Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് സോണിയ പച്ചക്കൊടി വീശി? ചർച്ചകൾക്ക് അനുകൂല ഫലമെന്ന സൂചനയോടെ കോൺഗ്രസ്-എൻസിപി നേതാക്കൾ; പുരോഗമിക്കുന്നത് പൊതുമിനിമം പരിപാടിക്ക് അന്തിമരൂപം നൽകുന്നതിനുള്ള കൂടിയാലോചനകൾ; വർഗ്ഗീയ നിലപാടുകളുമായി ശിവസേന മുന്നോട്ട് പോയാൽ പിന്തുണ പിൻവലിക്കുമെന്ന് കോൺഗ്രസിന്റെ മുന്നറിയിപ്പ്; പവാർ മോദിയെ കണ്ടതിലും അതൃപ്തി; വ്യാഴാഴ്ച വൈകിട്ടോടെ ചിത്രം വ്യക്തമാകുമെന്ന് ശിവസേനയും

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് സോണിയ പച്ചക്കൊടി വീശി? ചർച്ചകൾക്ക് അനുകൂല ഫലമെന്ന സൂചനയോടെ കോൺഗ്രസ്-എൻസിപി നേതാക്കൾ; പുരോഗമിക്കുന്നത് പൊതുമിനിമം പരിപാടിക്ക് അന്തിമരൂപം നൽകുന്നതിനുള്ള കൂടിയാലോചനകൾ; വർഗ്ഗീയ നിലപാടുകളുമായി ശിവസേന മുന്നോട്ട് പോയാൽ പിന്തുണ പിൻവലിക്കുമെന്ന് കോൺഗ്രസിന്റെ മുന്നറിയിപ്പ്; പവാർ മോദിയെ കണ്ടതിലും അതൃപ്തി; വ്യാഴാഴ്ച വൈകിട്ടോടെ ചിത്രം വ്യക്തമാകുമെന്ന് ശിവസേനയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ശിവസേന-കോൺഗ്രസ്-എൻസിപി സർക്കാർ അധികാരത്തിൽ വരുമെന്ന് സൂചന. എൻസിപി-കോൺഗ്രസ് ചർച്ചയിൽ സോണിയ ഗാന്ധി ഇതിനായി സമ്മതം മൂളിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എൻസിപി-കോൺഗ്രസ് നേതാക്കൾ സംയുക്ത വാർത്താസമ്മേളനം നടത്തിയതും അനുകൂല സൂചനയാണ്.

സർക്കാർ രൂപീകരണത്തിൽ ധാരണ എത്തിയോ എന്ന ചോദ്യത്തിന് പൃഥ്വിരാജ് ചവാൻ വ്യക്തമായ മറുപടി നൽകിയില്ല. സ്ഥിരതയുള്ള സർക്കാർ ഉടൻ അധികാരത്തിൽ വരുമെന്നും, സഖ്യത്തിന്റെ ചില വശങ്ങൾ ചർച്ച ചെയ്ത് വരികയാണെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകൾ ക്രിയാത്മകമാണ്. നാളെ ചർച്ചകൾ തുടരും. ശിവസേന-കോൺഗ്രസ്-എൻസിപി കക്ഷികളെ കൂടാതെ സ്ഥിരതയുള്ള സർക്കാർ സാധ്യമല്ലെന്ന് എൻസിപിയുടെ നവാബ് മാലിക് പറഞ്ഞു.

മല്ലികാർജുൻ ഖാർഗെ, കെ.സി.വേണുഗോപാൽ, ബാലസാഹേബ് തൊറാത്, അഹമ്മദ് പട്ടേൽ, ജയ്‌റാം രമേശ്, തുടങ്ങിയ കോൺഗ്രസ് നേതാക്കളാണ് ചർച്ചയിൽ പങ്കെടുത്തത്. സുപ്രിയ സുലെ, ഛഗൻ ബുജ്ബാൽ, അജിത് പവാർ, ശരദ് പവാർ എന്നീ എൻസിപി നേതാക്കളും സന്നിഹിതരായിരുന്നു. ശപദ് പവാറിന്റെ വസതിയിലായിരുന്നു ചർച്ച. സർക്കാർ രൂപവത്കരപണത്തിലെ അനിശ്ചിതത്വം നീങ്ങിയെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. പൊതു മിനിമം പരിപാടിക്ക് അന്തിമ രൂപം നൽകുന്നത് സംബന്ധിച്ച ചർച്ചകളാണ് പുരോഗമിക്കുന്നത്. വർഗീയ നിലപാടുകളുമായി ശിവസേന മുന്നോട്ടുപോയാൽ സഖ്യ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന സൂചന കോൺഗ്രസ് നൽകിയിട്ടുണ്ടെന്നാണ് വിവരം.

നവംബർ 22 ന് ശിവസേന എംഎൽഎമാരുടെ യോഗം വിളിച്ചിട്ടുണ്ടെന്ന് അബ്ദുൾ സത്താർ അറിയിച്ചു. ഐഡി കാർഡും വസ്ത്രങ്ങളുമടക്കം അഞ്ചുദിവസം തങ്ങാൻ തയ്യാറായി വരാനാണ് നിർദ്ദേശം. അതേസമയം, എൻസിപി അധ്യക്ഷൻ ശരദ് പവാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിൽ കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ട്. മഹാരാഷ്ട്രയിലെ പ്രത്യേക സാഹചര്യം നിലനിൽക്കവെ പവാർ ഡൽഹിയിലെത്തി മോദിയെ കണ്ടതിലാണ് കോൺഗ്രസ് അതൃപ്തി രേഖപ്പെടുത്തിയത്. പവാറിന്റെ നടപടി മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിലെ സഖ്യനീക്കങ്ങളിൽ സംശയമുണ്ടാക്കുമെന്ന് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ വിലയിരുത്തി. അതേസമയം, മഹാരാഷ്ട്രയിലെ കർഷകരുടെ വിഷയമാണ് പ്രധാനമന്ത്രിയുമായി പവാർ ചർച്ച ചെയ്തതെന്ന് എൻസിപി വൃത്തങ്ങൾ വ്യക്തമാക്കി.മഹാരാഷ്ട്രയിൽ ഡിസംബർ ആദ്യവാരം സർക്കാർ രൂപീകരണം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതു മിനിമം പരിപാടിയിൽ ശിവസേന ഉറച്ചു നിൽക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. സർക്കാർ രൂപീകരണത്തിൽ വ്യാഴാഴ്ച വൈകിട്ടോടെ ചിത്രം വ്യക്തമാകുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്തും പ്രതികരിച്ചു.

അതേസമയം, മഹാരാഷ്ട്രയിൽ കോൺഗ്രസിന് നേരായവഴിക്ക് സർക്കാരുണ്ടാക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് അവരെ പ്രത്യേകം ക്ഷണിക്കാതിരുന്നതെന്ന് മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരി. ഗവർണർ രാഷ്ട്രപതിക്ക് സമർപ്പിച്ച റിപ്പോർട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പാർലമെന്റിൽവച്ചു. കുതിരക്കച്ചവടത്തിന് എല്ലാ സാധ്യകളുമുണ്ടായിരുന്നതിനാലാണ് നിയമസഭ വിളിച്ച് ഭൂരിപക്ഷം തെളിയിക്കാൻ ആർക്കും അവസരം നൽകാതിരുന്നതെന്ന് മഹാരാഷ്ട്ര ഗവർണർ രാഷ്ട്രപതിക്ക് നൽകിയ 13 പേജുള്ള റിപ്പോർട്ടിൽ പറയുന്നു. നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് നിരവധി കോൺഗ്രസ്, എൻസിപി നേതാക്കൾ ബിജെപിയിലേയ്ക്കും തിരിച്ചും കൂടുവിട്ട് കൂടുമാറിയത് പ്രത്യേകം പരിഗണിക്കണമെന്നും ഗവർണർ പറയുന്നു. എന്നാൽ ബിജെപിയെ നേരിട്ട് വിമർശിക്കാൻ ഗവർണർ തയ്യാറിയില്ല. 44 എംഎൽഎമാരുള്ള കോൺഗ്രസിന് സർക്കാരുണ്ടാക്കാൻ നേരായ വഴിക്ക് സാധിക്കുമായിരുന്നില്ല. ബിജെപിക്ക് രണ്ടു ദിവസമാണ് സർക്കാരുണ്ടാക്കാൻ അനുവദിച്ചിരുന്നത്.

എന്നാൽ മുന്മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് ഒരുകൂടി അധികം ചോദിച്ചെങ്കിലും അനുവദിച്ചില്ല. അനുവദിച്ച സമയപരിധിയിൽ സർക്കാരുണ്ടാക്കാൻ കഴിയില്ലെന്ന് എൻസിപി അറിയിച്ചു. സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് ശിവസേന കത്ത് നൽകിയിട്ടില്ലെന്നും ഗവർണർ റിപ്പോർട്ടിൽ പറയുന്നു. കൂടിക്കാഴ്‌ച്ചയ്ക്ക് സമയം തേടി നേരത്തെ തയ്യാറാക്കിയ കത്ത് ശിവസേന നേതാക്കൾ കൈമാറുകമാത്രമാണ് ചെയ്തതെന്നും റിപ്പോർട്ടിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP