Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലാരിവട്ടം പാലം പൊളിക്കുന്ന കാര്യത്തിൽ സർക്കാരിന് തിരിച്ചടി; പാലം പൊളിക്കുന്നതിന് മുൻപ് ഭാരപരിശോധന നടത്താൻ ഹൈക്കോടതി നിർദ്ദേശം; പരിശോധന ചെലവ് കരാർ കമ്പനിയിൽ നിന്ന് ഈടാക്കണമെന്നും കോടതി; കോടതി ഉത്തരവ് കരാർ കമ്പനിയും എഞ്ചിനിയർമാരും ഹർജിയുമായി എത്തിയതിന് പിന്നാലെ; ഊരാളുങ്കൽ സൊസൈറ്റിക്ക് പുനർനിർമ്മാണം നൽകാനുള്ള സർക്കാർ നീക്കത്തിനും തിരിച്ചടിയാകും

പാലാരിവട്ടം പാലം പൊളിക്കുന്ന കാര്യത്തിൽ സർക്കാരിന് തിരിച്ചടി; പാലം പൊളിക്കുന്നതിന് മുൻപ് ഭാരപരിശോധന നടത്താൻ ഹൈക്കോടതി നിർദ്ദേശം; പരിശോധന ചെലവ് കരാർ കമ്പനിയിൽ നിന്ന് ഈടാക്കണമെന്നും കോടതി; കോടതി ഉത്തരവ് കരാർ കമ്പനിയും എഞ്ചിനിയർമാരും ഹർജിയുമായി എത്തിയതിന് പിന്നാലെ; ഊരാളുങ്കൽ സൊസൈറ്റിക്ക് പുനർനിർമ്മാണം നൽകാനുള്ള സർക്കാർ നീക്കത്തിനും തിരിച്ചടിയാകും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി :വിവാദത്തിലായ പാലാരിവട്ടം പാലം പൊളിക്കുന്നത് സംബന്ധിച്ച വിഷയത്തിൽ സർക്കാരിന് തിരിച്ചടി. പാലം പൊളിക്കുന്നതിന് മുമ്പ് ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഭാരപരിശോധന മൂന്നു മാസത്തിനകം നടത്തണമെന്നും കോടതി നിർദ്ദേശിച്ചു. സർക്കാരിന് ഇഷ്ടമുള്ള കമ്പനിയെക്കൊണ്ട് ഭാരപരിശോധന നടത്താമെന്നും കോടതി വ്യക്തമാക്കി. പരിശോധനയുടെ ചെലവ് പാലം നിർമ്മിച്ച കരാർ കമ്പനിയിൽ നിന്നും ഈടാക്കാനും കോടതി നിർദ്ദേശിച്ചു.

പാലാരിവട്ടം പാലം പൊളിച്ചു പണിയണമെന്ന്, പാലം പരിശോധിച്ച ഡി.എം.ആർ.സി ഉപദേഷ്ടാവ് ഇ.ശ്രീധരൻ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പാലം പൊളിക്കാനും, പാലം പുനർ നിർമ്മിക്കാൻ ഇ ശ്രീധരനെ ചുമതലപ്പെടുത്തിക്കൊണ്ടും സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് പാലം നിർമ്മിച്ച കരാർ കമ്പനിയായ ആർ.ഡി.എസ് പ്രൊജക്ടും സ്ട്രക്ചറൽ എഞ്ചിനിയേഴ്സും ഹൈക്കോടതിയെ സമീപിച്ചത്.

ലോകത്തെ എവിടെയും ഭാരപരിശോധന പോലും നടത്താതെ പാലം പൊളിച്ച ചരിത്രമില്ലെന്നും, ഇനിയും 20 വർഷം കൂടി കൂടി ഈ പാലം ഉപയോഗയോഗ്യമാണെന്നും കമ്പനി വാദിച്ചു. കമ്പനിയുടെ വാദം പരിഗണിച്ച ഹൈക്കോടതി, പാലത്തിന്റെ ഭാരപരിശോധന നടത്താൻ ഉത്തരവിട്ടു. ലോഡ് ടെസ്റ്റ് നടത്തുമ്പോഴുള്ള അപകടത്തെക്കുറിച്ച് ഇപ്പോൾ പറയാനാകില്ല. ഈ ഘട്ടത്തിൽ പാലം പൊളിക്കുകയല്ലാതെ മറ്റ് വഴിയില്ല. അതിനാൽ ലോഡ് ടെസ്റ്റ് ഇല്ലാതെ പാലം പൊളിക്കാൻ അനുമതി നൽകണമെന്നായിരുന്നു സർക്കാർ വാദിച്ചത്.

പാലം പൂർണമായും പൊളിക്കേണ്ടതില്ലെന്ന തീരുമാനം വാദം നിലനിൽക്കെ തന്നെയാണ് ഈ വിഷയത്തിൽ ഊരാളുങ്കൽ സൊസൈറ്റിയെ സഹായിക്കാൻ സർക്കാർ ഇടപെടൽ നടത്തിയതെന്ന ആക്ഷേപം ഉയർന്നിരുന്നു. പാലവുമായി ബന്ധപ്പെട്ട് ഒന്നിലേറെ കേസുകൾ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. പാലം പൊളിക്കുന്നതിനു മുൻപു ഭാരപരിശോധന (ലോഡ് ടെസ്റ്റ്) നടത്താൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സ്ട്രക്ചറൽ എൻജിനീയർമാരുടെ സംഘടനയും പാലം നിർമ്മിച്ച ആർഡിഎസ് കമ്പനിയും നൽകിയ ഹർജികൾ പരിഗണിച്ചത്.

ലോഡ് ടെസ്റ്റ് നടത്തി പാലത്തിന്റെ ബലം പരിശോധിക്കണമെന്നും ചെലവു വഹിക്കാൻ നിർമ്മാണ കമ്പനിയോടു നിർദ്ദേശിക്കണമെന്നുമാണ് എൻജിനീയർമാരുടെ സംഘടനയുടെ ആവശ്യപ്പെട്ടിരുന്നത്.. എന്നാൽ, ലോഡ് ടെസ്റ്റ് നടത്തുന്നതു സുരക്ഷിതമല്ലെന്നും വിദഗ്ധ റിപ്പോർട്ടുകളും പൊതു താൽപര്യവും മാനിച്ചാണു ഡിഎംആർസിയെ കൊണ്ടു പാലം പുനരുദ്ധരിക്കുന്നതെന്നും സർക്കാർ കോടതിയിൽ വിശദീകരിച്ചിരുന്നു. അറ്റകുറ്റപ്പണി ആരംഭിച്ചാൽ 9 മാസം കൊണ്ടു പാലം ഗതാഗതം യോഗ്യമാക്കാൻ സാധിക്കുമെന്ന് ഡിഎംആർസി അധികൃതർ പറഞ്ഞു. പാലത്തിന്റെ പിയർ ക്യാപുകൾ ശക്തിപ്പെടുത്തുകയും 102 ഗർഡറുകൾ മാറ്റി സ്ഥാപിക്കുകയും വേണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

2016ൽ ആണ് പാലം നിർമ്മിച്ചത്. നിർമ്മാണത്തിലെ വീഴ്ചകൾ ആദ്യമേ ശ്രദ്ധയിൽ പെട്ടെങ്കിലും വിദഗ്ധ പഠനത്തിന്റെ പേരിൽ 2 വർഷം പാഴാക്കി. സർക്കാർ നിയോഗിച്ച വിവിധ ഏജൻസികൾ നിർമ്മാണ പോരായ്മകൾ കണ്ടെത്തിയതോടെ കഴിഞ്ഞ മെയ് 1ന് ആണ് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചത്. മദ്രാസ് ഐഐടി നിർദ്ദേശിച്ച ആദ്യഘട്ട അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഇ.ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി പാലം പുനർനിർമ്മിക്കാൻ ശുപാർശ ചെയ്യുകയായിരുന്നു. അറ്റകുറ്റപ്പണി നടത്തിയാൽ പാലത്തിന്റെ ആയുസ്സ് 20 വർഷവും പുനർനിർമ്മാണം നടത്തിയാൽ 100 വർഷവും ആകുമെന്നാണു വിദഗ്ധ സമിതി കണ്ടെത്തിയത്.

കോടതിയിൽ കേസിരിക്കുമ്പോൾ തന്നെ പണിതുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണ് ഡിഎംആർസിയുടെ ലക്ഷ്യമിട്ടിരുന്നത്. ഈ ലക്ഷ്യത്തോടെയാണ് ഡിഎംആർസി കരാർ ഊരാളുങ്കലിന് ഏൽപ്പിച്ചിരിക്കുന്നത്. പൊലീസിന്റെ ഡാറ്റാബേസിൽ പ്രവേശിക്കാൻ ഊരാളുങ്കലിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിയസഭയിൽ കത്തിനിൽക്കുന്നതിനിടെയാണ്, പാലാരിവട്ടം പാലത്തിന്റെ അറ്റകുറ്റപണികൾ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ഏൽപ്പിച്ചിരിക്കുന്നത്.

പാലാരിവട്ടം മേൽപ്പാലം അതീവ ദുർബലമെന്ന് സംയുക്ത പരിശോധനാ സമിതിയുടെ റിപ്പോർട്ട്. പാലത്തിന്റെ ഗർഡറിൽ 2183 വിള്ളലുകളുണ്ട്. ഇതിൽ 99 എണ്ണവും മൂന്ന് മില്ലിമീറ്ററിൽ കൂടുതൽ നീളമുള്ളതാണ്. ഇവ അതീവഗുരുതരമാണെന്നും പരിശോധനാ റിപ്പോർട്ടിൽ പറയുന്നു. പാലത്തിലൂടെ ഭാരമേറിയ വാഹനം പോകുന്നത് വിള്ളൽ വർധിപ്പിക്കുമെന്നാണ് വിദഗ്ധ സമിതി റിപ്പോർട്ടിൽ പറയുനന്ത്.

പിഡബ്ള്യുഡി ക്വാളിറ്റി കൺട്രോൾ വിഭാഗം എഞ്ചിനീയർ സജിലി,തൃശ്ശൂർ എഞ്ചിനീയറിങ് കോളേജ് പ്രൊഫസറും സ്ട്രക്ചറൽ എഞ്ചിനീയറിങ് വിദഗ്ധനുമായ പി പി ശിവൻ എന്നിവരടക്കമുള്ള സമിതി നടത്തിയ പരിശോധനയിലാണ് പാലത്തിന്റെ നില ഗുരുതരമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. പാലത്തിന്റെ പിയർ കാപ്പിൽ 83 വിള്ളലുകളുണ്ട്. ഇതിലെ അഞ്ച് വിള്ളലുകളും മൂന്ന് മില്ലിമീറ്ററിൽ കൂടുതലുള്ളതാണ്. 66 സെന്റിമീറ്ററിൽ കൂടുതലുള്ള വളവുകൾ ഗർഡറിലുണ്ടെന്നും റിപ്പോർട്ടിലുണ്ട്. പരിശോധനാ റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP