Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരിഷ്‌കരണ നീക്കങ്ങൾ നിശ്ചയദാർഢ്യത്തോടെ മുന്നോട്ട്; പുതിയൊരു സമ്പദ് ഘടന യാഥാർഥ്യമാക്കും:സൽമാൻ രാജാവ്

പരിഷ്‌കരണ നീക്കങ്ങൾ നിശ്ചയദാർഢ്യത്തോടെ മുന്നോട്ട്; പുതിയൊരു സമ്പദ് ഘടന യാഥാർഥ്യമാക്കും:സൽമാൻ രാജാവ്

അക്‌ബർ പൊന്നാനി

ജിദ്ദ: ഇറാന്റെ ആയുധങ്ങൾ ഉപയോഗിച്ച് കിഴക്കൻ സൗദിയിലെ ഹുറൈസ്, അബ്കൈക് പ്ലാന്റുകൾക്ക് നേരെ നടന്ന ആക്രമണത്തിന്റെ ആഘാതങ്ങൾ രാജ്യം മറികടന്നത് റെക്കാർഡ് സമയത്തിനുള്ളിലായിരുന്നെന്ന് ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽഅസീസ് ആലുസഊദ് രാജാവ് പറഞ്ഞു. ആഗോള മതിപ്പും പ്രശംസയും പിടിച്ചെടുത്ത വിധത്തിലായിരുന്നു സൗദി അറേബ്യ ലോക രാജ്യങ്ങളുടെ ഇന്ധന ആവശ്യം നേരിട്ടത്. ഉൽപാദകരുടെയും ഇറക്കുമതി ചെയ്യുന്നവരുടെയും താൽപര്യങ്ങൾ സംരക്ഷിച്ചു കൊണ്ട് എണ്ണ ലഭ്യതയും അതുമായി ബന്ധപ്പെട്ട സുരക്ഷയും ഉറപ്പു വരുത്തുകയെന്നത് സൗദിയുടെ മുന്തിയ ലക്ഷ്യങ്ങളിൽ പെടുന്നതാണെന്നും സൽമാൻ രാജാവ് തുടർന്നു. ഏഴാമത് ശൂറാ കൗൺസിലിന്റെ നാലാമത് വർഷത്തെ പ്രഥമ യോഗം ബുധനാഴ്ച വൈകീട്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഇരു തിരുഗേഹങ്ങളുടെ സേവകൻ കൂടിയായ സൗദി രാജാവ്.

'വിഷൻ 2030 ഉൽഘോഷിക്കുന്ന പ്രകാരം കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നതിന് എല്ലാ വശങ്ങളിലൂടെയുമുള്ള പ്രയാണത്തിലാണ് സൗദി അറേബ്യയെന്നും ഇതേ പാതയിൽ മുന്നോട്ട് നീങ്ങുകയും പുതിയൊരു സമ്പദ് ഘടന യാഥാർഥ്യമാക്കുകയുമാണ് ലക്ഷ്യം.' - സൗദി ഭരണാധികാരി തുടർന്നു. സൗദി ആഗോള ഭീമൻ എണ്ണകമ്പനിയായ ആരാംകോയുടെ ഒരു ഭാഗം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തതിലൂടെ രാജ്യത്തിനകത്തും പുറത്തുമുള്ളവർക്ക് നിക്ഷേപാവസരവും ആയിരങ്ങൾക്ക് തൊഴിലവസങ്ങളും സാമ്പത്തിക രംഗത്തിന്റെ ഉത്തേജനവും ആണ് ഉണ്ടാകുന്നത്.

സമൂഹത്തിലെ സ്ത്രീ പങ്കാളിത്തം അധികാരിപ്പിക്കുന്നതിനും സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് തൊഴിലില്ലായ്മ ഇല്ലാതാക്കാനുള്ള ശ്രമങ്ങളും തുടരുമെന്നും സൽമാൻ രാജാവ് ആവർത്തിച്ചു. സ്ത്രീ പങ്കാളിത്തം 2017 ൽ 19 .4 % ആയിരുന്നെങ്കിൽ നടപ്പുവർഷം അത് 23.2% ആണ്. ചെറുകിട, ഇടത്തരം വ്യവസായങ്ങളെ പരിപോഷിപ്പിക്കുകയും വ്യവസായ സംരംഭകർക്ക് ഉത്തേജനം നൽകുകയും ചെയ്യുകയെന്ന സമീപനവും തുടരും. പൗരന്റെ പരിപോഷണം ലക്ഷ്യമായി കാണുന്ന പുതിയ സാമ്പത്തിക അടിത്തറയിലാണ് രാജ്യത്തിന്റെ വളർച്ചാ കുതിപ്പ്.

തദ്ദേശീയമായ മനുഷ്യ ശേഷി വികസിപ്പിക്കുന്നതിലും തൊഴിൽ വിപണിയിൽ സ്ത്രീ-പുരുഷ യുവാക്കളെ സജ്ജമാക്കുന്നതിലും സൗദി വലിയ മുന്നേറ്റമാണ് നടത്തികൊണ്ടിരിക്കുന്നതെന്നു പറഞ്ഞ രാജാവ് ഈ വര്ഷം ലോക ബാങ്ക് ലോകത്തെ 190 രാജ്യങ്ങളിൽ ഏറ്റവും വികസിതവും പരിഷ്‌കരണങ്ങളുടെ കാര്യത്തിൽ ഒന്നാമതുമായി സൗദി അറേബ്യയെ ഇനംതിരിച്ചത് ചൂടികാട്ടി. പരിഷ്‌കരണ നീക്കങ്ങൾ ഇനിയും ദൃഢനിശ്ചയത്തോടെ മുന്നോട്ടു പോകും - സൽമാൻ രാജാവ് പ്രഖ്യാപിച്ചു.

ഇയ്യിടെ നടപ്പാക്കിയ ടൂറിസ്റ്റ് വിസയും വലിയൊരു കാൽവെയ്‌പ്പാണ്. തൊഴിലവസങ്ങൾ, പുതിയ വരുമാന സ്രോതസ്സ്, ലോക രാജ്യങ്ങളിലുള്ളവർക്ക് സൗദിയിലെ ജീവിതവും കാഴ്ചകളും പൈതൃകങ്ങളും കാണിച്ചു കൊടുക്കാനുള്ള അവസരം തുടങ്ങിയ നേട്ടങ്ങൾ അതിലൂടെ കൈവരും. സൗദി സമൂഹത്തിന്റെ മൂല്യങ്ങൾ മുറുകെപിടിച്ചുള്ള സന്ദര്ശകരോടും അതിഥികളോടും വിദേശികളോടുമുള്ള ഇടപഴകൽ അന്തസ്സ് പ്രദാനം ചെയ്യുമ്മതാണെന്നും രാജാവ് എടുത്തുകാട്ടി.

286 ബാലിസ്റ്റിക് മിസൈലുകളും 289 ആളില്ലാ വിമാനങ്ങളും ഉപയോഗിച്ചുള്ള അതിക്രമങ്ങളെയാണ് സൗദി അറേബ്യ നേരിട്ടത്. എന്നാൽ ഇതൊന്നും രാജ്യത്തിന്റെ വികസന മുന്നേറ്റത്തെയോ സ്വദേശികളുടെയോ പ്രവാസികളുടെയോ ജീവിതത്തെയോ തൊടാൻ ശത്രുക്കൾക്ക് കഴിഞ്ഞിട്ടില്ല. സൗദി അറേബ്യ യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും, അതിന്റെ താല്പര്യങ്ങൾ സംരക്ഷിക്കാൻ സദാ തയാറാണെന്നും സൽമാൻ രാജാവ് പ്രസ്താവിച്ചു.

സൗദി അറേബ്യ തീവ്രവാദത്തെ വിജയകരമായി നേരിട്ട് പരാജയപ്പെടുത്തിയതും സൗദി സമൂഹത്തിന്റെ അഭിമാനം ഉയർത്തിയതായും ഭരണാധികാരി പറഞ്ഞു.

സൗദി പാർലമെന്റ് ആയ ശൂറാ കൗൺസിലിന്റെ വാർഷിക സമ്മേനം ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള ഭരണാധികാരിയുടെ പ്രസംഗം രാജ്യത്തിന്റെ ആഭ്യന്തര - വിദേശ നയങ്ങൾ സംബന്ധിച്ച പ്രഖ്യാപനമായാണ് കണക്കാക്കപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP