Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സത്യപ്രതിജ്ഞ ചെയ്യും മുമ്പ് ശരത് പവാറിനെ ഫട്‌നാവീസ് വിളിച്ചത് എന്തിന്? ബിജെപിയുമായി ചേർന്നത് അജിത് പവാറിന്റെ വ്യക്തിപരമായ തീരുമാനമെന്ന സേഫ് പ്രതികരണവുമായി ശരത് പവാർ; നേതാവിന് ഒന്നും അറിയില്ലെന്ന് പ്രഫുൽ പട്ടേലും; എൻസിപിയുടെ ഔദ്യോഗിക വിശദീകരണം പൂർണ്ണമായും വിശ്വസിക്കാതെ കോൺഗ്രസും ശിവസേനയും; പിന്നിൽ നിന്ന് കുത്താനുള്ള കരുത്ത് അജിത് പവാറിന് ഇല്ലെന്ന തിരിച്ചറിവിൽ സോണിയയും; നിയമസഭയിലെ ബലാബലും എല്ലാം വ്യക്തമാക്കും

സത്യപ്രതിജ്ഞ ചെയ്യും മുമ്പ് ശരത് പവാറിനെ ഫട്‌നാവീസ് വിളിച്ചത് എന്തിന്? ബിജെപിയുമായി ചേർന്നത് അജിത് പവാറിന്റെ വ്യക്തിപരമായ തീരുമാനമെന്ന സേഫ് പ്രതികരണവുമായി ശരത് പവാർ; നേതാവിന് ഒന്നും അറിയില്ലെന്ന് പ്രഫുൽ പട്ടേലും; എൻസിപിയുടെ ഔദ്യോഗിക വിശദീകരണം പൂർണ്ണമായും വിശ്വസിക്കാതെ കോൺഗ്രസും ശിവസേനയും; പിന്നിൽ നിന്ന് കുത്താനുള്ള കരുത്ത് അജിത് പവാറിന് ഇല്ലെന്ന തിരിച്ചറിവിൽ സോണിയയും; നിയമസഭയിലെ ബലാബലും എല്ലാം വ്യക്തമാക്കും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറി തള്ളി എൻസിപി നേതാവ് ശരത് പവാർ. ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള തീരുമാനം അജിത് പവാറിന്റെ വ്യക്തിപരമായ തീരുമാനമാണെന്ന പ്രതികരണവുമായി ശരത് പവാർ രംഗത്തെത്തി. വ്യക്തിപരമായ തീരുമാനം ആണെന്നും എൻസിപിയുടെ അറിവോടെ അല്ല അജിത് പവാറിന്റെ നീക്കമെന്നാണ് ശരത് പവാറിന്റെ ട്വീറ്റ്. ഇതിനൊപ്പം പ്രഫുൽ പട്ടേലും നടന്നതൊന്നും പവാറിന്റെ അറിവോടെയല്ലെന്ന് വ്യക്തമായി. 

ശിവസേനയെയും കോൺഗ്രസിനെയും ഞെട്ടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് മണിക്കൂറിന് ശേഷമാണ് ശരത് പവാറിന്റെ പ്രതികരണം. എൻസിപി നേതാവും ശരത് പവാറിന്റെ അനന്തരവനുമായ അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നു . ഇന്ത്യൻ രാഷ്ട്രീയം ഇത് വരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ അട്ടിമറിയാണ് ബിജെപി ഒറ്റ രാത്രി കൊണ്ട് നടത്തിയത്. എന്നാൽ അജിത് പവാറിന്റേത് വ്യക്തിപരമായ തീരുമാനം മാത്രമാണെന്ന് ശരത് പവാർ പ്രതികരിക്കുമ്പോൾ എൻസിപിയിൽ പിളർപ്പിന്റെ സൂചനകൂടിയാണ് പുറത്ത് വരുന്നത്. 22 എംഎൽഎമാരുടെ പിന്തുണ അജിത് പവാറിനുണ്ടെന്നാണ് സൂചന. ഇന്നലെ രാത്രിയിൽ നടന്ന യോഗങ്ങളിലും കോൺഗ്രസ്-ശിവസേന സഖ്യം ഉറപ്പിക്കാൻ അജിത് പവാർ സജീവമായി പങ്കെടുത്തിരുന്നു. അതിനിടെ ഇന്നലെ അർദ്ധ രാത്രി ശരത് പവാറിനെ ദേവേന്ദ്ര ഫട്‌നാവീസ് വിളിച്ചതായും സൂചനയുണ്ട്. ഇക്കാര്യം ബിജെപിക്കാർ സമ്മതിക്കുന്നു.

സത്യപ്രതിജ്ഞയെ കുറിച്ച് അറിയിക്കാനാണ് പവാറിനെ വിളിച്ചതെന്നും അല്ലാതെ ഒന്നും നടന്നില്ലെന്നും എൻസിപിക്കാർ പറയുന്നു. എന്നാൽ ഇത് കോൺഗ്രസ് വിശ്വസിക്കുന്നില്ല. ഇതിനിടെയാണ് ബിജെപിയുമായി ചേർന്നത് അജിത് പവാറിന്റെ വ്യക്തിപരമായ തീരുമാനമെന്ന സേഫ് പ്രതികരണവുമായി ശരത് പവാർ രംഗത്ത് വരുന്നത്. നേതാവിന് ഒന്നും അറിയില്ലെന്ന് പ്രഫുൽ പട്ടേലും വിശദീകരിക്കുന്നത് പാർട്ടി ആരേയും ചതിച്ചില്ലെന്ന് വ്യക്തമാക്കാൻ കൂടിയാണ്. അപ്പോഴും എൻസിപിയുടെ ഔദ്യോഗിക വിശദീകരണം പൂർണ്ണമായും വിശ്വസിക്കാതെ കോൺഗ്രസും ശിവസേനയും സംശയത്തോടെയാണ് കാര്യങ്ങളെ കാണുന്നത്. പിന്നിൽ നിന്ന് കുത്താനുള്ള കരുത്ത് അജിത് പവാറിന് ഇല്ലെന്ന തിരിച്ചറിവിൽ സോണിയാ ഗാന്ധിയും എത്തി കഴിഞ്ഞു. നിയമസഭയിലെ ബലാബലും എല്ലാം വ്യക്തമാക്കുമെന്ന് അവരും കരുതുന്നു. അതുവരെ പവാറിനെ വേദനിപ്പിക്കാത്ത തരത്തിലാകും കോൺഗ്രസിന്റെ പ്രതികരണങ്ങൾ.

ബിജെപി സർക്കാർ രൂപീകരിച്ച നാടകീയ സംഭവത്തിൽ ഞെട്ടി കോൺഗ്രസും ശിവസേനയും. ഇന്ത്യൻ രാഷ്ട്രീയം ഇതുവരെ കാണാത്ത രാഷ്ട്രീയ നാടകത്തെ ചതിയെന്നാണ് കോൺഗ്രസ് നേതാക്കൾ വിശേഷിപ്പിക്കുന്നത്. എൻസിപിയുടെ നാടകീയ നീക്കം ശരത് പവാറിന്റെ അനുമതിയോടെയെന്ന് സംശയിക്കുന്നതായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു. ഇന്ന് ഉച്ചയ്ക്ക് കോൺഗ്രസ് - എൻസിപി ചർച്ച നടക്കാനിരിക്കേയാണ് എൻസിപി നേതാവും ശരത് പവാറിന്റെ അനന്തരവനുമായ അജിത് പവാർ മുഖ്യമന്ത്രിയായി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇത് വിവാദമായതോടെയാണ് ശരത് പവാർ നിഷേധവുമായി രംഗത്ത്. വന്നത്. എന്നാൽ ശരത് പവാർ അറിയാതെ ഇത് നടക്കില്ലെന്നാണ് പുറത്തുവരുന്ന വിലയിരുത്തലുകൾ. നിയമസഭയിൽ ഫട്‌നാവീസ് പിന്തുണ തേടുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരും. ഏതായാലും പ്രഫുൽ പട്ടേലും കൂട്ടരും ഇതിന് എതിരാണ്.

നീണ്ട ചർച്ചകൾക്കൊടുവിൽ കോൺഗ്രസ് - എൻസിപി - ശിവസേന സഖ്യം മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുമെന്നും ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്നും ഉറപ്പായതിനു ശേഷമായിരുന്നു ഡൽഹിയും മുംബൈയും കേന്ദ്രീകരിച്ചു നടന്ന നാടകീയ നീക്കങ്ങൾ. ഉദ്ധവ് താക്കറെയായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്നുവരെ ഒരു ഘട്ടത്തിൽ ശരത് പവാർ വ്യക്തമായ സൂചന നൽകിയിരുന്നു. സ്പീക്കർ സ്ഥാനം ആർക്കെന്ന വിഷയത്തിൽ ഒഴികെ മറ്റെല്ലാ വിഷയങ്ങളിലും മൂന്ന് പാർട്ടികളും തമ്മിൽ ധാരണയി ലെത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതിനു പിന്നാലെയായിരുന്നു വെള്ളിയാഴ്ച രാത്രിയിലുണ്ടായ നാടകീയ നീക്കങ്ങൾ. എൻസിപി സഹായത്തോടെ ബിജെപിക്ക് സർക്കാർ രൂപീകരിക്കാനുള്ള അവസരമൊരുക്കിയത് എൻസിപിക്കുള്ളിൽ ശരത് പവാറും അജിത് പവാറും തമ്മിലുള്ള ഭിന്നതയാണെന്ന് വരുത്താനാണ് പവാർ ക്യാമ്പ് ശ്രമിക്കുന്നത്. എൻസിപി പിളർന്നെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് അവർ പുറത്തു വിടുന്നത്.

ശിവസേനയുമായി സഖ്യമുണ്ടാക്കാനുള്ള ശരത് പവാറിന്റെ താത്പര്യം പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന് അജിത് പവാർ ചൂണ്ടിക്കാട്ടിയതായി ചില മഹാരാഷ്ട്ര മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നാടകീയ നീക്കം. എന്നാൽ മഹാരാഷ്ട്രയിൽ സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കാനാണെന്നും കർഷകരുടെ പ്രശ്‌നങ്ങളാണ് തങ്ങൾ പരിഗണിച്ചതെന്നുമാണ് അജിത് പവാറിന്റെ വിശദീകരണം. എന്നാൽ പാർട്ടി ദേശീയ നേതൃത്വത്തിന്റെ പ്രതികരണം ഇതുവരെ വ്യക്തമായിട്ടില്ല. എൻസിപി നേതൃത്വത്തിന്റെ അറിവോടെയാണ് നീക്കങ്ങൾ നടന്നതെന്നാണ് കേരള ഘടകം കരുതുന്നത്. ബിജെപിയുമായി യോജിച്ച് സർക്കാര് രൂപീകരിക്കാനുള്ള ശ്രമത്തെ അനുകൂലിക്കുന്നില്ലെന്നും എൻ സി പി കേരള ഘടകം വ്യക്തമാക്കി.

ഒരു രാത്രി ഇരുട്ടിവെളുത്തപ്പോൾ മഹാരാഷ്ട്രയിൽ രാഷ്ട്രീയ സമവാക്യങ്ങളെല്ലാം മാറി മറിഞ്ഞു. ശിവസേനയെയും കോൺഗ്രസിനെയും ഞെട്ടിച്ച് കൊണ്ട് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എൻസിപി നേതാവും ശരത് പവാറിന്റെ അനന്തരവനുമായ അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ത്യൻ രാഷ്ട്രീയം ഇത് വരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ അട്ടിമറിയാണ് ബിജെപി ഒറ്റ രാത്രി കൊണ്ട് നടത്തിയത്. പുലർച്ചെ നാല് മണിയോടെയാണ് ബിജെപിയും എൻസിപിയും തമ്മിൽ ധാരണയുണ്ടായതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദേവേന്ദ്ര ഫഡ്‌നാവിസ് പുലർച്ചെ നാല് മണി വരെ അജിത് പവാറുമായി ഫോണിൽ സംസാരിച്ചതായാണ് റിപ്പോർട്ടുകൾ, തുടർന്ന് പുലർച്ചെ 5:41ന് രാഷ്ട്രപതി ഭരണം പിൻവലിക്കപ്പെട്ടു. 6 മണിയോടെ സത്യപ്രതിജ്ഞയും. ശിവസേന- എൻസിപി - കോൺഗ്രസ് ത്രികക്ഷി സർക്കാർ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ബിജെപി അജിത് പവാറിനെ കൂടെക്കൂട്ടി സർക്കാരുണ്ടാക്കിയിരിക്കുന്നത്. രാഷ്ട്രീയത്തിലെ എറ്റവും വലിയ ചതിയെന്നാണ് കോൺഗ്രസ് സംഭവവികാസങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നത്.

അജിത് പവാർ മഹാരാഷ്ട്രയിലെ ജനങ്ങളെ പിന്നിൽ നിന്ന് കുത്തിയെന്നാണ് ശിവസേനയുടെ പ്രതികരണം, ഇന്നലെ രാത്രി 9 മണി വരെ ഞങ്ങളോടൊപ്പം ഇരുന്ന് ചർച്ച നടത്തിയ അജിത് പവാറാണ് രാവിലെ കളം മാറ്റി ചവിട്ടിയതെന്ന് പറഞ്ഞ ശിവസേന നേതാവ് സഞ്ജയ് റൗത്ത് അജിത് പവാർ ഛത്രപതി ശിവജിയുടെ പേരിനെ അടക്കം അപമാനിച്ചിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു. ജനം പിന്തുണച്ചത് ബിജെപിയെയാണെന്നായിരുന്നു സത്യപ്രതിജ്ഞക്ക് ശേഷമുള്ള ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പ്രതികരണം. രാഷ്ട്രപതി ഭരണം തുടരുന്നത് മഹാരാഷ്ട്ര പോലുള്ള ഒരു സംസ്ഥാനത്തിന് ഒരു തരത്തിലും ഭൂഷണമല്ല, അവിയൽ മുന്നണിയുണ്ടാക്കാനാണ് അവർ ശ്രമിച്ചത് ഇവിടെ വേണ്ടത് ഒരു സ്ഥിരതയുള്ള സർക്കാരാണ് ദേവേന്ദ്ര ഫഡ്‌നാവിസ് ന്യായീകരിക്കുന്നു.

നേരത്തെ തന്നെ എൻസിപിക്ക് ഉള്ളിൽ നിന്നും ശിവസേനയുമായി ചേർന്നുള്ള സർക്കാർ രൂപീകരണത്തിനെതിരെ സ്വരം ഉയർന്നിരുന്നു. കോൺഗ്രസ്-ശിവസേന-എൻസിപി സർക്കാർ രൂപീകരണ ചർച്ചയ്ക്കിടെ പലതവണ അജിത് പവാർ ഇറങ്ങിപ്പോയ സ്ഥിതിയുണ്ടായിരുന്നു. 20 എംഎൽഎമാർകൂടി ഒപ്പമുണ്ടെങ്കിൽ മാത്രമേ ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ സാധിക്കുകയുള്ളു. മഹാരാഷ്ട്രയിലും എൻസിപിയും ശരത് പവാറിനുള്ള സ്വാധീനം അജിത് പവാറിനില്ല എന്നതിനാൽ അജിത് പവാറിന് ഒപ്പം ഇത്രയും എംഎൽഎമാർ ഉണ്ടാകുമോ എന്നതാണ് ഇനി വ്യക്തമാകേണ്ടത്. കർഷകർക്ക് വേണ്ടിയാണ് ബിജെപിക്കൊപ്പം സർക്കാർ രൂപീകരിക്കാനുള്ള ഈ തീരുമാനമെടുത്തതെന്ന് എൻസിപിയുടെ പുതിയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ആദ്യ വിശദീകരണം.

തെരഞ്ഞെടുപ്പ് ഫലം വന്ന് ഇത്രയും ദിവസമായിട്ടും ആർക്കും സർക്കാരുണ്ടാക്കാൻ കഴിഞ്ഞില്ല, മഹാരാഷ്ട്രിയിൽ ശ്രദ്ധ വേണ്ട അനേകം പ്രശ്‌നങ്ങളുണ്ട്. കർഷകർക്ക് അടിയന്തര സഹായം ആവശ്യമുണ്ട് അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത് അജിത് പവാർ വിശദീകരിക്കുന്നു. മഹാരാഷ്ട്രയിൽ ശക്തമായ സ്ഥിരതയുള്ള സർക്കാരുണ്ടാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അജിത് പവാറും ആവർത്തിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP