Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തന്ത്രങ്ങളുടെ രാജാവിന് ചുവട് പിഴച്ചുവെന്ന്‌ പരിഹസിച്ചിരുന്നവർക്ക് ചുട്ട മറുപടിയുമായി ഇതുവരെ പുറത്തെടുക്കാത്ത ചാണക്യ തന്ത്രവുമായി അമിത് ഷാ; അർദ്ധരാത്രി വരെ ശിവസേന സർക്കാർ ഉണ്ടാക്കുമെന്ന പ്രതീതി സൃഷ്ടിച്ച ശേഷം അതിരാവിലെ സത്യപ്രതിജ്ഞ; ഉദ്ദവ് താക്കറയും സോണിയയും പോലും വിവരം അറിയുന്നത് മോദിയുടെ ട്വീറ്റോടെ; അത്യപൂർവ്വ അട്ടിമറിക്ക് ചുക്കാൻ പിടിച്ചത് അമിത് ഷാ നേരിട്ട്; ഇത് ഇന്ത്യൻ രാഷ്ട്രീയം ഇതുവരെ കാണാത്ത അട്ടമിറി

തന്ത്രങ്ങളുടെ രാജാവിന് ചുവട് പിഴച്ചുവെന്ന്‌ പരിഹസിച്ചിരുന്നവർക്ക് ചുട്ട മറുപടിയുമായി ഇതുവരെ പുറത്തെടുക്കാത്ത ചാണക്യ തന്ത്രവുമായി അമിത് ഷാ; അർദ്ധരാത്രി വരെ ശിവസേന സർക്കാർ ഉണ്ടാക്കുമെന്ന പ്രതീതി സൃഷ്ടിച്ച ശേഷം അതിരാവിലെ സത്യപ്രതിജ്ഞ; ഉദ്ദവ് താക്കറയും സോണിയയും പോലും വിവരം അറിയുന്നത് മോദിയുടെ ട്വീറ്റോടെ; അത്യപൂർവ്വ അട്ടിമറിക്ക് ചുക്കാൻ പിടിച്ചത് അമിത് ഷാ നേരിട്ട്; ഇത് ഇന്ത്യൻ രാഷ്ട്രീയം ഇതുവരെ കാണാത്ത അട്ടമിറി

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: അഞ്ച് കൊല്ലം മുമ്പ് മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ്. ശിവസേനയുടെ പിടിവാശികൾ അതിരുകടന്നപ്പോൾ ഒറ്റയ്ക്ക് മത്സരിക്കാൻ മഹാരാഷ്ട്രയിലെ ബിജെപിക്ക് കരുത്തും ആവേശവും പകർന്നത് ബിജെപി അധ്യക്ഷൻ അമിത് ഷായായിരുന്നു. അന്ന് ഭൂരിപക്ഷത്തിന് തൊട്ടടുത്ത് ബിജെപി എത്തി. സ്വതന്ത്രരുടെ പിന്തുണയോടെ ദേവേന്ദ്ര ഫട്‌നാവീസ് മുഖ്യമന്ത്രിയായി. അതിന് ശേഷം പതിയെ ശിവസേനയുമായുള്ള അടുപ്പം കൂട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അസാധ്യമെന്ന് കരുതിയത് സാധ്യമാക്കി ശിവസേനയെ ചേർത്ത് നിർത്തി ബിജെപി മുന്നണി മഹാരാഷ്ട്രയിൽ നേട്ടമുണ്ടാക്കി. അതിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പിൽ ശിവസേനയുമായി സഖ്യത്തിൽ മത്സരിച്ചു. ഭൂരിപക്ഷവും തേടി. അതിന് ശേഷം കാലുമാറി അമിത് ഷായെ വെട്ടിലാക്കാനായിരുന്നു ശിവസേനയുടെ ശ്രമം. അമിത് ഷായുടെ ചാണക്യ തന്ത്രങ്ങൾ വിലപോവില്ലെന്നും ഉദ്ദവ് താക്കറെ വീമ്പു പറഞ്ഞു. ഇപ്പോൾ മറ്റൊരു അമിട്ട് മഹാരാഷ്ട്രയിൽ പൊട്ടിക്കുകയായിരുന്നു അമിത് ഷാ ചെയ്തത്. ഇരു ചെവിയറിയാതെ ഫട്‌നാവിസിനെ വീണ്ടും മുഖ്യമന്ത്രിയാക്കി. അങ്ങനെ അമിത് ഷാ മാജിക്ക് വീണ്ടും ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയാവുകയാണ്.

ആർക്കും കഴിയാത്തത് സാധ്യമാക്കിയ രാഷ്ട്രീയ തന്ത്രജ്ഞനാണ് അമിത് ഷാ. 2014ൽ മോദിയുടെ ബിജെപിക്ക് മുൻതൂക്കമാണ് ഏവരും പ്രവചിച്ചത്. എന്നാൽ യുപിയിലെ 80ൽ 70 സീറ്റും നൽകി രാഷ്ട്രീയത്തിലെ ഗോഡ്ഫാദറെ സ്വന്തമായി ഭൂരിപക്ഷം ഉറപ്പിച്ച് പ്രധാനമന്ത്രിയാക്കിയത് അമിത് ഷായുടെ കഷ്ടപ്പെടലായിരുന്നു. അന്ന് ബിജെപിയുടെ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി കേന്ദ്രത്തിൽ ബിജെപി അധികാരം പിടിച്ചതോടെ ദേശീയ അധ്യക്ഷനായി. നോർത്ത് ഈസ്റ്റിൽ പാർട്ടിയെ ശക്തമാക്കി. യുപിയിൽ ഭരണം പിടിച്ചു. ബംഗാളിൽ വേരോട്ടമുണ്ടാക്കി. ഒരുകാലത്ത് ബിജെപിക്ക് കഴിയില്ലെന്ന് കരുതിയത് പലതും നേടി. 2019ൽ കൂടുതൽ ഭൂരിപക്ഷത്തോടെ മോദി അധികാരത്തിൽ എത്തിയപ്പോഴും ചർച്ചയായത് അമിത് ഷായിലെ ചാണക്യനാണ്. കേന്ദ്ര ആഭ്യന്തര മന്ത്രിയായി കാശ്മീരിൽ കൊണ്ടു വന്ന മാറ്റങ്ങളും ചർച്ചയായി. അപ്പോഴൊന്നും മഹാരാഷ്ട്രയിലേത് പോലൊരു രാഷ്ട്രീയ അത്ഭുതം നടന്നിരുന്നില്ല. അത്യപൂർവ്വ അട്ടിമറിയാണ് അമിത് ഷാ ഇത്തവണ നടത്തിയത്. ഇന്ത്യൻ രാഷ്ട്രീയം ഇതുവരെ കേട്ടിട്ടില്ലാത്ത സത്യപ്രതിജ്ഞ.

തന്ത്രങ്ങളുടെ രാജാവായ അമിത് ഷായ്ക്ക് ചുവടു പഴിച്ചുവെന്ന് പരിഹസിച്ചിരുന്നവർക്ക് ചുട്ട മറുപടിയുമായി ഇതുവരെ പുറത്തെടുക്കാത്ത ചാണക്യ തന്ത്രവുമായി അമിത് ഷാ എത്തുമ്പോൾ അത് കോൺഗ്രസിനും ശിവസേനയ്ക്കും ഞെട്ടിലായി. മഹാരാഷ്ട്രയിൽ കോൺഗ്രസിനെ അടിമുടി തളർത്തുന്നതാണ് തീരുമാനം. എൻഡിഎ ക്യാമ്പിലേക്ക് എൻസിപി പോയാൽ അത് കോൺഗ്രസിന് നഷ്ടമാക്കുക ഉറ്റ ചങ്ങാതിയെയാണ്. രാഷ്ട്രീയത്തിലെ ധാർമികത ഉയർത്തി ബിജെപിയെ കുറ്റപ്പെടുത്താനും കോൺഗ്രസിന് കഴിയില്ല. ശിവസേനയെ മാറോടണച്ച കോൺഗ്രസ് അതിലും വെട്ടിലായി. അർദ്ധരാത്രി വരെ ശിവസേന സർക്കാർ ഉണ്ടാക്കുമെന്ന പ്രതീതി സൃഷ്ടിച്ച ശേഷം അതിരാവിലെ സത്യപ്രതിജ്ഞയ്ക്ക് സാഹചര്യമൊരുക്കുകയാണ് അമിത് ഷാ ചെയ്തത്. ഇരു ചെവിയറിയാതെ നടന്ന നീക്കം. ഉദ്ദവ് താക്കറയേയും സോണിയേയും പോലും വിവരം അറിയുന്നത് മോദിയുടെ ട്വീറ്റോടെയായിരുന്നു. അങ്ങനെ മറ്റൊരു മാസ്റ്റർ ഓപ്പറേഷൻ കൂടി നടപ്പാക്കുകയാണ് അമിത് ഷാ. കേന്ദ്ര ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴും ബിജെപി അധ്യക്ഷ പദവിയിൽ അമിത് ഷാ ഇരിക്കുന്നത് പാർട്ടിയെ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. മഹാരാഷ്ട്രയിൽ ഇതും നിർണ്ണായകമാണ്.

കോൺഗ്രസ്-ശിവസേന-എൻ.സി.പി സർക്കാർ രൂപീകരണത്തിന് എല്ലാ വഴിയും ഒരുക്കി ശനിയാഴ്ച ഗവർണറെ കാണാനിരിക്കെ വെള്ളിയാഴ്ച അർധരാത്രിയാണ് അട്ടിമറികൾ നടന്നത്. നിരവധി കേസുകളിൽ ഉൾപ്പെട്ട അജിത്പവാറിന് ബിജെപിയിൽ നിന്നുണ്ടായ ഭീഷണിയാണ് അജിത് പവാറിനെ എൻഡിഎ കേന്ദ്രത്തിലെത്തിച്ചതെന്ന് പറയുന്നു. ഡൽഹിയിലെ യോഗത്തിലേക്ക് ഗവർണർ ഭഗത് സിങ് കോഷിയാരി പോകാതിരുന്നതും കാര്യങ്ങൾ രാജ്ഭവന് വ്യക്തമായിരുന്നുവെന്നതിന്റെ സൂചനയാണ്. ശനിയാഴ്ച പുലർച്ചെ 5.47ന് രാഷ്ട്രപതി ഭരണം പിൻവലിക്കുകയും രാവിലെ എട്ടുമണിക്ക് സത്യപ്രതിജ്ഞ നടക്കുകയും ചെയ്തു. പ്രായോഗിക രാഷ്ട്രീയത്തിൽ അസാധ്യമായി ഒന്നുമില്ലെന്ന ചൊല്ലിനെ കൂടുതൽ ഉറപ്പിക്കുന്ന സംഭവികാസങ്ങളാണ് മഹാരാഷ്ട്രയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഒരു മാസമായി തുടരുന്ന രാഷ്ട്രീയ നാടകങ്ങൾക്ക് അപ്രതീക്ഷിത ട്വിസ്റ്റുകളോടെയുള്ള ക്ലൈമാക്സ് ആണ് ശനിയാഴ്ച രാവിലെ അരങ്ങേറിയത്.

തിരഞ്ഞെടുപ്പ് കാലത്തുണ്ടാക്കിയ ധാരണയിൽനിന്ന് ബിജെപി പിൻവാങ്ങിയെന്നാരോപിച്ചാണ് ശിവസേന മുന്നണി വിട്ടത്. മുഖ്യമന്ത്രിപദം പങ്കുവയ്ക്കുമെന്നും ആദ്യ രണ്ടര വർഷം തങ്ങൾക്കു നൽകുമെന്നുമുള്ള വാഗ്ദാനം ലംഘിക്കുകയും തങ്ങളെ വഞ്ചിക്കുകയും ചെയ്തെന്ന് ഉദ്ധവ് താക്കറെ ആരോപിച്ചിരുന്നു. സഖ്യം വിട്ട ശിവസേന എൻസിപിയെയും കോൺഗ്രസിനെയും ഒപ്പം കൂട്ടി സർക്കാർ രൂപീകരിക്കാനായി പിന്നീട് ശ്രമം. അദ്യം ഇടഞ്ഞുനിന്ന കോൺഗ്രസിനെ സാവധാനം പാളയത്തിലെത്തിക്കാനും ശിവസേനയ്ക്കു സാധിച്ചു. എല്ലാത്തിനും കുറ്റപ്പെടുത്തിയത് അമിത് ഷായെയായിരുന്നു. ശിവസേനയെ പിളർത്താൻ അമിത് ഷായെ വെല്ലുവിളിക്കുകയും ചെയ്തു. ശിവസേനയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിന് കോൺഗ്രസുമായി മധ്യസ്ഥ ചർച്ചകൾക്കെല്ലാം മുൻകൈ എടുത്തിരുന്നത് എൻസിപിയായിരുന്നു. വെള്ളിയാഴ്ച ശിവസേന, എൻ.സി.പി., കോൺഗ്രസ് നേതാക്കളുടെ യോഗത്തിൽ ഉദ്ധവ് താക്കറെയുടെ പേര് മുഖ്യമന്ത്രിസ്ഥാനത്തേക്ക് എൻ.സി.പി. അധ്യക്ഷൻ ശരദ് പവാർ ആണ് നിർദ്ദേശിച്ചത്. ശിവസേനയുടെ സഞ്ജയ് റാവുത്ത് പിന്തുണച്ചു. മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കണോയെന്ന് ആലോചിക്കാൻ സമയംവേണമെന്ന ഉദ്ധവിന്റെ അഭ്യർത്ഥന മാനിച്ചാണ് പ്രഖ്യാപനം ശനിയാഴ്ചത്തേക്ക് മാറ്റിയത്. ഇതിന് ശേഷം എല്ലാം മാറി മറിഞ്ഞു.

തൊട്ടു തലേന്നുവരെ സഖ്യകക്ഷി സർക്കാർ രൂപവത്കരണത്തിന് ചുക്കാൻ പിടിച്ച അജിത് പവാർ ഡെപ്യൂട്ടി മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ശനിയാഴ്ച പുലർച്ചെ 5.47നാണ് മഹാരാഷ്ട്രയിൽ രാഷ്ട്രപതിഭരണം പിൻവലിച്ചത്. എൻ.സി.പിയുടെ പാർലമെന്ററി പാർട്ടി നേതാവാണ് അജിത് പവാർ. ശരദ് പവാറിന്റെ അറിവില്ലാതെ അജിത് പവാർ പ്രധാന രാഷ്ട്രീയതീരുമാനങ്ങൾ എടുക്കില്ലെന്നും റിപ്പോർട്ടുണ്ട്. ശരദ് പവാറിന്റെ അനുമതിയോടെയാകും അജിത്തിന്റെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞയാഴ്ച ശരദ് പവാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതും സംശയങ്ങൾക്ക് ആക്കം കൂട്ടുന്നു. അതേസമയം എൻ.സി.പിയെ പിളർത്തിക്കൊണ്ടാണ് ബിജെപി സർക്കാർ രൂപവത്കരിക്കുന്നതെന്നും ആദ്യഘട്ടത്തിൽ റിപ്പോർട്ടുകൾ വരുന്നുണ്ട്. എൻ.സി.പിയുടെ 54 എംഎ‍ൽഎമാരിൽ 22 പേരുടെ പിന്തുണ അജിത് പവാറിനുണ്ടെന്നാണ് സൂചന. ശിവസേനയിലെ ചില എംഎ‍ൽഎമാരുമായും ചർച്ച പുരോഗമിക്കുന്നുണ്ടെന്നും വാർത്തകൾ പുറത്തുവരുന്നു. ഏതായാലും 20 പേരുടെ പിന്തുണയുണ്ടെങ്കിൽ ഫട്‌നാവീസിന് മന്ത്രിസഭയുണ്ടാക്കാം. അതുകൊണ്ട് തന്നെ അമിത് ഷാ വേണ്ടത്ര പിന്തുണ ഇതിനോടകം തന്നെ മഹാരാഷ്ട്ര സർക്കാരിന് ഉറപ്പിച്ചിട്ടുണ്ട്. പ്രാദേശിക രാഷ്ട്രീയത്തെകുറിച്ചുള്ള അമിത് ഷായുടെ ധാരണയും കണക്കുകൂട്ടലുകളുമാണ് 2014 നു ശേഷം നടന്ന എല്ലാ നിയമസഭാ തെരഞ്ഞെടുപ്പിലും കാണാൻ സാധിച്ചത്.

മണിപ്പൂരിലെ കന്നി വിജയവും, ത്രിപുരയിലെ 2 ദശാബ്ദം നീണ്ടു നിന്ന കമ്മ്യൂണിസ്റ്റ് ഭരണത്തെ വേരോടെ പിഴുതെറിഞ്ഞതുമാണ് ശ്രദ്ധേയമായ രണ്ടു നേട്ടങ്ങൾ . വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും കോൺഗ്രസ് പാടെ തുടച്ചുനീക്കപ്പെട്ടപ്പോൾ അവിടെ വെന്നിക്കൊടി പറിക്കാൻ ഷായുടെ തന്ത്രങ്ങൾക്ക് സാധിച്ചു. ഷായുടെ തേരോട്ടത്തിന്റെ കഥ ഒന്നുവേറെ തന്നെയാണ്. ഗുജറാത്തിൽ വഗേലയെ സ്വീകരിച്ച എൻ.സി.പി.യും പ്രവീൺ തൊഗാഡിയയുടെ പുതിയ പാർട്ടിയും ഭസ്മമായി. നരേന്ദ്ര മോദിയെ വെല്ലുവിളിക്കാനെത്തിയ തൊഗാഡിയയുടെ രാഷ്ട്രീയ മോഹങ്ങളെ ഗുജറാത്തിൽ തകർത്തെറിഞ്ഞ അമിത് ഷാ ബിജെപിയിലെ ഉഗ്രപ്രതാപിയായി മാറി. ബംഗാളിൽ ബിജെപിക്ക് ചലനമുണ്ടാക്കാനായതും അമിത് ഷായുടെ കഠിനാധ്വാനം. ഉത്തർ പ്രദേശ് പിടിച്ച് നോർത്ത് ഈസ്റ്റിലൂടെ ത്രിപുരയിൽ കടന്നു കയറിയ അമിത് ഷാ മോദിയുടെ തുടർഭരണത്തിൽ നിർണ്ണായക പങ്കാണ് വഹിച്ചത്.

ഗുജറാത്തിൽ മുൻപ് ആഭ്യന്തര മന്ത്രി ആയിരുന്നു അമിത് ഷാ. 54കാരനായ ഷാ കേന്ദ്രമന്ത്രിസഭയിൽ ചേരുന്നതോടെ അദ്ദേഹം പാർട്ടിയിൽ രണ്ടാം സ്ഥാനത്ത് എത്തുകയാണ്. ഭാവി പ്രധാനമന്ത്രിയായും ഉയർത്തിക്കാണിക്കും. മോദിയുടെയും ഷായുടെയും ജന്മനാടായ ഗുജറാത്തിൽ പകുതി മണ്ഡലങ്ങളിലും കഴിഞ്ഞതവണത്തേക്കാൾ ഭൂരിപക്ഷം നേടാനും ബിജെപി.ക്ക് കഴിഞ്ഞിരുന്നു. ഒരുവട്ടംകൂടി ഒരു ഗുജറാത്തിയെ പ്രധാനമന്ത്രിയാക്കുകയെന്ന അഭ്യർത്ഥനയോട് വോട്ടർമാർ ഒറ്റക്കെട്ടായി പ്രതികരിക്കുകയായിരുന്നു. കാർഷികപ്രതിസന്ധിയും ഹാർദിക് പട്ടേലിന്റെ പിന്തുണയും തുണയ്ക്കുമെന്ന് കരുതിയ സൗരാഷ്ട്രയിലെ എട്ടുമണ്ഡലവും ബിജെപി. നേടി. അങ്ങനെ സ്വന്തം തട്ടകം നിലനിർത്തിയാണ് മോദിയും അമിത് ഷായും പടയോട്ടം തുടരുന്നത്. രാജസ്ഥാനിലും മധ്യപ്രദേശിലും ചത്തീസ് ഗഡിലും ബിജെപിയെ കോൺഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചിരുന്നു. ഇത് മനസ്സിലാക്കി തന്ത്രപരമായി അമിത് ഷാ മുന്നോട്ട് നീങ്ങി. ഉത്തരേന്ത്യയിൽ ആകെ കാര്യങ്ങൾ അനുകൂലമാക്കിയതിനൊപ്പം നോർത്ത് ഈസ്റ്റും പിടിച്ചു. ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാൾ 23 സീറ്റ് അധികവും കിട്ടി. അങ്ങനെയാണ് രണ്ടാമതും മോദി പ്രധാനമന്ത്രിയായത്.

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വിദ്യാർത്ഥി സംഘടനയായ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ നേതാവായാണ് അമിത് ഷാ, തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1986 ൽ ഭാരതീയ ജനതാ പാർട്ടി അംഗമായി. ഭാരതീയ ജനതാ പാർട്ടിയുടെ യുവജന വിഭാഗമായ ഭാരതീയ ജനതാ യുവ മോർച്ചയുടെ സജീവ പ്രവർത്തകനായിരുന്നു ഷാ. പാർട്ടിയിലെ നേതൃത്വപടവുകൾ ഷാ, അതിവേഗം കീഴടക്കി. 1991 ലെ പൊതു തിരഞ്ഞെടുപ്പിൽ അദ്വാനിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു ചുക്കാൻ പിടിച്ചത് ഷാ ആയിരുന്നു. ഗുജറാത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരുന്നു, അവിടത്തെ സഹകരണപ്രസ്ഥാനങ്ങൾ. ഈ സഹകരണസംഘങ്ങളിലെല്ലാം കോൺഗ്രസ്സിനായിരുന്നു സ്വാധീനം. മോദിയും, ഷായും മുൻ തന്ത്രമുപയോഗിച്ചു തന്നെ, ഇവിടങ്ങളിൽ കോൺഗ്രസ്സിന്റെ സ്വാധീനം കുറച്ചു. 1999 ൽ ഇന്ത്യയിലെ തന്നെ വലിയ സഹകരണസ്ഥാപനങ്ങളിലൊന്നായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിന്റെ പ്രസിഡന്റായി ഷാ തിരഞ്ഞെടുക്കപ്പെട്ടു. 1990 കളിൽ നരേന്ദ്ര മോദി പാർട്ടിയുടെ ജനറൽ സെക്രട്ടറിയായതോടെ, ഷായുടെ ഉയർച്ചകൾ തുടങ്ങി. നരേന്ദ്ര മോദിയുടെ അനുഗ്രാഹിശ്ശിസുകളോടെ, ഷാ ഗുജറാത്ത് സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപ്പറേഷന്റെ ചെയർമാൻ സ്ഥാനമേറ്റെടുത്തു. ശങ്കർസിങ് വഗേല മുതലായ വിമതർ പാർട്ടിയിൽ മോദിയുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്തു തുടങ്ങിയപ്പോൾ, ഭാരതീയ ജനതാ പാർട്ടി, മോദിയെ ഗുജറാത്തിൽ നിന്നും ഡൽഹിയിലേക്കു മാറ്റി.

1997 ലെ ഉപതിരഞ്ഞെടുപ്പിൽ ഷാ സാർകേജ് മണ്ഡലത്തിൽ നിന്നും ജയിച്ച് ഗുജറാത്ത് നിയമസഭയിലെത്തി. മോദിയുടെ സ്വാധീനം മൂലമാണ് ഷാക്ക് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കുന്നത്. 1998 തിരഞ്ഞെടുപ്പിൽ ഷാ ഇതേ മണ്ഡലത്തിൽ നിന്നും ജയിച്ചു. 2001 ൽ ഭരണ കെടുകാര്യസ്ഥത ആരോപിച്ച് ഭാരതീയ ജനതാ പാർട്ടി, കേശുഭായ് പട്ടേലിന്റെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കി പകരം നരേന്ദ്ര മോദിയെ അവരോധിച്ചു. 2002 മോദി മന്ത്രിസഭയിൽ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി ഷാ സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തിനു വിവിധ വകുപ്പുകളുടെ ചുമതലകളുണ്ടായിരുന്നു. ഒരു കാലയളവിൽ 12 വകുപ്പുകൾ ഷാ കൈകാര്യം ചെയ്തിരുന്നു. ഷൊറാബ്ദീൻ കൊലക്കേസിൽ അമിത് ഷാ പൊലീസന്വേഷണത്തിനു വിധേയമായിരുന്നു. ഷൊറാബ്ദീൻ എന്ന ഗുണ്ടയുടെ ശല്യം സഹിക്ക വയ്യാതെ, ഗുജറാത്തിലെ രണ്ടു മാർബിൾ വ്യാപാരികൾ അമിത് ഷാക്കു മേൽ സമ്മർദ്ദം ചെലുത്തി പൊലീസിന്റെ സഹായത്തോടെ ഷൊറാബ്ദീനെ കൊലപ്പെടുത്തി എന്നതായിരുന്നു കേസ്. ഈ കേസെല്ലാം പിന്നീട് മാഞ്ഞു പോയി.

2002 ഗുജറാത്ത് കലാപത്തിലും, വ്യാജ ഏറ്റുമുട്ടൽ കേസിലും, ഗുജറാത്ത് സർക്കാരിനെതിരേ മൊഴി കൊടുത്ത സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരോട് അമിത് ഷാ പ്രതികാര നടപടിയെടുത്തത് ഏറെ വിവാദങ്ങൾക്കു വഴി വെച്ചിരുന്നു. 2009 ൽ അമിത് ഷാ ആഭ്യന്തര വകുപ്പു കൈകാര്യം ചെയ്തിരുന്ന കാലത്ത്, അനധികൃതമായി ഒരു വനിതയെ നിരീക്ഷിക്കാൻ പൊലീസിനോടാവശ്യപ്പെട്ടത് ഏറെ വിവാദമായിരുന്നു. ഇതോടെ ഗുജറാത്തിൽ നിന്ന് അമിത് ഷാ മാറി. പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ച മോദി അമിത് ഷായെ ഡൽഹിയിൽ സജീവമാക്കി. ബിജെപിയുടെ ജനറൽ സെക്രട്ടറിയാക്കി. ഉത്തർപ്രദേശിന്റെ ചുമതല നൽകി. തന്ത്രങ്ങളുടെ ചാണക്യൻ 80ൽ 72 സീറ്റുകൾ ഉത്തർ പ്രദേശിൽ നിന്ന് നേടി മോദിയെ പ്രധാനമന്ത്രിയാക്കി. അതിന് ശേഷം പാർട്ടി അധ്യക്ഷനായി ബിജെപിയുടെ തന്ത്രങ്ങളുടെ അമരക്കാരനുമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP