Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

19 വർഷം മുമ്പ് കാണാതായ അച്ഛനെ തേടി മകൻ മഹാരാഷ്ട്രയിൽ; ധാബോൾ വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെത്തിയ പരത്തനംതിട്ട സ്വദേശിയെ കണ്ടെത്താൻ മകൻ

19 വർഷം മുമ്പ് കാണാതായ അച്ഛനെ തേടി മകൻ മഹാരാഷ്ട്രയിൽ; ധാബോൾ വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെത്തിയ പരത്തനംതിട്ട സ്വദേശിയെ കണ്ടെത്താൻ മകൻ

സ്വന്തം ലേഖകൻ

മുംബൈ: ജോലിതേടി 19 വർഷം മുമ്പ് മഹാരാഷ്ട്രയിലെത്തിയ പത്തനംതിട്ട സ്വദേശിയെ കണ്ടെത്താൻ കേരളത്തിൽ നിന്നും മകൻ രത്‌നഗിരിയിൽ എത്തി. 2000 മാർച്ച് 18ന് കാണാതായ പത്തനംതിട്ട തുമ്പമൺ കീരുകുഴി തെക്കെപൊവത്ത് റിന്റു വില്ലയിൽ പ്രസാദ് കോശിയെ തേടിയാണ് മകനെത്തിയത്. രത്നഗിരി ജില്ലയിലെ ഗുഹാഗറിൽ നിന്നാണ് പ്രസാദിനെ കാണാതായത്.

ബന്ധുക്കൾ കേരളത്തിൽനിന്നെത്തി ആ സമയത്ത് അന്വേഷണം നടത്തിയിരുന്നെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അന്നത്തെ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ഛഗൻ ഭുജ്ബലിന് കത്തെഴുതിയിട്ടും പൊലീസ് കാര്യക്ഷമമായി അന്വേഷിച്ചുമില്ല. ധാബോൾ വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ടാണ് പ്രസാദ് കോശി ഗുഹാഗറിൽ ജോലിയ്‌ക്കെത്തിയത്. സുഹൃത്തായ ബാബു ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ചില കരാറുകൾ ഏറ്റെടുത്തിരുന്നു. അങ്ങനെയാണ് വെൽഡറായ പ്രസാദ് 2000 മാർച്ച് ആദ്യവാരം അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചെത്തിയത്.

ജോലിസമയത്ത് ധരിക്കാനുള്ള വസ്ത്രം വാങ്ങിവരാം എന്നു പറഞ്ഞ് മാർച്ച് 18-ന് രാവിലെ പുറത്തേക്കിറങ്ങിയ അദ്ദേഹം പിന്നീട് വന്നില്ല. പിറ്റേദിവസം ഹോളി ആയതിനാൽ അതുകഴിഞ്ഞ് എത്തിയേക്കും എന്നാണ് എല്ലാവരും കരുതിയത്. പിന്നീട് ഒരാഴ്ചകഴിഞ്ഞാണ് വിവരം നാട്ടിൽ അറിയിച്ചത്.

'അച്ഛനെ കാണാതാകുമ്പോൾ എനിക്ക് ഏകദേശം 12 വയസ്സാണ്. എനിക്കിതേക്കുറിച്ചൊന്നും കാര്യമായി അറിയില്ലായിരുന്നു. അച്ഛൻ എവിടെയെങ്കിലും ജീവിച്ചിരിക്കുന്നുണ്ടാകുമെന്നാണ് പ്രതീക്ഷ. അതാണ് രത്നഗിരിവരെ വന്ന് അന്വേഷിക്കാമെന്ന് കരുതിയത്. രത്നഗിരിയിലെയും ചിപ്ലുണിലേയും മലയാളിസംഘടനാപ്രവർത്തകരാണ് എന്റെ അന്വേഷണത്തെ സഹായിച്ചത്. പക്ഷേ, അച്ഛനെ കണ്ടവരായി ആരുമില്ല. അന്നത്തെ കരാർകമ്പനിയൊക്കെ നിർത്തി ആളുകൾ വർഷങ്ങൾക്കുമുമ്പുതന്നെ ഇവിടംവിട്ടു. അച്ഛനോടൊപ്പം ജോലിചെയ്തവരൊന്നും ഇവിടെയില്ല. എന്താണ് സംഭവിച്ചത് എന്നറിയാൻപോലും കഴിയുന്നില്ല. ഇനി എവിടെ തിരയുമെന്ന് ഒരു നിശ്ചയവുമില്ല'- പ്രസാദ് കോശിയുടെ മകൻ റിന്റു പ്രസാദ് പറയുന്നു.

'കാണാതാകുമ്പോൾ അച്ഛന് 41 വയസ്സാണ്. ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകൾ അറിയാം. വിദേശത്ത് കുറേക്കാലം ജോലിചെയ്തിരുന്നു. റഷ്യയിലേക്ക് പോകാനുള്ള ഒരവസരം വന്നിരുന്നു. അതിന്റെ വിവിധ പരിശോധനകളുടെ ഫലം എന്തായിരിക്കും എന്നൊരു ആകാംക്ഷ അദ്ദേഹത്തിനുണ്ടായിരുന്നു എന്നാണ് അമ്മ പറഞ്ഞത്. ആ സമയത്താണ് രത്നഗിരിയിലേക്ക് എത്തിയതും' - ഹരിപ്പാടിലെ ഒരു കോളേജിൽ അദ്ധ്യാപകനായ റിന്റു പറയുന്നു. തന്റെ പിതാവിനെക്കുറിച്ച് ആർക്കെങ്കിലും എന്തെങ്കിലും വിവരമറിയുമെങ്കിൽ 08113942458, 9539874910 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP