Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആന്ററി വെനം നൽകാൻ ബത്തേരിയിലെ ഡോക്ടർ പേടിച്ചത് എന്തിന്? രോഗിയോടുള്ള സ്‌നേഹക്കുറവ് കാരണമല്ല..സ്വന്തം തടിയോടുള്ള സ്‌നേഹമാണ്; ഇതു തീർത്തും നന്നല്ല; എന്തും ചെയ്യുവാനുള്ള മനക്കരുത്ത്, ജീവൻ രക്ഷിക്കുവാനുള്ള മനക്കരുത്ത് ഡോക്ടർമാർക്ക് നല്കണം: ഐഎംഎ കേരള ചാപ്റ്റർ വൈസ് പ്രസിഡന്റ് ഡോ. സുൾഫി നൂഹു എഴുതുന്നു

ആന്ററി വെനം നൽകാൻ ബത്തേരിയിലെ ഡോക്ടർ പേടിച്ചത് എന്തിന്? രോഗിയോടുള്ള സ്‌നേഹക്കുറവ് കാരണമല്ല..സ്വന്തം തടിയോടുള്ള സ്‌നേഹമാണ്; ഇതു തീർത്തും നന്നല്ല; എന്തും ചെയ്യുവാനുള്ള മനക്കരുത്ത്, ജീവൻ രക്ഷിക്കുവാനുള്ള മനക്കരുത്ത് ഡോക്ടർമാർക്ക് നല്കണം: ഐഎംഎ കേരള ചാപ്റ്റർ വൈസ് പ്രസിഡന്റ് ഡോ. സുൾഫി നൂഹു എഴുതുന്നു

ഡോ സുൽഫി നൂഹു

ഭയമുള്ള ഡോക്ടർമാർ ?

നല്ല ഡോക്ടറിന് വേണ്ട ഏറ്റവും പ്രധാനപെട്ട ഗുണങ്ങളിലൊന്ന് ധൈര്യമാണ്....

മനക്കരുത്താണ്.

കൂടാതെ

രോഗിക്ക് വേണ്ടി എല്ലാം ചെയ്യുവാനുള്ള സന്മനസ്സും. എങ്ങനെ ചെയ്യണം എന്നുള്ള വൈദ്യ വിജ്ഞാനവും.

ഇതെല്ലാം ചേരുമ്പോഴാണ് ഒരു നല്ല ഡോക്ടർ ആകുന്നത്. മറ്റെല്ലാ ഘടകങ്ങളും. ഉണ്ടെങ്കിലും അതായത് വൈദ്യ വിജ്ഞാനം, രോഗിക്ക് നല്ലതു ചെയ്യുവാനുള്ള മനസ്, അതിനുള്ള ഭൗതിക സാഹചര്യങ്ങൾ തുടങ്ങിയവ എല്ലാം ഉണ്ടെങ്കിലും രോഗിക്ക് വേണ്ടി ഇതു ചെയ്യുവാനുള്ള ധൈര്യം കുറച്ചു ശതമാനം ഡോക്ടർമാർക്കും ഇപ്പോൾ ഇല്ല എന്നുള്ളത് സത്യമാണ് .

അതിനു കാരണങ്ങൾ നാം തിരിച്ചറിയാൻ വൈകരുത്..

ബത്തേരിയിൽ സംഭവിച്ചതും ഇതു തന്നെയാണ്.

അവിടെ വൈദ്യ ചികിത്സ നൽകുവാൻ ഉള്ള ഭൗതിക സാഹചര്യങ്ങൾ ഉണ്ടായിരുന്നു. പരിമിതികൾ ഉണ്ടായിരുന്നെങ്കിൽ പോലും.

രോഗം തിരിച്ചറിയാനുള്ള വൈദഗ്ധ്യം ഉണ്ടായിരുന്നു. രോഗിക്ക് നല്ലത് വരുവാനുള്ള മനസും കൂടി ഉണ്ടായിരുന്നെന്ന് ഞാൻ കരുതുന്നു .

അവിടെയാണ് സ്വന്തം രക്ഷ കണക്കിലെടുക്കുന്ന ഡോക്ടർമാരുടെ എണ്ണം കൂടി വരുന്നുവെന്ന വസ്തുതയുടെ പ്രാധാന്യം.

ഇത് പറയുമ്പോൾ തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കുവാനുള്ള പടയൊരുക്കമാണെന്നു കരുതണ്ട.

തെറ്റ് തെറ്റ് തന്നെ.

എങ്കിലും അതിന്റ കാരണങ്ങളിലേക്ക് കൂടി ഒന്ന് ഇറങ്ങി നോക്കേണ്ടി വരും.

ഡോക്ടർമാർ ഇന്ന് പ്രാക്ടീസ് ചെയ്യുന്നത് ഡിഫെൻസിവ് മെഡിസിൻ ആണ്.

അതായത് സ്വന്തം പ്രതിരോധം ആദ്യം.

അതു കഴിഞ്ഞു മാത്രം രോഗിയുടെ ജീവൻ രക്ഷിക്കുവാനുള്ള നടപടികൾ.

ആ നിലയിലേക്ക് ഡോക്ടർമാരുടെ മനസ് പോകുന്നത് സമൂഹത്തിന് ഒരിക്കലും നല്ലതല്ല.

അതിനെന്തായിരുന്നു കാരണം എന്ന് കൂടി നാം ഒന്നു നോക്കണം.

ചികിത്സ നൽകിയാൽ,അതു പരാജയപ്പെട്ടുപോയാൽ ഡോക്ടർമാർക്കെതിരെ ആക്രമണം വരുമോ, ആരോപണം വരുമോ, തെറി അഭിഷേകം വരുമോ എന്നൊക്ക ഡോക്ടർമാർ ഇപ്പോൾ ഭയക്കുന്നു.

സമൂഹ മാധ്യമങ്ങളിൽ അവഹേളിക്കപെടുമോ എന്ന് ഭയക്കുന്നു. അതുകൊണ്ട് തന്നെ ജീവൻ രക്ഷിക്കാനുള്ള ഒരു തീരുമാനം എടുക്കുമ്പോൾ പോലും അത് തന്നെ ബാധിക്കില്ല എന്ന് ഉറപ്പു വരുത്തേണ്ട രീതയിലേക്ക് ഡോക്ടർമാരുടെ മനസ് മാറിയിരിക്കുന്നു.

ഇതു തീർത്തും നന്നല്ല.

എന്തും ചെയ്യുവാനുള്ള മനക്കരുത്ത്, ജീവൻ രക്ഷിക്കുവാനുള്ള മനക്കരുത്ത് ഡോക്ടർ മാർക്ക് നല്കണം.

. അത് നൽകുവാനുള്ള ബാധ്യത സമൂഹത്തിനും, ഭരണാധികാരികൾക്കും ഉണ്ട്.

ആന്റി സ്‌നെക്ക് വെനോം കൊടുക്കുമ്പോൾ ഉണ്ടാകാവുന്ന അപൂർവമായ ഭവിഷ്യത്തുകൾ ഡോക്ടർമാർ പറഞ്ഞു മനസിലാക്കിയാൽ , അത് നൽകുന്നതാണ് നല്ലതെന്ന് മനസിലാക്കി അത് ചെയ്യുവാനുള്ള ധൈര്യം ഡോക്ടർമാർക്ക് കൊടുക്കേണ്ട ബാധ്യത പൊതു സമൂഹത്തിനാണ്.

ആന്റി സ്നേക്ക് മരുന്ന് നൽകിയാൽ അപൂർവമായി ഉണ്ടാകുന്ന പാർശ്വഫലം രണ്ടാമത് പറയുകയും അത് നൽകേണ്ടതിന്റെ ആവശ്യകത ആദ്യം പറയുകയും ചെയ്യുന്നതാണ് ഉത്തമം.

അതിനു പകരം ഡോക്ടർ സ്വന്തം ജീവനിൽ ഭയന്നു ആദ്യം ആന്റി സ്‌നേക്ക് വനത്തിന്റെ ദൂഷ്യവശം പറഞ്ഞു വയ്ക്കുന്നത് തീർത്തും നന്നല്ല തന്നെ.

ദൂഷ്യവശം പറയേണ്ടതാണ്.

പക്ഷെ മരുന്ന് നൽകേണ്ടതിന്റെ ആവശ്യം പറയേണ്ടതാണ് ആദ്യം.

ഡോക്ടർ ചെയ്തിരിക്കുന്നത് രോഗിയോടുള്ള സ്‌നേഹക്കുറവ് കാരണമല്ല.

സ്വന്തം തടിയോടുള്ള സ്‌നേഹമാണ്.

സ്വന്തം ആത്മ രക്ഷാർത്ഥം ചെയ്ത് പോയ ഒരു പ്രവൃത്തി ആണെന്ന് പറയുമ്പോൾ എന്നെ കല്ലെറിയാൻ വരരുത്.

അത് ചുറ്റും എപ്പോഴും കണ്ടു കൊണ്ടിരിക്കുന്ന ഒരാൾ കൂടി ആണ് ഞാൻ.

ഡോക്ടർക്ക് സധൈര്യം ചികിത്സിക്കാനുള്ള ആത്മ വിശ്വാസവും കരുത്തും പകർന്നു നൽകേണ്ടത് സമൂഹത്തിന്റെ, എന്റെ, നിങ്ങളുടെ, ഭരണാധികാരികളുടെ എല്ലാം കടമയാണ്.

ഡോക്ടർക്ക് സ്വന്തം ആത്മ രക്ഷ നോക്കി ചികിൽസിക്കുന്ന തലത്തിലേക്ക് കേരളം മാറി പോയിട്ട് ഏതാണ്ട് രണ്ടു ദശകങ്ങളിൽ ഏറെ ആയിരിക്കുന്നു.

ഈ സത്യം ഇനിയും തിരിച്ചറിയാതെ പോകരുത്. മറ്റൊരു ബാലികയ്ക്കും, മറ്റൊരാൾക്കും, ആത്മ രക്ഷയെ മുൻതൂക്കം നൽകി ചികിത്സ വൈകാൻ പാടില്ല.

അതിനു മുൻകൈ എടുക്കേണ്ടത് പൊതു സമൂഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP