Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടോം തോമസിന്റെ മരണത്തിൽ മാത്രമേ സയ്‌നൈഡ് കഥ നിലനിൽക്കൂ; ബാക്കി അഞ്ചു പേരുടേയും മരണം അസ്വാഭാവികമെന്ന് തെളിയിക്കാൻ ശാസ്ത്രീയ തെളിവില്ലെന്ന് സമ്മതിച്ച് പൊലീസ്; റീപോസ്റ്റുമാർട്ടം നടത്തിയെങ്കിലും മരിച്ചവരുടെ ശരീരത്തിൽ സയനൈഡിന്റെ അംശം കണ്ടെത്താനായില്ലെന്ന് അന്വേഷണ സംഘം; ജോളിയുടെ വീട്ടിൽ നിന്ന് സയനൈഡ് കണ്ടെത്തിയെന്ന വാദം തെളിവാക്കി മുമ്പോട്ട് പോകാനും പൊലീസ്; കൂടത്തായിയിൽ ജോളി രക്ഷപ്പെടുമോ?

ടോം തോമസിന്റെ മരണത്തിൽ മാത്രമേ സയ്‌നൈഡ് കഥ നിലനിൽക്കൂ; ബാക്കി അഞ്ചു പേരുടേയും മരണം അസ്വാഭാവികമെന്ന് തെളിയിക്കാൻ ശാസ്ത്രീയ തെളിവില്ലെന്ന് സമ്മതിച്ച് പൊലീസ്; റീപോസ്റ്റുമാർട്ടം നടത്തിയെങ്കിലും മരിച്ചവരുടെ ശരീരത്തിൽ സയനൈഡിന്റെ അംശം കണ്ടെത്താനായില്ലെന്ന് അന്വേഷണ സംഘം; ജോളിയുടെ വീട്ടിൽ നിന്ന് സയനൈഡ് കണ്ടെത്തിയെന്ന വാദം തെളിവാക്കി മുമ്പോട്ട് പോകാനും പൊലീസ്; കൂടത്തായിയിൽ ജോളി രക്ഷപ്പെടുമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൂടത്തായി കൊലപാതകക്കേസിൽ റീപോസ്റ്റുമാർട്ടം നടത്തിയെങ്കിലും മരിച്ചവരുടെ ശരീരത്തിൽ നിന്ന് സയനൈഡിന്റെ അംശം കണ്ടെത്താനായില്ലെന്ന് പൊലീസ് ഹൈക്കോടതിയിൽ. കേസിൽ പ്രതിയായ പ്രജികുമാറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുമ്പോഴാണ് അന്വേഷണസംഘം ഇക്കാര്യം അറിയിച്ചത്. ഇതോടെ കൂടത്തായിയിലെ ജോളിക്കെതിരെ ഉയർത്തിയ സയ്‌നെയ്ഡ് കഥ പൊളിയുമെന്ന സംശയത്തിലാണ് പൊലീസ്. എന്നാൽ ഇതിനെ ശാസ്ത്രീയ വാദങ്ങളിലൂടെ തന്നെ നേരിടാനാണ് നീക്കം. ഇതിന് വേണ്ടി റീ പോസ്റ്റ്‌മോർട്ടത്തിന് എടുത്ത കാലതാമസം ഉയർത്തികാട്ടും.

.

മൃതദേഹം സംസ്‌കരിച്ച് വർഷങ്ങൾ കഴിഞ്ഞതിനാൽ സയനൈഡിന്റെ അംശം കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. എന്നാൽ, മുഖ്യപ്രതി ജോളിയുടെ വീട്ടിൽ നിന്ന് തന്നെ സയനൈഡ് കിട്ടിയിട്ടുണ്ടെന്നും ഇത് പ്രധാന തെളിവായി മാറുമെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. പ്രജി കുമാറിന് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. ടോം തോമസ് കൊലപാതകക്കേസിൽ ജോളിയുടെ പൊലീസ് കസ്റ്റഡി കാലാവധി രണ്ട് ദിവസം കൂടി നീട്ടി. കസ്റ്റഡി കാലാവധി അഞ്ച് ദിവസം നീട്ടി നൽകണമെന്നായിരുന്നു കേസന്വേഷിക്കുന്ന കുറ്റ്യാടി സി ഐ താമരശേരി കോടതിയിൽ ആവശ്യപ്പെട്ടത്. ഇത് അനുവദിച്ചില്ലെങ്കിൽ അന്നമ്മ കൊലപാതകക്കേസിൽ ജോളിയെ അറസ്റ്റ് ചെയ്യാനുള്ള അനുമതി തേടാനായിരുന്നു പൊലീസിന്റെ നീക്കം.

കൂടത്തായിയിൽ ആറു പേരെ ജോളി കൊലപ്പെടുത്തിയെന്നാണ് കേസ്. ഇതിൽ ടോം തോമസിന്റെ മൃതദേഹം അന്ന് പോസ്റ്റ് മോർട്ടം ചെയ്തിരുന്നു. ഇതിൽ സയനൈയ്ഡ് കിട്ടി. ഇതുമാത്രമാണ് പൊലീസിന് കൊലപാതകമായി തെളിയിക്കാൻ കഴിയുക. ബാക്കി അഞ്ചു പേരുടേയും മരണം സ്വാഭാവികമല്ലെന്ന് തെളിയിക്കണമെങ്കിൽ അതിന് ശാസ്ത്രീയ തെളിവുകളുടെ പിന്തുണ വേണം. സയനൈയ്ഡ് വീട്ടിൽ നിന്ന് കണ്ടെത്തിയെന്ന വാദം വിചാരണയിൽ നിലനിൽക്കുന്നതല്ല. അങ്ങനെ വന്നാൽ ജോളിയുടെ ആദ്യ ഭർത്താവിന്റേതൊഴികെ ബാക്കിയെല്ലാ മരണങ്ങളും കോടതിയിൽ സ്വാഭാവിക മരണമായി മാറും. ഇത് ഫലത്തിൽ ജോളിക്ക് തുണയായി മാറുകയും ചെയ്യും. ഇതിനുള്ള സാധ്യതകളാണ് പൊലീസ് തന്നെ ഇപ്പോൾ പുറത്തുവിട്ട വിവരങ്ങളിലൂടെ ചർച്ചയാകുന്നത്. കൊലപാതകമെന്ന് തെളിയാൻ സാധ്യതയില്ലാത്ത മരണങ്ങളിൽ ആരേയും ശിക്ഷിക്കാൻ കോടതി തയ്യാറാവില്ലെന്നതാണ് വസ്തുത. ഇവർ മരിക്കുമ്പോൾ ആരും സംശയങ്ങൾ ഉന്നയിച്ചില്ലെന്നതും നിർണ്ണായകമാണ്.

വിദ്യാഭ്യാസ വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അദ്ധ്യാപിക അന്നമ്മ തോമസ് (57), മകൻ റോയ് തോമസ് (40), അന്നമ്മയുടെ സഹോദരൻ എം.എം. മാത്യു (68), ടോമിന്റെ സഹോദരപുത്രൻ ഷാജു സഖറിയാസിന്റെ മകൾ ആൽഫൈൻ (2), ഷാജുവിന്റെ ഭാര്യ സിലി (44) എന്നിവരാണ് 2002 -2016 കാലത്തു മരിച്ചത്. ടത്തായിയിലെ ആറു കൊലപാതകങ്ങളും നടത്തിയതു താനാണെന്നു പൊലീസിനോട് പ്രതി ജോളി ജോസഫിന്റെ കുറ്റസമ്മതം. ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകിയാണ് അഞ്ചു കൊലപാതകങ്ങളും. ആദ്യഭർത്താവ് റോയി തോമസിന്റെ അമ്മയായ അന്നമ്മയ്ക്ക് ആട്ടിൻസൂപ്പിൽ കീടനാശിനിയാണ് കലർത്തി നൽകിയാണ് കൊലപ്പെടുത്തിയത്. ഇപ്പോഴത്തെ ഭർത്താവ് ഷാജുവിന്റെ മകളെ താനല്ല കൊന്നതെന്ന് ആദ്യം ജോളി പറഞ്ഞതായി സൂചനയുണ്ടായിരുന്നു. എന്നാൽ ചോദ്യം ചെയ്യൽ ദിവസം രാത്രിയോടെ ലഭിക്കുന്ന സൂചനകളാണ് എല്ലാ കൊലപാതകങ്ങളുടേയും ഉത്തരവാദി താനാണെന്ന് ജോളി സമ്മതിച്ചെന്ന് വ്യക്തമാക്കുന്നത്. അന്നമ്മയെ വധിക്കാൻ അതിനു മുൻപ് ഒരു തവണയും രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിക്കു നേരെ രണ്ടു തവണയും വധശ്രമമുണ്ടായതായി ജോളി സമ്മതിച്ചു. ഇന്നലെ തെളിവെടുപ്പിനിടെ പൊന്നാമറ്റം വീട്ടിൽ നിന്നു കണ്ടെടുത്ത ബ്രൗൺ നിറത്തിലുള്ള പൊടി സയനൈഡ് ആണെന്ന് പൊലീസിന് സംശയമുണ്ട്. രാസപരിശോധനയിലൂടെ ഇതു വ്യക്തമാകും. 2008ലാണ് ജോളിക്ക് ആദ്യമായി സയനൈഡ് നൽകിയതെന്നു അറസ്റ്റിലായ ദിവസം തന്നെ എം.എസ്.മാത്യു പൊലീസിനു മൊഴി നൽകിയിരുന്നു. ഇത് റോയിയുടെ പിതാവ് ടോം തോമസിനെ കൊലപ്പെടുത്താനാണ് ഉപയോഗിച്ചത്.

ഷാജുവിന്റെ മകൾ ആൽഫൈനിനെ കൊലപ്പെടുത്തിയതു താനാണെന്നു അറസ്റ്റു ചെയ്ത ദിവസം നടത്തിയ ചോദ്യം ചെയ്യലിൽ ജോളി സമ്മതിച്ചിരുന്നു. എന്നാൽ, ആൽഫൈനിനു സയനൈഡ് നൽകിയിരുന്നോ എന്ന് ഓർമയില്ല എന്നു കഴിഞ്ഞ ദിവസം നിലപാടു മാറ്റി. മരണദിവസം ഷാജുവിന്റെ സഹോദരിയാണു ആൽഫൈനിനു ഭക്ഷണം നൽകിയതെന്നു പറഞ്ഞ ജോളി, ആൽഫൈനിനു ജോളി ഇറച്ചിക്കറിയിൽ ബ്രഡ് മുക്കി കൊടുക്കുന്നതു കണ്ടെന്ന സാക്ഷിമൊഴി പൊലീസ് ചൂണ്ടിക്കാട്ടിയതോടെ കുറ്റം സമ്മതിച്ചു. ഇതോടെ എല്ലാ കൊലപാതകങ്ങളുടേയും ഉത്തരവാദിത്തം ജോളി ഏറ്റെടുത്തു. താമരശ്ശേരിയിലെ ദന്താശുപത്രിയുടെ വരാന്തയിൽ ജോളിയുടെ മടിയിൽ കുഴഞ്ഞുവീണാണു സിലി മരിച്ചത്. സമാനലക്ഷണങ്ങളുമായി മുൻപ് രണ്ടു തവണ സിലിയെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്ന സഹോദരൻ സിജോയുടെ മൊഴി ചൂണ്ടിക്കാട്ടിയപ്പോഴാണു രണ്ടുതവണ കൊലപ്പെടുത്താൻ ശ്രമച്ചിരുന്ന കാര്യം ജോളി പൊലീസിനോടു പറഞ്ഞത്. ഷാജുവിനെ വിവാഹം ചെയ്യാൻ വേണ്ടിയായിരുന്നു ഇത്.

റോയിയുടെ ഭാര്യയായ ജോളി ബന്ധുക്കളുടെ മരണശേഷം വ്യാജ രേഖകൾ ചമച്ച് സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിച്ചിരുന്നു. അന്വേഷണം ഇവരിലേക്ക് നീണ്ടതോടെ നുണപരിശോധനയ്ക്ക് വിധേയമാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും യുവതി സമ്മതമല്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെയാണ് അന്വേഷണ സംഘം ശാസ്ത്രീയ തെളിവുകൾ തേടി സെമിത്തേരിയിൽ എത്തുന്നത്. റോജോയെകൊണ്ട് പരാതി പിൻവലിപ്പിക്കാൻ യുവതി ബന്ധുക്കളെ ഉപയോഗിച്ച് സമ്മർദ്ദം ചെലുത്തിയതായും ആരോപണമുണ്ട്. ഇതും സംശയങ്ങൾക്ക് ഇട നൽകുന്നത്. 2002 ഓഗസ്റ്റ് 22 നാണ് കൂടത്തായി കൂട്ടമരണങ്ങളുടെ പരമ്പരയിലെ ആദ്യമരണം സംഭവിക്കുന്നത്. പിന്നീട് വർഷങ്ങളുടെ ഇടവേളയിൽ അഞ്ച് മരണങ്ങൾ. അഞ്ചും അടുത്ത ബന്ധുക്കൾ. കൂടത്തായി ലൂർദ് മാതാപള്ളിയിലെ സെമിത്തേരിയിലും കോടഞ്ചേരി സെന്റ്‌മേരീസ് പള്ളിയിലെ സെമിത്തേരിയിലുമായി ആ ആറുപേർ അന്ത്യവിശ്രമം കൊള്ളുന്നു. 2002 ഓഗസ്റ്റ് 22 നാണ് കൂടത്തായി കൂട്ടമരണങ്ങളുടെ പരമ്പരയിലെ ആദ്യമരണം സംഭവിക്കുന്നത്.

പിന്നീട് വർഷങ്ങളുടെ ഇടവേളയിൽ അഞ്ച് മരണങ്ങൾ. അഞ്ചും അടുത്ത ബന്ധുക്കൾ. കൂടത്തായി ലൂർദ് മാതാപള്ളിയിലെ സെമിത്തേരിയിലും കോടഞ്ചേരി സെന്റ്‌മേരീസ് പള്ളിയിലെ സെമിത്തേരിയിലുമായി ആ ആറുപേർ അന്ത്യവിശ്രമം കൊള്ളുന്നു. മരിച്ച ടോം തോമസ് - അന്നമ്മ ദമ്പതികളുടെ മകനായ റോജോ നൽകിയ പരാതിയാണ് ഇപ്പോൾ കല്ലറ തുറന്നുള്ള പരിശോധനയിലേക്ക് എത്തി നിൽക്കുന്നത്. റോജോയുടെ സഹോദരനായ റോയ് തോമസും മരിച്ചവരിൽ ഉൾപ്പെടുന്നു. 2002-ൽ അന്നമ്മയാണ് ആദ്യം മരിച്ചത്. ആട്ടിൻ സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. 2008-ലായിരുന്നു ടോം തോമസിന്റെ മരണം. 2011-ലായിരുന്നു റോയി തോമസ് മരിച്ചത്. ചോറും കടലക്കറിയും കഴിച്ച ശേഷമാണ് ഇയാൾ മരിച്ചത്. എല്ലാ മരണങ്ങളും ഹൃദയാഘാതം മൂലമാണെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ മരണത്തിലെ സമാനത സംശയത്തിനിടയാക്കി. റോയിയുടെ മരണത്തോടെയാണ് സംശയം ഉയർന്നത്. തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഭക്ഷണത്തിൽ വിഷാംശം കണ്ടെത്തിയെങ്കിലും ഇത് രഹസ്യമാക്കി സൂക്ഷിച്ചു. ആത്മഹത്യയാണെന്ന ധാരണ പരത്താനാണ് ശ്രമിച്ചത്. 2014-ൽ അന്നമ്മയുടെ സഹോദരൻ മാത്യു മരിച്ചു. അതിനുശേഷം ടോം തോമസിന്റെ സഹോദരപുത്രന്റെ മകൾ അൽഫോൻസ മരിച്ചു. പിന്നീട് സഹോദര പുത്രന്റെ ഭാര്യ സിലിയും (2016) മരിച്ചു. എല്ലാവരും ഭക്ഷണം കഴിച്ചശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഈ സ്ഥലങ്ങളിൽ എല്ലാം ജോളിയുടെ സാന്നിധ്യം ഉണ്ടായിരുന്നു.

റോയി തോമസ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് വീട്ടിലിരുന്നവർ പറഞ്ഞിരുന്നെങ്കിലും ചിലർ സംശയം ഉയർത്തിയതിനെത്തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തുകയും വിഷാംശം ഉള്ളിൽ ചെന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു. ആത്മഹത്യ ചെയ്തുവെന്നായിരുന്നു അന്ന് പൊലീസിന്റെ നിഗമനം. സിലിയുടെ ഭർത്താവ് പിന്നീട് മരിച്ച റോയിയുടെ ഭാര്യയെ വിവാഹം കഴിക്കുകയായിരുന്നു. ഇതാണ് സംശയങ്ങൾക്ക് ഇട നൽകുന്നത്. പുതിയ പരാതിയുമായി ബന്ധപ്പെട്ട് ചിലരെ ക്രൈംബ്രാഞ്ച് പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴിയിലെ ചില വൈരുധ്യങ്ങൾ ഉദ്യോഗസ്ഥരെയും സംശയത്തിലാക്കി. ഇതോടെയാണ് കൂടുതൽ അന്വേഷണത്തിനായി കല്ലറ തുറന്ന് മൃതദേഹാവശിഷ്ടങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്. എല്ലാവരും മരിച്ചതോടെ അധികം വൈകാതെ റോയിയുടെ പിതൃസഹോദര പുത്രനായ പൊന്നാമറ്റത്തിൽ ഷാജു എന്ന അദ്ധ്യാപകനും , മരിച്ച റോയിയുടെ ഭാര്യയും ഇടുക്കി സ്വദേശിയുമായ ജോളിയും തമ്മിൽ വിവാഹിതരായി. ഷാജുവിന്റെ ഭാര്യയാണ് സിലി. മകളാണ് അൽഫോൻസ. ഇതെല്ലാം ദുരൂഹത കൂട്ടി.

റോയിയുടെ സഹോദരൻ അമേരിക്കയിലുള്ള റോജോ നാട്ടിലെത്തിയപ്പോഴേക്കും പിതാവ് ടോം തോമസിന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം മരിച്ച റോയിയുടെ ഭാര്യയായ ജോളിയുടെ പേരിലാക്കിയിരുന്നു. ഒസ്യത്ത് എഴുതിവച്ചിരുന്നുവെന്നാണ് ജോളി ബന്ധുക്കളോടെല്ലാം പറഞ്ഞത്. എന്നാൽ റോജോ ഇക്കാര്യം വിശ്വസിച്ചില്ല. റവന്യൂഅധികൃതർക്കും മറ്റും പരാതി നൽകിയതോടെ അന്വേഷണം നടത്തി സ്വത്തുക്കൾ ടോം തോമസിന്റെ പേരിലാക്കി തിരിച്ചെഴുതി. ഇതോടെ ജോളി സംശയത്തിന്റെ നിഴലിലായി . സമാനസ്വഭാവമുള്ള മരണങ്ങളാണ് കുടുംബത്തിലുണ്ടായതെന്ന് അറിഞ്ഞതോടെ സംഭവത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് റോജോ വിശ്വസിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. മരണസ്ഥലത്തെല്ലാം ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നതും സംശയം ബലപ്പെട്ടു. ഈ അന്വേഷണമാണ് കുറ്റസമ്മതത്തിലേക്ക് ജോളിയെ എത്തിച്ചത്. എന്നാൽ ഇതിൽ അഞ്ചും അസ്വാഭാവിക മരണമാണെന്ന് തെളിയിക്കാൻ പൊലീസിന്റെ കൈയിൽ തെളിവില്ല. കോടതിയിൽ ജോളി മൊഴിമാറ്റിയാൽ കൂടത്തായി കേസ് തന്നെ അപ്രസക്തമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP