Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളാ മോഡൽ സ്‌കൂൾ പാഠ്യപദ്ധതിയിൽ മാളങ്ങളിൽ ഇരുന്ന് പാമ്പുകൾക്കും പഠിക്കാം! സുൽത്താൻ ബത്തേരി സർക്കാർ സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുടെ ജീവനെടുത്തത് അധികൃതരുടെ അനാസ്ഥ തന്നെ; പാമ്പു കടിയേറ്റ് കുട്ടി പിടയുമ്പോഴും അദ്ധ്യാപകർ ശ്രമിച്ചത് ഇഴജന്തുക്കൾ ഇല്ലെന്ന് വരുത്തി തീർക്കാൻ; ഷെഹലയുടെ ക്ലാസ് മുറിയിലുള്ളത് ഒന്നിലധികം മാളങ്ങൾ; കിഫ്ബിയിലെ 2000 കോടി വികസനം ആർക്കു വേണ്ടി; നാണക്കേടിൽ സാക്ഷര കേരളം ലജ്ജിച്ച് തലതാഴ്‌ത്തുമ്പോൾ

കേരളാ മോഡൽ സ്‌കൂൾ പാഠ്യപദ്ധതിയിൽ മാളങ്ങളിൽ ഇരുന്ന് പാമ്പുകൾക്കും പഠിക്കാം! സുൽത്താൻ ബത്തേരി സർക്കാർ സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുടെ ജീവനെടുത്തത് അധികൃതരുടെ അനാസ്ഥ തന്നെ; പാമ്പു കടിയേറ്റ് കുട്ടി പിടയുമ്പോഴും അദ്ധ്യാപകർ ശ്രമിച്ചത് ഇഴജന്തുക്കൾ ഇല്ലെന്ന് വരുത്തി തീർക്കാൻ; ഷെഹലയുടെ ക്ലാസ് മുറിയിലുള്ളത് ഒന്നിലധികം മാളങ്ങൾ; കിഫ്ബിയിലെ 2000 കോടി വികസനം ആർക്കു വേണ്ടി; നാണക്കേടിൽ സാക്ഷര കേരളം ലജ്ജിച്ച് തലതാഴ്‌ത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ കുട്ടികൾക്ക് മാത്രമല്ല പാമ്പുകൾക്കും ക്ലാസ് മുറിയിൽ പഠനാവസരം ഉണ്ട്! അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷെഹല ഷെറിൻ പാമ്പുകടിയേറ്റു മരിച്ച ബത്തേരി സർക്കാർ സർവജന സ്‌കൂളിലെ ക്ലാസ് മുറികളിൽ ഇഴജന്തുക്കൾക്ക് കയറിക്കൂടാവുന്ന തരത്തിലുള്ള നിരവധി മാളങ്ങൾ. അധ്യയനവർഷം ആരംഭിക്കുന്നത് മുമ്പ് ഫിറ്റ്‌നസ് പരിശോധിക്കണമെന്ന നിബന്ധന പാലിക്കുന്നതിൽ വീഴ്ചയുണ്ടെന്നാണ് സൂചന. വിദ്യാഭ്യാസത്തിലെ കേരളാ മോഡൽ പുതിയ തലത്തിലേക്ക് എത്തിയെന്ന വാദങ്ങളെ പ്രതിക്കൂട്ടിലാക്കുന്നതാണ് സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ മാളക്കാഴ്ച.

കേരളത്തിന്റെ ഏറ്റവും വലിയ ആസ്തി എന്നാണെന്ന് ചോദിച്ചാൽ അത് വിദ്യാഭ്യാസം എന്നു വീമ്പു പറയുന്നവരാണ് മലയാളികൾ. വിദ്യാഭ്യാസ മേഖലയിൽ ദേശീയ തലത്തിൽ കേരളം വീണ്ടും ഒന്നാമതുമെത്തി. രാജ്യത്തെ സ്‌കൂൾ വിദ്യാഭ്യാസ ഗുണനിലവാരം വിലയിരുത്തുന്ന സ്‌കൂൾ എഡ്യൂക്കേഷൻ ക്വാളിറ്റി ഇൻഡക്സ് 2019ലാണ് കേരളം ഒന്നാമതെത്തിയത്. ഭരണമികവ്, അടിസ്ഥാന സൗകര്യങ്ങൾ, പഠനനിലവാരം തുടങ്ങി 44 മാനകങ്ങൾ പരിശോധിച്ചാണ് പട്ടിക തയ്യാറാക്കിയത്. അങ്ങനെ ഒന്നാമത് എത്തിയ നാട്ടിലെ സ്‌കൂളിലാണ് പാമ്പ് പേടിയിൽ കുട്ടികൾ പഠിക്കുന്നത്. എല്ലാ സ്‌കൂളുകളും ഹൈടെക് ആകുന്ന ആദ്യ സംസ്ഥാനമെന്ന പദവി കേരളം സ്വന്തമാക്കാൻ പോവുന്നു എന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയനും ഈ വാർത്ത നാണക്കേടിന്റേതാണ്. 45,000 ക്ലാസ് റൂമുകൾ ഹൈടെക് ആയി കഴിഞ്ഞുവെന്ന് മന്ത്രിമാരും പറയുന്നു. ഈ സംസ്ഥാനത്തെ ഒരു സ്‌കൂളിലാണ് ക്ലാസ് മുറികളിൽ പാമ്പുകൾ സുരക്ഷിത താവളം കണ്ടെത്തുന്നത്.

നഗരങ്ങളിലെ സ്‌കൂളുകളിൽ സ്മാർട്ട് ക്ലാസും അത്യാധുനിക സൗകര്യങ്ങളും. എല്ലാ ഹൈടെക്കായെന്ന് വീമ്പ് പറയുന്ന പൊതു വിദ്യാഭ്യാസ ഉന്നതർ. ഇവരുടെ വാദങ്ങൾ ചർച്ചയാകുന്നതിനിടെയാണ് പുത്തൻകുന്ന് ചിറ്റൂർ നൊട്ടൻവീട്ടിൽ അഭിഭാഷകരായ അബ്ദുൽ അസീസിന്റെയും ഷജ്‌നയുടെയും മകൾ ഷെഹല ഷെറിൻ (10) ക്ലാസിൽ പാമ്പുകടി ഏറ്റ് മരിച്ചത്. ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹല ഷെറിൻ 20ന് പാമ്പ് കടിയേറ്റ് മരിച്ച സംഭവം സംബന്ധിച്ച് അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും, സ്‌കൂളിൽ ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി. രവീന്ദ്രനാഥ് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഗവ.സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയാണ്. ഇന്നലെ വൈകിട്ട് മൂന്നരയോടെ ക്ലാസ് മുറിയിൽ ഭിത്തിയോടു ചേർന്ന പൊത്തിൽ കുട്ടിയുടെ കാൽ പെടുകയും പുറത്തെടുത്തപ്പോൾ ചോര കാണുകയും ചെയ്തു. പാമ്പു കടിയേറ്റതു പോലുള്ള പാടുകൾ കണ്ടതിനെ തുടർന്നു രക്ഷിതാക്കൾ എത്തി ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും എത്തിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തതിനെ തുടർന്ന് കോഴിക്കോട്ടേക്കു കൊണ്ടു പോകും വഴി നില വഷളാവുകയും വൈത്തിരിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരിച്ചെന്നും ലക്ഷണങ്ങൾ പാമ്പുകടിയേറ്റതിന്റെയാണെന്നും പരിശോധിച്ച ഡോ. ജാക്‌സൺ തോമസ് പറഞ്ഞു. സഹോദരങ്ങൾ:അമിയ ജബിൻ, ആഖിൽ. ക്ലാസ് മുറിക്കുള്ളിലെ മാളങ്ങളിൽ ഒളിച്ചിരുന്ന പാമ്പാണ് ഈ കുട്ടിയുടെ ജീവനെടുത്തത്.

ഇരുമ്പ് ഡെസ്‌കും ബെഞ്ചുമുള്ള ക്ലാസ് മുറികളിൽ ഹോളുകൾ ഉണ്ടാകുന്നതിൽ ഇവിടുത്ത പ്രധാനാധ്യാപകൻ കുഴപ്പമൊന്നും കാണുന്നില്ല. അങ്ങനെ ഉണ്ടാകുന്ന കുഴികൾ നികത്താതെ കുട്ടികളെ ക്ലാസിൽ ഇരുത്തിയതാണ് ഷെഹലയുടെ ജീവനെടുത്തത്. ഷെഹല ഷെറിൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ സ്‌കൂൾ അധികൃതർക്കും അദ്ധ്യാപകർക്കും എതിരെ പൊട്ടിത്തെറിച്ച് വിദ്യാർത്ഥികൾ രംഗത്ത് എത്തിയതും അനാസ്ഥയുടെ തെളിവായിരുന്നു. പാമ്പുകടിയേറ്റ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കാതെ ക്ലാസിൽ പാമ്പില്ലെന്ന് തെളിയിക്കാനായിരുന്നു അദ്ധ്യാപകർ ശ്രമിച്ചത്.

പാമ്പുകടിയേറ്റ ഷെഹലയെ ആശുപത്രിയിൽ കൊണ്ടുപോകാൻ തങ്ങളും ടീച്ചർമാരിലൊരാളായ ഷീന ടീച്ചറും ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും അദ്ധ്യാപകരും സ്‌കൂൾ അധികൃതരും നിഷേധിക്കുകയായിരുന്നു. പാമ്പല്ല, ആണി കുത്തിയതാണെന്നായിരുന്നു അദ്ധ്യാപകരുടെ ഭാഗത്തു നിന്നുണ്ടായ മറുപടി. ഷെഹലയുടെ കാൽ പരിശോധിക്കാൻ പോലും അവർ തയ്യാറായില്ല. ആശുപത്രിയിലെത്തിക്കൂ സാറേ എന്ന് അദ്ധ്യാപകരോട് (ഷൺമുഖൻ സാർ) കരഞ്ഞു പറഞ്ഞെങ്കിലും ഞങ്ങളെ അടിച്ചുഓടിക്കുകയായിരുന്നു അദ്ധ്യാപകരെന്ന് ഷെഹലയുടെ സഹപാഠികൾ പറഞ്ഞു. ഷെഹലയെ ആശുപത്രിയിലെത്തിക്കാൻ വൈകിയതും ക്ലാസ് മുറികൾ വേണ്ട വിധത്തിൽ പരിപാലിക്കാത്തതുമാണ് വിദ്യാർത്ഥിയുടെ മരണത്തിന് കാരണമായതെന്ന് വിദ്യാർത്ഥികൾ പറയുന്നു.

''ഞങ്ങളൊക്കെ അപ്പോ ഓടി വന്ന് നോക്കി. അപ്പോ സാർ ഞങ്ങളെ വടിയെടുത്ത് ഓടിക്കുകയായിരുന്നു, ഞങ്ങള് നോക്കുമ്പോൾ കുട്ടി ആ കസേരയിൽ തളർന്നിരിക്കുകയാണ്. എന്നിട്ട് കാലു കൊണ്ട് ആ കുട്ടിയുടെ ചോര കഴുകി കൊടുക്കുകയാണ്. എന്നിട്ടും ആ കുട്ടിയെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ ശ്രമിച്ചിട്ടില്ല. അത്രയും നേരം കുട്ടി ഇവിടിരുന്നു. സ്‌കൂൾ വിടാൻ അഞ്ച് മിനിറ്റ് മുൻപ് ആ കുട്ടിയുടെ ഉപ്പ വന്നാണ് കൊണ്ടുപോയത്,'' വിദ്യാർത്ഥികൾ പറയുന്നു.''അതിനു മുൻപ് ഒരു ടീച്ചർ കൊണ്ടുപോയിരുന്നെങ്കിൽ ആ കുട്ടിയുടെ ജീവൻ ഇപ്പോ കിട്ടില്ലായിരുന്നോ. ഈ അങ്കണത്തിൽ ആ കുട്ടിയും വന്ന് നിൽക്കൂലേ. ഉപ്പ വന്നിട്ട് എടുത്തുകൊണ്ടുപോകുകയാണ് ചെയ്തത് ആ കുട്ടിയെ. ഇതെന്താണ് ഞങ്ങൾക്കുമില്ലേ സ്വാതന്ത്ര്യമൊക്കെ.'' തങ്ങളുടെ കൂട്ടുകാരി ഷെഹലയുടെ ഓർമ്മയിൽ സഹപാഠികൾ പൊട്ടിത്തെറിച്ചു.

കിഫ്ബി വഴി 2037.91 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രംഗത്ത് മാത്രം നടപ്പിലാക്കി വരുന്നത്.. ഒരോ മണ്ഡലത്തിലും 12.5 കോടി. കിഫ്ബി, ബജറ്റ്, കേന്ദ്രാവിഷ്‌കൃത ഫണ്ട് തുടങ്ങിയവ മുഖേന ഇതിനകം രണ്ടായിരം കോടി നിക്ഷേപിച്ചു. ഇത് പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന് ആദ്യ ചുവടുവയ്പായി. നാലായിരം പുതിയ തസ്തികകളും സർക്കാർ സൃഷ്ടിച്ചു. മൂന്നു ഘട്ടങ്ങളിലായാണ് യജ്ഞം മുന്നോട്ടുനീങ്ങുന്നത്. ഭൗതികസാഹചര്യങ്ങളുടെ മാറ്റത്തിന് മാത്രമായി ഓരോ മണ്ഡലങ്ങളിലും ആദ്യഘട്ടമായി അഞ്ചുകോടി രൂപ വീതം ചെലവഴിച്ചു. ഓരോ മണ്ഡലത്തിലും ഓരോ സ്‌കൂൾ വീതം അന്താരാഷ്ട്ര നിലവാരമുള്ള സ്‌കൂളുകളാക്കാൻ പദ്ധതിയിട്ടു. 2019 മാർച്ച് 31നുമുമ്പ് ഇതു പ്രാവർത്തികമാകും. രണ്ടാം ഘട്ടത്തിൽ മൂന്നുകോടി രൂപ വീതം എല്ലാ മണ്ഡലങ്ങൾക്കും സർക്കാർ നൽകി. ഇതുപയോഗിച്ച് 280 വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറുമെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും പറഞ്ഞിരുന്നു. ഇതെല്ലാം വെറും പൊള്ളയാണോ എന്ന് തോന്നുന്ന തരത്തിലാണ് വയാനാട്ടിലെ വിദ്യാർത്ഥിനിയുടെ ദുരന്തം ചർച്ചയാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP