Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഹാരാഷ്ട്രയിൽ വീണ്ടും അവസാന നിമിഷം ട്വിസ്റ്റ്! മഹാരാഷ്ട്രയിൽ കോൺഗ്രസ്-എൻസിപി-ശിവസേന നേതാക്കൾ ഒരുമിച്ച് ഗവർണറ കാണാനുള്ള നീക്കം റദ്ദാക്കി; സഖ്യത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടക്കാത്തതിനാൽ പിന്മാറ്റമെന്ന് സൂചന; നിർണായക തീരുമാനങ്ങൾ എടുക്കാൻ സോണിയാ ഗാന്ധി നാളെ ശരദ് പവാറുമായി കൂടിക്കാഴ്‌ച്ച നടത്തും; പൊതുമിനിമം പരിപാടിക്ക് അന്തിമരൂപം കൊടുക്കണം എന്ന നിർബന്ധത്തിൽ കോൺഗ്രസ്; സഖ്യനീക്കം അട്ടിമറിക്കാൻ കുതിരക്കച്ചവട തന്ത്രവുമായി ബിജെപി എത്തുമെന്ന ആശങ്കയിൽ ശിവസേന

മഹാരാഷ്ട്രയിൽ വീണ്ടും അവസാന നിമിഷം ട്വിസ്റ്റ്! മഹാരാഷ്ട്രയിൽ കോൺഗ്രസ്-എൻസിപി-ശിവസേന നേതാക്കൾ ഒരുമിച്ച് ഗവർണറ കാണാനുള്ള നീക്കം റദ്ദാക്കി; സഖ്യത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടക്കാത്തതിനാൽ പിന്മാറ്റമെന്ന് സൂചന; നിർണായക തീരുമാനങ്ങൾ എടുക്കാൻ സോണിയാ ഗാന്ധി നാളെ ശരദ് പവാറുമായി കൂടിക്കാഴ്‌ച്ച നടത്തും; പൊതുമിനിമം പരിപാടിക്ക് അന്തിമരൂപം കൊടുക്കണം എന്ന നിർബന്ധത്തിൽ കോൺഗ്രസ്; സഖ്യനീക്കം അട്ടിമറിക്കാൻ കുതിരക്കച്ചവട തന്ത്രവുമായി ബിജെപി എത്തുമെന്ന ആശങ്കയിൽ ശിവസേന

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ സസ്‌പെൻസ് തുടരുന്നു. കോൺഗ്രസ്-എൻസിപി-ശിവസേന നേതാക്കൾ ഒരുമിച്ച് ഗവർണറ കാണാനുള്ള നീക്കം അവസാന നിമിഷം റദ്ദാക്കിയതോടെ ഇവിടെ രാഷ്ട്രീയ പിരിമുറുക്കം മുറുകി. സഖ്യവുമായി മുന്നോട്ട് പോവുന്ന കാര്യം ഗവർണറെ അറിയിക്കാനായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയാണ് ഉപേക്ഷിച്ചത്. ഔദ്യോഗിക പ്രഖ്യാപനം നടക്കാത്തതിനാൽ ഉടൻ നീക്കം വേണ്ടെന്നാണ് തീരുമാനം. നാളെ സോണിയാ ഗാന്ധിയും ശരദ് പവാറും തമ്മിൽ കൂടിക്കാഴ്‌ച്ച നടത്തിയ ശേഷമാകും സഖ്യം വീണ്ടും ഗവർണറെ കാണുക. അതേസമയം അണിയറയിൽ സഖ്യത്തെ തകർക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് ഫഡ്‌നാവിസും ബിജെപിയും.

മഹാരാഷ്ട്രയിൽ സഖ്യം രൂപീകരിച്ചിട്ടില്ലെന്നാണ് മൂന്ന് പാർട്ടികളുടെയും ഔദ്യോഗിക നിലപാട്. സേനയുമായി സഹകരിക്കണോ എന്ന കാര്യത്തിൽ എൻസിപിയുമായി ഇനിയും ചർച്ചകൾ വേണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് പറയുന്നു. എന്നാൽ സഖ്യം രൂപീകരിക്കനുള്ള പൊതുമിനിമം പരിപാടിയുടെ കരട് മൂന്ന് പാർട്ടിയുടേയും സംസ്ഥാനനേതാക്കൾ ഒരുമിച്ചിരുന്ന് തയാറാക്കി. ഇതിന് പിന്നാലെയാണ് സഖ്യകക്ഷികളെപോലെ ഗവർണറെ കാണാനും തീരുമാനിച്ചത്. എന്നാൽ പൊതുമിനിമം പരിപാടിക്ക് അന്തിമരൂപം കൊടുക്കുന്നതടക്കം നിർണായക തീരുമാനങ്ങളെടുക്കാൻ സോണിയാ ഗാന്ധിയും പവാറും നാളെ ചർച്ച നടത്താനിരിക്കുകയാണ്. അതിന് മുൻപ് സഖ്യമായെന്ന് വ്യാഖ്യാനിക്കാവുന്ന നീക്കം വേണ്ടെന്ന് കോൺഗ്രസ് നിലപാടെടുത്തതാണ് കൂടിക്കാഴ്ച ഉപേക്ഷിക്കാൻ കാരണമെന്ന് അറിയുന്നു. കൂടിക്കാഴ്ച ഉപേക്ഷിച്ചതല്ലെന്നും മാറ്റിവച്ചതാണെന്നാണ് മൂന്ന് പാർട്ടികളുടേയും നേതാക്കൾ പറയുന്നത്.

മഹാരാഷ്ട്രയിൽ രാഷ്ട്രപതിഭരണം പ്രാബല്യത്തിൽ വന്നതിന് പിന്നാലെയും തിരക്കിട്ട സർക്കാർ രൂപവത്കരണ ശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ് ശിവസേനയും എൻസിപിയും കോൺഗ്രസും. സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്നതിന് പകരം കോൺഗ്രസ് സർക്കാരിന്റെ ഭാഗമാകുകതന്നെ വേണമെന്നാണ് എൻസിപി ആഗ്രഹിക്കുന്നതെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. അങ്ങനെയെങ്കിൽ സർക്കാരിന്റെ സ്ഥിരത ഉറപ്പാകുമെന്നും എൻസിപി പ്രതീക്ഷിക്കുന്നു.

അതിനിടെ മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിന്റെ തണലിൽ ബിജെപി രാഷ്ട്രീയ കുതിരക്കച്ചവടം നടത്തി അധികാരത്തിൽ തിരിച്ചുവരാനുള്ള ശ്രമമാണ് നടത്തുന്നതെന്ന ആരോപണവുമായി ശിവസേന രംഗത്തെത്തി. പാർട്ടി മുഖപ്പത്രമായ സാമനയിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് മുൻ സഖ്യകക്ഷിക്കെതിരെ ശിവസേന കടുത്ത വിമർശനമുന്നയിച്ചത്. ബിജെപിക്ക് 119 എംഎ‍ൽഎമാരുടെ പിന്തുണയുണ്ടെന്ന അവകാശവാദത്തെ തള്ളിയാണ് ലേഖനം.

ഇപ്പോൾ ബിജെപി അധികാരത്തിൽ വരും എന്ന് പറയുന്നവർ നേരത്തെ ഗവർണറെ കണ്ട് തങ്ങൾക്ക് ഭൂരിപക്ഷമില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. ഈ ആഴ്ച ആദ്യം ബിജെപിയെ ഗവർണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചപ്പോൾ തങ്ങൾക്ക് അതിനുള്ള ഭൂരിപക്ഷമില്ലെന്ന് ബിജെപി നേതാക്കൾ പറഞ്ഞിരുന്നു രാഷ്ട്രപതി ഭരണത്തിന്റെ തണലിൽ എങ്ങനെയാണ് ബിജെപിക്ക് മുൻപ് ഇല്ലാതിരുന്ന ഭൂരിപക്ഷം ഉണ്ടായതെന്നും മുഖപ്രസംഗത്തിൽ ചോദിക്കുന്നു.

സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തെ ക്രിക്കറ്റ് കളിയോട് ഉപമിച്ച കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയെയും മുഖപ്രസംഗത്തിൽ ശിവസേന പരിഹസിക്കുന്നു. ക്രിക്കറ്റിലും രാഷ്രീയത്തിലും എന്തും സംഭവിക്കാമെന്നും ചിലപ്പോൾ നമ്മൾ കരുതുന്നതിലും അപ്പുറത്താകും ഫലമെന്നുമുള്ള ഗഡ്കരിയുടെ പരാമർശത്തിനും ലേഖനം വെറുതെ വിടുന്നില്ല. ഈ കളിയിൽ ബിജെപി ഒത്തുകളിച്ച് വിജയിക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു മറുപടി.

ഒക്ടോബർ 21ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും സഖ്യമായാണ് മത്സരിച്ചത്. 105 ഉം 56 ഉം സീറ്റുകൾവീതം വിജയിച്ച ഇരുപാർട്ടികളും 288 അംഗ നിയമസഭയിൽ സർക്കാർ രൂപവത്കരിക്കുന്നതിനുള്ള ഭൂരിപക്ഷം നേടുകയും ചെയ്തു. എന്നാൽ മുഖ്യമന്ത്രിപദം രണ്ടര വർഷംവീതം പങ്കുവെക്കണമെന്ന ആവശ്യത്തിൽ ശിവസേന ഉറച്ചുനിന്നതോടെ സർക്കാർ രൂപവത്കരിക്കാൻ ബിജെപി - ശിവസേന സഖ്യത്തിന് കഴിയാതെവന്നു. ഇതോടെയാണ് ശിവസേനയും എൻസിപിയും കോൺഗ്രസും ചേർന്ന് സർക്കാർ രൂപവത്കരിക്കുന്നതിനുള്ള നീക്കങ്ങൾ തുടങ്ങിയത്. ശിവസേനയ്ക്ക് 56 അംഗങ്ങളും എൻസിപിക്ക് 54 അംഗങ്ങളുമാണുള്ളത്. കോൺഗ്രസിന് 44 അംഗങ്ങളാണുള്ളത്. ആദ്യ മൂന്ന് കക്ഷികളെയും ഗവർണർ സർക്കാർ രൂപീകരിക്കാനായി ക്ഷണിച്ചിരുന്നെങ്കിലും ആർക്കും ഭൂരിപക്ഷം തെളിയിക്കാനാവാത്തതിനാൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP