Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പരമ്പരാഗത വോട്ട് ബാങ്കുകൾ എല്ലാം വിട്ട് പോകുന്നു; ലിബറൽ ഡെമോക്രാറ്റ്സും ലേബറും ബ്രെക്സിറ്റ് പാർട്ടിയും പ്രതിസന്ധിയിൽ; തൊഴിലാളി വർഗത്തിന്റെയും കുടിയേറ്റക്കാരുടെയും വരെ ഹീറോ ആയി ബോറിസ് ജോൺസന്റെ അസാധാരണ കുതിപ്പ്

പരമ്പരാഗത വോട്ട് ബാങ്കുകൾ എല്ലാം വിട്ട് പോകുന്നു; ലിബറൽ ഡെമോക്രാറ്റ്സും ലേബറും ബ്രെക്സിറ്റ് പാർട്ടിയും പ്രതിസന്ധിയിൽ; തൊഴിലാളി വർഗത്തിന്റെയും കുടിയേറ്റക്കാരുടെയും വരെ ഹീറോ ആയി ബോറിസ് ജോൺസന്റെ അസാധാരണ കുതിപ്പ്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: മറ്റെല്ലാ പാർട്ടികളിലെയും നേതാക്കന്മാരെയും പിന്നിലാക്കിക്കൊണ്ട് ടോറി നേതാവും പ്രധാനമന്ത്രിയുമായ ബോറിസ് ജോൺസൻ ജനപ്രിയതയുടെ കാര്യത്തിൽ മുന്നേറുന്നുവെന്ന് ഏറ്റവും പുതിയ സർവേഫലം വെളിപ്പെടുത്തുന്നു. ഈ ആഴ്ച പുറത്ത് വന്നിരിക്കുന്ന ഡാറ്റപോൾ സർവേഫലം അനുസരിച്ച് കഴിഞ്ഞ ആഴ്ചത്തെ 12 പോയിന്റ് ലീഡിൽ നിന്നും കൺസർവേറ്റീവുകളുടെ ലീഡ് 15 ആയാണ് വർധിച്ചിരിക്കുന്നത്. ഇത് പ്രകാരം ടോറികൾക്ക് 45 ശതമാനം പേരുടെ പിന്തുണയും ലേബറിന് 30 ശതമാനം പേരുടെ പിന്തുണയുമാണുള്ളത്. ലിബറൽ ഡെമോക്രാറ്റുകൾക്ക് 11 ശതമാനം പേരുടെയും ബ്രെക്സിറ്റ് പാർട്ടിക്ക് ആറ് ശതമാനം പേരുടെയും പിന്തുണയാണ് നേടാൻ സാധിക്കുന്നത്.

പരമ്പരാഗത വോട്ടുകൾ എല്ലാം വിട്ട് പോകുന്നത് ലിബറൽ ഡെമോക്രാറ്റുകളെയും ലേബറിനെയും ബ്രെക്സിറ്റ് പാർട്ടിയെയും കടുത്ത പ്രതിസന്ധിയാക്കിയിരിക്കുകയാണ്. ഇതിനിടെ തൊഴിലാളി വർഗത്തിന്റെയും കുടിയേറ്റക്കാരുടെയും വരെ ഹീറോ ആയി ബോറിസ് ജോൺസന്റെ അസാധാരണ കുതിപ്പ് തുടരുകയുമാണ്.ടോറികളുടെ ചില നയങ്ങൾ താഴെത്തട്ടിലുള്ള ലിബറൽ ഡമോക്രാറ്റ് അനുയായികളെ പോലും ആകർഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ബ്രെക്സിറ്റിനെ തീർത്തും അനുകൂലിക്കുന്ന സുതാര്യമായ ബോറിസിന്റെ നിലപാട് കാരണം യുകെ യൂണിയനിൽ നിന്ന് വിട്ട് പോകുന്നതിനെ പിന്തുണയ്ക്കുന്ന ഏരിയകളിൽ നിന്നുമുള്ള ബോറിസിന്റെ പിന്തുണ വർധിപ്പിച്ചിട്ടുണ്ട്.

ഇതിനെ തുടർന്ന് ലേബറിന് പ്രാമുഖ്യമുള്ള നോർത്തേൺ വർക്കിങ് ക്ലാസ് ഏരിയകളിൽ നിന്നുള്ള നിരവധി ലേബർ സീറ്റുകൾ ബോറിസ് പിടിച്ചെടുക്കുമെന്ന പ്രവചനവും ശക്തമാണ്. ഏറ്റവും പുതിയ സർവേ അനുസരിച്ച് വോട്ടിങ് പാറ്റേണിൽ വിവിധ ഏരികളിൽ വ്യത്യാസങ്ങളേറെയുണ്ടെങ്കിലും അടുത്ത തെരഞ്ഞെടുപ്പിൽ ബോറിസിന് 108 സീറ്റുകളുടെ ഭൂരിപക്ഷമുണ്ടാകുമെന്നാണ് പ്രവചനം. ബ്രെക്സിറ്റിന് ശേഷം നടപ്പിലാക്കുന്ന കുടിയേറ്റ നയത്തിന്റെ കാര്യത്തിൽ ടോറികൾ വ്യക്തമായ നിലപാട് പുലർത്തുന്നതും അവരുടെ ജനകീയത വർധിക്കുന്നത് മറ്റൊരു കാരണമായി വർത്തിച്ചിട്ടുണ്ട്.

പുതിയ ടോറി ഗവൺമെന്റിന്റെ കാലത്ത് കുടിയേറ്റം കുറയുമെന്നാണ് പുതിയ പോളിൽ 40 ശതമാനം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്. കുടിയേറ്റം കൂടുമെന്ന് പറഞ്ഞിരിക്കുന്നത് വെറും 13 ശതമാനം പേർ മാത്രമാണ്. എന്നാൽ പുതിയ ലേബർ സർക്കാരിന്റെ കാലത്ത് കുടിയേറ്റം വർധിക്കുമെന്നാണ് 40 ശതമാനം പേർ അഭിപ്രായപ്പെട്ടിരിക്കുന്നത്. ലേബർ സർക്കാരിന്റെ കാലത്ത് കുടിയേറ്റം കുറയുമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത് വെറും 15 ശതമാനം പേർ മാത്രമാണ്. നിജെൽ ഫെരാജിന്റെ ബ്രെക്സിറ്റ് പാർട്ടിയിലെ നിരവധി സ്ഥാനാർത്ഥികൾ ടോറികളോട് ഏറ്റ് മുട്ടി വോട്ട് വിഘടിച്ച് പോകുമെന്ന ഭയത്താൽ മത്സര രംഗത്ത് നിന്ന് പിന്മാറിയിട്ടുണ്ട്.ഫെരാജിന്റെ രാഷ്ട്രീയ ജീവിതത്തിന് അന്ത്യമായെന്നാണ് പോളിൽ പങ്കെടുത്തിരിക്കുന്ന മിക്ക വോട്ടർമാരും അഭിപ്രായപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ മൂന്നാഴ്ചക്കിടെ നെറ്റ് അപ്രൂവൽ റേറ്റിംഗിന്റെ കാര്യത്തിലും ബോറിസ് , കോർബിനെ കടത്തി വെട്ടിയിട്ടുണ്ട്. ഇത് പ്രകാരം ബോറിസിന്റെ റേറ്റിങ് ആദ്യം പ്ലസ് രണ്ടായിരുന്നു. അത് പിന്നീട് മൈനസ് അഞ്ചായി ഇടിഞ്ഞിരുന്നുവെങ്കിലും പിന്നീട് പ്ലസ് നാലായി ഉയർന്നിട്ടുണ്ട്. കോർബിന്റെ റേറ്റിങ് മൈനസ് 43ൽ നിന്നും മൈനസ് 48 ആയി താഴുകയും പിന്നീട് വീണ്ടും മൈനസ് 43 ആയി വർധിച്ചിട്ടുണ്ട്.അപ്പർ/ മിഡിൽ ക്ലാസുകാരിൽ 45 ശതമാനം പേരും ടോറികൾക്കാണ് വോട്ട് ചെയ്യുകയെന്ന് പുതിയ പോൾഫലം വെളിപ്പെടുത്തുന്നു. അവരിൽ 32 ശതമാനം പേർ ലേബറിനും 10 ശതമാനം പേർ ലിബറൽ ഡെമോക്രാറ്റുകൾക്കുമാണ് വോട്ട് ചെയ്യുക. എന്നാൽ ഈ വിഭാഗത്തിൽ പെടുന്ന വെറും അഞ്ച് ശതമാനം പേർ മാത്രമാണ് ബ്രെക്സിറ്റ് പാർട്ടിക്ക് വോട്ട് ചെയ്യുകയെന്നും വ്യക്തമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP