Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കിടപ്പു മുറിയും പാചകപ്പുരയും ഭക്ഷണ ഹാളും; ഒന്നര മാസം കൊണ്ടു പരമാവധി സംസ്ഥാനങ്ങളും നേപ്പാളും ഭൂട്ടാനും ചുറ്റാൻ ഏഴംഗ സംഘവുമായി 'പാവങ്ങളുടെ കാരവൻ' യാത്രയായി

കിടപ്പു മുറിയും പാചകപ്പുരയും ഭക്ഷണ ഹാളും; ഒന്നര മാസം കൊണ്ടു പരമാവധി സംസ്ഥാനങ്ങളും നേപ്പാളും ഭൂട്ടാനും ചുറ്റാൻ ഏഴംഗ സംഘവുമായി 'പാവങ്ങളുടെ കാരവൻ' യാത്രയായി

സ്വന്തം ലേഖകൻ

കാക്കനാട്: കിടപ്പു മുറിയും പാചകപ്പുരയും ഭക്ഷണ ഹാളും തുടങ്ങി ആവശ്യം വേണ്ട എല്ലാ സംവിധാനങ്ങളുമായി ഒന്നര മാസത്തെ ദേസ സഞ്ചാരത്തിന് 'പാവങ്ങളുടെ കാരവൻ' യാത്രയായി. ഒന്നര മാസം കൊണ്ടു പരമാവധി സംസ്ഥാനങ്ങളും നേപ്പാളും ഭൂട്ടാനും ചുറ്റാൻ ഏഴംഗ സംഘം പുറപ്പെട്ട വാഹനത്തിന് നാട്ടുകാർ നൽകിയ പേരാണ് 'പാവങ്ങളുടെ കാരവൻ'. ടെക്കികളും സർക്കാർ ജീവനക്കാരും ബിസിനസുകാരുമൊക്കെ അടങ്ങുന്ന ഏഴംഗ സംഘമാണ് വാഹനത്തിലുള്ളത്.

40-45 ദിവസത്തെ സഞ്ചാരത്തിനിടെ ഭക്ഷണത്തിനും കിടപ്പിനും പരാശ്രയം വേണ്ടെന്ന തീരുമാനമാണു വാഹനത്തിൽ തന്നെ 'ഫുഡ് ആൻഡ് അക്കൊമഡേഷൻ' ആശയത്തിനു പിന്നിൽ. മോട്ടർ വാഹന നിയമം പാലിച്ചാണു വാഹനത്തിലെ ക്രമീകരണമെന്നു സഞ്ചാരികൾ പറഞ്ഞു. ഓട്ടം നിർത്തി പാർക്ക് ചെയ്യുമ്പോൾ മാത്രമേ കിടപ്പു മുറിയും പാചകപ്പുരയും ഭക്ഷണ ഹാളുമൊക്കെ വാഹനത്തിൽ പ്രത്യക്ഷപ്പെടൂ. വാഹനത്തിനു മുകളിലാണു കിടപ്പു മുറി രൂപപ്പെടുത്തുന്നത്. പാചകമുറിയും ഡൈനിങ് ഹാളും കിടപ്പുമുറിയുമൊക്കെ പെട്ടെന്നു ക്രമീകരിക്കാവുന്ന വിധമാണു വാഹനത്തിലെ സംവിധാനം.

താമസത്തിനും ഭക്ഷണത്തിനും വാഹനത്തിൽ സ്ഥലമുള്ളതിനാൽ യാത്രാ ചെലവു കുറയും.മിനിറ്റുകൾക്കകം ടർപോളിൻ ഷീറ്റ് കൊണ്ടു മുകൾ ഭാഗം മറച്ചു ഹാൾ ആക്കി മാറ്റാവുന്ന സംവിധാനമാണിത്. വാഹനത്തിന്റെ വശങ്ങളിലേക്കു പന്തൽ പോലെ രൂപപ്പെടുത്താവുന്ന ക്രമീകരണവുമുണ്ട്. ഈ പന്തലിലാണ് ഊണു മേശ സജ്ജമാകുന്നത്. സഞ്ചരിക്കുന്ന വേളയിൽ ഇവയെല്ലാം ചുരുട്ടി വയ്ക്കാമെന്നതാണു പ്രത്യേകത. ശുചിമുറി സൗകര്യം മാത്രം വാഹനത്തിലില്ല. വഴി മധ്യേയുള്ള പൊതു ശുചിമുറികളെ ആശ്രയിക്കും. സഞ്ചാരികൾ പണം വീതം വച്ചു പഴയ വാഹനം വാങ്ങിയത് ഒന്നരമാസത്തെ യാത്രയ്ക്കു വേണ്ടി മാത്രമാണ്. 10 സീറ്റുണ്ട്. 7 പേരേ യാത്രയ്ക്കുള്ളുവെന്നതിനാൽ സൗകര്യം കൂടുതലാണ്. യാത്ര കഴിഞ്ഞു തിരിച്ചെത്തിയാലുടൻ വാഹനം വിൽക്കും.

ചായക്കട നടത്തി സമ്പാദ്യമുണ്ടാക്കി ലോകം ചുറ്റുന്ന വിജയൻ മോഹന ദമ്പതികളാണു വൈറ്റിലയിൽ യാത്രാ സംഘത്തെ ഫ്‌ളാഗ് ഓഫ് ചെയ്തത്. സഞ്ചാര പ്രിയരുടെ സമൂഹ മാധ്യമ കൂട്ടായ്മയായ നാവിഗേറ്ററിൽ നിന്നാണ് ആശയം കിട്ടിയത്. ലിനോ, ഷിയാസ്, ഫസൽ, അഫ്‌സൽ, മനോജ്, നാസർ, റഫീഖ് എന്നിവരാണു സംഘത്തിലുള്ളത്. 'ഡ്രീം റൈഡ് 360' യുട്യൂബ് ചാനലും ഇവർക്കു സ്വന്തമായുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP