Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമല വിധിയിൽ അവ്യക്തതയെന്ന് സിപിഎം പോളിറ്റ് ബ്യൂറോയും; നിയമോപദേശം തേടണമെന്നും യുവതീപ്രവേശനത്തിൽ പാർട്ടിയുടെ നിലപാടിൽ മാറ്റമില്ലെന്നും പിബി; ലിംഗസമത്വം ഉയർത്തിപ്പിടിക്കുന്ന നിലപാടുമായി മുന്നോട്ടുപോകുമെന്നു ഉറപ്പ്; സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിലപാട് അംഗീകരിച്ച് പാർട്ടി കേന്ദ്ര നേതൃത്വവും

ശബരിമല വിധിയിൽ അവ്യക്തതയെന്ന് സിപിഎം പോളിറ്റ് ബ്യൂറോയും; നിയമോപദേശം തേടണമെന്നും യുവതീപ്രവേശനത്തിൽ പാർട്ടിയുടെ നിലപാടിൽ മാറ്റമില്ലെന്നും പിബി; ലിംഗസമത്വം ഉയർത്തിപ്പിടിക്കുന്ന നിലപാടുമായി മുന്നോട്ടുപോകുമെന്നു ഉറപ്പ്; സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിലപാട് അംഗീകരിച്ച് പാർട്ടി കേന്ദ്ര നേതൃത്വവും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിധിയിൽ അവ്യക്തത ഉണ്ടെന്ന സംസ്ഥാന സർക്കാറിന്റെ നിലപാട് ആവർത്തിച്ച് സിപിഎം പോളിറ്റ് ബ്യൂറോ. സർക്കാർ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും പിബി ആവശ്യപ്പെട്ടു. അതിനായി നിയമോപദേശം തേടണമെന്നും പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി. നേരത്തെ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിൽ ആശയക്കുഴപ്പമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും നിലപാട് വ്യക്തമാക്കിയിരുന്നു. ശബരിമല യുവതീപ്രവേശനത്തിൽ പാർട്ടിയുടെ നിലപാടിൽ മാറ്റമില്ല. ലിംഗസമത്വം ഉയർത്തിപ്പിടിക്കുന്ന നിലപാടുമായി മുന്നോട്ടുപോകും. സംസ്ഥാന സർക്കാരിന് മറിച്ചൊരു നിലപാടില്ലെന്നും പൊളിറ്റ് ബ്യൂറോ യോഗം വിലയിരുത്തി.

നേരത്തെ ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിൽ സർക്കാർ വ്യക്തത വരുത്തി വിധി നടപ്പാക്കണമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടത്. റിവ്യൂ ഹർജികളിലെ വിധിയിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും പാർട്ടി വാർത്താക്കുറിപ്പിൽ അറിയിച്ചു. ശബരിമല കേസിലെ റിവ്യു, റിട്ട് ഹർജികളിന്മേൽ സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുത്തുവെന്നമട്ടിൽ ചില മാധ്യമ വാർത്തകളിൽ വന്നതിൽ പലതും ഭാവന മാത്രമാണെന്നും സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.

സ്ത്രീപുരുഷ സമത്വം എല്ലാ രംഗത്തുമുണ്ടാകണമെന്നതാണ് പാർട്ടി നിലപാട്. എന്നാൽ, അതത് കാലത്തെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും കോടതിവിധികളുടെയും അടിസ്ഥാനത്തിലാണ് സർക്കാരുകൾ പ്രവർത്തിക്കേണ്ടത്. 1991ലെ കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് 2018 സെപ്റ്റംബർ 28 വരെ ശബരിമല സ്ത്രീപ്രവേശന കാര്യത്തിൽ എൽഡിഎഫ് സർക്കാരുകൾ പ്രവർത്തിച്ചത്. സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി വന്നതിന് ശേഷം അത് നടപ്പിലാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വത്തവും നിർവ്വഹിച്ചു.

ഇപ്പോഴത്തെ സുപ്രീംകോടതി വിധിയും നടപ്പിലാക്കലാണ് സർക്കാരിന്റെ ഉത്തരവാദിത്തം. എന്നാൽ ഈ വിധി വലിയ ആശയക്കുഴപ്പമുള്ളതാണെന്ന പൊതു അഭിപ്രായം നിയമവൃത്തങ്ങളിൽ ഉൾപ്പെടെയുണ്ട്. അതുകൊണ്ട് ആശയ വ്യക്തത വരുത്തി എന്താണോ സുപ്രീംകോടതിയുടെ ഭൂരിപക്ഷവിധി നിഷ്‌കർഷിക്കുന്നത് അത് നടപ്പിലാക്കുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് സംസ്ഥാന സർക്കാർ നിർവ്വഹിക്കേണ്ടത്. ഇക്കാര്യം മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. അത് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരെ നിരാശരാക്കിയിട്ടുണ്ടെന്നാണ് വാർത്തകളിൽ പ്രതിഫലിക്കുന്നതെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP