Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആശ്രിത നിയമനത്തിനായി 18 വർഷമായി കോടതി കയറി ഇറങ്ങിയ യുവാവിന് അഞ്ച് ലക്ഷം രൂപ കോടതി ചെലവായി നൽകണമെന്ന് സിംഗിൾ ബഞ്ച്; പണം നൽകാൻ മടിച്ച് അപ്പീലിന് പോയതോടെ തുക പത്ത് ലക്ഷമാക്കി ഉയർത്തി ഡിവിഷൻ ബഞ്ച്; ഒരു മാസത്തിനകം യുവാവിന് ജോലിയും പത്ത് ലക്ഷം രൂപയും നൽകണമെന്നും ഉത്തരവ്: അപ്പീൽ നൽകി നൽകി ഹൈക്കോടതിയെ ചൊറിഞ്ഞ കാനറാ ബാങ്ക് പണി പാലും വെള്ളത്തിൽ മേടിച്ചത് ഇങ്ങനെ

ആശ്രിത നിയമനത്തിനായി 18 വർഷമായി കോടതി കയറി ഇറങ്ങിയ യുവാവിന് അഞ്ച് ലക്ഷം രൂപ കോടതി ചെലവായി നൽകണമെന്ന് സിംഗിൾ ബഞ്ച്; പണം നൽകാൻ മടിച്ച് അപ്പീലിന് പോയതോടെ തുക പത്ത് ലക്ഷമാക്കി ഉയർത്തി ഡിവിഷൻ ബഞ്ച്; ഒരു മാസത്തിനകം യുവാവിന് ജോലിയും പത്ത് ലക്ഷം രൂപയും നൽകണമെന്നും ഉത്തരവ്: അപ്പീൽ നൽകി നൽകി ഹൈക്കോടതിയെ ചൊറിഞ്ഞ കാനറാ ബാങ്ക് പണി പാലും വെള്ളത്തിൽ മേടിച്ചത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: അർഹതയുണ്ടായിട്ടും ഒന്നര പതിറ്റാണ്ടിലേറെയായി യുവാവിന് നീതി നിഷേധിച്ച കാനറാ ബാങ്കിനെ മാതൃകാപരമായി ശിക്ഷിച്ച് ഹൈക്കോടതി. ആശ്രിത നിയമനത്തിനായി കഴിഞ്ഞ 18 വർഷമായി കോടതി കയറി ഇറങ്ങേണ്ടി വന്ന യുവാവിന് കോടതി ചെലവിനത്തിൽ പത്ത് ലക്ഷം രൂപയും ജോലിയും ഉടൻ നൽകണമെന്നാണ് കോടതി ഉത്തരവ്. കോടതി ചെലവായി യുവാവിന് അഞ്ച് ലക്ഷം രൂപ നൽകണമെന്ന സിംഗിൾ ബഞ്ചിന്റെ ഉത്തരവിനെതിരെ അപ്പീൽ നൽകിയാണ് കാനറാ ബാങ്ക് പണി പാലും വെള്ളത്തിൽ മേടിച്ചത്. മാത്രമല്ല അർഹതയുണ്ടായിട്ടും ജോലി നൽകാതെ അപ്പീൽ നൽകി നൽകി യുവാവിനെ അനാവശ്യമായി വട്ടം കറക്കിയതും കോടതിയെ ചൊടിപ്പിച്ചു. ഇതോടെ അപ്പീൽ തുക ഇരട്ടിയാക്കി കാനറാ ബാങ്കിനെ മാതൃകാ പരമായി ശിക്ഷിക്കുകയായിരുന്നു കോടതി.

അപ്പീൽ അവകാശത്തിന്റെ പേരിൽ കോടതി വിധിയും മറികടന്ന് ഒന്നര പതിറ്റാണ്ടിലേറെ ആശ്രിത നിയമനം നിഷേധിക്കപ്പെട്ട അജിത്തിനാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ അനുകൂല വിധി. ഇതോടെ അപ്പീലിന് പോയ കാനറാ ബാങ്ക് വെട്ടിലാവുകയും ചെയ്തു. കഴിഞ്ഞ 18 വർഷമായി ആശ്രിത നിയമനം നിഷേധിക്കപ്പെട്ട യുവാവിനു ജോലിയും 5 ലക്ഷം രൂപ കോടതിച്ചെലവും നൽകണമെന്ന് ഹൈക്കോടതി സിംഗിൽ ബഞ്ച് നേരത്തെ ഉത്തരവ് ഇട്ടിരുന്നു. എന്നാൽ ഈ ഉത്തരവിനെതിരെ കാനറാ ബാങ്ക് അപ്പീൽ നൽകി. കഴിഞ്ഞ 18 വർഷമായി അപ്പീലിന്റെ പേരിൽ യുവാവിനെ വട്ടം ചുറ്റിക്കുകയും ചെയ്തു.

ഇതോടെ യുവാവിന് സബ് സ്റ്റാഫ് ആയി ജോലിയും 10 ലക്ഷം രൂപയും ഒരു മാസത്തിനകം ബാങ്ക് നൽകണമെന്ന് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. രണ്ട് ഹർജികളിൽ കോടതിയുടെ അനുകൂല ഉത്തരവ് ഉണ്ടായിട്ടും 18 വർഷമായി കക്ഷി തൊഴിൽ രഹിതനായി തുടരുകയാണെന്നു വിലയിരുത്തിയാണ് കോടതി നടപടി. പ്രായപരിധി കഴിഞ്ഞെന്നും കുടുംത്തിന് പെൻഷൻ ലഭിക്കുന്നുണ്ടെന്നും തുടങ്ങി മുട്ടാപ്പോക്ക് ന്യായങ്ങൾ പറഞ്ഞാണ് കാനറാ ബാങ്ക് യുവാവിനെ 18 വർഷമായി വട്ടം ചുറ്റിച്ചത്.

ജോലിയിലിരിക്കെ 2001 ഡിസംബറിൽ ഗോപാലക്യഷ്ണന്റെ മരണത്തെ തുടർന്നു മകൻ കൊല്ലം അയത്തിൽ ജി.കെ. അജിത്കുമാർ 2002 ജനുവരിയിൽ ആശ്രിത നിയമനത്തിന് അപേക്ഷ നൽകിയെങ്കിലും ബാങ്ക് തള്ളിയതാണു തർക്ക വിഷയം. പുനഃപരിശോധനാ ആവശ്യവും തള്ളി. തുടർന്നു ഹർജി നൽകിയപ്പോൾ തീരുമാനം പുനഃപരിശോധിക്കാൻ കോടതി നിർദ്ദേശിച്ചെങ്കിലും പ്രായപരിധി കഴിഞ്ഞെന്ന കാരണത്താൽ വീണ്ടും തള്ളി. അപേക്ഷ നൽകുമ്പോൾ നിയമന പ്രായ പരിധിയായ 26 കഴിഞ്ഞ് 8 മാസമാണു അജിത്തിന് കുടുതൽ ഉണ്ടായിരുന്നത്. തുടർന്നു അജിത്തും കുടുംബവും കോടതിയെ സമീപിച്ച് അനുകൂല ഉത്തരവു നേടുകയായിരുന്നു. എന്നാൽ ജോലി നൽകാൻ ബാങ്ക് തയ്യാറായില്ല.

കുടുംബ പെൻഷൻ ഉണ്ടെന്നും മറ്റ് ആനുകൂല്യങ്ങൾ നൽകിയെന്നും ബാങ്ക് വാദിച്ചു. കുടുംബത്തിന്റെ സാമ്പത്തിക നില ഭദ്രമാണെന്നും മൂന്ന് സഹോദരിമാർ വിവാഹിതരാണെന്നും ഹർജിക്കാരനു പ്രായം കടന്നുവെന്നുമുള്ള കാരണങ്ങളും നിരത്തി.

എന്നാൽ, ആശ്രിത നിയമന കാര്യത്തിൽ പ്രായപരിധിയിൽ ഇളവ് ആകാമെന്ന വ്യവസ്ഥ ബാങ്ക് പരിഗണിച്ചല്ലെന്ന് കോടതി വ്യക്തമാക്കി. ആശ്രിത നിയമനത്തിന് അതിന്റെ വ്യവസ്ഥകൾ മാത്രം പിന്തുടർന്നാൽ മതി. കുടുംബത്തിനു കിട്ടുന്ന പെൻഷനും ആനുകൂല്യങ്ങളും കുടുംബത്തിന്റെ അംഗബലവും വിവാഹിതരുടെ എണ്ണവും മരിച്ച ജീവനക്കാരനു ബാക്കിയുള്ള സർവീസ് കാലാവധിയും മറ്റും പ്രസക്തമല്ലെന്നും കോടതി വിധികൾ ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി.

18 വർഷമായി തൊഴിൽ നിഷേധിക്കപ്പെട്ട ഹർജിക്കാരന് ഇപ്പോൾ 44 വയസ്സായി. അപ്പീൽ അവകാശം നീതി വൈകിപ്പിക്കാനുള്ള മാർഗമാക്കരുത്. അപ്പീൽ നൽകിയതിലൂടെ നിയമനം വീണ്ടും വൈകിച്ചു. ആശ്രിത നിയമന പദ്ധതി കുടുംബത്തിനു നൽകുന്ന വാഗ്ദാനം നിസ്സാര കാരണങ്ങളാൽ നിഷേധിച്ചു. മുൻപു നിർദ്ദേശിച്ചതിനു പുറമേ 5 ലക്ഷം കൂടി ചെലവു ചുമത്തുകയാണെന്ന് കോടതി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP