Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അറസ്റ്റ് ചെയ്ത വിദ്യാർത്ഥി നേതാക്കളെ വിട്ടയക്കാതെ മടങ്ങിപ്പോകില്ലെന്ന വിദ്യാർത്ഥികളുടെ പിടിവാശിക്ക് മുന്നിൽ വഴങ്ങി ഡൽഹി പൊലീസ്; നിരോധനാജ്ഞ ലംഘിച്ച ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാക്കളെ കന്റോൺമെന്റ് സ്‌റ്റേഷനിൽ നിന്നും വിട്ടയച്ചു

അറസ്റ്റ് ചെയ്ത വിദ്യാർത്ഥി നേതാക്കളെ വിട്ടയക്കാതെ മടങ്ങിപ്പോകില്ലെന്ന വിദ്യാർത്ഥികളുടെ പിടിവാശിക്ക് മുന്നിൽ വഴങ്ങി ഡൽഹി പൊലീസ്; നിരോധനാജ്ഞ ലംഘിച്ച ജെഎൻയു വിദ്യാർത്ഥി യൂണിയൻ നേതാക്കളെ കന്റോൺമെന്റ് സ്‌റ്റേഷനിൽ നിന്നും വിട്ടയച്ചു

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ സമരത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥി നേതാക്കളെ വിട്ടയച്ചു. കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയക്കാതെ പിരിഞ്ഞ് പോകില്ലെന്ന വിദ്യാർത്ഥികളുടെ നിലപാടിന് മുന്നിൽ ഒടുവിൽ പൊലീസ് വഴങ്ങുകയായിരുന്നു. ഡൽഹി കന്റോൺമെന്റ് സ്‌റ്റേഷനിലെത്തിച്ച വിദ്യാർത്ഥികളെ പൊലീസ് മോചിപ്പിക്കുകയായിരുന്നു.

ഹോസ്റ്റൽ ഫീസ് വർധനവ് അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച് ജെഎൻയു വിദ്യാർത്ഥികളുടെ പാർലമെന്റ് മാർച്ച് പൊലീസ് തടഞ്ഞതോടെ പൊലീസും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം ഉടലെടുക്കുകയായിരുന്നു. സഫ്ദർ ജംഗ് ശവകുടീരത്തിന് മുമ്പിലാണ് പൊലീസ് മാർച്ച് തടഞ്ഞത്. പൊലീസ് പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച വിദ്യാർത്ഥികൾ, പ്രധാന ഗേറ്റിലെ ബാരിക്കേഡുകൾ തകർത്ത് പുറത്ത് ഇറങ്ങി. പ്രധാന പാതയ്ക്ക് സമീപം സ്ഥാപിച്ച ബാരിക്കേഡുകളും വിദ്യാർത്ഥികൾ തകർത്തു. ഇതോടെയാണ് മാർച്ച് സംഘർഷത്തിൽ കലാശിച്ചത്. മുന്നോട്ട് വന്ന വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷെ ഘോഷ് അടക്കമുള്ള 60 തിലധികം വിദ്യാർത്ഥികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടികളെ അടക്കം വലിച്ചിഴച്ചാണ് പൊലീസ് കൊണ്ടുപോയത്.

ഫീസ് വർധനവ്, ഹോസ്റ്റൽ നിയന്ത്രണം തുടങ്ങിയ കാര്യങ്ങളിൽ വിദ്യാർത്ഥി യൂണിയനുമായി ആലോചിക്കാതെ പുതിയ തീരുമാനങ്ങൾ നടപ്പാക്കുന്നതിനെതിരെയാണ് സമരം. വിഷയത്തിൽ ചർച്ചയ്ക്ക് പോലും തയ്യാറാകാത്ത വിസിയെ പുറത്താക്കണമെന്ന് വിദ്യാർത്ഥി യൂണിയൻ ആവശ്യപ്പെട്ടു. ജെഎൻയു അദ്ധ്യാപക അസോസിയേഷനും സമരത്തിന് പിന്തുണ നൽകിയിട്ടുണ്ട്. സർവകലാശാലാ ഹോസ്റ്റലിലെ നിബന്ധനകൾ പരിഷ്‌കരിച്ചതാണു സമരത്തിനു കാരണം. ഹോസ്റ്റൽ ഫീസ് 300 ഇരട്ടിയായി വർധിപ്പിച്ചെന്നും ഹോസ്റ്റലിൽ എത്തേണ്ട സമയവും ഡ്രസ് കോഡും കർശനമാക്കിയെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.

എന്നാൽ, സമയം, ഡ്രസ് കോഡ് എന്നിവയിൽ മാറ്റം വരുത്തിയിട്ടില്ലെന്നാണു സർവകലാശാലയുടെ വിശദീകരണം. ഒരാൾക്കു താമസിക്കാവുന്ന ഹോസ്റ്റൽ മുറിക്ക് പ്രതിമാസം 20 രൂപയായിരുന്നത് 600 രൂപയാക്കി ഉയർത്തിയതാണ് വിദ്യാർത്ഥികളുടെ എതിർപ്പ് ക്ഷണിച്ചു വരുത്തിയത്. രണ്ടു പേരുടെ മുറിക്കു 10 രൂപയിൽ നിന്ന് 300 രൂപയും. കൂടാതെ 1700 രൂപ മാസം സർവീസ് ചാർജ്. മുൻപു മെസ് ഫീസ് ഉൾപ്പെടെ ആകെ ചെലവ് 1000-1500 രൂപയേ വരുമായിരുന്നുള്ളൂ. ഹോസ്റ്റലിൽ മെസിലെ നിക്ഷേപം 5500 രൂപയിൽ നിന്നു 12,000 രൂപയാക്കി. ഇത് കൂടാതെ ഹോസ്റ്റലിൽ എത്തിച്ചേരേണ്ട സമയം രാത്രി 12.30 ആക്കി നിശ്ചയിച്ചതും വിദ്യാർത്ഥി രോഷം ഇരട്ടിക്കാൻ ഇടയാക്കി. ഡൈനിങ് ഹാളിൽ മാന്യമായി വസ്ത്രം ധരിച്ചെത്തണമെന്ന നിർദ്ദേശവും കൂടിയായപ്പോൾ അത് അംഗീകരിക്കാൻ തയ്യാറല്ലെന്ന നിലപാടിലേക്ക് വിദ്യാർത്ഥികൾ എത്തുകയായിരുന്നു.

നേരത്തെ പ്രതിമാസം 2500 രൂപയാണ് അടച്ചിരുന്നത്. ഇപ്പോൾ 7000 രൂപ അടയ്ക്കണം. 300 ശതമാനത്തോളമാണു വർധന. ഞങ്ങളുടെ പ്രശ്‌നം കേൾക്കാനുള്ള സന്നദ്ധത കാണിക്കാത്തതിനാലാണു സമരം തുടങ്ങിയത് എന്ന് വിദ്യാർത്ഥികൾ പറയുന്നു. ഡ്രസ് കോഡ്, സമയ നിയന്ത്രണം, ഹോസ്റ്റലിലെ പുതിയ നിയമങ്ങൾ തുടങ്ങിയവയിലും അസംതൃപ്തിയുണ്ടെന്നു സമരക്കാർ കൂട്ടിച്ചേർത്തു. ഹോസ്റ്റലിൽ ഒറ്റമുറിയുടെ വാടക ഇരുപതിൽ നിന്ന് അറുന്നൂറിലേക്കും രണ്ട് പേർക്ക് താമസിക്കാവുന്ന മുറിയുടെ വാടക പത്തിൽ നിന്ന് മുന്നൂറിലേക്കും മെസ്സിലെ സെക്യൂരിറ്റി ഡെപോസിറ്റ്(ഇത് പിന്നീട് മടക്കി നൽകും) പന്ത്രണ്ടായിരവുമാക്കിയാണ് വർധിപ്പിച്ചത്. മുപ്പത് വർഷത്തിനിടെ ഇതാദ്യമായാണ് ഫീസ് വർദ്ധിപ്പിച്ചതെന്നും മെസ് ഫീസ് അടയ്ക്കാതെ കുടിശ്ശിക വരുത്തുന്ന വിദ്യാർത്ഥികളുടെയെണ്ണം കൂടിവരുന്നതുമാണ് സംഭവത്തിൽ അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ കേന്ദ്രസേനയെ അടക്കം ഉപയോഗിച്ച് സമരം അടിച്ചമർത്താനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.

ഫീസ് വർധനവ് പിൻവലിക്കുന്നത് അടക്കം വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാൻ കേന്ദ്ര മാനവിഭവ ശേഷം മന്ത്രാലയം ഉന്നധികാര സമിതിയെ നിയോഗിച്ചു. യുജിസി മുൻ ചെയർമാൻ അടങ്ങുന്ന മൂന്നംഗ സമിതിയെയാണ് നിയോഗിച്ചത്. വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് ഹോസ്റ്റൽ ഫീസ് വർധിപ്പിക്കാനുള്ള നീക്കം ജെഎൻയു അധികൃതർ ഭാഗികമായി റദ്ദാക്കിയിരുന്നു. വർധന പൂർണ്ണമായും പിൻവലിക്കാതെ പിന്നോട്ട് പോകില്ലെന്ന് വിദ്യാർത്ഥികൾ ഉറച്ച നിലപാടെടുത്തു.

ഉന്നത വിദ്യാഭ്യാസ മേഖല സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും വിദ്യാർത്ഥികൾ കുറ്റപ്പെടുത്തുന്നു. നിലവിലെ വിദ്യാഭ്യാസ രീതി പൂർണ്ണമായും അട്ടിമറിക്കുന്നതാണ് സർക്കാർ നയമെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് വിദ്യാർത്ഥികളുടെ സംയുക്ത കൂട്ടായ്മയായ ജെഎൻയു സ്റ്റുഡന്റ്‌സ് യൂണിയൻ തീരുമാനിച്ചു. എബിവിപി ഒഴികെ വിദ്യാർത്ഥി സംഘടനകളെല്ലാം പ്രതിഷേധത്തിൽ അണിനിരന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP