Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീട്ടു ജോലിക്കെന്ന് പറഞ്ഞ് സൗദിയിലെത്തിച്ച അൻഷാദിനെ കാത്തിരുന്നത് ഒട്ടകങ്ങളെ മേയിക്കുന്ന ജോലി; കഫീൽ ക്രൂരമുഖം പുറത്തെടുത്തതോടെ ജീവൻ നിലനിർത്തിയത് സുഡാനികളും ബംഗാളികളും നൽകിയ ഭക്ഷണം കഴിച്ച്; കാറിടിപ്പിച്ചും കമ്പിവടിക്ക് അടിച്ചും അൻഷാദിന് മേൽ കഫീലിന്റെ ക്രൂര വിനോദവും: രണ്ട് വർഷം നീണ്ട ആടു ജീവിതത്തിനൊടുവിൽ അൻഷാദിന് ഇനി നാട്ടിലേക്ക് മടങ്ങാം

വീട്ടു ജോലിക്കെന്ന് പറഞ്ഞ് സൗദിയിലെത്തിച്ച അൻഷാദിനെ കാത്തിരുന്നത് ഒട്ടകങ്ങളെ മേയിക്കുന്ന ജോലി; കഫീൽ ക്രൂരമുഖം പുറത്തെടുത്തതോടെ ജീവൻ നിലനിർത്തിയത് സുഡാനികളും ബംഗാളികളും നൽകിയ ഭക്ഷണം കഴിച്ച്; കാറിടിപ്പിച്ചും കമ്പിവടിക്ക് അടിച്ചും അൻഷാദിന് മേൽ കഫീലിന്റെ ക്രൂര വിനോദവും: രണ്ട് വർഷം നീണ്ട ആടു ജീവിതത്തിനൊടുവിൽ അൻഷാദിന് ഇനി നാട്ടിലേക്ക് മടങ്ങാം

മറുനാടൻ മലയാളി ബ്യൂറോ

അമ്പലപ്പുഴ: കഫീലിന്റെ ക്രൂര വിനോദങ്ങൾ നിറഞ്ഞ ആടുജീവിതത്തിനൊടുവിൽ അൻഷാദിന് ഇനി നാട്ടിലേക്ക് മടങ്ങാം. സൗദി അറേബ്യയിലെ മരുഭൂമിയിൽ രണ്ടുവർഷത്തിലേറെ നീണ്ട ആടുജീവിതത്തിൽനിന്ന് മോചിതനായ അൻഷാദിന് തന്റെ ജീവനും ജീവിതവും തിരികെ കിട്ടി എന്ന് ഇനിയും വിശ്വസിക്കാനാവുന്നില്ല. ബെന്യാമിന്റെ ആടുജീവിതം നോവലിന് സമാനമായ ദുരിത ജീവിതമാണ് കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി അൻഷാദ് അനുഭവിച്ച് പോന്നത്.

ക്രൂരനായ കഫീലിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ടു എന്ന് അൻഷാദിന് ഇനിയും വിശ്വസിക്കാനായിട്ടില്ല. ഇനി നാട്ടിൽ വന്ന് മകനെ ഒന്നു കാണണമെന്നതാണ് അൻഷാദിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം. താൻ രക്ഷപ്പെട്ട വിവരം കരച്ചിലിനും ചിരിക്കും ഇടയിലൂടെയാണ് അൻഷാദ് ഭാര്യ റാഷിദയോട് വിവരിച്ചത്. സൗദി അറേബ്യയിലെ മരുഭൂമിയിൽ രണ്ടുവർഷത്തിലേറെ നീണ്ട ആടുജീവിതത്തിൽനിന്ന് മോചിതനായ അൻഷാദ് ബുധനാഴ്ച വൈകീട്ട് വീഡിയോ കോളിലൂടെ താൻ വഞ്ചിക്കപ്പെട്ടതും രക്ഷപ്പെട്ടതും വിവരിച്ചു.

അമ്പലപ്പുഴ കാക്കാഴം സ്വദേശി അൻഷാദ് 2017 ഒക്ടോബർ 18-നാണ് സൗദിയിലെത്തിയത്. സൗദി പൗരന്റെ വീട്ടിൽ അതിഥികൾക്ക് ചായയും പലഹാരങ്ങളും നൽകുന്ന ജോലിയാണെന്ന് പറഞ്ഞാണ് അൻഷാദിനെ സൗദിയിലെത്തിച്ചത്. വിസയ്ക്കും ടിക്കറ്റിനുമായി 45500 രൂപയും നൽകി. അവിടെയെത്തിയപ്പോൾ മരുഭൂമിയിൽ ഒട്ടകങ്ങളെ മെയ്‌ക്കാനാണ് കഫീൽ പറഞ്ഞത്. ക്രൂരനായിരുന്നു അയാൾ. ശമ്പളമില്ല. മൊബൈൽ ഫോൺ വാങ്ങിവച്ചു. ഭക്ഷണവും വെള്ളവും പോലും തന്നില്ല. മരുഭൂമിയിൽ ഒട്ടകങ്ങളെ മെയ്‌ക്കുന്ന സുഡാനികളും ബംഗാളികളും തന്ന ഭക്ഷണം കഴിച്ചാണ് ജീവൻ നിലനിർത്തിയതെന്നും അൻഷാദ് പറയുന്നു.

പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻപോലും സൗകര്യമില്ലാത്ത ടെന്റിലായിരുന്നു അൻഷാദിന്റെ താമസം. കടുത്ത ജോലിക്കിടെ കഫീലിന്റെ ക്രൂരമർദനവും. കാറിടിപ്പിക്കുകയും കമ്പിവടിക്കടിക്കുകയുമെല്ലാം ചെയ്തു. എല്ലാം സഹിച്ചു. രക്ഷപ്പെടാനാകുമെന്ന് വിചാരിച്ചതേയില്ല. രണ്ടുവർഷത്തെ കരാറായതിനാൽ അതുകഴിഞ്ഞ് വിടാമെന്നു പറഞ്ഞു. ഇതിനിടെയിൽ ടെന്റിൽനിന്ന് പുറത്തുചാടി മരുഭൂമിയിലൂടെ 90 കിലോമീറ്റർ നടന്ന് പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും നീതികിട്ടിയില്ല. അവർ തിരികെ കഫീലിന്റെ അടുത്തുതന്നെ എത്തിച്ചു. ചൊവ്വാഴ്ച പൊലീസ് എത്തി എംബസി ഉദ്യോഗസ്ഥരും പ്രവാസി സന്നദ്ധ സംഘടനാ പ്രവർത്തകരുമെത്തിയെന്നുപറഞ്ഞ് തന്നെ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. രണ്ടുവർഷത്തെ ശമ്പളവും വാങ്ങിത്തന്നു. നന്ദി എല്ലാവർക്കും.

ഇന്ത്യാ ഫ്രട്ടേണിറ്റി ഫോറത്തിന്റെയും സൗദിയിലെ ഇന്ത്യൻ എംബസിയുടെയും വൊളന്റിയറായ കൊല്ലം സ്വദേശി നൗഷാദിന്റെ സംരക്ഷണത്തിലാണ് അൻഷാദ് ഇപ്പോൾ. സൗദി വിടാനുള്ള അനുമതിയായാൽ അടുത്ത ദിവസംതന്നെ അൻഷാദ് കേരളത്തിലേക്ക് മടങ്ങും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP