Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബിൻ ലാദനെ തൊട്ട് മുഹമ്മദ് ഗോറിയെ വരെ പ്രകീർത്തിച്ചവർ ആരാണ്? 'സ്വത്വ ഷുഡുക്കൾ' എന്ന് സോഷ്യൽ മീഡിയ പരിഹസിക്കുന്ന 'സഖാപ്പികൾ' ഉണ്ടാകുന്നത് എങ്ങനെയാണ്; എന്തുകൊണ്ടാണ് കെഇഎൻ മുതൽ സുനിൽ പി ഇളയിടം വരെയുള്ള ബുദ്ധിജീവികൾക്ക് മതങ്ങളെ തൂക്കിനോക്കുമ്പോൾ കൈവിറയ്ക്കുന്നത്; മാവോയിസ്റ്റുകളെ പ്രോൽസാഹിപ്പിക്കുന്നവർ ചില ഇസ്ലാമിക മൗലികവാദ സംഘടനകൾക്ക് ആരാണ് ഊർജം കൊടുക്കുന്നത്; മാവോയിസ്റ്റ്- ഇസ്ലാമിക സംവാദത്തിന് തുടക്കം കുറിച്ച മോഹനൻ മാസ്റ്ററോട് ചില ചോദ്യങ്ങൾ

ബിൻ ലാദനെ തൊട്ട് മുഹമ്മദ് ഗോറിയെ വരെ പ്രകീർത്തിച്ചവർ ആരാണ്? 'സ്വത്വ ഷുഡുക്കൾ' എന്ന് സോഷ്യൽ മീഡിയ പരിഹസിക്കുന്ന 'സഖാപ്പികൾ' ഉണ്ടാകുന്നത് എങ്ങനെയാണ്; എന്തുകൊണ്ടാണ് കെഇഎൻ മുതൽ സുനിൽ പി ഇളയിടം വരെയുള്ള ബുദ്ധിജീവികൾക്ക് മതങ്ങളെ തൂക്കിനോക്കുമ്പോൾ കൈവിറയ്ക്കുന്നത്; മാവോയിസ്റ്റുകളെ പ്രോൽസാഹിപ്പിക്കുന്നവർ ചില ഇസ്ലാമിക മൗലികവാദ സംഘടനകൾക്ക് ആരാണ് ഊർജം കൊടുക്കുന്നത്; മാവോയിസ്റ്റ്- ഇസ്ലാമിക  സംവാദത്തിന് തുടക്കം കുറിച്ച മോഹനൻ മാസ്റ്ററോട് ചില ചോദ്യങ്ങൾ

എം മാധവദാസ്

ലാദൻ! ബിൻലാദൻ!

ഭീരുവാണീയോ-
രൊബാമയെന്ന് ഓർക്കുക!

'ലാദൻ! ബിൻലാദൻ
ആഴിത്തടത്തിൽ ജ്വലിക്കുന്നൊരാത്മാവു
നീ തന്നെയല്ലേ ബിൻലാദൻ!
ആഴിക്ക്‌ അഗ്നി കൊളുത്തുന്ന
ഘോരമാം പോരിന്നു നീ തീയെറിഞ്ഞോ?
ആഴികത്തിപ്പോയി ആകാശമെത്തുന്ന
നാളുകൾ എത്തുമോ ലാദൻ'.....

ലോകം ഭയക്കുന്ന കൊടും ഭീകരൻ ബിൻലാദനെ ഓർത്ത് വിലപിച്ച് എഴുതിയ ഈ കവിത ഇസ്ലാമിക രാഷ്ട്രങ്ങളിലെ വല്ല ഉറുദു കവികളും എഴുതിയതിന്റെ തർജ്ജമയാണെന്ന് കരുതേണ്ട. ഇത് എഴുതിയത് മഹാകവി ജി എന്ന് സോഷ്യൽ മീഡിയയിൽ ചിലർ കളിയാക്കുന്ന നമ്മുടെ മന്ത്രി ജി സുധാകരന്റെതാണ്. നോക്കണം, സൗദി അറേബ്യ പോലും ബിൻലാദന്റെ മരണത്തിൽ ആശ്വസിക്കുമ്പോൾ, ആഴിക്ക് അഗ്നികൊളുത്തുന്ന പോരാളിയായി ലാദനെ കാണുന്ന ഒരു കമ്യൂണിസ്റ്റിന്റെ അവസ്ഥ എന്തായിരിക്കും. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല.

ഇറാഖിലെ കമ്യൂണിസ്റ്റുകാരുടെ കൂട്ടക്കൊലക്ക് നേതൃത്വം സദ്ദാമിനെ തൂക്കിലേറ്റിയപ്പോൾ കേരളത്തിൽ സിപിഎം നേതൃത്വത്തിൽ പലയിടത്തും ഹർത്താൽ നടന്നു. അക്കാലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ പ്രധാന അജണ്ടായിരുന്നു സദ്ദാം! അതുപോലെ തന്നെ ബിൻലാദനോടുള്ള ചില സിപിഎം നേതാക്കളുടെ സമീപനം എന്തായിരുന്നു. വേൾഡ് ട്രേഡ് സെന്റർ ആക്രമണം പോലും സാമ്രാജ്യത്വത്തിനെതിരായ യുദ്ധമായിട്ടായിരുന്നു സിപിഎം ത്വാതികാചാര്യന്മാർ വിലയിരുത്തിയത്. അതേസമയം സംഘപരിവാർ ഭീകരതക്കെതിരെ ഇവർക്കാർക്കും വിട്ടുവീഴ്ചയില്ല. ഇതുപോലെ എത്രയെത്ര സംഭവങ്ങൾ. മദനിയെ മഹാത്മാഗാന്ധിയോട് ഇഎംഎസ് ഉപമിച്ചത് കേരളം ചർച്ച ചെയ്ത് തേഞ്ഞതാണ്.

അതായത് ഇസ്ലാമിക ലോകം പോലും വെറുക്കുന്ന, നൂറ്റാണ്ടിലെ ഏറ്റവും അപകടകാരിയായ മനുഷ്യൻ എന്നുപോലും വിലയിരുത്തപ്പെട്ട കൊടും ഭീകരൻ പോലും കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് വിശുദ്ധനാണ്. ഈ യാഥാർഥ്യം ഇപ്പോൾ ചർച്ചയാവുന്നത് കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ, മാവോയിസ്റ്റ് വിഷയത്തിൽ നടത്തിയ പ്രസ്താവനയെ തുടർന്നാണ്. മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന മോഹനന്റെ പ്രസ്താവന വൻവിവാദത്തിനാണ് വളം വെച്ചത്. 'കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇസ്ലാമിക തീവ്രവാദികളാണ് മാവോയിസ്റ്റുകൾക്ക് വെള്ളവും വളവും നൽകുന്നത്്. ഇസ്ലാമിക തീവ്രവാദികളും മാവോയിസ്റ്റുകളും തമ്മിൽ ചങ്ങാത്തമുണ്ട്. പൊലീസ് ഇക്കാര്യം പരിശോധിക്കണം. ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളാണ് മാവോയിസ്റ്റുകളുടെ ശക്തി. എൻഡിഎഫുകാർക്കും മറ്റ് ഇസ്ലാമിക മതമൗലിക വാദികൾക്കും മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കാൻ ആവേശമാണ്'- പി. മോഹനൻ വ്യക്തമാക്കി.

70 കളുടെ അവസാനത്തിൽ നിന്ന് തന്നെ കേരളത്തിൽ കുറ്റിയറ്റുപോയ ആശയമാണ് സത്യത്തിൽ മാവോയിസവും നക്സലിസവും. എന്നാൽ ഇപ്പോൾ അവർക്ക് ഒരു അടിത്തറയുണ്ടാക്കിക്കൊടുക്കുന്നത് കേരളത്തിൽ ചില ഇസ്ലാമിക സംഘടനകൾ തന്നെയാണ്. ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടുമൊക്കെയുള്ളവരും ചില അമാനവ ബുദ്ധിജീവികളും തന്നെയാണ് ഇന്ന് മധുരത്തിൽ പൊതിഞ്ഞുകൊണ്ട് ഈ ആശയം നൽകുന്നത്. നൊസ്റ്റാൾജിയക്ക് നല്ല സ്‌കോപ്പുള്ള മലയാളി സമൂഹത്തിൽ നക്‌സൽ കഥകൾ വലിയൊരു സംഭവമാക്കി മാർക്കറ്റ് ചെയ്യാൻ അവർക്ക് കഴിഞ്ഞു. സത്യത്തിൽ മോഹനൻ മാസ്റ്റരുടെ പ്രസ്താവനയെ വൈകി വന്ന വിവേകം ആയി മാത്രമേ കാണാൻ കഴിയൂ. ചില ഇസ്ലാമിക സംഘടനകൾ മാവോയിസത്തെ പ്രോൽസാഹിപ്പിക്കുന്ന രീതി കേരളത്തിൽ പകൽ പോലെ പ്രകടമാണ്. എങ്ങനെയാണ് തീർത്തും വ്യത്യസ്മായ ഒരു ആശയധാരയെ ഇസ്ലാമിക തീവ്രാവാദികൾക്ക് പ്രോൽസാഹിപ്പിക്കാൻ കഴിയുക. അവിടെയാണ് സ്വത്വ ഷുഡുക്കൾ എന്നും സഖാപ്പികൾ എന്നും നവമാധ്യമങ്ങളിൽ പരിഹസിക്കപ്പെടേണ്ട ഒരു വിഭാഗത്തെ അറിയേണ്ടത്. മോഹനൻ മാസ്റ്റർ പറഞ്ഞ വിഭാഗം പെടുന്നത് ഇതിലാണ്. സ്വത്വ ഷുഡുവിലേക്കുള്ള ധാര വെട്ടിക്കൊടുക്കുന്നതാവട്ടെ, ആഗോള ഭീകരനെ വിശുദ്ധനാക്കുന്ന പോലുള്ള ചില സിപിഎം നടപടികൾ തന്നെയാണ്.

കേരളത്തിൽ നടക്കുന്നത് ഇന്റലക്റ്റ്‌വൽ ജിഹാദ്

ഇസ്ലാമിക സ്വത്വത്തിൽ വിശ്വസിക്കുകയും എന്നാൽ മതേതരവാദിയാണെന്ന് അഭിനയിക്കുകയും ചെയ്യുന്നവരെയാണ് പൊതുവേ 'സ്വത്വ ഷുഡു' എന്ന പേരിൽ നവമാധ്യമങ്ങളിൽ അറിയപ്പെടുന്നത്. എന്നാൽ ഇയാളുടെ കണ്ണുനീർ ഗ്രന്ഥികൾ സെലക്റ്റീവായി പ്രവർത്തിക്കുന്നതാണെന്നാണ് ഏറ്റവും രസാവഹം. റോഹീങ്ക്യകൾക്കെതിരെയുള്ള മുനുഷ്യവകാശ ലംഘനങ്ങൾ തൊട്ട് പശുഹത്യയും ഉത്തരേന്ത്യയിലെ ആൾക്കൂട്ട കൊലപാതങ്ങളുമൊക്കെ ഇയാൾ ഫേസ്‌ബുക്കിൽ
പോസ്റ്റിട്ട് മരിക്കും. എന്നാൽ ഐസിസ് അടക്കമുള്ള ആഗോള ഭീകര സംഘടനകളെ കുറിച്ചോ ഇസ്ലാമിക ഭീകര പ്രസ്ഥാനങ്ങളെയോ കുറിച്ച് ഇയാൾ മിണ്ടില്ല. ഉദാഹരണമായി ശ്രീലങ്കയിൽ ക്രിസ്ത്യൻ പള്ളിയിൽ നടന്ന വെടിവെപ്പ് ഇവർ എടുക്കില്ല. അഥവാ എടുത്താൽ തന്നെ സ്വന്തം മതത്തെ സംരക്ഷിച്ചുകൊണ്ടായിരിക്കും എപ്പോഴും നിലപാടുകൾ. ഈ പറയുന്ന ഇസ്ലാമല്ല തങ്ങളുടേത് എന്ന നിലപാട്.

എന്നാൽ മതമൗലിക വാദികൾക്കും, മുജാഹിദ് ബാലുശ്ശേരിയെപ്പോലുള്ള സലഫി പ്രാസംഗികർക്കോ ഒന്നും ഈ ജാടയില്ല. അവർ വർഗീയതയും തങ്ങളുടെ ഉള്ളിൽ കൊണ്ടുനടക്കുന്ന വിഷവും അറിയാതെ പരസ്യമായി പറഞ്ഞുപോകും. പക്ഷേ ഈ സ്വത്വ ഷുഡുക്കൾ ഇത് മധുരത്തിൽ പൊതിഞ്ഞ വിഷഗുളികളാണ് നൽകുക. മാവോയിസ്റ്റുകൾ എന്തോ വലിയ ദിവ്യന്മാരാണെന്ന ഭൂതകാല കുളിര് ഇവരുടെ മാസികകളിൽ സ്ഥിരമായി കാണാം. പഴയകാല നക്‌സൽ സാഹിത്യത്തിന്റെ പർവതീകരിച്ചുള്ള ഈ വായന അലനെയും താഹയെയും പോലുള്ള സിപിഎം അനുഭാവികളെയും സ്വാധീനിക്കുന്നുണ്ട്. ഒപ്പം ഇസ്ലാമിനെ ഇവർക്കൊപ്പം ഒരു വിമോചന പ്രസ്ഥാനമായി അവതരിപ്പിക്കാനുള്ള ത്വരയും പ്രകടമാണ്. ഇതിന്റെ വ്യക്തമായ തെളിവാണ് അവരുടെ കൈയിൽനിന്ന് പിടിച്ചെടുത്ത ചില ഇസ്ലാമിക നേതാക്കളുടെ പുസ്തകങ്ങൾ.

ഇതിനൊപ്പം, എവിടെയും ജാതി സ്‌കാനർ കൊണ്ടുനടക്കുകയാണ് സത്വ ഷുഡുക്കളുടെ മറ്റൊരു രീതി. ഇന്ത്യ മുഴവൻ ജാതി ഭ്രാന്തന്മാരാണെന്ന് അവർ പ്രചരിപ്പിക്കും. സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ വിവാദം തന്നെ ഓർക്കുക. ആർക്കും സത്യം അറിയേണ്ട. വെറും നാല് ശതമാനം മാത്രമുള്ള ബ്രാഹ്മണർ ആണ് ഇവർക്ക് കേരളത്തിലും മുഖ്യ ശത്രു. എല്ലാം ബ്രാഹ്മണിക്കൽ അജണ്ടകൾ. നിയോ ലിബറിലസം, സത്യാനന്തരകാലഘട്ടം തുടങ്ങിയ പല ജാർഗൺ വാക്കുകളും ഇതോടൊപ്പം ഉണ്ട്. മാവോയിസം എന്നത് ലക്ഷങ്ങളെ കാലപുരിക്ക് അയച്ച അശാസ്ത്രീയമായ ആശയമാണെന്നും ഇത് ആധുനികതക്ക് നിരക്കുന്നതല്ലെന്നും, വ്യക്തിസ്വാതന്ത്രവും മാനവികതയെയും ഹനിക്കുന്ന ആശയമാണെന്നും ഇവർ പറഞ്ഞുകൊടുക്കില്ല.

മത തീവ്രവാദികൾ ഓരോ തവണ ചോര വീഴ്‌ത്തുമ്പോഴും ഇവിടുത്തെ ഇവർ കാരണങ്ങൾ അന്വേഷിച്ച് 'സ്വത്വ ഷുഡുക്കൾ' ദാർശനിക സഞ്ചാരം നടത്തുന്നത് കൗതുകകരമാണ്. ഫിലോസഫിയിലും ചരിത്രത്തിലും സാമൂഹ്യ ശാസ്ത്രത്തിലും രാഷ്ട്രീയത്തിലും ആഗോളവൽക്കരണത്തിലും മനഃശ്ശാസ്ത്രത്തിലുമൊക്കെ തട്ടിത്തഴുകി ഇസ്ലാം എന്ന മൂലകാരണമൊഴികെ മറ്റെല്ലാത്തിലും തൊട്ടു തലോടി ഒരു കാറ്റു പോലെ ഒഴുകിവന്ന് സേഫ് സോണിൽ ലാൻഡ് ചെയ്ത് മൂരി നിവർത്തി അലറി വിളിച്ച് നടത്തുന്ന വിപ്ലവ പ്രസംഗങ്ങളോളം പരിഹാസ്യമായ മറ്റെന്താണുള്ളത്. ഫാസിസം, വർഗ്ഗീയത തുടങ്ങിയ വാക്കുകൾ നീട്ടി നിരത്തി വാചാടോപ വിദ്യകൾ കൊണ്ട് കാരണങ്ങളെ ലഘൂകരിക്കുന്നവരാണ് യഥാർത്ഥത്തിൽ മതഭീകരവാദികൾക്ക് ചൂട്ടു കത്തിച്ച് വഴിതെളിച്ചു കൊടുക്കുന്നത്. പഴയകാല നക്‌സൽ സാഹിത്യത്തിന്റെ പർവതീകരിച്ചുള്ള ഈ വായന അലനെയും താഹയെയും പോലുള്ള സിപിഎം അനുഭാവികളെയും സ്വാധീനിക്കുന്നുണ്ട്. ഒപ്പം ഇസ്ലാമിനെ ഇവർക്കൊപ്പം ഒരു വിമോചന പ്രസ്ഥാനമായി അവതരിപ്പിക്കാനുള്ള ത്വരയും പ്രകടമാണ്. ഇതിന്റെ വ്യക്തമായ തെളിവാണ് അവരുടെ കൈയിൽനിന്ന് പിടിച്ചെടുത്ത ചില ഇസ്ലാമിക നേതാക്കളുടെ പുസ്തകങ്ങൾ.

ഈ കാരണങ്ങൾ കൊണ്ടാണ് കേരളത്തിൽ നടക്കുന്നത് ഇന്റലക്ച്ച്വൽ ജിഹാദ് ആണെന്ന് പ്രൊഫസർ ഹമീദ് ചേന്ദമംഗലൂരിനെപ്പോലുള്ളവർ നേരത്തെ പറഞ്ഞിരുന്നത്. പോപ്പുലർ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകൾ തങ്ങളുടെ ആശയങ്ങളല്ല അവരുടെ പ്രസിദ്ധീകരണങ്ങളിലൂടെ നടത്തുന്നത്. മറിച്ച് അർബൻ മാവോയിസം, സ്വത്വ സുഡു വാദം എന്നിവ തന്നെയാണ്. സത്യത്തിൽ അലനും താഹയും ഈ ആശയത്തിന്റെ കെണിയിലാണ് പെട്ടുപോയത്. എന്നാൽ ഈ ഇന്റലക്ച്വൽ ജിഹാദിനെതിരെയും ഒരക്ഷരം സിപിഎം നേതൃത്വവും മിണ്ടാറില്ല. മറിച്ച് ഇരവാദത്തിലൂടെ തങ്ങളുടെ ആശയങ്ങളിൽ പോലും വെള്ളം ചേർക്കുകയാണ് ചെയ്തത്. മോഹനൻ മാസ്റ്റർക്ക് ഈ പറഞ്ഞ വിഷയത്തിൽ എന്തെങ്കിലും ആതമാർതയുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് കെ ഇ എൻ, സുനിൽ പി ഇളയിടം, പി കെ പോക്കർ, ഗുലാബ് ജാൻ തുടങ്ങിയവർ ഒളിച്ചുകടത്തുന്ന ഇരവാദത്തെ തള്ളിപ്പറയുകയാണ്.

ഇരവാദത്തിന്റെ ദുരന്തം

ഗുജറാത്ത് കലാപത്തിന് ശേഷമാണ് കെ.ഇഎൻ കുഞ്ഞഹമ്മദിന്റെ നേതൃത്വത്തിൽ താത്വികമായ വിശകലനത്തിലൂടെ ചില ഒളിയജണ്ടകളും കേരളത്തിലെ സിപിഎമ്മിലേക്ക് തിരുകിക്കയറ്റിയത്. അതിൽ ഒന്നാണ് മുസ്ലിം ഇരവാദം. ഇന്ത്യയിലെ മുസ്ലീങ്ങൾ മൊത്തമായി സംഘപരിവാർ ഫാസിസത്തിന്റെ ഇരകളാണെന്നും അതിനാൽ ഇരകളുമായി ഐക്യപ്പെടുകയാണ് വേണ്ടതെന്നുമുള്ളതായിരുന്നു ഈ കപട സിദ്ധാന്തം. ഈ ഇരവാദം ഫലത്തിൽ ഗുണം ചെയ്തത് ജമാഅത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട് തുടങ്ങിയ സംഘടനകൾക്കാണ്. ഇരയാക്കപ്പെട്ട സമുദായങ്ങളോട് ഐക്യപ്പെടുകയെന്ന രീതിയിൽ കെഇഎന്നും പികെ പോക്കർമാഷും ഗുലാബ് ജാനുമൊക്കെ ഇവരുടെ വേദികളിൽ പങ്കെടുത്തത് ഈ സംഘടനകൾക്കു ഉണ്ടാക്കിക്കൊടുത്ത സ്വീകാര്യത ചെറുതല്ല.

പോപ്പുലർ ഫ്രണ്ടിന്റെ കോഴിക്കോട് നടന്ന ദേശീയ സമ്മേളനത്തിലെ സാംസ്‌കാരിക സമ്മേളനത്തിൽ മുഖ്യ പ്രാസംഗികനായിരുന്നു ഇടതുപക്ഷ ബുദ്ധിജീവിയായ കെഇഎൻ. ഒരുകാലത്ത് 'സ്വർഗം നരകം പരലോകം' എന്ന പുസ്തകം എഴുതി, 'സ്വർഗത്തിൽ പുരുഷന്മാർക്ക് ഹൂറിമാരെ കൊടുക്കുന്നുണ്ട്, എന്തുകൊണ്ട് സ്ത്രീകൾക്ക് ഹൂറന്മാരെ കൊടുക്കുന്നില്ല' എന്ന് രൂക്ഷമായി പരിഹസിച്ച കെഇഎൻ ഇന്ന് സലാം മടക്കാൻ പഠിക്കുകയാണ്! ഒന്നാന്തരം ഭൗതികവാദ പ്രപഞ്ച വീക്ഷണം. ഇത് പഠിപ്പിക്കുന്നതാവട്ടെ മറ്റൊരു ഇടതുബുജിയും സാംസ്‌കാരിക നായകനും ചലച്ചിത്ര സംവിധായകനുമായ പിടി കുഞ്ഞുമുഹമ്മദും. മാതൃഭൂമി ആഴ്ചപ്പതിപ്പിന് ഈയിടെ നൽകിയ അഭിമുഖത്തിൽ കെഇഎൻ പറയുന്നത് ഇതുവരെ തന്നോട് അസ്സലാമു അലൈക്കും എന്ന് പറയുന്നവരോട് തിരച്ച് സലാം പറഞ്ഞിട്ടില്ലെന്നും ഇനി മുതൽ അങ്ങനെ ചെയ്യുമെന്നുമാണ്. നിങ്ങൾ ഓം നമശ്ശിവായ എന്നോ ജയ് ശ്രീറാം എന്നോ അഭിസംബോധന ചെയ്യുന്ന ആളുകളോട് തിരിച്ചും അങ്ങനെ പറയുമോ എന്ന എംഎൻ കാരശ്ശേരിയുടെ ചോദ്യത്തിന് കെഇഎന്നിന് മറുപടിയില്ല. അതുപോലെ തന്നെ 'കൺവേർട്ട് ടു ഇസ്ലാം' എന്നപേരിൽ തന്റെ ഒരു ലേഖനം വളച്ചൊടിച്ച് ടൈംസ് ഓഫ് ഇന്ത്യ കൊടുത്തിട്ടും കെഇഎൻ ശക്തമായി പ്രതിഷേധിച്ചതുമില്ല. ഈ തലക്കെട്ട് എന്ത് സന്ദേശമാണ് നൽകുന്നത്.

തുടർച്ചയായ ഗൾഫ് യാത്രകളും സാംസ്‌കാരിക പരിപാടികളുമായി ഈ സംഘടനകൾ ഇത്തരം എഴുത്തകാരെ വിലയ്‌ക്കെടുത്തുവെന്ന് പറയുന്നത് മുസ്ലീലീഗ് നേതാവും ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും കടുത്ത വിമർശകനുമായ മുസ്ലീലീഗ് എംഎൽഎ കെഎം ഷാജിയാണ്. അതുപോലെ മനുഷ്യാവകാശ പ്രവർത്തകരാണെന്നും ദലിത് ആക്റ്റീവിസ്റ്റുകൾ ആണെന്ന് പറയുന്നവരും പോപ്പുലർ ഫ്രണ്ടിനും ജമാഅത്തെ ഇസ്ലാമിക്കും കൊടുക്കുന്ന പിന്തുണക്ക് കൈയും കണക്കുമില്ല. എസ്എഫ്ഐയുടെ ആദ്യകാല നേതാവ് കൂടിയായ പത്രപ്രവർത്തകൻ എൻപി ചെക്കുട്ടിയൊക്കെ ഇന്ന് പോപ്പുലർ ഫ്രണ്ടിന്റെ അറും കൊലക്ക് സൈദ്ധാന്തിക ഭാഷ്യം ചമക്കാൻ ചാനലുകളിൽ കിടന്ന് കണ്ഠക്ഷോഭം നടത്തുന്നതു കണ്ടാൽ അമ്പരന്നുപോവും. തേജസിന്റെ മൂൻ പത്രാധിപരാണ് അദ്ദേഹം. ആ അന്നദാതാവിനോടുള്ള കൂറ് അദ്ദേഹം പ്രകടിപ്പിക്കുന്നുവെന്ന് മാത്രം. അതിനെ ഗതികേടുകൊണ്ട് ന്യായീകരിക്കാം. പക്ഷേ കെ വേണു, കെ കെ കൊച്ച്, കെ കെ ബാബുരാജ് എന്നിങ്ങനെയുള്ള സോകോൾഡ് ദലിത് ബുജികളൊക്കെ എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് ബാലൻസിങ്ങ് സിദ്ധാന്തങ്ങൾ നിരത്തുന്നതെന്ന് മനസ്സിലാവുന്നില്ല. കെഎം ഷാജി പറഞ്ഞ കാരണം തന്നെയായിരിക്കും മിക്കവാറും. ഇങ്ങനെ വിദേശത്തുനിന്ന് കിട്ടുന്ന പണം ഒഴുക്കി ഒരു സാംസ്‌കാരിക നായകരെ തന്നെ വിലയ്‌ക്കെടുത്തിരിക്കുകയാണ കേരളത്തിലെ മുസ്ലിം സംഘടനകൾ.

ജമാഅത്തെ ഇസ്ലാമി പോപ്പുലർ ഫ്രണ്ടിന്റെ ബി ടീം

വെട്ടുന്നവനെപ്പോലെ പ്രതിയല്ലേ വെട്ടാനുള്ള ആശയം കുത്തിവെക്കുന്നവനും. കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ പേരിൽ നൈസായി രക്ഷപ്പെടുന്ന ഒരു വിഭാഗമുണ്ട്. അതാണ് ജമാഅത്തെ ഇസ്ലാമി. മതരാഷ്ട്രവാദം എന്ന മൗദൂദിയൻ ആശയം പിന്തുടരുമ്പോഴും അവർ പുറമേ മതേതരരാണ്. ഗെയിൽ പൈപ്പ്‌ലൈൻ, ദേശീയപാത വികസനം തുടങ്ങിയ സകല പ്രശ്നങ്ങളിലും നുഴഞ്ഞുകയറി, ജനത്തെ ഭീതിയിലാഴ്‌ത്തി കുഴപ്പങ്ങൾക്കുള്ള വഴിമരുന്ന് ഇട്ടുകൊടുക്കുന്നത് ഇവരാണ്. ഈ ജമാഅത്തെ ഇസ്ലാമിയും അവരുടെ പാർട്ടിയായ വെൽഫയർ പാർട്ടിയും കേരളത്തിലെ ഇടതുപക്ഷത്തിന് സഹയാത്രികരാണ്. എസ്ഡിപിഐക്ക് ഒപ്പം എന്ന പോലെ പല പഞ്ചായത്തുകളിലും സിപിഎമ്മും വെൽഫയർ പാർട്ടിയും സഖ്യമുണ്ട്. എങ്ങനെയാണ് വൈരുധ്യാധിഷ്ഠിത ഭൗതികവാദവും മൗദൂദിയൻ തിയറിയും യോജിച്ചുപോവുക എന്നറിയില്ല.

ഈ ജമാഅത്തെ ഇസ്ലാമി വെള്ളവും വളവും നൽകി വളർത്തിയതാണ് സിമിയെ. ആ സിമി മൂത്താണ് എൻ.ഡി.എഫായത്. അത് കോലം മാറിയാണ് പോപ്പുലർ ഫ്രണ്ടും എസ്.ഡി.പി.ഐയുമായി മാറിയത്. അവർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജിഹാദ് മൗദൂദിയുടെ ജിഹാദാണ്. ജമാഅത്തെ ഇസ്ലാമിയുടെ ജിഹാദാണ്. ഇരവാദമുന്നയിച്ച് അവർക്കൊപ്പം നിൽക്കുന്ന സകല ബുദ്ധിജീവികളും മനസ്സിലാക്കണം, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലും മൂലധനത്തിലും പാവങ്ങളെക്കുറിച്ചുള്ള ആശങ്കകളേയുള്ളൂ. പരസ്യമായി കൊല്ലാൻ ആഹ്വാനം ചെയ്യുന്ന ഇത്തരം സിദ്ധാന്തങ്ങളില്ല. അഹിംസയെ പരിഹാസ്യമായാണ് മൗദൂദി ജിഹാദിൽ വിവരിക്കുന്നത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ നമ്മൾക്കെതിരായവരെ കൊന്നാലും കുഴപ്പമില്ല സ്വർഗം കിട്ടും എന്ന മൗദൂദിയൻ ആശയമാണ് കാമ്പസ് ഫ്രണ്ടുകാർ എടുക്കുന്നത്. ഈ പ്രതിരോധമാണ് കാമ്പസ് ഫ്രണ്ടുകാർ ആദിവാസി വിദ്യാർത്ഥി അഭിമന്യുവിനോട് ചെയ്തത്. എന്നിട്ടും സിപിഎം ഒന്നു പഠിച്ചിട്ടില്ല.

ലാദൻ തൊട്ട് മുഹമ്മദ് ഗോറിയും ഗസ്നിയുംവരെ

പ്രശസ്ത ഇടതുചിന്തകനായ സുനിൽ പി ഇളയിടത്തിന്റെ ഒരു പ്രസംഗം ഈയിടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. ഗുജറാത്തിലെ സോമനാഥ ക്ഷേത്രം അടക്കമുള്ളവയെ മുഹമ്മദ് ഗോറിയെപ്പോലുള്ളവർ ആക്രമിച്ചതിന്റെ പ്രധാനകാരണം മതം മാത്രമല്ല സാമ്പത്തികമാണെന്നാണ് അദ്ദേഹം പറഞ്ഞത്. പണ്ടുകാലത്ത് ക്ഷേത്രങ്ങളിൽ സമ്പത്ത് സൂക്ഷിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. എന്നാൽ യാഥാർഥ്യം എന്താണ്. നയാപൈസ കൈയിലില്ലാത്ത നൂറുകണക്കിന് ക്ഷേത്രങ്ങൾ പോലും ഗോറിയും ഗസ്നിയും തകർത്തിട്ടുണ്ട്. ഒന്നാന്തരം മതഭ്രാന്തന്മാരായിരുന്നു ഇവർ. സത്യം ഇങ്ങനെയായിരിക്കേ എന്തിനാണ് ഗോറിയെ ഒക്കെ വെള്ളപൂശുന്നത്. മന്ത്രി ജി സുധാകരന്റെ ലാദൻ പ്രേമം പോലെ തന്നെ ഭീകരമാണ് ഇതും. 'പൊളിറ്റിക്കൽ ഇസ്ലാമിനോട് തനിക്ക് ചില യോജിപ്പുകൾ ഉണ്ടെന്ന് പറയുന്ന സുനിൽ പി ഇളയിടം, പക്ഷേ ഹിന്ദുത്വയോട് യാതൊരു വിട്ടുവീഴ്ചയുമില്ല എന്നു പറഞ്ഞതും വൻ തോതിൽ വിമർശിക്കപ്പെട്ടിരുന്നു.

അതായത് മതങ്ങളെ തൂക്കിനോക്കുമ്പോൾ കൈവിറയ്ക്കുന്ന സാംസ്കാരിക നായകർ ഈ നാടിന്റെ ശാപമായിരിക്കയാണ്. ഇതാണ് സംഘപരിവാർ പ്രസ്ഥാനങ്ങൾ തങ്ങളുടെ ചാഞ്ഞമര തിയറിയിലൂടെ വിഭാവനം ചെയ്യുന്നത്. അതായത് മതേതര വാദികൾ എന്ന് വിളിക്കുന്നവർ ഒരു വശത്തേക്ക് ചാഞ്ഞാൽ അത് ഗുണം ചെയ്യുക മറുവശത്തെ വർഗീയ വാദികൾക്കാണ്. നമ്മൾ അവർ എന്ന രീതിയിൽ ഒരു കൂട്ടർ സമൂഹത്തെ ബൗദ്ധികമായും വൈകാരികമായും ഭിന്നിപ്പിക്കുമ്പോൾ, മതേതരവാദികൾ എന്ത് ചെയ്യണം. അവർ ഏന്തെങ്കിലും ഒരു വശത്തെ അന്ധമായി പിന്തുണച്ചാൽ, ഈ കൺസോളിഡേഷൻ ശക്തിപ്പെടും. അതാണ് ഇപ്പോൾ കേരളത്തിലും കണ്ടുവരുന്നത്. അതായത് ഒരേ സമയം ന്യുനപക്ഷ തീവ്രാദത്തിനും ഭൂരിപക്ഷ തീവ്രവാദത്തിനും വളമിടുന്നതാണ് സിപിഎം ബുദ്ധിജീവികൾ ഇപ്പോൾ പിന്തുടരുന്ന നയം.

മോഹനൻ മാസ്റ്ററോട് ഈ ലേഖകൻ പൂർണ്ണമായും യോജിക്കയാണ്. ചില ഇസ്ലാമിക തീവ്രവാദികളാണ് മാവോയിസ്റ്റുകൾക്ക് വെള്ളവും വളവും നൽകുന്നത്. അവർക്കെതിരെ തിരിയുന്നതിന് മുമ്പ് അതിന് സമാനമായ ആശയ പരിസരം ഒരുക്കിക്കൊടുക്കുന്ന സ്വന്തം പാർട്ടിയിലെ ബുജികൾക്കെതിരെ അദ്ദേഹം നടപടി സ്വീകരിക്കുമോ? ഈ ഘട്ടത്തിൽ ഉയരുന്ന ചോദ്യവും അതുതന്നെയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP