Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഷെഹല ഷെറിൻ മരിച്ച സംഭവത്തിൽ അനാസ്ഥയോ അലംഭാവമോ കാട്ടിയവർക്ക് കർശന നടപടി എന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; ആരോപണ വിധേയനായ അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കും സസ്‌പെൻഷൻ; ഡോ. സൂരജിനെ ചുമതലകളിൽ നിന്നും മാറ്റി നിർത്താൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചത് ഗുരുതരമായ വീഴ്‌ച്ചകൾ സംഭവിച്ചു എന്ന കണ്ടെത്തലിനെ തുടർന്ന്; ഡോക്ടർ ആശയക്കുഴപ്പമുണ്ടാക്കി എന്ന് അന്വേഷണ സംഘം

ഷെഹല ഷെറിൻ മരിച്ച സംഭവത്തിൽ അനാസ്ഥയോ അലംഭാവമോ കാട്ടിയവർക്ക് കർശന നടപടി എന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; ആരോപണ വിധേയനായ അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കും സസ്‌പെൻഷൻ; ഡോ. സൂരജിനെ ചുമതലകളിൽ നിന്നും മാറ്റി നിർത്താൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചത് ഗുരുതരമായ വീഴ്‌ച്ചകൾ സംഭവിച്ചു എന്ന കണ്ടെത്തലിനെ തുടർന്ന്; ഡോക്ടർ ആശയക്കുഴപ്പമുണ്ടാക്കി എന്ന് അന്വേഷണ സംഘം

മറുനാടൻ ഡെസ്‌ക്‌

സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ നിന്ന് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ കുട്ടിയുടെ കുടുംബത്തെ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ അനാസ്ഥയോ അലംഭാവമോ കാട്ടിയവർക്ക് മേൽ യുക്തമായ നടപടി ഉറപ്പാക്കാൻ ഇടപെടും എന്നും മുഖ്യമന്ത്രി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഷെഹല ഷെറിൻ ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റു മരിക്കാനിടയായ സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരം അപകടങ്ങൾ ഉണ്ടാകുമ്പോൾ എങ്ങനെ പ്രതികരിക്കണം, അടിയന്തരമായി ചെയ്യേണ്ടത് എന്തൊക്കെ എന്ന് കുട്ടികളെ പഠിപ്പിക്കേണ്ടവരാണ് അദ്ധ്യാപകർ. ഇവിടെ കുട്ടികൾ പറയുന്നത്, തങ്ങൾ ആവശ്യപ്പെട്ടിട്ടും ചില അദ്ധ്യാപകർ ഷെഹല ഷെറിനെ വേണ്ട സമയത്തു ആശുപത്രിയിൽ എത്തിക്കാൻ തയാറായില്ല എന്നാണ്. രക്ഷിതാക്കൾ എത്തിയ ശേഷം മാത്രമാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതെന്നും ഈ കുട്ടികൾ പറയുന്നുണ്ട് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഗുരുതരമായ കൃത്യവിലോപം കാട്ടിയതിന്റെ പേരിൽ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ സസ്‌പെൻഡ് ചെയ്തു. ബത്തേരി താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. സൂരജിനെ ചുമതലകളിൽ നിന്ന് മാറ്റി നിർത്താൻ വയനാട് ഡി.എം.ഒ ഉത്തരവിട്ടു. ഡോക്ടർ ആന്റിവെനം നൽകാൻ അനുമതി ചോദിച്ച് ഡോക്ടർ ആശയക്കുഴപ്പം ഉണ്ടാക്കി എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. രക്ഷിതാക്കൾ ആന്റിവെനം നൽകാൻ അനുമതി നൽകിയില്ല എന്നായിരുന്നു ഡോക്ടർ നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ, ഡെപ്യൂട്ടി ഡിഎംഓ, എൻആർച്ച്എം ഡിപിഎം എന്നിവർ നടത്തിയ അന്വേഷണത്തിൽ ഡോക്ടറുടെ ഭാഗത്ത് ഗുരുതരമായ വീഴ്‌ച്ച പറ്റി എന്ന് കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ അനാസ്ഥ കാണിച്ചെന്ന് ആരോപണവിധേയനായ അദ്ധ്യാപകനെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. പ്രാഥമികാന്വേഷണത്തിന് ശേഷമാണ് അദ്ധ്യാപകനെതിരെ നടപടിയെടുത്തത്. അദ്ധ്യാപകൻ ഷാജിലിന് സസ്പെൻഷനും മറ്റ് അദ്ധ്യാപകർക്ക് മെമോയും നൽകിയിട്ടുണ്ട്. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി. കുട്ടിക്ക് പാമ്പുകടിയേറ്റെന്ന് പറഞ്ഞിട്ടും, ആശുപത്രിയിലെത്തിക്കാൻ ഷജിൽ എന്ന സയൻസ് അദ്ധ്യാപകൻ തയ്യാറായില്ല എന്ന് വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ക്ലാസ് മുറിയിൽവെച്ച് ഷഹ്ല ഷെറിന് പാമ്പുകടിയേറ്റത്. സിമന്റ് തറയിൽ കാല് കുടുങ്ങുകയും കാലിൽ മുറിവ് പറ്റിയതായും ആണ് ആദ്യം അദ്ധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടത്. പാമ്പ് കടിച്ചതാണെന്ന് വിദ്യാർത്ഥി പറഞ്ഞെങ്കിലും അദ്ധ്യാപകർ ഗൗനിച്ചില്ലെന്ന് ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥികൾ പറയുന്നു. രക്ഷിതാവിനെ വിവരമറിയിക്കാൻ തന്നെ ഒരുമണിക്കൂറോളം വൈകിയെന്നും കുട്ടികൾ പറയുന്നു.

അതേസമയം സ്‌കൂൾ അധികൃതർക്കെതിരെ പ്രതിഷേധം പുകയുകയാണ്. കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ വൈകിച്ചതും ക്ലാസ് മുറികൾ വേണ്ട രീതിയിൽ പരിപാലിക്കാത്തതുമാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് രക്ഷിതാക്കൾ ആരോപിച്ചു. പൂട്ടിയിട്ട സ്റ്റാഫ് റൂം നാട്ടുകാർ അടിച്ച് തകർത്തു. പ്രതിഷേധം ഭയന്ന് സ്റ്റാഫ് റൂം പൂട്ടിയിട്ട് അതിനകത്തിരിക്കുകയായിരുന്നു അദ്ധ്യാപകർ. ഈ മുറിയുടെ പൂട്ടാണ് നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് പൊളിച്ച് അകത്തേക്ക് കയറിയത്.

കുട്ടിയുടെ മരണത്തിന് കാരണം അദ്ധ്യാപകരുടെ അനാസ്ഥയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. വൃത്തിഹീനമായ അന്തരീക്ഷമാണ് സ്‌കൂളിലുള്ളത്. എന്നിട്ടും സിമന്റിട്ട വൃത്തിഹീനമായ തറയിൽ ചെരുപ്പിട്ട് കയറാൻ വിദ്യാർത്ഥികളെ സ്‌കൂൾ അധികൃതർ സമ്മതിച്ചിരുന്നില്ല.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. സംഭവത്തിൽ സ്‌കൂളിന്റെ ഭാഗത്ത് വീഴ്‌ച്ച പറ്റിയിട്ടുണ്ട്. സ്‌കൂൾ കെട്ടിടം പുതുക്കിപ്പണിയാൻ നേരത്തേ പണം അനുവദിച്ചിരുന്നു. കുഴികൾ അടയ്ക്കാൻ നിർദ്ദേശം നൽകിയെന്നും മന്ത്രി പറഞ്ഞു. ചെരുപ്പിടാതെ ക്ലാസിൽ കയറണമെന്ന ഒരു നിർദ്ദേശവും നിലവിലില്ല. സംഭവം ആവർത്തിക്കാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

എന്നാൽ സ്‌കൂൾ പിടിഎക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പ്രതികരിച്ചത്. ബത്തേരി സ്‌കൂളിലെ പിടിഎയ്ക്ക് എന്തായിരുന്നു പണിയെന്ന് അദ്ദേഹം ചോദിച്ചു. പിടിഎയുടെ ജോലിയാണ് ക്ലാസ് മുറികളിലെ മാളങ്ങൾ അടയ്‌ക്കേണ്ടത്. വിദ്യാഭ്യാസ വകുപ്പോ എൻജിനിയറോ വന്ന് നോക്കേണ്ട കാര്യമൊന്നുമല്ല ഇത്. സ്‌കൂൾ പിടിഎയ്ക്ക് മറ്റെന്തായിരുന്നു അവിടെ ജോലിയെന്നും മന്ത്രി ചോദിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് സ്‌കൂൾ തല്ലിത്തകർത്തത് തെറ്റായ നടപടിയാണ്. ചെറുപ്പക്കാരായ പത്തുപതിനഞ്ചു പേർ വന്ന് അക്രമാസക്തമായി സ്‌കൂൾ തല്ലിത്തകർക്കുകയായിരുന്നു. കുട്ടി മരിച്ചതിനു കാരണം സ്‌കൂൾ ആണ് എന്ന മട്ടിലാണ് അവർ പെരുമാറിയതെന്നും ജി സുധാകരൻ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP