Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്ത് പ്രതിദിനം പീഡനത്തിന് ഇരയാകുന്നത് 96 കുട്ടികൾ; ശിശുസംരക്ഷണ കേന്ദ്രങ്ങളിൽ താമസിക്കുന്ന നാലു ലക്ഷത്തിലധികം കുട്ടികൾ അപകടസാധ്യതയിൽ: ശിശു പീഡന നിരക്കിൽ ഒന്നാം സ്ഥാനത്ത് മധ്യപ്രദേശ്: കേരളം എട്ടാം സ്ഥാനത്ത്

രാജ്യത്ത് പ്രതിദിനം പീഡനത്തിന് ഇരയാകുന്നത് 96 കുട്ടികൾ; ശിശുസംരക്ഷണ കേന്ദ്രങ്ങളിൽ താമസിക്കുന്ന നാലു ലക്ഷത്തിലധികം കുട്ടികൾ അപകടസാധ്യതയിൽ: ശിശു പീഡന നിരക്കിൽ ഒന്നാം സ്ഥാനത്ത് മധ്യപ്രദേശ്: കേരളം എട്ടാം സ്ഥാനത്ത്

സ്വന്തം ലേഖകൻ

ഗുവാഹത്തി: ഇന്ത്യയിൽ പ്രതിദിനം 96 കുട്ടികൾ പീഡനത്തിനിരയാകുന്നതായി റിപ്പോർട്ട്. പ്രതിദിനം ഇത്രയും കുട്ടികൾ ലൈംഗിക പീഡനത്തിനോ മറ്റു പലതരത്തിലുള്ള ഉപദ്രവങ്ങൾക്കോ ഇരയാകുകയോ ചെയ്യുന്നതായി 'ടോർചർ ആൻഡ് സെക്ഷ്വൽ അബ്യൂസ് ഓഫ് ചിൽഡ്രൻ ഇൻ ഇന്ത്യ' എന്ന പേരിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

ശിശു സംരക്ഷണ കേന്ദ്രങ്ങളിൽ താമസിക്കുന്ന നാലു ലക്ഷത്തിലധികം കുട്ടികൾ അപകടസാധ്യതയിലാണെന്നും നാഷനൽ ക്യാംപെയ്ൻ എഗൻസ്റ്റ് ടോർചർ (എൻസിഎടി), കുട്ടികളുടെ അവകാശങ്ങൾക്കായുള്ള യുഎൻ കൺവൻഷന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് 'ടോർചർ ആൻഡ് സെക്ഷ്വൽ അബ്യൂസ് ഓഫ് ചിൽഡ്രൻ ഇൻ ഇന്ത്യ' എന്ന പേരിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്.

റിപ്പോർട്ട് അനുസരിച്ച് മധ്യപ്രദേശാണ് ശിശുപീഡന നിരക്കിൽ ഒന്നാം സ്ഥാനത്ത്. തൊട്ടു പിന്നാലെ അസം. തമിഴ്‌നാടിനും പിന്നിലായി എട്ടാമതാണ് കേരളം. നാഷനൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ (എൻസിആർബി) പുറത്തിറക്കിയ ക്രൈം ഇൻ ഇന്ത്യ- 2017 റിപ്പോർട്ടിൽ, രാജ്യത്ത് 4,857 കുട്ടികൾ ഉപദ്രവിക്കപ്പെടുകയും 30,123 കുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയാവുകയും ചെയ്യുന്നതായി പറഞ്ഞിരുന്നു. അതായത്, 34,980 കുട്ടികൾ പലതരത്തിലുള്ള പീഡനങ്ങൾക്ക് ഇരകളാകുന്നു; പ്രതിദിനം 96 പേർ.

2017 ൽ ഏറ്റവും കൂടുതൽ ബാലപീഡന കേസുകൾ റിപ്പോർട്ട് ചെയ്തത് മധ്യപ്രദേശിലാണ് 1,638 കേസുകൾ. 1,127 കേസുകൾ രജിസ്റ്റർ ചെയ്ത അസമാണ് തൊട്ടുപിന്നിൽ. പിന്നാലെ മഹാരാഷ്ട്ര (377), ഛത്തീസ്‌ഗഡ് (370), ഉത്തർപ്രദേശ് (244), ബംഗാൾ (247), തമിഴ്‌നാട് (179), കേരളം (178), ആന്ധ്രാപ്രദേശ് (120)ഡൽഹി (97).

ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ (ജെജെബി) വിചാരണയ്ക്കിടെ, കുട്ടികളെ പാർപ്പിക്കുന്നതിന് മതിയായ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിൽ പല സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പരാജയപ്പെട്ടുവെന്നും കുട്ടികളെ പൊലീസ് ലോക്ക് അപ്പുകളിൽ തടങ്കലിൽ വയ്ക്കുന്നത് സാധാരണ രീതിയാണെന്നും സംഘടന ആരോപിച്ചു. ഇന്ത്യയിൽ 718 ജില്ലകളുണ്ട്.

എന്നാൽ 2018 ഓഗസ്റ്റ് 3 ലെ കണക്കനുസരിച്ച് 301 നിരീക്ഷണ ഭവനങ്ങൾ, 31 പ്രത്യേക വീടുകൾ, 21 ഒബ്‌സർവേഷൻ കം സ്‌പെഷൽ ഹോം എന്നിവ മാത്രമേയുള്ളൂ. 396 ജില്ലകളിൽ നിരീക്ഷണ കേന്ദ്രങ്ങളില്ല. 666 ജില്ലകളിൽ പ്രത്യേക വീടുകളില്ല. 709 ജില്ലകളിൽ കുറ്റാരോപിതനെ പാർപ്പിക്കാനുള്ള സുരക്ഷാ സ്ഥലം ഇല്ല. ഇത് പൊലീസിന്റെ കൈകളിൽ കുട്ടികൾ സുരക്ഷിതരല്ലെന്നാണ് സൂചിപ്പിക്കുന്നത്.

ക്രൈം ഇൻ ഇന്ത്യ- 2017 റിപ്പേർട്ടിൽ ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 330, 331 പ്രകാരം പൊലീസ് ഉൾപ്പെടെയുള്ളവർ കുട്ടികളെ പീഡിപ്പിച്ച കേസുകൾ എൻസിആർബി ആദ്യമായി റിപ്പോർട്ട് ചെയ്തത് സ്വാഗതാർഹമാണെന്ന് എൻസിഎടി കോഓർഡിനേറ്റർ സുഹാസ് ചക്മ പറഞ്ഞു. 2015 ലെ ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും സുരക്ഷിതത്വവും, ജെജെ ആക്ട്) ആക്ടിലെ സെക്ഷൻ 10 (1) ൽ, ഒരു സാഹചര്യത്തിലും, നിയമവുമായി പൊരുത്തപ്പെടുന്നില്ലെന്ന് ആരോപിക്കപ്പെടുന്ന കുട്ടിയെ പൊലീസ് ലോക്കപ്പിൽ പാർപ്പിക്കാൻ പാടില്ലെന്ന് പ്രത്യേകമായി പറയുന്നുണ്ട്. എന്നാൽ കുട്ടികളെ ഇപ്പോഴും പൊലീസ് ലോക്ക് അപ്പുകളിൽ സ്ഥിരമായി തടവിലാക്കുകയും കുറ്റസമ്മതം നടത്താൻ ഉപദ്രവിക്കുകയും ചെയ്യുന്നു ചക്മ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP