Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓരോ കൽപ്പാത്തി രഥോൽസവക്കാലവും പറഞ്ഞിരുന്നത് മാല മോഷണത്തിന്റെ കണ്ണീർക്കഥകൾ; അണിഞ്ഞിരുന്ന വസ്ത്രങ്ങളിൽ മാല പിൻ ചെയ്ത് പ്രതിരോധം; പൊട്ടിക്കാൻ ശ്രമിക്കുന്നവരുടെ കൈയിൽ പെട്ടെന്ന് കഴുത്തിലെ മാല എത്താതെ നോക്കി പൊലീസിന്റെ തന്ത്രപരമായ നീക്കം; ഒറ്റ സേഫ്റ്റിപിൻ കൊണ്ട് പാലക്കാട്ടെ മോഷണ മാഫിയയെ വെട്ടിലാക്കി എസ് പി ശിവവിക്രം; സ്ത്രീകൾക്ക് സൗജന്യമായി പിന്നു നൽകിയും പ്രചരണം കൊഴുപ്പിച്ചും രഥോൽസവം തസ്‌കര വിമുക്തമാക്കിയ കഥ

ഓരോ കൽപ്പാത്തി രഥോൽസവക്കാലവും പറഞ്ഞിരുന്നത് മാല മോഷണത്തിന്റെ കണ്ണീർക്കഥകൾ; അണിഞ്ഞിരുന്ന വസ്ത്രങ്ങളിൽ മാല പിൻ ചെയ്ത് പ്രതിരോധം; പൊട്ടിക്കാൻ ശ്രമിക്കുന്നവരുടെ കൈയിൽ പെട്ടെന്ന് കഴുത്തിലെ മാല എത്താതെ നോക്കി പൊലീസിന്റെ തന്ത്രപരമായ നീക്കം; ഒറ്റ സേഫ്റ്റിപിൻ കൊണ്ട് പാലക്കാട്ടെ മോഷണ മാഫിയയെ വെട്ടിലാക്കി എസ് പി ശിവവിക്രം; സ്ത്രീകൾക്ക് സൗജന്യമായി പിന്നു നൽകിയും പ്രചരണം കൊഴുപ്പിച്ചും രഥോൽസവം തസ്‌കര വിമുക്തമാക്കിയ കഥ

എം മനോജ് കുമാർ

പാലക്കാട്: സേഫ്റ്റിപിൻ കൊണ്ട് മാലമോഷണം തടയാമോ? തടയാൻ കഴിയുമെന്ന് പാലക്കാട് പൊലീസിന്റെ കണ്ടെത്തൽ. സേഫ്റ്റി പിന്നിനു മാലമോഷണത്തെ തടയാൻ കഴിയുമെന്ന് മനസിലായതോടെ സേഫ്റ്റി പിൻ പദ്ധതി വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് പാലക്കാട് പൊലീസ്. കല്പാത്തി രഥോത്സവ സമയത്ത് തലവേദനയായി മാറുന്ന മാല മോഷണം തടയാനാണ് സേഫ്റ്റി പിൻ പദ്ധതി പൊലീസ് നടപ്പിലാക്കിയത്. സേഫ്റ്റിപിൻ വഴി മാലകൾ അണിഞ്ഞിരിക്കുന്ന വസ്ത്രവുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് പാലക്കാട് പൊലീസ് വിജയകരമായി നടപ്പിലാക്കിയത്. രഥോൽസവത്തിന് കൊടിയേറിയാൽ കൽപ്പാത്തി ജനസാഗരമാണ്. ദേവരഥ സംഗമത്തിന് ശേഷം രഥോൽസവത്തിന് കൊടിയിറങ്ങിയാലും കൽപാത്തിയിലെ തിരക്ക് നിലയ്ക്കില്ല. ഈ തിരക്കിലാണ് മാലകൾ മോഷണം പോകാറുള്ളത്.

ഇത് മനസ്സിലാക്കിയാണ് സേഫ്റ്റി പിൻ പരീക്ഷണം നടത്തിയത്. പിറകിൽ നിന്ന് മാല പൊട്ടിക്കാൻ ശ്രമം നടത്തിയാൽ എളുപ്പത്തിൽ മാല മോഷ്ടാവിന്റെ കയ്യിൽ പോകില്ല. മാല മോഷണം അറിയാൻ കഴിയുകയും ചെയ്യും. ഇത് സ്ത്രീകൾക്ക് തടയാൻ കഴിയുകയും ചെയ്യും. സേഫ്റ്റി പിൻ പൊലീസ് തന്നെ സൗജന്യമായി വിതരണം ചെയ്യുകയും മാലകൾ ഈ സേഫ്റ്റി പിന്നുമായി ബന്ധിപ്പിക്കണമെന്നു ഉച്ചഭാഷിണികൾ വഴി ആവശ്യപ്പെടുകയും ചെയ്തിരുന്നു. മാലകൾ സേഫ്റ്റി പിൻ വഴി ബന്ധിപ്പിച്ചപ്പോൾ ഇക്കുറി കല്പാത്തി രഥോത്സവത്തിനു ഒരു മാലമോഷണം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതോടെയാണ് സേഫ്റ്റി പിൻ പദ്ധതി വിജയപ്രദമാണെന്ന് പൊലീസ് തന്നെ തിരിച്ചറിയുന്നത്.

സേഫ്റ്റി പിൻ വിജയകരമാണെന്ന് കണ്ടതോടെ മറ്റു ജില്ലാ പൊലീസ് മേധാവികളും സേഫ്റ്റി പിൻ പദ്ധതി യുടെ വിശദാംശങ്ങൾ തേടിയിട്ടുണ്ട്. വിജയകരമെന്നു പാലക്കാട് പൊലീസ് ഉറപ്പിച്ചു പറയുന്ന സേഫ്റ്റി പിൻ പദ്ധതി മറ്റു ജില്ലകളിലും പൊലീസ് നടപ്പാക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ഈ മാസം ആദ്യം നടന്ന കല്പാത്തി രഥോത്സവമാണ് സേഫ്റ്റി പിൻ കൊണ്ട് മാല മോഷണം തടയാമെന്ന പൊലീസിന്റെ ആത്മവിശ്വാസത്തിനു പിന്നിൽ. ഇടുങ്ങിയ തെരുവുകളും പതിനായിരക്കണക്കിന് സ്ത്രീ ജനങ്ങളും ഒത്തുകൂടുന്ന സംസ്ഥാനത്തെ ഏറ്റവും പ്രാധാന്യമേറിയ ഉത്സവമാണ് കല്പാത്തി രഥോത്സവം.

പഴയ കാല ബ്രാഹ്മണ കേന്ദ്രമായ കൽപാത്തി ദക്ഷിണകാശി എന്നാണ് അറിയപ്പെടുന്നതും. കല്പാത്തി ഉത്സവും രഥോത്സവവും ആകുമ്പോൾ പാലക്കാട് പൊലീസിന് തലവേദനകൾ ഏറെയായിരുന്നു. മാലമോഷണം തന്നെയാണ് പ്രധാന പരാതി. അതിവിദഗ്ദമായി മാലകൾ മോഷണം പോകുന്നത് ഇവിടെ പതിവാണ്. കല്പാത്തിയിൽ മുഴുവൻ ക്യാമറകൾ വിന്യസിക്കാനുള്ള പദ്ധതി ഫലം കണ്ടിരുന്നില്ല. ഇടുങ്ങിയ തെരുവുകളും സ്ത്രീ ജനങ്ങൾ അടക്കമുള്ള പതിനായിരക്കണക്കിന് പേരുടെ സാന്നിധ്യവും കാരണം മാലമോഷണം ഫലപ്രദമായി തടയാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. മാലമോഷണം പതിവായതിനാൽ ഇക്കുറിയെങ്കിലും ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നായിരുന്നു പാലക്കാട് പൊലീസിന്റെ തീരുമാനം.

ജനമൈത്രി പൊലീസാണ് കല്പാത്തിയിലെ മാലമോഷണം തടയാൻ സേഫ്റ്റി പിൻ എന്ന ആശയം മുന്നോട്ടു വയ്ക്കുന്നത്. സേഫ്റ്റി പിൻ വഴി മാലമോഷണം തടയാൻ കഴിയുമോ എന്ന കാര്യത്തിൽ പൊലീസ് പരീക്ഷണം നടത്തുകയും ചെയ്തു. സേഫ്റ്റി പിൻ വഴി മാല ബന്ധിപ്പിച്ചാൽ മാല വലിക്കുമ്പോൾ പെട്ടെന്ന് ഊരിപ്പോരില്ലെന്ന് പരീക്ഷണം തെളിയിച്ചു. വസ്ത്രം മാലയെ സംരക്ഷിക്കും. ആൾ തിരക്കേറിയ ഒരു സ്ഥലത്ത് പെട്ടെന്ന് മാല പൊട്ടിച്ച് ഓടാൻ മോഷ്ടാവിനു കഴിയില്ല. മാല പുറകിൽ നിന്ന് വലിച്ചാൽ സ്ത്രീകൾ അറിയും. മുന്നിൽ നിന്ന് വലിച്ചാൽ പെട്ടെന്ന് കയ്യിൽ പോരുകയുമില്ല. ഇതോടെയാണ് കല്പാത്തി രഥോത്സവ സമയത്ത് സേഫ്റ്റി പിൻ പരീക്ഷിക്കാൻ പൊലീസ് തീരുമാനിച്ചത്.

സിസിടിവി ക്യാമറകൾ കല്പാത്തിയിൽ സ്ഥാപിക്കാൻ പൊലീസ് നടപടികൾ സ്വീകരിച്ചിരുന്നു. കല്പാത്തി തെരുവിന്റെ പ്രത്യേകത കാരണം എല്ലായിടത്തും സിസിടിവി ക്യാമറകൾ വയ്ക്കാൻ പൊലീസിന് കഴിഞ്ഞതുമില്ല. എന്തായാലും ഇക്കുറി മാലമോഷണം റിപ്പോർട്ട് ചെയ്യരുത്. അതിനാൽ സേഫ്റ്റി പിൻ പദ്ധതി പൊലീസ് നടപ്പിലാക്കുകയായിരുന്നു. സേഫ്റ്റി പിൻ സൗജന്യമായി വിതരണം ചെയ്തപ്പോൾ ഉച്ചഭാഷിണികൾ വഴി സേഫ്റ്റി പിൻ ഉടനടി വസ്ത്രങ്ങളുമായി ബന്ധിപ്പിക്കാൻ പൊലീസ് നിർദ്ദേശം നൽകുകയും ചെയ്തു. സേഫ്റ്റി പിൻ വാങ്ങിയ ഏതാണ്ട് മുഴുവൻ സ്ത്രീ ജനങ്ങളും ഇക്കുറി മാലയെ പിന്നുമായി ബന്ധിപ്പിക്കുക തന്നെ ചെയ്തു. ഫലമോ കല്പാത്തി ഉൾപ്പെടുന്ന പാലക്കാട് നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇക്കുറി ഒരൊറ്റ മാലമോഷണം പോലും റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തില്ല. ഇതോടെയാണ് പദ്ധതി വിജയപ്രദമെന്നു പൊലീസും തിരിച്ചറിയുന്നത്.

നവംബർ എട്ടിന് കൽപാത്തി രഥോത്സവത്തിനു കൊടിയേറ്റം കഴിഞ്ഞപ്പോൾ തന്നെ പദ്ധതി പൊലീസ് നടപ്പിലാക്കി. കൊടിയേറ്റം, തേരുത്സവത്തിന്റെ ഭാഗമായുള്ള ദേവരഥ സംഗമം, 14 നു നടന്ന തുടർന്നു നടന്ന ദേവരഥങ്ങളുടെ പ്രദക്ഷിണം മുതൽ ഉത്സവം കഴിയുന്ന 16 വരെ പദ്ധതി പൊലീസ് നടപ്പിലാക്കി. ഇക്കുറി പാലക്കാട് നോർത്ത് പൊലീസിന്റെ അടുത്ത് ഒരു മാലമോഷണവും റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തില്ല. ഒരു ലക്ഷത്തിൽ താഴെ വരുന്ന സ്ത്രീ ജനങ്ങൾ അടക്കമുള്ളവർ പങ്കെടുക്കുന്ന ഉത്സവമാണ് പ്രാചീനമായ കൽപാത്തി രഥോത്സവം. പദ്ധതി നൂറു ശതമാനം വിജയമായിരുന്നു. മാലമോഷണം തലവേദനയായി തുടരുന്ന പശ്ചാത്തലത്തിലാണ് കല്പാത്തിയിൽ ഇക്കുറി സേഫ്റ്റി പിൻ പദ്ധതി നടപ്പിലാക്കാൻ പൊലീസ് തീരുമാനിച്ചത്. പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. ഇക്കുറി കല്പാത്തി രഥോത്സവ സമയത്ത് മാലമോഷണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല-പാലക്കാട് എസ്‌പി ജി.ശിവവിക്രം മറുനാടൻ മലയാളിയോട് പറഞ്ഞു.

മാല സേഫ്റ്റി പിന്നുമായി ബന്ധിപ്പിച്ചാൽ മാല മോഷണം സ്ത്രീകൾക്ക് അറിയാൻ കഴിയും. അത് തടയാനും കഴിയും. ഇത് ഞങ്ങൾ പരീക്ഷിച്ച് അറിഞ്ഞു. അതിനു ശേഷമാണ് പദ്ധതി നടപ്പിലാക്കിയത്. സ്ത്രീ അറിയാതെ മാല മോഷ്ടിക്കാൻ കഴിയില്ല എന്നതാണ് സേഫ്റ്റി പിൻ പദ്ധതി വിജയപ്രദമാക്കി മാറ്റിയത്. അവർക്ക് കോൺഷ്യസ് ആകാൻ കഴിയും. തിരക്കിന്നിടയിൽ മാല സ്ത്രീകൾക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞു എന്ന് വരില്ല. പിന്നീടാവും മാല മോഷണം പോയ വിവരം അറിയുന്നത്. ഇത് തടയാൻ സേഫ്റ്റി പിന്നിനു കഴിയും. പാലക്കാട് നോർത്ത് പൊലീസാണ് ഇത് നടപ്പിലാക്കിയത്. സിസിടിവി ക്യാമറകൾ ഞങ്ങൾ സ്ഥാപിച്ചിരുന്നു. പക്ഷെ മുഴുവൻ സ്ഥലത്തും സ്ഥാപിക്കാൻ കഴിഞ്ഞില്ല. അതിനാലാണ് സേഫ്റ്റി പിൻ പദ്ധതി തിരഞ്ഞെടുത്തത്. അടുത്ത ഉത്സവം ആകുമ്പോഴെക്കും കല്പാത്തിയിൽ ഞങ്ങൾ സിസിടിവി മുഴുവൻ ഇടങ്ങളിലും സ്ഥാപിക്കും-ശിവവിക്രം പറയുന്നു.

മാലമോഷണം തടയാൻ വഴി എന്ത് എന്ന് ചിന്തിച്ചപ്പോഴാണ് ജനമൈത്രി പൊലീസ് ഈ ആശയം മുന്നോട്ടു വയ്ക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ നടപ്പിലാക്കാൻ കഴിയുന്ന പദ്ധതി എന്ന നിലയിലാണ് ഈ നിർദ്ദേശം നൽകിയത്. പരീക്ഷിച്ച് നോക്കിയപ്പോൾ പദ്ധതി വിജയപ്രദവും-പാലക്കാട് നോർത്ത് സിഐ ഷിജു എബ്രഹാം പറയുന്നു. ഡെമോ ഞങ്ങൾ പ്രദർശിപ്പിച്ചു. മാല പെട്ടെന്ന് മോഷ്ടാവിന്റെ കൈയിൽ വരില്ല. അതുമല്ല സ്ത്രീകൾ മാല പൊട്ടിക്കാനുള്ള ശ്രമങ്ങൾ അറിയുകയും ചെയ്യും. ഇടുങ്ങിയ തെരുവുകൾ, തിരക്ക്. ഇതാണ് കല്പാത്തിയിലെ പ്രശ്‌നം. അതിനു സേഫ്റ്റി പിൻ ഫലപ്രദമാണ്.സേഫ്റ്റി പിൻ വിതരണം ചെയ്യുകയും അത് മാലയിൽ കോർത്ത് വസ്ത്രത്തിൽ ഘടിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഉച്ചഭാഷിണി വഴിയാണ് ഈ നിർദ്ദേശം നൽകിയത്. ഈ നിർദ്ദേശം സ്ത്രീകൾ പിന്തുടർന്നു. കല്പാത്തി രഥോത്സവ സമയത്ത് ഇക്കുറി മാലമോഷണവുമായി ബന്ധപ്പെട്ടു ഒരൊറ്റ കേസും പാലക്കാട് നോർത്ത് പൊലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല-സിഐ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP