Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വയനാട്ടിലെ മുഴുവൻ സ്‌കൂളും പരിസരവും ഉടൻ വൃത്തിയാക്കണം; സർവജന വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ അടിയന്തര സാഹചര്യത്തിൽ ഇടപെടുന്നതിൽ സ്‌കൂൾ അധികൃതർക്ക് വീഴ്ച പറ്റി; കളിസ്ഥലത്തും വിവിധ ആവശ്യങ്ങൾക്ക് സ്‌കൂളിൽ സ്ഥാപിച്ചിരിക്കുന്ന ബോക്‌സുകളിലും പാമ്പ് വരാനുള്ള സാഹചര്യം ഇല്ല എന്ന് അദ്ധ്യാപകർ ഉറപ്പുവരുത്തണം; ക്ലാസ് മുറിയിൽ കുട്ടികൾ ചെരിപ്പ് ഉപയോഗിക്കുന്നത് വിലക്കരുത്; ഷെഹലാ ഷെറിന്റെ മരണത്തിൽ ഉയരുന്നത് വ്യാപക പ്രതിഷേധം; നടപടിക്ക് സർക്കാർ

വയനാട്ടിലെ മുഴുവൻ സ്‌കൂളും പരിസരവും ഉടൻ വൃത്തിയാക്കണം; സർവജന വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ അടിയന്തര സാഹചര്യത്തിൽ ഇടപെടുന്നതിൽ സ്‌കൂൾ അധികൃതർക്ക് വീഴ്ച പറ്റി; കളിസ്ഥലത്തും വിവിധ ആവശ്യങ്ങൾക്ക് സ്‌കൂളിൽ സ്ഥാപിച്ചിരിക്കുന്ന ബോക്‌സുകളിലും പാമ്പ് വരാനുള്ള സാഹചര്യം ഇല്ല എന്ന് അദ്ധ്യാപകർ ഉറപ്പുവരുത്തണം; ക്ലാസ് മുറിയിൽ കുട്ടികൾ ചെരിപ്പ് ഉപയോഗിക്കുന്നത് വിലക്കരുത്; ഷെഹലാ ഷെറിന്റെ മരണത്തിൽ ഉയരുന്നത് വ്യാപക പ്രതിഷേധം; നടപടിക്ക് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: ദുരന്തം ഉദ്യോഗസ്ഥരുടെ കണ്ണു തുറപ്പിച്ചു. വയനാട്ടിലെ മുഴുവൻ സ്‌കൂളും പരിസരവും ഉടൻ വൃത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടറുടെ ഉത്തരവ്. സുൽത്താൻ ബത്തേരിയിലെ ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ ക്ലാസ് മുറിയിൽ നിന്ന് പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി ഷെഹലാ ഷെറിൻ മരിച്ചതിനെ തുടർന്നാണ് നടപടി. ഇന്ന് തന്നെ ജില്ലയിലെ എല്ലാ സ്‌കൂളും പരിസരവും വൃത്തിയാക്കണമെന്നാണ് നിർദ്ദേശം. കളിസ്ഥലങ്ങളിൽ അടക്കം വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു. വയനാട് ജില്ലയിലെ മുഴുവൻ സ്‌കൂളുകൾക്കും ഉത്തരവ് നൽകിയിട്ടുണ്ട്. സ്‌കൂളുകളുടെ സുരക്ഷ ഉറപ്പുവരുത്താൻ ജില്ലാ കളക്ടറും കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അന്വേഷണ റിപ്പോർട്ട്, ഇന്ന് കളക്ടർക്ക് കൈമാറും. വയനാട്ടിൽ ഇന്ന് കെഎസ്‌യു വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഇടപെടൽ നടത്തുന്നത്. അതിനിടെ ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് വിദ്യാർത്ഥിനിയായ ഷെഹല ഷെറിൻ മരിക്കാനിടയായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ചികിത്സ ലഭ്യമാക്കുന്നതിൽ അനാസ്ഥയോ അലംഭാവമോ കാട്ടിയവർക്കുമേൽ യുക്തമായ നടപടി ഉറപ്പാക്കാൻ ഇടപെടുമെന്നും അദ്ദേഹം ഫേയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

സർവജന വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ അടിയന്തര സാഹചര്യത്തിൽ ഇടപെടുന്നതിൽ സ്‌കൂൾ അധികൃതർക്ക് വീഴ്ച പറ്റിയെന്ന് ഉത്തരവ് വിശദീകരിക്കുന്നു. ജാഗ്രതക്കുറവ് തുടർന്നാൽ നടപടിയെടുക്കും. എല്ലാ ക്ലാസ് മുറികളും പ്രധാന അദ്ധ്യാപകൻ പിടിഎയുടെ നേതൃത്വത്തിൽ ഇന്ന് തന്നെ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തണം, ടോയ്ലറ്റും ടോയ്ലറ്റിലേക്ക് പോകുന്ന വഴികളും ഇന്നു തന്നെ വൃത്തിയാക്കണം എന്നും ഉത്തരവിൽ നിർദ്ദേശമുണ്ട്. ക്ലാസ് മുറിയിൽ കുട്ടികൾ ചെരിപ്പ് ഉപയോഗിക്കുന്നത് വിലക്കരുത്. എല്ലാമാസവും പരിശോധന തുടരണമെന്നും നിർദ്ദേശം. കളിസ്ഥലത്തും വിവിധ ആവശ്യങ്ങൾക്ക് സ്‌കൂളിൽ സ്ഥാപിച്ചിരിക്കുന്ന ബോക്‌സുകളിലും പാമ്പ് വരാനുള്ള സാഹചര്യം ഇല്ല എന്ന് അദ്ധ്യാപകർ ഉറപ്പുവരുത്തണം. ഈ നിർദ്ദേശങ്ങൾ സ്‌കൂളിലെ അദ്ധ്യാപകർ പാലിച്ചില്ലെങ്കിൽ കർശന നടപടിയെടുക്കുമെന്നും ഉത്തരവിൽ പറയുന്നു.

വയനാട്ടിലെ സ്‌കൂളുകളുടെ സുരക്ഷ നേരിട്ട് പരിശോധിക്കാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് വയനാട് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. പാമ്പുകടിയേറ്റാൽ എന്ത് ചെയ്യണം എന്നതിൽ സർക്കാർ, സ്വകാര്യ ആശുപത്രികൾക്ക് പരിശീലനം നൽകണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്കും കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന് ജില്ലാ മെഡിക്കൽ ഓഫീസർ നേതൃത്വം നൽകണം. പരിശീലനം അവഗണിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു. ഇത്തരം അപകടങ്ങൾ ഉണ്ടാകുമ്പോൾ എങ്ങനെ പ്രതികരിക്കണം, അടിയന്തരമായി ചെയ്യേണ്ടത് എന്തൊക്കെ എന്ന് കുട്ടികളെ പഠിപ്പിക്കേണ്ടവരാണ് അദ്ധ്യാപകർ. ഇവിടെ കുട്ടികൾ പറയുന്നത്, തങ്ങൾ ആവശ്യപ്പെട്ടിട്ടും ചില അദ്ധ്യാപകർ ഷെഹല ഷെറിനെ വേണ്ട സമയത്തു ആശുപത്രിയിൽ എത്തിക്കാൻ തയാറായില്ല എന്നാണ്. രക്ഷിതാക്കൾ എത്തിയ ശേഷം മാത്രമാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതെന്നും ഈ കുട്ടികൾ പറയുന്നുണ്ട്.

ഷെഹല ഷെറിന്റെ മരണം അത്യന്തം ദുഃഖകരമാണ്. ആ കുഞ്ഞിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രിയും വിശദീകരിച്ചിരുന്നു. അനാസ്ഥയോ അലംഭാവമോ കാട്ടിയവർക്കുമേൽ യുക്തമായ നടപടി ഉറപ്പാക്കാൻ ഇടപെടുകയും ചെയ്യും- മുഖ്യമന്ത്രി ഫേയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. വയനാട്ടിലെ സ്‌കൂളുകളുടെ സുരക്ഷ നേരിട്ട് പരിശോധിക്കാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് വയനാട് ജില്ലാ കളക്ടറുടെ നിർദ്ദേശവും എത്തിക്കഴിഞ്ഞു. പാമ്പുകടിയേറ്റാൽ എന്ത് ചെയ്യണം എന്നതിൽ സർക്കാർ, സ്വകാര്യ ആശുപത്രികൾക്ക് പരിശീലനം നൽകണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്കും കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന് ജില്ലാ മെഡിക്കൽ ഓഫീസർ നേതൃത്വം നൽകണം. പരിശീലനം അവഗണിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

ആശുപത്രിയിലെ ഡോക്ടർക്കെതിരേയും നടപടി വരും. കുട്ടിയുടെ ആരോഗ്യനില മോശമായി തുടങ്ങിയ വേളയിൽ താൻ നിർബന്ധിച്ചിട്ടും ആന്റിവെനം നൽകാൻ തയ്യാറായില്ലെന്നും ഷെഹ്ല ഷെറിന്റെ പിതാവ് പറഞ്ഞു. താൻ വരുന്നതിന് മുമ്പ് തന്നെ സ്‌കൂൾ അധികൃതർക്ക് കുട്ടിയെ ആശുപത്രിയിൽ എത്തിക്കാമായിരുന്നു. താൻ വന്നിട്ട് ആശുപത്രിയിൽ എത്തിച്ചാൽ മതിയെന്ന് പറഞ്ഞിട്ടില്ല. പാമ്പ് കടിയേറ്റത് വളരെ സിംപിളായാണ് ആശുപത്രി അധികൃതർ കണ്ടതെന്നും അച്ഛൻ പറഞ്ഞു. വൈകുന്നേരം മൂന്നര കഴിഞ്ഞാണ് സ്‌കൂളിൽ നിന്ന് ഫോൺ വിളിച്ചത്. ലീഗൽ സർവീസിൽ ജോലി ചെയ്യുന്ന സമയത്താണ് വിളിച്ചത്. പത്ത് മിനിറ്റ് കൊണ്ട് സ്‌കൂളിൽ എത്താവുന്ന ദൂരമേയുള്ളൂ സ്‌കൂളിലേക്ക്. സ്‌കൂളിൽ കുട്ടിയെ കാണുമ്പോൾ കാലു കെട്ടിവച്ച നിലയിലായിരുന്നു. കാലിന് താഴെ പാമ്പ് കടിച്ചതിന്റെ പാടും കണ്ടിരുന്നു. കാലിന് നീല നിറം വച്ചിരുന്നു. നീല നിറം കണ്ടപ്പോൾ തന്നെ പാമ്പ് കടിച്ചതാണെന്ന് തോന്നിയിരുന്നെന്നും പിതാവ് പറഞ്ഞു.

മൂന്നേകാലോടെയാണ് ഇത് സംഭവിച്ചത്. കുട്ടിയെ തോളത്ത് എടുത്തിട്ട് അസംഷൻ ആശുപത്രിയിലേക്കാണ് ആദ്യം പോയത്. ക്യാഷ്വാലിറ്റിയിൽ കുട്ടിയെ പ്രവേശിപ്പിച്ചു. പാമ്പ് കടിച്ച പാടാണിതെന്നും ആന്റിവെനം ഇല്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഉടൻ തന്നെ കുട്ടിയെ ഓട്ടോയിൽ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെയും ക്യാഷ്വാലിറ്റിയിൽ തന്നെയാണ് കാണിച്ചത്. പാമ്പ് കടിച്ചതിന്റെ പാടുണ്ടെന്നും കുട്ടിയുടെ കണ്ണുകൾ അടഞ്ഞുപോകുന്നതായും ഡോക്ടറോട് പറഞ്ഞു. ആന്റിവെനം കൊടുക്കണമെങ്കിൽ ഒബ്സർവേഷനിൽ വയ്ക്കാതെ പറ്റില്ലെന്ന് ഡോക്ടർ പറഞ്ഞു. മുക്കാൽ മണിക്കൂറോളം ഒബ്സർവേഷനിൽ കിടത്തണമെന്ന് പറഞ്ഞു. അതിനിടെ രക്തം എടുത്ത് പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലം വരാൻ അര മണിക്കൂർ കഴിയുമെന്ന് പറഞ്ഞു. ഇതിനിടെ കുട്ടി ഛർദ്ദിച്ചു. ഉടൻ തന്നെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. അതേസമയം കുട്ടിക്ക് ആന്റിവെനം കൊടുക്കാൻ താൻ നിർബന്ധിച്ച് പറഞ്ഞിട്ടും ഡോക്ടർ ചെവിക്കൊണ്ടില്ലെന്നും പിതാവ് പറഞ്ഞു.

മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് കൽപ്പറ്റ കഴിഞ്ഞപ്പോൾ തന്നെ കുട്ടിയുടെ ആരോഗ്യനില വഷളായിരുന്നു. ആംബുലൻസ് ഡ്രൈവർ താലൂക്ക് ആശുപത്രിയിലേക്ക് വിളിച്ചു. വൈത്തിരി ആശുപത്രിയിൽ കാണിക്കാൻ പറഞ്ഞു. പിന്നീട് അവിടെ പോയി. അവിടെ ഒന്നും ചെയ്യാനായില്ല. ചേലോട് ആശുപത്രിയിൽ വിഷ ചികിത്സയുണ്ട്. അവിടേക്ക് പോകാൻ നിർദ്ദേശിച്ചു. അപ്പോഴേയക്കും കുട്ടി ശ്വാസം നിലക്കാറായ അവസ്ഥയിലായിരുന്നു. അര മണിക്കൂർ കഴിഞ്ഞപ്പോൾ മരണം സംഭവിച്ചുവെന്നും പിതാവ് പറഞ്ഞു. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. അതേസമയം, കുട്ടിയുടെ ചികിത്സയിൽ വീഴച വന്നതിലും എന്തുകൊണ്ട് ആന്റിവെനം നൽകിയില്ലെന്നതിലും അന്വേഷണം തുടങ്ങി. ജില്ലാ ഡെപ്യൂട്ടി ഡിഎംഒയാണ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നത്. സംഭവത്തിൽ അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥും ഉത്തരവിട്ടു.

അദ്ധ്യാപികയെ ശകാരിച്ച അദ്ധ്യാപകൻ

പാമ്പ് കടിയേറ്റ് സ്‌കൂൾ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ ഏറെ ചർച്ചയാകുന്നുണ്ട്. ഷെഹ്ലയെ ആശുപത്രിയിൽ കൊണ്ടുപോകാൻ അദ്ധ്യാപിക ലീന നിരവധി തവണ പറഞ്ഞിരുന്നുവെന്നും എന്നാൽ അദ്ധ്യാപകൻ തിരിച്ച് ടീച്ചറെ ശകാരിക്കുകയായിരുന്നെന്നും വെളിപ്പെടുത്തലുമായി സഹപാഠികൾ. പാമ്പ് കടിച്ചുവെന്ന് ഷെഹ്ല പറഞ്ഞിട്ടും ആശുപത്രിയിൽ എത്തിച്ചില്ല. അദ്ധ്യാപകൻ ഷിജിൽ ലീന ടീച്ചറുടെ ആവശ്യം നിരസിക്കുകയായിരുന്നെന്നും തുടർന്ന് അദ്ധ്യാപിക സ്‌കൂൾ വിട്ട് ഇറങ്ങിപ്പോയെന്നും കുട്ടികൾ പറഞ്ഞു.

ഷെഹ്ല നിന്ന് വിറയ്ക്കുകയായിരുന്നു. എന്നാൽ കുട്ടിയെ പാമ്പ് കടിച്ചതല്ല, ആണി കൊണ്ടതാണെന്നാണ് അദ്ധ്യാപകൻ പറഞ്ഞത്. ഇന്നലെ വൈകിട്ട് മുന്ന് മണി കഴിഞ്ഞാണ് ഷെഹ്ല ഷെറിന് ക്ലാസിൽ വച്ച് പാമ്പുകടിലേറ്റത്. ക്ലാസ് മുറിയിലെ പൊത്തിൽ കാലുടക്കിയപ്പോഴായിരുന്നു സംഭവം. പാമ്പ് കടിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടില്ലെന്നും കാൽ പൊത്തിൽ പോറിയതാണെന്ന് കരുതി പ്രഥമശുശ്രൂഷ നൽകിയെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു.

സ്‌കൂൾ കെട്ടിടത്തിൽ ഇന്ന് രക്ഷിതാക്കൾ നടത്തിയ പരിശോധനയിൽ ക്ലാസ് മുറികളിൽ നിരവധി മാളങ്ങൾ കണ്ടെത്തി. എന്നാൽ ഇതൊന്നും ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് അദ്ധ്യാപകരുടെ വാദം. അധ്യയന വർഷാരംഭത്തിൽ ഫിറ്റ്നസ് പരിശോധിക്കണമെന്ന നിബന്ധനയും പാലിക്കപ്പെട്ടില്ല. വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടറും ഡി.എം.ഒയും അന്വേഷണം തുടങ്ങി. റിപ്പോർട്ട് സർക്കാരിനെ അറിയിച്ച് നടപടി എടുക്കുമെന്ന് കലക്ടർ അദീല അബ്ദുള്ള അറിയിച്ചു.

ദുരന്തമുണ്ടായത് വയനാട്ടിലെ പഴക്കമേറിയ വിദ്യാലയത്തിൽ

പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച ബത്തേരി ഗവ. സർവജന ഹയർസെക്കൻഡറിയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് എൽഡിഎഫ് സർക്കാർ ഈയിടെ അനുവദിച്ചത് ഒരു കോടി രൂപ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് ഫണ്ട് അനുവദിച്ചത്. പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച ക്ലാസ് മുറിയടക്കമുള്ള കെട്ടിടം പുതുക്കി പണിയുന്നതിനാണ് തുക അനുവദിച്ചത്. ഇതിനുള്ള നടപടി പുരോഗമിക്കുന്നതിനിടയിലാണ് വിദ്യാർത്ഥിനിയുടെ ദാരുണാന്ത്യം.

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്. ഈ കെട്ടിടത്തിലെ ക്ലാസ് മുറിയിലെ സിമന്റിട്ട തറയിലെ പൊത്തിൽനിന്നാണ് വിദ്യാർത്ഥിനിക്ക് പാമ്പുകടിയേറ്റത്. നേരത്തെതന്നെ പൊത്ത് അദ്ധ്യാപകരുടെയും പിടിഎയുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ ഇത് അടയ്ക്കാൻ തയ്യാറായില്ല. നഗരസഭാ അധികൃതരേയും വിവരം അറിയിച്ചില്ല. ക്ലാസ് മുറിയിൽ വിദ്യാർത്ഥികളെ ചെരിപ്പിടാനും അനുവദിക്കാറില്ല. ചെരിപ്പിട്ടിരുന്നെങ്കിൽ വിദ്യാർത്ഥിനിക്ക് കാലിൽ പാമ്പ് കടിയേൽക്കില്ലായിരുന്നു. മറ്റ് ക്ലാസ് മുറികളിൽ ചിലതും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. ശൗചാലയങ്ങളും സ്‌കൂൾ പരിസരവും വൃത്തിഹീനമാണ്. ഇവ വൃത്തിയായി സൂക്ഷിക്കുന്നതിൽ സ്‌കൂൾ അധികൃതർ വലിയ വീഴ്ചയാണ് വരുത്തിയത്.

നഗരത്തിലെ ആദ്യത്തെ സർക്കാർ ഹൈസ്‌കൂളായ സർവജനയിലെ ക്ലാസ്മുറിയിൽനിന്നും പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച ദാരുണ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് സിപിഐ എം ബത്തേരി ഏരിയാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സ്‌കൂൾ അധികൃതരിൽ ചിലരുടെയും പിടിഎയുടെയും അനാസ്ഥ കാരണമാണ് പൊട്ടിപ്പൊളിഞ്ഞ ക്ലാസ്മുറിയിലെ പൊത്തിൽ നിന്നും വിദ്യാർത്ഥിനിക്ക് പാമ്പുകടിയേറ്റത്. ആശുപത്രിയിൽ എത്തിക്കുന്നതിൽ വരുത്തിയ കാലതാമസമാണ് കുട്ടിയുടെ ജീവൻ നഷ്ടപ്പെടുത്തിയത്. സമഗ്രമായ അന്വേഷണത്തിലൂടെ സംഭവത്തിലെ അനാസ്ഥ പുറത്തു കൊണ്ടുവന്ന് കുറ്റക്കാർക്കെതിരെ നടപടി എടുക്കണം.

ഗവ. സർവജന ഹൈസ്‌കൂളിലെ ക്ലാസ്മുറിയിൽനിന്നും പാമ്പുകടിയേറ്റ അഞ്ചാം ക്ലാസുകാരി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ ഡിവൈഎഫ്‌ഐ ബത്തേരി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകും. കെ വൈ നിഥിൻ അധ്യക്ഷനായി. എം എസ് ഫെബിൻ, നിധീഷ് സോമൻ, അഹ്‌നാസ് എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP