Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

33ശതമാനം വനിതകളെ നിയമിക്കുമെന്ന് സർക്കാർ; സുപ്രീംകോടതി യുവതീ പ്രവേശനത്തിന് എതിരെ വിധിച്ചാൽ എന്ത് ചെയ്യുമെന്ന് സുപ്രീംകോടതി; ഗുരുവായൂർ, തിരുപ്പതി-പുട്ടപർത്തി മാതൃകയിൽ ശബരിമലയ്ക്ക് പ്രത്യേക ഭരണ സംവിധാനം ഉണ്ടാക്കാൻ നിർദ്ദേശിച്ച് കേസ് മാറ്റി; ദേവസ്വം ബോർഡിനേക്കാൾ നിയന്ത്രിക്കാൻ എളുപ്പമുള്ള ഭരണ സംവിധാനം ആലോചിച്ച് സർക്കാർ

33ശതമാനം വനിതകളെ നിയമിക്കുമെന്ന് സർക്കാർ; സുപ്രീംകോടതി യുവതീ പ്രവേശനത്തിന് എതിരെ വിധിച്ചാൽ എന്ത് ചെയ്യുമെന്ന് സുപ്രീംകോടതി; ഗുരുവായൂർ, തിരുപ്പതി-പുട്ടപർത്തി മാതൃകയിൽ ശബരിമലയ്ക്ക് പ്രത്യേക ഭരണ സംവിധാനം ഉണ്ടാക്കാൻ നിർദ്ദേശിച്ച് കേസ് മാറ്റി; ദേവസ്വം ബോർഡിനേക്കാൾ നിയന്ത്രിക്കാൻ എളുപ്പമുള്ള ഭരണ സംവിധാനം ആലോചിച്ച് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശബരിമലയ്ക്ക് മാത്രമായി പ്രത്യേക നിയമം വരുമെന്ന് ഉറപ്പായി. ഇക്കാര്യത്തിൽ കേന്ദ്ര ഇടപെടുന്നത് തടയാൻ സംസ്ഥാന സർക്കാർ തന്നെ ഇടപെടൽ നടത്തും. തിരുവിതാംകൂർദേവസ്വം ബോർഡിൽ നിന്ന് വിഭിന്നമായിരിക്കം പുതിയ ബോർഡ്. ഇക്കാര്യത്തിൽ നാലാഴ്ചയ്ക്കകം നിയമം കൊണ്ടുവരണമെന്ന് കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് രമണയുടേതാണ് നിർദ്ദേശം. ഇത് പാലിക്കേണ്ടി വരുമെന്ന് സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദ നിയമോപദേശം സർക്കാർ തേടുകയും ചെയ്തു. ശബരിമല വികസനവുമായി ബന്ധപ്പെട്ടു സർക്കാരും ദേവസ്വം ബോർഡും ചെയ്ത പ്രവർത്തനങ്ങൾ ഇന്നലെ സുപ്രീം കോടതിയിൽ വേണ്ടവിധം ഉന്നയിക്കപ്പെട്ടില്ല എന്ന നിഗമനമാണു സർക്കാരിനുള്ളത്. നിയമവിദഗ്ധരുമായി ആലോചിച്ച ശേഷമായിരിക്കും സർക്കാരിന്റെ തുടർനടപടികൾ. 'കേരളത്തിൽ എന്താണ് നിയമസഭ ചേരാറില്ലേ? കേരളം പോലെ ഒരു സംസ്ഥാനത്തിനു പോലും സുപ്രീം കോടതി ഇടപെട്ടാലേ നിയമം കൊണ്ടുവരാനാകൂ എന്ന സ്ഥിതിയാണോ? 'എന്ന ചോദ്യമാണ് സുപ്രീംകോടതി ഉയർത്തിയത്. ശബരിമല മാത്രം മറ്റൊരു ഭരണസമിതിക്കു കീഴിലായാൽ, നിലവിൽ ദേവസ്വം ബോർഡിനു കീഴിലുള്ള 1,250 ക്ഷേത്രങ്ങൾ പ്രതിസന്ധിയിലാകുമെന്നു സംസ്ഥാന സർക്കാർ വിലയിരുത്തുന്നു. ശബരിമല വരുമാനത്തെ ആശ്രയിച്ചാണ് ഇവയുടെ പ്രവർത്തനം. ബോർഡിനു കീഴിലുള്ള 58 ക്ഷേത്രങ്ങൾ മാത്രമാണ് സ്വയംപര്യാപ്തം.

സുപ്രീംകോടതി നിലപാട് കടുപ്പിച്ചാൽ പുതിയ നിയമം കൊണ്ടു വരേണ്ടി വരും. ഈ ഘട്ടത്തിൽ സർക്കാരിന് പൂർണ്ണ നിയന്ത്രണമുള്ള സമിതിയെയാകും ചുമതല ഏൽപ്പിക്കുക. പന്തളം കൊട്ടാരത്തിനും തന്ത്രിമാർക്കും പ്രാതിനിധ്യം ഉണ്ടാകും. പന്തളം രാജകുടുംബാംഗം സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവേയാണ് ജസ്റ്റിസ് രമണയുടെ നിർദ്ദേശം എത്തിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാക്ഷേത്രങ്ങളുടെയും ഭരണ നിർവഹണത്തിനായി പ്രത്യേക ബോർഡ് രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് പന്തളം രാജകുടുംബം കോടതിയെ സമീപിച്ചത്. തിരുവിതാംകൂർ- കൊച്ചി ഹിന്ദു ആരാധനാലയ നിയമം 2019 ന്റെ കരട് കോടതിയിൽ സർക്കാർ ഹാജരാക്കിയിരുന്നു. അതിൽ ഭരണ സമിതി അംഗങ്ങളായി സ്ത്രീകളെയും ഉൾപ്പെടുത്തുമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ കേസ് ഇന്ന് രണ്ടുതവണ പരിഗണനയ്ക്ക് എടുത്തപ്പോഴും ഏഴംഗ ബെഞ്ച് വിധി എതിരായാൽ പിന്നെ എങ്ങനെ അവിടെ വനിതാ അംഗങ്ങൾക്ക് പ്രവേശിക്കാനാകുമെന്ന് ജസ്റ്റിസ് എൻ.വി. രമണ സർക്കാർ അഭിഭാഷകനോട് ചോദിച്ചു. വിഷയത്തിൽ സർക്കാരിന്റെ സീനിയർ അഭിഭാഷൻ ജയ്ദീപ് ഗുപ്തയെ വിളിച്ചുവരുത്തിയാണ് കോടതി രണ്ടാമത് കേസ് പരിഗണിച്ചത്. 50 വയസ് പൂർത്തിയായ വനിതകളെ മാത്രമെ ഭരണസമിതി അംഗങ്ങളാക്കാവൂ എന്ന് സർക്കാരിന് ശുപാർശ നൽകാമെന്ന് ജയ്ദിപ് ഗുപ്ത കോടതിയെ അറിയിച്ചു. ശബരിമലയ്ക്കായി പ്രത്യേക നിയമം കൊണ്ടുവരണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്നു ശബരിമലയെ നീക്കുന്നത് ഒട്ടേറെ നിയമപ്രശ്‌നങ്ങൾക്കു വഴിവയ്കുമെന്നും ബോർഡിനു കീഴിലുള്ള മറ്റു ക്ഷേത്രങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുമെന്നും സർക്കാരിനു ബോധ്യമുണ്ട്. തിരുവിതാംകൂർ മഹാരാജാവ് ഇന്ത്യൻ യൂണിയനുമായി ഉണ്ടാക്കിയ ഉടമ്പടിയുടെ ഭാഗമായാണു ശബരിമലയും പന്തളം രാജപ്രവിശ്യയും ഉൾപ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ് രൂപം കൊണ്ടത്. ശബരിമല വികസനത്തിനായി ദേവസ്വം ബോർഡിനു കീഴിൽ ശബരിമല വികസന അഥോറിറ്റി രൂപീകരിക്കാൻ സർക്കാർ ആലോചിച്ചിട്ടുണ്ട്. ദേവസ്വം ബോർഡിനു കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളുടെയും ഭരണ നിർവഹണത്തിനായി പ്രത്യേക ബോർഡും പരിഗണനയിലുണ്ട്. ശബരിമല ഇല്ലെങ്കിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസക്തി തന്നെ കുറയും. മലബാറിലെ ക്ഷേത്രങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഗുരുവായൂരിനെ മലബാർ ദേവസ്വത്തിനു കീഴിലാക്കാൻ സർക്കാർ ശ്രമിക്കുന്നതിനിടയിലാണ് പുതിയ വെല്ലുവിളി. ഗുരുവായൂർ, തിരുപതി-പുട്ടപർത്തി മാതൃകയിൽ ശബരിമലയ്ക്ക് പ്രത്യേക ഭരണ സംവിധാനം ഉണ്ടാക്കാൻ നിർദ്ദേശിച്ചാണ് ഈ കേസ് സുപ്രീംകോടതി മാറ്റി വയ്ക്കുന്നത്.

ശബരിമല പ്രത്യേക നിയമവുമായി ബന്ധപ്പെട്ട പരാമർശങ്ങൾക്കിടെ കേരളത്തിനെതിരെ അതിശക്തമായ വിമർശനമാണ് ഇന്നലെ സുപ്രീം കോടതിയിൽ നിന്നുണ്ടായത്. ജസ്റ്റിസുമാരായ എൻ.വി. രമണ, ആർ. സുഭാഷ് റെഡ്ഡി, ബി ആർ. ഗവായ് എന്നിവരുൾപ്പെട്ട ബെഞ്ച് രണ്ടു ഘട്ടമായാണ് വാദം കേട്ടത്. കേസ് രണ്ടു മാസത്തേക്ക് മാറ്റിവയ്ക്കണം എന്നായിരുന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. പുതിയ തന്ത്രിയെക്കൂടി കക്ഷി ചേർക്കാൻ സമയം വേണമെന്നു ഹർജിക്കാരനായ രേവതി തിരുനാൾ രാമവർമയ്ക്കു വേണ്ടി ഹാജരായ കെ. രാധാകൃഷ്ണനും ആവശ്യപ്പെട്ടു. രണ്ടും കോടതി അംഗീകരിച്ചില്ല. കേസ് 100 വർഷം മാറ്റിവയ്ക്കണോ എന്ന് ജസ്റ്റിസ് രമണ ചോദിച്ചു. അതു കഴിഞ്ഞാലും കേരള സർക്കാർ നിയമം കൊണ്ടുവരില്ല എന്നും അദ്ദേഹം നിരീക്ഷിച്ചു. കോടതിയിൽ സമർപ്പിച്ച കരടുനിയമത്തിലെ 33% വനിതാസംവരണത്തെക്കുറിച്ചു കോടതി സംശയം പ്രകടിപ്പിച്ചപ്പോൾ, 50 വയസ്സിൽ കൂടുതലുള്ളവരെ മാത്രമേ ഭരണസമിതിയിൽ ഉൾപ്പെടുത്താവൂ എന്ന് സർക്കാരിനോട് പറയാമെന്ന് അഭിഭാഷകൻ അറിയിച്ചു. അപ്പോൾ ജസ്റ്റിസ് ബി.ആർ. ഗവായ് പറഞ്ഞു: 10 വയസ്സിൽ താഴെയുള്ളവരെയും ഉൾപ്പെടുത്താം. അങ്ങനെ വീണ്ടും കളിയാക്കൽ.

കേരള സർക്കാർ ഇന്നലെ സുപ്രീം കോടതിയിൽ സമർപ്പിച്ച തിരുവിതാംകൂർ കൊച്ചി ഹിന്ദു ആരാധനാലയ ബില്ലിന്റെ കരടിൽ ശബരിമലയ്ക്കായി ഒരു പ്രത്യേക അധ്യായമാണുള്ളത് (അധ്യായം നാല് എ). ഇതു പ്രകാരം ശബരിമലയ്ക്ക് 7 അംഗങ്ങളുള്ള വികസന അഥോറിറ്റി രൂപീകരിക്കണം. സർക്കാരിലെ സെക്രട്ടറി തലത്തിലുള്ളയാൾ ചെയർ പഴ്‌സനാകും. മറ്റ് അംഗങ്ങൾ ഇങ്ങനെ: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്, ദേവസ്വം കമ്മിഷണർ, പരിസ്ഥിതി എൻജിനീയറിങ് വിദഗ്ധൻ, സിവിൽ ചീഫ് എൻജിനീയർ, ഹിന്ദു ആചാരങ്ങളിലും ക്ഷേത്ര കാര്യങ്ങളിലും പ്രാവീണ്യമുള്ള പ്രമുഖ വ്യക്തി, ജില്ലാ മജിസ്‌ട്രേറ്റിൽ കുറയാത്ത പദവിയുള്ള മെംബർ സെക്രട്ടറി. ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രം എന്ന നിലയ്ക്ക് വികസിപ്പിക്കുന്നതിന്റെ ചുമതല അഥോറിറ്റിക്കായിരിക്കും. ഓഗസ്റ്റ് 27ന് കേസ് പരിഗണിച്ച സമയത്ത് ശബരിമലയ്ക്കായി പ്രത്യേക നിയമം കൊണ്ടുവരാമെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. പക്ഷെ മൂന്ന് മാസം കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നത് സുപ്രീംകോടതിയെ ചൊടിപ്പിച്ചിരുന്നു.

നാലാഴ്ചക്കകം ശബരിമലയ്ക്കായി പ്രത്യേക നിയമം കൊണ്ടുവരണമെന്നും കോടതി സർക്കാർ അഭിഭാഷകനെ അറിയിച്ചിട്ടുണ്ട്. കേസ് ഇനി ജനുവരി മൂന്നാം വാരം പരിഗണിക്കും. നിയമ നിർമ്മാണത്തിന് കൂടുതൽ സമയം വേണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു. നിലവിൽ തീർത്ഥാടന കാലമാണ്. അത് കഴിഞ്ഞതിന് ശേഷം നിയമ നിർമ്മാണത്തിലേക്ക് കടക്കാമെന്നും സർക്കാർ അറിയിച്ചു. പക്ഷെ ഈ വാദം കോടതി അംഗീകരിച്ചില്ല. ഗുരുവായൂർ, തിരുപ്പതി, പുട്ടപർത്തി തുടങ്ങിയ ക്ഷേത്രങ്ങളുടെ മാതൃകയിൽ ശബരിമലയ്ക്കും പ്രത്യേക ദേവസ്വം ബോർഡ് രൂപവൽക്കരിക്കാവുന്നതാണെന്നും അതിനായി പ്രത്യേക നിയമം കൊണ്ടുവരണമെന്നും കേരള സർക്കാരിനോട് സുപ്രീംകോടതി നിർദ്ദേശിച്ചു. ഇതിന്റെ കരട് നാല് ആഴ്ചയ്ക്കകം സുപ്രീംകോടതിയിൽ സമർപ്പിക്കണം. കേസ് ഇനി ജനുവരി മൂന്നാം വാരം പരിഗണിക്കും. ഇതേ ഹർജി ഓഗസ്റ്റ് 27ന് ഇതേ ബെഞ്ചിൽ വന്നിരുന്നു. അന്ന് ശബരിമല ഉൾപ്പെടെ കേരളത്തിലെ ക്ഷേത്രങ്ങൾക്കായി പുതിയ നിയമം കൊണ്ടു വരുമെന്നു സംസ്ഥാന സർക്കാർ അറിയിച്ചു. അതിനുള്ള ഒരു നടപടിയും ഇതുവരെ കൈക്കൊണ്ടില്ലേ എന്നു കോടതി ചോദിച്ചു. തിരുവിതാംകൂർ കൊച്ചി ഹിന്ദു ആരാധനാലയ നിയമം (1958) ഭേദഗതി ബില്ലിന്റെ കരട്, സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിങ് കോൺസൽ ജി. പ്രകാശ് കോടതിയിൽ സമർപ്പിച്ചു.

ഇത് എല്ലാ ക്ഷേത്രങ്ങൾക്കുമുള്ളതാണെങ്കിലും ശബരിമലയ്ക്കു മാത്രമായി ഒരധ്യായം (നാലാം ചാപ്റ്റർ) ഉണ്ടെന്ന് കോടതിയെ അറിയിച്ചു. അരക്കോടിയോളം ഭക്തർ എത്തുന്ന ശബരിമലയ്ക്കായി എന്തു കൊണ്ട് പ്രത്യേക നിയമം തയാറാക്കാൻ കേരള നിയമസഭയ്ക്ക് കഴിയില്ലെന്നു കോടതി ചോദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP