Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യാക്കോബായ സഭയെ ഈ സർക്കാർ സഹായിക്കുന്നത് വോട്ട് മാത്രം ലക്ഷ്യമാക്കി; രണ്ട് കൊല്ലം കൂടിയേ അധികാരം ഉള്ളൂ എന്ന് മറക്കരുത്; എന്നും അടിമത്വത്തിൽ കഴിയാൻ മനസ്സില്ല; എൽഡിഎഫ് സർക്കാരിനെതിരെ ആഞ്ഞടിച്ച് ഓർത്തഡോക്‌സ് സഭാ പരമാധ്യക്ഷൻ; കാതോലിക്കാ ബാവയുടെ വികാര നിർഭരമായ പ്രസംഗം ഏറ്റുവാങ്ങി ആയിരങ്ങൾ; കോലഞ്ചേരി ഇന്നലെ കണ്ടത് ഓർത്തഡോക്‌സ് സഭയുടെ തിളക്കുന്ന രോഷത്തിന്റെ മിന്നൽ പ്രവാഹം

യാക്കോബായ സഭയെ ഈ സർക്കാർ സഹായിക്കുന്നത് വോട്ട് മാത്രം ലക്ഷ്യമാക്കി; രണ്ട് കൊല്ലം കൂടിയേ അധികാരം ഉള്ളൂ എന്ന് മറക്കരുത്; എന്നും അടിമത്വത്തിൽ കഴിയാൻ മനസ്സില്ല; എൽഡിഎഫ് സർക്കാരിനെതിരെ ആഞ്ഞടിച്ച് ഓർത്തഡോക്‌സ് സഭാ പരമാധ്യക്ഷൻ; കാതോലിക്കാ ബാവയുടെ വികാര നിർഭരമായ പ്രസംഗം ഏറ്റുവാങ്ങി ആയിരങ്ങൾ; കോലഞ്ചേരി ഇന്നലെ കണ്ടത് ഓർത്തഡോക്‌സ് സഭയുടെ തിളക്കുന്ന രോഷത്തിന്റെ മിന്നൽ പ്രവാഹം

മറുനാടൻ മലയാളി ബ്യൂറോ

കോലഞ്ചേരി: ഒടുവിൽ രോഷം അളികത്തുകയാണ് ഓർത്തഡോക്‌സ് വിശ്വാസികളിൽ. സഭാ തർക്കത്തിലെ സുപ്രീംകോടതി വിധി നടപ്പാക്കാൻ പിണറായി സർക്കാർ താൽപ്പര്യം കാണിക്കാത്തതാണ് ഇതിന് കാരണം. പരസ്യമായ നിലപാട് വിശദീകരണത്തിന് സഭയുടെ പരമാധ്യക്ഷൻ തന്നെ തയ്യാറായതും അതുകൊണ്ടാണ്. സഭാ പ്രശ്‌നത്തിൽ എൽഡിഎഫ് സർക്കാർ രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുകയാണെന്നു ഓർത്തഡോക്‌സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ആരോപിക്കുമ്പോൾ വാക്കുകളിൽ നിറയുന്നത് അമർഷമാണ്.

മലങ്കര ഓർത്തഡോക്‌സ് സഭ വടക്കൻ മേഖല പ്രതിഷേധ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സമ്മേളനത്തിന് ഒഴുകിയെത്തിയവരെല്ലാം പരമാധ്യക്ഷൻ വാക്കുകളെ ഉൾക്കൊണ്ടാണ് മടങ്ങിയത്. എൽഡിഎഫിനു രാഷ്ട്രീയ സാധ്യതകളൊന്നുമില്ലാത്ത ജില്ലയിൽ സർക്കാർ യാക്കോബായ സഭയെ സഹായിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യങ്ങൾ ആർക്കും മനസ്സിലാകും. അടിമത്തം ആസ്വദിക്കാൻ കഴിയില്ല. വിദേശികൾ വ്യാപാരത്തിനായി രാജ്യത്തു വന്ന് അധികാരം കൈക്കലാക്കിയവരാണ്. കേരളത്തിലെ സഭകൾ ഇനിയും വിദേശ അടിമത്തത്തിൽ തുടരണമെന്നാണോ സർക്കാർ ആഗ്രഹിക്കുന്നതെന്നു വ്യക്തമാക്കണം. 2 വർഷം കഴിയുമ്പോൾ സർക്കാർ മാറും. താൽക്കാലിക ലാഭം ലക്ഷ്യമിട്ടാണു എൽഡിഎഫിന്റെ പ്രവർത്തനം-പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ വിശദീകരിച്ചു.

യാക്കോബായ സഭയുടെ ആജ്ഞാനുവർത്തിയായി സർക്കാർ മാറിയെന്നും താത്കാലിക മുതലെടുപ്പിനാണ് സർക്കാർ ശ്രമമെന്നും ഓർത്തഡോക്‌സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ കുറ്റപ്പെടുത്തി. ദേവാലയങ്ങളും സെമിത്തേരികളും സഭാ വിശ്വാസികളുടേതാണ്. മലങ്കര സഭയുടെ സ്വാതന്ത്ര്യം ഒരു വിദേശ ശക്തിക്കും വിട്ടുനൽകില്ല. ദേവാലയങ്ങളുടെ ധനം ഏതാനും പേർക്ക് യാതൊരു നിയന്ത്രണവും കൂടാതെ കൈകാര്യം ചെയ്യുവാൻ ലക്ഷ്യമിട്ടാണ് ഈ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്. കേരളത്തിലെ ഇടതുപക്ഷ സർക്കാർ അതിന് കൂട്ടുനിൽക്കുന്നു. കോടതിയിൽ നിന്നും നീതി ലഭിച്ചിട്ടും സർക്കാർ അത് നിഷേധിക്കുന്നുവെന്നും കാതോലിക്കാ ബാവ പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടികളോടും അയിത്തമില്ലെന്നും തങ്ങളെ പരിഗണിക്കുന്നവരെ തങ്ങളും പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മൃതദേഹങ്ങൾ വച്ചു വിലപേശാൻ അവസരം ഒരുക്കുന്നതും സർക്കാരാണ്. ആക്രമണങ്ങൾക്കു സർക്കാരാണ് ഒത്താശ ചെയ്യുന്നത്. നീതി നടപ്പാക്കാൻ സർക്കാരിനു താൽപര്യമില്ല. നീതിയിലുറച്ചുള്ള പോരാട്ടം സഭ തുടരും. സഭയുടെ സങ്കടത്തിലും ദുഃഖത്തിലും എന്തും സഹിക്കാൻ തയാറാണെന്നും കാതോലിക്കാ ബാവാ പറഞ്ഞു. ആയിരക്കണക്കിന് സഭ വിശ്വാസികൾ പങ്കെടുത്ത പ്രതിഷേധ സംഗമത്തിൽ കാലടി സംസ്‌കൃത സർവ്വകലാശായിലെ മുൻ വൈസ് ചാൻസിലറും, മുൻ പിഎസ്‌സി അധ്യക്ഷനുമായ ഡോ. കെ.എസ്.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മറ്റ് വിഷയങ്ങളിൽ സുപ്രീം കോടതി വിധികൾ നടപ്പിലാക്കും എന്ന് അനുദിനം ആവർത്തിച്ചു പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി എന്താണ് ഈ പ്രശ്‌നത്തിൽ കോടതി വിധി നടപ്പിലാക്കുവാൻ യാതൊരു നടപടിയും സ്വീകരികാത്തതെന്ന് കെ.എസ്.രാധാകൃഷ്ണൻ ചോദിച്ചു. പരമോന്നത നീതി പീഠം ഓർത്തോഡോക്‌സ് സഭയ്ക്ക് നൽകിയ നീതി നിഷേധിക്കാൻ മുഖ്യമന്ത്രിക്കാവില്ല. സഭ വിഷയത്തിൽ മുഖ്യമന്ത്രി ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്നും കെ.എസ്.രാധാകൃഷ്ണൻ കുറ്റപ്പെടുത്തി.

ബിജെപിയുമായി അടുത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ് രാധാകൃഷ്ണൻ. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആലപ്പുഴയിലെ സ്ഥാനാർത്ഥിയും. കേരളത്തിലെ ക്രൈസ്തവ പാരമ്പര്യം ലോകത്തിനു മാതൃകയാണെന്നും അതൊരു വിദേശ ശക്തിക്കും അടിയറ വയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഡോ.മാത്യൂസ് മാർ സേവേറിയോസ് അധ്യക്ഷനായിരുന്നു. സുപ്രീം കോടതി വിധിക്കെതിരെ പ്രസ്താവനകൾ നടത്തുകയും പ്രതിഷേധ സമ്മേളനങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്ന ജനപ്രതിനിധികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത റാലിയും നടന്നു.

ഡോ.തോമസ് മാർ അത്തനാസിയോസ്, യൂഹാനോൻ മാർ പോളികാർപ്പോസ്, ഡോ.യൂഹാനോൻ മാർ മിലിത്തിയോസ്, ഡോ.യാക്കോബ് മാർ ഐറേനിയസ്, ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ.മാത്യൂസ് മാർ തിമോത്തിയോസ്, സഭാ സെക്രട്ടറി ബിജു ഉമ്മൻ, വീണ ജോർജ് എംഎൽഎ, ഫാ.എം.ഒ. ജോൺ, ഫാ.ഡോ. ജോൺസ് ഏബ്രഹാം കോനാട്ട്, ഫാ.സി.എം.കുര്യാക്കോസ്, ഫാ.വർഗീസ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP