Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'സ്വന്തം ജീവിതത്തെ ബാധിക്കാത്തതൊക്കെ മറന്നു പോവുന്നു..ഇടപെടാതിരിക്കുന്നു; കഴിഞ്ഞ ദിവസം വരെ ഞാനും അങ്ങനെയായിരുന്നു; പക്ഷേ ഇനി അങ്ങനെയല്ല.. മറക്കാനാവില്ലിത്; പറയാതിരിക്കാനും ആവില്ല; ആപത്തുകളിൽ നിന്ന് രക്ഷിക്കാൻ സൂപ്പർ ഹീറോകൾ വരുമെന്ന് സ്വപ്‌നം കാണുന്ന കുരുന്നുകളെ എങ്ങനെ കൈവിടും? വാളയാർ പെൺകുട്ടികൾക്ക് നീതിക്കായി 'ജസ്റ്റിസ് ഫോർ വാളയാർ കിഡ്‌സ്' ഫേസ്‌ബുക്ക് പേജ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

'സ്വന്തം ജീവിതത്തെ ബാധിക്കാത്തതൊക്കെ മറന്നു പോവുന്നു..ഇടപെടാതിരിക്കുന്നു; കഴിഞ്ഞ ദിവസം വരെ ഞാനും അങ്ങനെയായിരുന്നു; പക്ഷേ ഇനി അങ്ങനെയല്ല.. മറക്കാനാവില്ലിത്; പറയാതിരിക്കാനും ആവില്ല; ആപത്തുകളിൽ നിന്ന് രക്ഷിക്കാൻ സൂപ്പർ ഹീറോകൾ വരുമെന്ന് സ്വപ്‌നം കാണുന്ന കുരുന്നുകളെ എങ്ങനെ കൈവിടും? വാളയാർ പെൺകുട്ടികൾക്ക് നീതിക്കായി 'ജസ്റ്റിസ് ഫോർ വാളയാർ കിഡ്‌സ്' ഫേസ്‌ബുക്ക് പേജ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

എം മനോജ് കുമാർ

 തിരുവനന്തപുരം: വാളയാർ പെൺകുട്ടികൾ കേരളത്തിന്റെ മുറിവായി മാറിയിരിക്കുകയാണ്. സഹോദരിമാരായ കുഞ്ഞു പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുകയും ഉത്തരത്തിലെ കഴുക്കോലിൽ തൂങ്ങി നിൽക്കുന്നതായി കണ്ടെത്തുകയും ചെയ്തതോടെയാണ് വാളയാർ കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച ദുരന്തമായി മാറുന്നത്. പതിവ് പീഡനക്കേസുകളിൽ നിന്നും വിഭിന്നമായി വാളയാറിലെ പെൺകുട്ടികൾക്ക് നീതി്ക്ക് വേണ്ടി കേരളത്തിന്റെ മനസ് ആഗ്രഹിച്ചു. സോഷ്യൽ മീഡിയകളിൽ അതിന്റെ പ്രതിസ്പന്ദനങ്ങൾ ദൃശ്യമാവുകയും ചെയ്തു. ചുവപ്പു പുരണ്ട കുഞ്ഞുടുപ്പുകൾ കെട്ടിത്തൂക്കപ്പെട്ടത് നീതിക്ക് വേണ്ടിയുള്ള കേരളത്തിന്റെ നിലവിളി തന്നെയായി മാറി. പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളുടെത് തൂങ്ങി മരണമല്ല കൊലപാതകമാണെന്ന സംശയം കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിൽ മുഴങ്ങിക്കൊണ്ടിരിക്കുമ്പോൾ തന്നെയാണ് സോഷ്യൽ മീഡിയകളിൽ വാളയാർ പെൺകുട്ടികളുടെ നീതിക്ക് വേണ്ടി ശബ്ദം മുഴങ്ങുന്നത്.

വാളയാർ കുറ്റക്കാർ അവർ ഏത് രാഷ്ട്രീയ പാർട്ടികളിൽപ്പെട്ടവരാണെങ്കിലും ശിക്ഷിക്കപ്പെടണം എന്ന ആവശ്യമാണ് സോഷ്യൽ മീഡിയകളിൽ ഉയരുന്നത്. ജസ്റ്റിസ് ഫോർ വാളയാർ കിഡ്‌സ് എന്ന ഫെയ്‌സ് ബുക്ക് പേജ് അതുകൊണ്ട് തന്നെ സാർത്ഥകമായ ലക്ഷ്യം കൊണ്ട് ശ്രദ്ധയാകർഷിക്കുന്നു. കുഞ്ഞുങ്ങളോടുള്ള ക്രൂരതയിൽ മനം മടുത്ത് ഏതാനും അമ്മമാർ തുടങ്ങിയ പേജ് ആണിത്. വാളയാറിലെ കുട്ടികൾ അനുഭവിച്ച അതിക്രൂര പീഡനങ്ങളിൽ മനസ്സ് വേദനിച്ച ഈ അമ്മമാർക്ക് പിന്തുണയുമായി കേരളം തന്നെ ഒഴുകി വരുന്നത് പിന്നീട് കണ്ടു. ഈ അടുത്ത ദിവസങ്ങളിൽ ആരംഭിച്ച ശേഷം പതിനായിരത്തോളം അംഗങ്ങളാണ് വാളയാർ പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഈ ഫെയ്‌സ് ബുക്ക് പേജിൽ അംഗമായി മാറിയത്. വികാരം തുളുമ്പുന്ന, ധാർമ്മിക രോഷം തുടിക്കുന്ന, നീതിക്ക് വേണ്ടിയുള്ള ഉറച്ച ശബ്ദം തന്നെയാണ് ജസ്റ്റിസ് ഫോർ വാളയാർ കിഡ്‌സിൽ നിന്നും ഉയരുന്നത്. 'നിയമത്തിന്റെ സാങ്കേതികതകളിൽ പെട്ട് കുറ്റവാളികൾ രക്ഷപ്പെടരുത് എന്നതാണ് ഈ ഫെയ്‌സ് ബുക്ക് പേജിന്റെ പ്രാഥമിക ആവശ്യം. ഇപ്പോൾ തുടർ അന്വേഷണത്തിനു സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും കേസ് സിബിഐയ്ക്ക് കൈമാറാൻ ഒരു സമ്മർദ്ദ ഗ്രൂപ്പായി മാറുകയാണ് പേജിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ. അയ്യായിരം അംഗങ്ങളുള്ള ഒരു ഗ്രൂപ്പിന് ഓൺലൈനിലൂടെ ലോകമെങ്ങുമുള്ളവരെ കൊണ്ട് ഓൺലൈൻ പെറ്റീഷൻ അയപ്പിക്കാൻ കഴിയും. ഇപ്പോൾ ഗ്രൂപ്പിന് തന്നെ പതിനായിരം മെമ്പർമാർ ആയിക്കഴിഞ്ഞു. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഭീമ ഹർജി കൊടുക്കാനുള്ള പരിപാടികളും ഈ ഫെയ്‌സ് ബുക്ക് പേജ് അന്വേഷിക്കുകയാണ്. നമ്മുടെ കുഞ്ഞുങ്ങൾക്ക് നീതി കിട്ടാനുള്ള പോരാട്ടത്തിലാണ് ഞങ്ങൾ, ഈ ലക്ഷ്യം ഞങ്ങൾ നേടിയെടുത്തിരിക്കും. നേടിയെടുക്കാനുള്ള പോരാട്ടത്തിനാണ് ഞങ്ങൾ തുടക്കമിട്ടത്''-പേജിന്റെ അണിയറ പ്രവർത്തകർ മറുനാടനോട് പ്രതികരിക്കുന്നു.

'നമുക്കാവശ്യമില്ലാത്തതൊക്കെ മറന്നു പോവുന്നതും തന്നെ വ്യക്തിപരമായി ബാധിക്കാത്തതിലൊന്നും ഇടപെടാതിരിക്കലും മനുഷ്യസഹജമാണ്. കഴിഞ്ഞ ദിവസം വരെ ഞാനും അങ്ങിനെയായിരുന്നു. പക്ഷേ ഇനി അങ്ങിനെയല്ല. മറക്കാനാവില്ലിത്; പറയാതിരിക്കാനും ആവില്ല. പേജിലൂടെ ഇവർ ആഹ്വാനം ചെയ്യുന്നു. പേജിലെ അമ്മമാരുടെ പ്രതികരണങ്ങളും ചിന്തകളും നീങ്ങുന്നത് ഈ വിധമാണ്: വാളയാർ കേസ് വിധി വന്ന ദിവസം ഏതൊരമ്മയെപ്പോലെയും ഞാനും ഉറങ്ങിയില്ല. നാട്ടിലെ മക്കളെ വിളിച്ചു കുറെയേറെ സംസാരിച്ചു. ഇവിടെ ഡേ കെയറിൽ വരുന്ന ഒൻപതു വയസുകാരികളെ ചേർത്തു നിർത്തി ഉമ്മ വെച്ചു; കഥകൾ പറഞ്ഞു കൊടുത്തു. അവർ എനിക്ക് പൂമ്പാറ്റകളെക്കുറിച്ചുള്ള പാട്ടുകൾ പാടിത്തന്നു. എത്ര നിഷ്‌കളങ്കവവും സുതാര്യവുമായാണ് അവർ ലോകത്തെ കാണുന്നതെന്നോർത്ത് ഞാൻ നെടുവീർപ്പിട്ടു. അവർ കാണുന്നതിനപ്പുറം ക്രൂരവും വികൃതവുമായ ഒരു ലോകമുണ്ടെന്ന സത്യം എങ്ങിനെ ആ കുഞ്ഞുങ്ങളെ പറഞ്ഞ് മനസ്സിലാക്കിക്കുമെന്നോർത്ത് വേവലാതിപ്പെട്ടു.

കുട്ടികൾ ഉറക്കെ പാട്ടുകൾ പാടുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു. കളർപ്പെൻസിലുകളുടെയും ചെറു പാവകളുടെയും ലോകത്തിലേക്ക് അവർ ആഴ്ന്നിറങ്ങി. ഞാനും നിശബ്ദയായി ഭാരിച്ച മനസ്സോടെ അവരുടെ നിഷ്‌കളങ്കമായ കളിചിരികൾ നോക്കിയിരുന്നു. സൂപ്പർ ഹീറോകളാണവരുടെ റോൾ മോഡലുകൾ. എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമായി എല്ലാ തിന്മകൾക്കും മറുപടി പറയാനായി അവരെ രക്ഷിക്കാനായി ഒരു സൂപ്പർ ഹീറോ ഉണ്ടാവും. അവർ കളി തുടരുകയാണ്. അവരുടെ സങ്കല്പ ലോകത്തെ ശല്യപ്പെടുത്താതെ ഞാനും നിശബ്ദയായി. സൂപ്പർ ഹീറോകളില്ലാത്ത ന്യായമില്ലായ്മകൾ വിജയിച്ചു വരുന്ന ഈ യഥാർത്ഥ ലോകത്തെ മനസ്സിൽ പഴിച്ച് ഞാനും നിത്യപ്പണികളിൽ വ്യാപൃതയായി; സങ്കടമുണ്ടെങ്കിലും ഒറ്റക്കൊലുസിട്ട ആ കുഞ്ഞിക്കാലുകൾ മറന്നു തുടങ്ങി. ബോധപൂർവ്വമെന്നോണം മറ്റ് നിസ്സാരവിഷയങ്ങൾ ചർച്ചകളിൽ വന്നു തുടങ്ങി. വിഷയങ്ങൾ ഉണ്ടാക്കാനും ഇല്ലാതാക്കാനും മാധ്യമങ്ങൾ മിടുക്കരാണല്ലോ.

പക്ഷേ വാളയാറിലെ രണ്ടു കുട്ടികൾക്കൊപ്പം ഞങ്ങളുടെ നാട്ടിൽ കുടിയേറി വന്ന ദളിത് കുടുംബത്തിലെ അമ്മയ്ക്കും മകൾക്കും അവരുടെ കോളനിയിൽ വെച്ചുണ്ടായ ; ഇരുവരുടെയും മരണത്തിലവസാനിച്ച ദുരനുഭവങ്ങൾ വേദനയായി മനസ്സിൽ നിറഞ്ഞിരുന്ന സമയത്താണ് ഫോറൻസിക് സർജനായ ഡോ .ജിനേഷിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വിശദമാക്കുന്ന വാർത്ത വായിക്കാനിടയായത്.

കുട്ടികളുടെ സമഗ്രമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഹൃദയമുള്ളവർക്കാർക്കും വായിച്ച് തീർക്കാനാവില്ല. പതിമൂന്ന് വയസ്‌കാരിയായ മൂത്ത കുട്ടി അതിക്രൂര പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയയായെന്ന റിപ്പോർട്ടുകൾക്ക് ശേഷവും രണ്ടാമത്തെ കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയോ കൃത്യത്തിന് ദൃക്‌സാക്ഷിയായ ആ കുട്ടിയെ സംരക്ഷിക്കാനോ ശിശുസംരക്ഷണ വകുപ്പോ പൊലീസോ ശ്രമിച്ചില്ല. എന്നിട്ടൊടുവിൽ ഒരു ചാക്ക്‌നൂല് കൊണ്ടു പോലും കടുംകെട്ടിടാനാവാത്ത പ്രായക്കാരി സ്വയനിശ്ചയപ്രകാരം തൂങ്ങി മരിച്ചു എന്നൊരു കേസ് ചാർജ് ചെയ്യുകയും ചെയ്തു. ആത്മഹത്യാ പ്രേരണയും കുറ്റകൃത്യമായിട്ടു പോലും പ്രതികൾക്കെതിരെ കോലപാതകത്തിനോ, കൊലപാതക ശ്രമത്തിനോ കേസ് എടുത്തില്ല.

അതി ദുർബലവാദങ്ങൾക്കൊടുവിൽ ശിക്ഷയേതുമനുഭവിക്കാതെ പ്രതികൾ കൂടുതൽ കരുത്തോടെ അടുത്ത ഇരകളെ തേടി സമൂഹത്തിലിറങ്ങി നടക്കുന്നു. ഉഭയകക്ഷി സമ്മതമെന്ന വാക്ക് ഈ യുഗത്തിലെതന്നെ അശ്ലീലമായിക്കൊണ്ട് നിയമപാലകർ ആ കുട്ടികളെ വീണ്ടും വീണ്ടും ക്രൂരമായി പീഡിപ്പിച്ച് ചാലനുകളിൽ കൊലപാതകം നടത്തി. ആരുമില്ലാത്തവരാണ് അവർ. വർഷങ്ങൾ കഴിഞ്ഞാൽ ചിലപ്പോൾ സ്വന്തം അമ്മയുടെ മനസ്സിൽ പോലുമവർ ഉണ്ടാവണമെന്നില്ല. ആ കുട്ടികൾ അനുഭവിച്ച പീഡനങ്ങൾക്ക്, അപമാനങ്ങൾക്ക് മറുപടി കിട്ടിയേ മതിയാവൂ. തീർത്തും നിരുത്തരവാദപരമായി ആ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ മുതലിങ്ങോട്ട് എല്ലാവരും പ്രതിക്കൂട്ടിൽ നിന്നേപറ്റൂ.... നിയമക്കുരുക്കൾക്കിടയിൽപ്പെട്ട് കുറ്റവാളികൾ രക്ഷപ്പെടുവാൻ നമ്മൾ മാതാപിതാക്കൾ അനുവദിക്കരുത്. ഈ കേസന്വേഷണം സിബിഐയെ ഏല്പിക്കുന്നതോടൊപ്പം പ്രതികളെ രക്ഷപ്പെടാൻ അനുവദിച്ച ഉദ്യോഗസ്ഥർക്കും ശിക്ഷ ഉറപ്പാക്കേണ്ടതാണ്. ഞങ്ങൾ മാതാപിതാക്കൾ ഈ സിസ്റ്റത്തിൽ വിശ്വസിക്കുന്നു. നിയമം നടപ്പിലാവുമെന്നും നീതി ലഭിക്കുമെന്നും ഉറച്ച് വിശ്വസിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. പീഡിത ബാല്യത്തിന് നീതി ലഭിക്കുന്നത് വരെ ഞങ്ങൾ അമ്മമാർ നിശബ്ദരാവില്ല.

ജസ്റ്റിസ് ഫോർ വാളയാർ കിഡ്‌സ് പോലുള്ള പേജുകളിൽ സോഷ്യൽ മീഡിയയിൽ ഗ്രൂപ്പുകൾ സജീവമായപ്പോൾ അതിന്റെ അനുരണനങ്ങൾ ഉൾക്കൊണ്ടു സർക്കാരും നടപടികൾ എടുക്കാൻ നിർബന്ധിതരായി. വാളയാർ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയത് ഇതിന്റെ ഭാഗം തന്നെയാണ്. പ്രതികളെ വെറുതെവിട്ട പാലക്കാട് പോക്‌സോ കോടതി വിധിയ്‌ക്കെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്. വിസ്താരവേളയിൽ കോടതി പലതവണ ചൂണ്ടിക്കാട്ടിയിട്ടും പിഴവുകൾ തിരുത്താൻ തയ്യാറാകാത്ത പബ്ലിക് പ്രോസിക്യൂട്ടറെ സർക്കാർ പുറത്താക്കുകയും ചെയ്തു. അന്വേഷണ വേളയിൽ പൊലീസ് ഒത്തുകളിച്ച്തും വിചാരണ വേളയിൽ പ്രോസിക്യൂട്ടറിൽ നിന്നും വന്ന വീഴ്ചകളുമാണ് പിഞ്ചു കുട്ടികൾ പീഡനത്തിന്നിരയായി കൊല്ലപ്പെട്ടിട്ടും മരണാനന്തര നീതി പോലും നിഷേധിക്കപ്പെടാൻ ഇടവരുത്തിയത്.

വാളയാറിൽ സഹോദരിമാരായ പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുകയും മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത കേസിൽ പ്രതികളെ തെളിവില്ലെന്ന പേരിൽ പാലക്കാട് പോക്‌സോ കോടതി കോടതി വെറുതെ വിട്ട വിധി ഞെട്ടലോടെയാണ് കേരളം കേട്ടത്. ഒമ്പതും ആറും വയസുള്ള പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളെയാണ് തൂങ്ങി മരിച്ച നിലയിൽ ജനുവരിയിലും മാർച്ചിലും കണ്ടെത്തുന്നത്. പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടു എന്നതിന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകളിൽ തെളിവുണ്ട്. പരസഹായമില്ലാതെ തൂങ്ങാൻ കഴിയാത്ത കഴുക്കോലിലിലാണ് പെൺകുട്ടികൾ തൂങ്ങി നിൽക്കുന്നത് കണ്ടത്. ജനുവരി-മാർച്ച് മാസങ്ങളിലാണ് മരണങ്ങൾ നടന്നത്. പീഡനവീരരായ പ്രതികൾ പുറത്ത് വിലസുമ്പോൾ തെളിവില്ലാ എന്ന് പറഞ്ഞാണ് പാലക്കാട് പോക്‌സോ കോടതി പ്രതികളെ വെറുതെ വിട്ടത്. കുട്ടികൾ പീഡിപ്പിക്കപ്പെട്ടതായി കുട്ടികളുടെ അമ്മ തന്നെ പൊലീസിന് മൊഴി നൽകിയ കേസിലാണ് പ്രതികൾ രക്ഷപ്പെട്ടത്,. ഇതോടെയാണ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ വാളയാർ പെൺകുട്ടികൾക്ക് നീതിക്കായുള്ള ആവശ്യം മുഴങ്ങിയത്. വളരെ ശക്തമായ പ്രതികരണങ്ങൾ ആണ് ഗ്രൂപ്പിൽ നിന്നും മുഴങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP