Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒബിസി ക്വാട്ടയിൽ കയറാൻ തലശ്ശേരി സബ് കളക്ടർ സമർപ്പിച്ചത് വ്യാജ വരുമാന സർട്ടിഫിക്കറ്റെന്ന് എറണാകുളം ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോർട്ട് ചീഫ് സെക്രട്ടറിക്ക്; വ്യാജ ആരോപണമെന്ന ആസിഫ് കെ യൂസഫ് ഐഎഎസിന്റെ വാദങ്ങൾ തള്ളി എസ് സുഹാസിന്റെ കണ്ടെത്തലുകൾ; യുപിഎസ് സിക്ക് മുന്നിൽ നൽകിയത് വ്യാജ വരുമാനം; ക്രീമീലയർ ഒഴിവാക്കാനുള്ള കള്ളക്കളിയിൽ ആസിഫിന് സിവിൽ സർവ്വീസ് നഷ്ടമാകും

ഒബിസി ക്വാട്ടയിൽ കയറാൻ തലശ്ശേരി സബ് കളക്ടർ സമർപ്പിച്ചത് വ്യാജ വരുമാന സർട്ടിഫിക്കറ്റെന്ന് എറണാകുളം ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോർട്ട് ചീഫ് സെക്രട്ടറിക്ക്; വ്യാജ ആരോപണമെന്ന ആസിഫ് കെ യൂസഫ് ഐഎഎസിന്റെ വാദങ്ങൾ തള്ളി എസ് സുഹാസിന്റെ കണ്ടെത്തലുകൾ; യുപിഎസ് സിക്ക് മുന്നിൽ നൽകിയത് വ്യാജ വരുമാനം; ക്രീമീലയർ ഒഴിവാക്കാനുള്ള കള്ളക്കളിയിൽ ആസിഫിന് സിവിൽ സർവ്വീസ് നഷ്ടമാകും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വ്യാജരേഖ നൽകി ഐഎഎസ് നേടിയെന്ന പരാതിയി ന്മേൽ തലശ്ശേരി സബ് കളക്ടർ ആസിഫ് കെ യൂസഫ് കുടുങ്ങും. എറണാകുളം ജില്ലാ കളക്ടർ സുഹാസിന്റെ അന്വേഷണ റിപ്പോർട്ട് ആസിഫിന് എതിരാണ്. ഇതോടെ ആസിഫിന് ഐഎഎസ് നഷ്ടമാകാനുള്ള സാധ്യത കൂടുകയാണ്. അന്വേഷണ റിപ്പോർട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്. ഇത് ഇനി കേന്ദ്ര സർക്കാരിന് കൈമാറും. കേന്ദ്രമാകും നടപടി എടുക്കുക.

കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം പരാതി അന്വേഷിക്കാൻ എറണാകുളം ജില്ലാ കലക്ടറെ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. ആസിഫ് വാർഷിക വരുമാനം തെറ്റായി കാണിച്ചെന്ന് കണയന്നൂർ തഹസിൽദാർ എറണാകുളം ജില്ല കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. മാതാപിതാക്കൾക്ക് പാൻ കാർഡില്ലെന്നും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാറില്ലെന്നുമാണ് ആസിഫ് അപേക്ഷാ ഫോമിൽ രേഖപ്പെടുത്തിയത്. ഇതും തെറ്റാണെന്ന് തഹസിൽദാറിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇതാണ് ആസിഫിന് കുരുക്കാകുന്നത്.

2015 സിവിൽ സർവീസ് പരീക്ഷയിൽ 215ാം റാങ്കുകാരനായ ആസിഫ് ഒബിസി ക്വോട്ടയിൽ കടന്നുകൂടാൻ വ്യാജ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിച്ചെന്നാണ് ആരോപണം. യുപിഎസ്‌സിക്കു സമർപ്പിച്ച അപേക്ഷാഫോമിൽ മാതാപിതാക്കൾക്കു പാൻകാർഡ് ഇല്ലെന്നും ആദായനികുതി റിട്ടേൺ ഫയൽ ചെയ്തിട്ടില്ല എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഇത് വ്യാജമാണെന്ന് കണ്ടെത്തി. ഇയാൾ സമർപ്പിച്ച അപേക്ഷാഫോമിൽ 2012-13ൽ 1.8 ലക്ഷവും, 2013-14ൽ 1.9 ലക്ഷവും, 2014-15ൽ 2.4 ലക്ഷവുമാണു വരുമാനം. അന്നു മേൽത്തട്ട് പരിധി ആറു ലക്ഷം രൂപയായിരുന്നു.

എറണാകുളം കലക്ടറുടെ നിർദ്ദേശപ്രകാരം തഹസിൽദാർ നൽകിയ കുടുംബത്തിന്റെ 2012-17ലെ വാർഷിക വരുമാനം 21,80,967 രൂപയാണ്. 2013-14ൽ ഇതു 23,05,100 രൂപയും 2014-15ൽ 28,71,375 രൂപയുമാണ്. ഇതുപ്രകാരം ഇയാൾ നൽകിയ നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റും വരുമാന സർട്ടിഫിക്കറ്റും അസാധുവാകും. അങ്ങനെ അസാധുവായാൽ ഒബിസി നോൺ ക്രിമിലെയർ പദവിയിൽ ലഭിച്ച സിവിൽ സർവീസ് റാങ്കും അസാധുവാകും. യുപിഎസ്‌സിക്കു തെറ്റായ വിവരങ്ങൾ നൽകിയതിനു ശിക്ഷാനടപടികളും നേരിടേണ്ടി വരും.

കഴിഞ്ഞ ജൂണിലാണ് കേന്ദ്ര പഴ്‌സനൽ മന്ത്രാലയം ഇദ്ദേഹത്തിനതിരെ അന്വേഷണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കു കത്തയച്ചത്. ഒബിസി നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റ് വ്യാജമാണെന്നു തെളിയിക്കുന്ന രേഖകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആവശ്യപ്പെടുന്നതെന്നും അണ്ടർ സെക്രട്ടറി എസ്.കെ.വർമ ഒപ്പുവച്ച കത്തിൽ പറയുന്നു. അപേക്ഷകൻ സമർപ്പിച്ച ഒബിസി സർട്ടിഫിക്കറ്റിന്റെയും (നമ്പർ 4601/2015/എഎസ്) ആദായനികുതി സർട്ടിഫിക്കറ്റിന്റെയും (നമ്പർ 4549/2016/എഎസ്) നിജസ്ഥിതി കണ്ടെത്താനും നിർദ്ദേശിച്ചിട്ടുണ്ട്.

സിവിൽ സർവീസ് പരീക്ഷ എഴുതുന്നതിന് തൊട്ടുമുമ്പുള്ള മൂന്ന് വർഷങ്ങളിൽ ഏതെങ്കിലും ഒരു വർഷമെങ്കിലും കുടുംബത്തിന്റെ വാർഷിക വരുമാനം ആറ് ലക്ഷം രൂപയുടെ താഴെ ആയിരിക്കണമെന്നാണ് ഒബിസി കാറ്റഗറിയുടെ മാനദണ്ഡം. എന്നാൽ ആസിഫ് നൽകിയത് തെറ്റായ വിവരങ്ങളാണെന്ന് രേഖകൾ തെളിയിക്കുന്നു. എറണാകുളം കളക്ടർക്ക് കണയന്നൂർ തഹസിൽദാർ നൽകിയ റിപ്പോർട്ട് ഇതിന് തെളിവായിരുന്നു. 2012-13 സാമ്പത്തിക വർഷം കുടുംബത്തിന്റെ വാർഷിക വരുമാനമായി ആസിഫ് കാണിച്ചത് 1,80,000 രൂപ. ആദായ നികുതി റിട്ടേൺസ് പ്രകാരം യഥാർത്ഥ വരുമാനം 21 ലക്ഷം രൂപയിലേറെയാണ്. അടുത്ത വർഷം 1,90,000 രൂപയാണ് വാർഷിക വരുമാനമായി കാണിച്ചിരിക്കുന്നത്. എന്നാൽ യഥാർത്ഥ വരുമാനം 23 ലക്ഷം രൂപയിലേറെയെന്ന് തഹസിൽദാറിന്റെ റിപ്പോർട്ടിൽ പറയുന്നു. 2014-15 വർഷം 2,40,000 രൂപയാണ് അപേക്ഷയിൽ കാണിച്ചിരിക്കുന്നത്. യഥാർത്ഥ വരുമാനം 28 ലക്ഷം രൂപയിലേറെയും. രക്ഷിതാക്കൾക്ക് പാൻകാർഡില്ലെന്നും ആദായ നികുതി റിട്ടേൺസ് ഫയൽ ചെയ്യാറില്ലെന്നുമാണ് ആസിഫ് അപേക്ഷയിൽ പറഞ്ഞിരിക്കുന്നത്. അതും തെറ്റാണെന്ന് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു.

ജാതി സംവരണത്തിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കുകയും ഒടുവിൽ ഈ സർട്ടിഫിക്കറ്റ് വ്യാജമെന്ന് തെളിയുകയും ചെയ്ത കേസുകളിൽ പലർക്കും പദവികൾ നഷ്ടമായ സാഹചര്യത്തിൽ ഒരു പരിഗണനയും ആസിഫിന് ലഭിക്കാൻ സാധ്യതയില്ലെന്ന് തന്നെയാണ് ഉന്നത ഐഎഎസ് വൃത്തങ്ങൾ മറുനാടനോട് വിരൽ ചൂണ്ടിയത്. വരുമാന സർട്ടിഫിക്കറ്റ് വ്യാജമെന്നു വന്നാൽ ക്രീമിലെയർ ആനുകൂല്യം ആസിഫിന് നഷ്ടമാകും. അപ്പോൾ ഐഎസ് പദവി തന്നെ നഷ്ടമാകും. എസ്സി,എസ്ടി അല്ലാത്ത ഒരാൾ എസ് സിഎസ്ടി സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി തേടുന്നത് പോലെ തന്നെയാണ് വ്യാജവരുമാന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടുന്നതും. രണ്ടും ഒരേ കുറ്റത്തിന്റെ പരിധിയിൽ വരുന്നതാണ്. പലർക്കും വ്യാജ ജാതി സർട്ടിഫിക്കറ്റ് പ്രശ്നത്തിൽ ഐഎഎസ്-ഐപിഎസ് നഷ്ടമായിട്ടുണ്ട്. ഈ പാശ്ചാത്തലത്തിലാണ് ആസിഫിനെതിരെയും ശക്തമായ നടപടികൾ കേന്ദ്ര പെഴ്സണൽമന്ത്രാലയത്തിൽ നിന്നും വരാനുള്ള സാധ്യതകൾ നിലനിൽക്കുന്നത്. .

വ്യാജ സർട്ടിഫിക്കറ്റ് വഴി സംവരണ ആനുകൂല്യമാണ് ആസിഫ് നേടിയെടുത്തത്. തെറ്റായ ആനുകൂല്യത്തിന്റെ വഴിയെയാണ് ആസിഫ് ഐഎഎസ് നേടിയത് എന്നാണ് വ്യക്തമാകുന്നത്. അതിനാൽ ആനുകൂല്യത്തിനു അർഹതയില്ലെന്ന് തെളിഞ്ഞാൽ പോകുന്നത് ഐഎഎസ് പദവി തന്നെയാണ്. 2015ൽ സിവിൽ സർവീസ് പരീക്ഷയിൽ ആസിഫ് 215ാം റാങ്കുകാരനാണ്. 2016ലാണ് കേരളാ കെഡറിൽ ആസിഫ് നിയമിതനാകുന്നത്. ആസിഫിനോട് 25ന് എറണാകുളം കലക്ടറുടെ മുന്നിൽ ഹിയറിങ്ങിന് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. കണയന്നൂർ താലൂക്ക് ഓഫീസറുടെ റിപ്പോർട്ട് ശക്തമായി തന്നെ ആസിഫിനെതിരെ വിരൽ ചൂണ്ടുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ആസിഫിനെതിരെ ശക്തമായ നടപടികൾക്കാണ് സാധ്യത വരുന്നത്. സബ് കളക്ടറോട് 25ന് എറണാകുളം കലക്ടറുടെ മുന്നിൽ ഹിയറിങ്ങിന് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. പിന്നാക്ക വിഭാഗത്തിന്റെ മേൽത്തട്ട് (ക്രീമിലെയർ) ഒഴിവാക്കാൻ വരുമാനം കുറച്ചു കാണിച്ചെന്നും വ്യാജ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നുമാണു ഇപ്പോൾ കണ്ടെത്തപ്പെട്ടത്. മാതാപിതാക്കൾക്കു പാൻകാർഡ് ഇല്ലെന്നും ആദായനികുതി റിട്ടേൺ ഫയൽ ചെയ്തിട്ടില്ലെന്നും അപേക്ഷാ ഫോമിൽ രേഖപ്പെടുത്തിയിരുന്നു. ഇതു രണ്ടും തെറ്റെന്നാണു കണ്ടെത്തൽ.

ശിക്ഷണ നടപടികൾ എന്ന് പറഞ്ഞാൽ സർവീസിൽ നിന്നും നീക്കൽ തന്നെയാണ്. വ്യാജജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയത് കാരണം ഓൾ ഇന്ത്യാ തലത്തിൽ ഒട്ടുവളരെ പേർക്ക് ഐഎഎസ്-ഐപിഎസ് പദവികൾ നഷ്ടമായിട്ടുണ്ട്. ആ നഷ്ടമാകൽ പട്ടികയിലെ ഒടുവിലത്തെ പേരുകാരനാകും തലശ്ശേരി സബ് കലക്ടർ ആസിഫ്.കെ.യൂസഫ് എന്ന് തന്നെയാണ് ലഭിക്കുന്ന വിവരങ്ങൾ.

വ്യാജവരുമാനസർട്ടിഫിക്കറ്റ് വിവാദത്തിൽ ആസിഫ്.കെ.യൂസഫിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു:

എന്നെക്കുറിച്ച് ഉയർന്ന ഒരു പരാതിയിൽ ഉള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. ഒരാൾ എനിക്ക് എതിരെ നൽകിയ പരാതിയാണ് നിലവിലുള്ളത്. വരുമാന സർട്ടിഫിക്കറ്റ് പ്രശ്നത്തിൽ അന്വേഷണം വന്നാൽ എനിക്ക് ഒരു കുഴപ്പവും വരില്ല-തലശ്ശേരി സബ് കലക്ടർ ആസിഫ്.കെ.യൂസഫ് മറുനാടൻ മലയാളിയോട് നേരത്തെ പ്രതികരിച്ചിരുന്നു. എന്നെ ഹരാസ് ചെയ്യാൻ ഉദ്ദേശിക്കുന്ന ഒരാൾ വാർത്ത വഴി എന്നെ ഹരാസ് ചെയ്യുകയാണെന്നും നേരത്തെ പ്രതികരിച്ചിരുന്നു. എന്നാൽ എറണാകുളം കളക്ടറുടെ റിപ്പോർട്ട് എതിരാകുമ്പോൾ ആസിഫിന് കുരുക്ക് മുറുകും.

 പരാതിയിൽ അന്വേഷണം നടന്നാൽ അത് എന്നെ ദോഷകരമായി ബാധിക്കുന്നില്ല. ആറു ലക്ഷം രൂപ വാർഷിക വരുമാനം വന്നാലാണ് പിന്നോക്ക വിഭാഗത്തിന്റെ ക്രീമിലെയർ ഒഴിവാക്കാൻ വരുമാനം ആറു ലക്ഷത്തിൽ താഴെ വരണം. എനിക്ക് നിയമനം ലഭിക്കുന്നതിന് മുൻപുള്ള ഒരു വർഷം അഞ്ച് ലക്ഷം രൂപയാണ് വാർഷിക വരുമാനം. അതുകൊണ്ട് തന്നെ പിന്നോക്ക വിഭാഗത്തിനുള്ള സംവരണത്തിനു ഞാൻ അർഹനാണെന്നായിരുന്നു മുമ്പ് ആസിഫ് ഉയർത്തിയ വാദം.

എല്ലാം യുപിഎസ്‌സി വെരിഫൈ ചെയ്തതാണ്. ഇപ്പോൾ ക്രീമിലെയർ പരിധി എട്ടു ലക്ഷമാണ്. എക്സാം പാസാകുന്നതിനു രണ്ടു വർഷം മുൻപാണ് അപേക്ഷ നൽകുന്നത്. അപ്പോയിന്റ് ചെയ്യുന്ന സമയത്ത് ക്വാളിഫൈ ആണോ എന്ന് വെരിഫൈ ചെയ്തിട്ടുണ്ട്. അപേക്ഷ നൽകുന്ന സമയത്ത് ഞാൻ ക്വാളിഫൈഡ് അല്ല എന്ന് പറഞ്ഞാണ് പരാതി നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പരാതിയിൽ കഴമ്പില്ല. പരാതി വന്നപ്പോൾ ആ പരാതിയിലുള്ള അന്വേഷണമാണ് നടക്കുന്നത്. പരാതി നൽകി അത് വാർത്തയാക്കുന്ന പരിപാടിയാണ് നടക്കുന്നത്. ഇരുപത് ലക്ഷം ഒക്കെ വാർഷിക വരുമാനമുണ്ട്. പക്ഷെ ഒരു വർഷം ആറു ലക്ഷത്തിൽ താഴെയായിരുന്നു. ഇത് മാത്രം ശ്രദ്ധിച്ചാൽ മതി. ഒരു വർഷം വരുമാനം ആറു ലക്ഷത്തിൽ താഴെയുണ്ടെന്നായിരുന്നു ആസിഫിന്റെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP