തിക്കുന്നതിനുമായി അറുപതിനായിരത്തിലധികം രൂപ വാങ്ങിയപ്പോൾ പലരിൽ നിന്നും വ്യത്യസ്ത നിരക്കുകൾ ആണ് ഈടാക്കിയത്.ഇതിൽ ഈ കുത്തിവെപ്പ് എടുക്കാൻ ഒരാൾക്ക് 500 രൂപയാണ് സ്വകാര്യ ആശുപത്രിയിൽ ചെലവ് വരുന്നത്. എന്നാണ് ഈ പണം ലാഭിക്കാൻ വേണ്ടിയാണ് ട്രാവൽ ഏജൻസി വ്യാജമായി കുത്തിവെപ്പ് എടുത്ത രേഖയുണ്ടാക്കി തീർത്ഥാടകരെ പറ്റിക്കുന്നത്.

തീർത്ഥാടകർക്ക് പകർച്ചപനി പോലുള്ള അസുഖങ്ങൾ വരാതിരിക്കാനാണ് ഇത് എടുക്കുന്നത്. ഇതിൽ പോലും ബിസിനസും ലാഭവും കാണുന്ന ട്രാവൽ ഏജൻസികൾ മതപരമായ കാര്യത്തിന്റെ പേരിലാണ് ആളുകളെ വഞ്ചിക്കുന്നത്.തീർത്ഥാടനത്തിനിടയിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ബോധ്യപെട്ട് ചോദ്യം ചെയ്താൽ ഉടനെ പറയും 'ഇത്രയും നല്ലൊരു കാര്യത്തിന് വന്നിട്ട് എന്തിനാ പ്രശ്‌നം ഉണ്ടാക്കുന്നത്', വിശ്വാസിക്ക് ഇത് പുണ്യമായ കർമ്മമാണ് എന്നാൽ പുണ്യകർമ്മത്തിന്റെ പേരിൽ ബിസിനസ് നടത്തുന്നവർക്ക് പുണ്യവുമില്ല, പവിത്രതയുമില്ല, മുന്നിലെത്തുന്ന പണം അത് മാത്രമാണ് നോട്ടം.രണ്ടാഴ്ച മുൻപ് ഉംറക്ക് പോയ 46 അംഗങ്ങളാണ് അസുഖങ്ങൾ ആയതിനാൽ ദുരിതത്തിലായത്.

കുത്തിവെപ്പ് എടുക്കാൻ ട്രാവൽ ഏജൻസി ഇവരോട് പറഞ്ഞിട്ടില്ല. എന്നാൽ ഇവർ കുത്തിവെപ്പ് എടുത്തതായി ട്രാവൽ ഏജൻസി വ്യാജമായി നിർമ്മിച്ച വാക്സിനേഷൻ കാർഡുകളിൽ രേഖപ്പെടുത്തിട്ടുമുണ്ട്..നാട്ടിൽ എത്തി നേരെ വീട്ടിൽ പോലും പോവാതെ ഹോസ്പിറ്റലിലേക്കാണ് പോയത്..ചിലരെ ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ചെയ്തിരിക്കുകയാണ്.. ആദ്യമായി ഉംറ തീർത്ഥാ നടത്തിന് പോയവരാണ് ഈ സംഘത്തിലുള്ളത്.. മാത്രമല്ല രണ്ടോ മൂന്നോ ആളുകൾക്ക് താമസിക്കാവുന്ന ഹോട്ടൽ റൂമുകളിൽ 5 ൽ കൂടുതൽ ആളുകളെ കുത്തി നിറച്ച് ആയിരുന്നു വൃദ്ധരും പിഞ്ചു കുഞ്ഞുങ്ങളും അടങ്ങിയ തീർത്ഥാടകരെ പാർപ്പിച്ചത്

സാധാരണ ഗ്രൂപ്പിനേക്കാൾ കൂടുതൽ ചാർജ് വാങ്ങിയപ്പോൾ സൗദി എയർലൈൻസ് ഫ്‌ളൈറ്റ്, മുന്തിയ താമസ സൗകര്യമെല്ലാം ഓഫർ ചെയ്തവർക്കാണ് ഈ ദുർഗതി സംഭവിച്ചത്. സ്പൈസ് ജെറ്റ് യാത്ര ആയിരുന്നു എന്നതിനേക്കാൾ, ഒരു ദിവസത്തെ ഹോട്ടൽ ചാർജ് ലഭിക്കാൻ യാത്രാ സമയത്തിന് എത്രയോ മണിക്കൂറുകൾ മുന്നേ ഹോട്ടൽ വെക്കേറ്റ് ചെയ്യിപ്പിച്ചു നല്ല തണുപ്പത്ത് എയർപോർട്ടിന് പുറത്ത് മണിക്കൂറുകൾ കാത്തു നിൽപിച്ചതും അസുഖം കനക്കാൻ കാരണമായി.

ഇത്തരത്തിൽ തീർത്ഥാടകരെ വഞ്ചിക്കുന്ന അൽഹിന്ദ് ടൂർസ് & ട്രാവെൽസ് ഗ്രൂപ്പിനെതിരെ പ്രതികരിക്കുക

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP