Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എത്രയാ റാങ്ക്? ഒന്ന് എന്ന് പറഞ്ഞപ്പോൾ പരിഹാസചിരിയോടെ അയാൾ പിറുപിറുത്തത് 'ഇത്രേം പ്രായം വരെ പഠിക്കുന്നതുങ്ങൾ തന്നെ ഇവറ്റകളുടെ ഇടയിൽ കുറവാ.. പിന്നെയാ ഒന്നാം റാങ്ക്..'; പുറകിൽ നിന്നും നൂറാം റാങ്കിൽ എണ്ണാൻ തുടങ്ങി അയാൾ പറഞ്ഞു 'തന്റെ പേര് ഇതിലെങ്ങുമില്ല' എന്ന്; 'ഒന്നാമത്തെ റാങ്ക് ആണ് ഞാൻ.. ഈ കോളേജിലെ ഒന്നാമത്തെ റാങ്ക്'; എന്റെ ശബ്ദത്തിലെ ദൃഢത അയാളെക്കൊണ്ട് പുസ്തകം തുറപ്പിച്ചു; സവർണ്ണ ഹിന്ദു മാനേജ്‌മെന്റ് കോളേജിൽ അഡ്‌മിഷന് പോയപ്പോൾ ഉണ്ടായ ദുരനുഭവം വിവരിച്ച് മുസ്ലിം പെൺകുട്ടി

എത്രയാ റാങ്ക്? ഒന്ന് എന്ന് പറഞ്ഞപ്പോൾ പരിഹാസചിരിയോടെ അയാൾ പിറുപിറുത്തത് 'ഇത്രേം പ്രായം വരെ പഠിക്കുന്നതുങ്ങൾ തന്നെ ഇവറ്റകളുടെ ഇടയിൽ കുറവാ.. പിന്നെയാ ഒന്നാം റാങ്ക്..'; പുറകിൽ നിന്നും നൂറാം റാങ്കിൽ എണ്ണാൻ തുടങ്ങി അയാൾ പറഞ്ഞു 'തന്റെ പേര് ഇതിലെങ്ങുമില്ല' എന്ന്; 'ഒന്നാമത്തെ റാങ്ക് ആണ് ഞാൻ.. ഈ കോളേജിലെ ഒന്നാമത്തെ റാങ്ക്'; എന്റെ ശബ്ദത്തിലെ ദൃഢത അയാളെക്കൊണ്ട് പുസ്തകം തുറപ്പിച്ചു; സവർണ്ണ ഹിന്ദു മാനേജ്‌മെന്റ് കോളേജിൽ അഡ്‌മിഷന് പോയപ്പോൾ ഉണ്ടായ ദുരനുഭവം വിവരിച്ച് മുസ്ലിം പെൺകുട്ടി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മദ്രാസ് ഐഐടിയിൽ ഫാത്തിമ ലത്തീഫ് എന്ന പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം വിദ്യാർത്ഥി സമൂഹത്തിൽ മുഴുവൻ ഇരമ്പുന്നുണ്ട്. സംഭവത്തിൽ വിദ്യാർത്ഥിനി നേരിടേണ്ടി വന്ന ജാതി വിവേചനാണ് പ്രശ്‌നമെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തുവന്നു. ക്രൈംബ്രാഞ്ച് അന്വേഷണവും ഈ വിഷയത്തിൽ നടക്കുന്നുണ്ട്. ഇതിനിടെ ജാതീയമായ വിവേചനം പല കോളേജുകളിൽ നിന്നും നേരിടേണ്ടി വന്ന അനുഭവം തുറന്നു പറഞ്ഞ് നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ രംഗത്തുണ്ട്. അത്തരത്തിൽ ഒരനുഭവം ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചിരിക്കയാണ് പാലക്കാട് സ്വദേശിനിയായ ഹർഷ മുഹമ്മദ് എന്ന പെൺകുട്ടി.

ഒരു സവർണ ഹിന്ദു മാനേജ്‌മെന്റ് കോളേജിൽ അഡ്‌മിഷന് പോയപ്പോൾ ഉണ്ടായ അനുഭവം എന്ന നിലയിലാണ് ഹർഷ മുഹമ്മദ് തന്റെ അനുഭവം ഫേസ്‌ബുക്കിൽ പങ്കുവെച്ചത്. ഡിഗ്രിക്ക് മികച്ച മാർക്കുള്ളതു കൊണ്ട് ഒന്നാം അലോട്ട്‌മെന്റിൽ ഒന്നാം റാങ്കോടു കൂടി അഡ്‌മിഷൻ ലഭിച്ച കോളേജിലേക്ക് ജോയിൻ ചെയ്യാൻ പോയപ്പോഴുണ്ടായ ദുരനുഭവമാണ് ഹർഷ പങ്കുവെച്ചത്. സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുമായി ബന്ധപ്പെട്ടു ഓഫീസിൽ തട്ടമിട്ട് എത്തിയപ്പോൾ ഒന്നാം റാങ്കാണെന്ന് പറഞ്ഞിട്ടും അതല്ലാതെ പേജു മറിച്ചു നോക്കിയ ഉദ്യോഗസ്ഥനെ കുറിച്ചാണ് ഹർഷ മുഹമ്മദ് എഴുതിയത്.

പിന്നിലെ പേജുകൾ മറിച്ച് നൂറ് സ്ഥാനം തിരിക്കിയ ഉദ്യോഗസ്ഥനെതിരെ പൊട്ടിത്തെറിച്ച അനുഭവമാണ് ഹർഷക്കുണ്ടായത്. ' ഇത്രേം പ്രായം വരെ പടിക്കുന്നതുങ്ങൾ തന്നെ ഇവറ്റകളുടെ ഇടയിൽ കുറവാ.. പിന്നെയാ ഒന്നാം റാങ്ക്..' എന്നു പറഞ്ഞുള്ള പരിഹാസമായിരുന്നു ഹർഷക്ക് കേൾക്കേണ്ടി വന്നത്. ഇതോടെ അലോട്ട്‌മെന്റ് പൂർത്തിയാക്കാതെ മടങ്ങിയെന്നു ഹർഷ ഫേസ്‌ബുക്കിൽ കുറിക്കുന്നു.

ഹർഷ മുഹമ്മദിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ: 

പറയേണ്ടെന്ന് പലരും വിലക്കിയതാണ്.. ഭയന്നിട്ടാണ്; വേറൊന്നുമല്ല..
പക്ഷേ ഇനിയും പറയാതെ വയ്യ. ഇപ്പൊ പറഞ്ഞില്ലെങ്കിൽ പിന്നെയിനിയെപ്പോഴാണ്..

ഈ വർഷമാണ് വീട്ടുകാരുടെയും നശിച്ച ഈ സമൂഹത്തിന്റെയും നിര്ബന്ധബുദ്ധിക്ക് വഴങ്ങി ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം ഒരു പ്രൊഫഷണൽ കോഴ്സിന് അപേക്ഷിക്കുന്നത്..
'കാർന്നോമ്മാരായിട്ട് കോലം ഉള്ളോണ്ട് 'ഡിഗ്രിക്ക് നല്ല മാർക്ക് ഉണ്ടായിരുന്നു. ഫസ്റ്റ് അലോട്‌മെന്റിൽ ഒന്നാം റാങ്കോടു കൂടി അഡ്‌മിഷൻ ലഭിച്ച ആ കോളേജിലേക്ക് ജോയിൻ ചെയ്യാൻ പോയ ദിവസം മുതൽ അനുഭവിക്കുന്ന സവർണ്ണ ഹിന്ദു മാനേജ്‌മെന്റ് മേധാവിത്തം അറപ്പുണ്ടാക്കുന്നതായിരുന്നു..

ഞാനടക്കം വിരലിലെണ്ണാവുന്ന മുസ്ലിം വിദ്യാർത്ഥികളെ അവിടെയുണ്ടായിരുന്നുള്ളു.. ഞങ്ങളനുഭവിച്ച വിവേചനം പ്രകടവുമായിരുന്നില്ല.. ക്ലാസ്സെടുക്കുന്നത്, നല്ല സ്ത്രീ സ്റ്റീരിയോടൈപ്പ് ഉണ്ടാക്കുന്നത്, പരിപാടികൾ സംഘടിപ്പിക്കുന്നത്, എന്തിന് എല്ലാ ദിവസവും രാവിലെ മുടങ്ങാതെയുള്ള ഗുരുവന്ദനവും മാങ്ങാത്തൊലിയും തുടങ്ങി കോളേജ് മുഴുവൻ സവർണ്ണഹിന്ദു സംസ്‌ക്കാരമനുസരിച്ചായിരുന്നു.. Institution ന്റെ പേര് വെളിപ്പെടുത്താൻ ധൈര്യമില്ലേയെന്ന് ചോദിക്കുന്നവരോട്, എന്റെ കൈയിൽ നിങ്ങളുടെ മുന്നിൽ നിരത്താനുള്ള തെളിവുകളില്ല.. ഞാൻ അനുഭവിച്ച അപമാനവും വേദനയും മാത്രമേയുള്ളു...

അവിടെ നേരിട്ട insulting ൽ നെറികെട്ടതായി തോന്നിയ ഒന്നുണ്ട്.. സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുമായി ബന്ധപ്പെട്ടു ഓഫീസിലെത്തിയ തട്ടമിട്ട എന്നെ ഒന്നിരുത്തി നോക്കിക്കൊണ്ട് അയാൾ ചോദിച്ചു.
' എത്രയാ റാങ്ക്? '
ഞാൻ പറഞ്ഞു: 'ഒന്ന് '
'ഒന്നോ? ' അടിമുടിയെന്നെ പരിഹാസചിരിയോടെ നോക്കിക്കൊണ്ട് അയാൾ പിറുപിറുത്തത് ഇപ്പോഴുമെനിക്ക് കാതിൽ ചൊറിയുന്നുണ്ട്..
' ഇത്രേം പ്രായം വരെ പടിക്കുന്നതുങ്ങൾ തന്നെ ഇവറ്റകളുടെ ഇടയിൽ കുറവാ.. പിന്നെയാ ഒന്നാം റാങ്ക്.. '

എന്റെ കണ്ണ് തുറിച്ചു.. കാലടി വിറച്ചു..

അയാൾ പുറകിൽ നിന്ന്, അതായത് നൂറാം റാങ്കിൽ നിന്ന് നോക്കി തുടങ്ങി.. ഞാൻ അനങ്ങാതെ അതു നോക്കിയിരുന്നു.. ആദ്യത്തെ പേജ് ഒന്നു നോക്കുക പോലും ചെയ്യാതെ അയാൾ ബുക്ക് അടച്ചു വെച്ചു കൊണ്ട് പറഞ്ഞു, ചിരിച്ചുകൊണ്ട്..
' തന്റെ പേര് ഇതിലെങ്ങുമില്ല..'
അപമാനം കൊണ്ട് പ്രാന്ത് വന്ന ഞാൻ പറഞ്ഞു..
' ഒന്നാമത്തെ റാങ്ക് ആണ് ഞാൻ.. ഈ കോളേജിലെ ഒന്നാമത്തെ റാങ്ക്'..
എന്റെ ശബ്ദത്തിലെ ദൃഢത അയാളെക്കൊണ്ട് പുസ്തകം തുറപ്പിച്ചു..
അടിയിൽനിന്ന് എണ്ണിത്തുടങ്ങി അയാൾ ഒന്നാം നമ്പറിൽ വിരൽ മുട്ടിച്ചു കൊണ്ട് ജാള്യതയോടെ എന്നെ നോക്കി..
വെരിഫിക്കേഷന് നിൽക്കാതെ, വിറക്കുന്ന ദേഹവുമായി ഞാൻ പടികൾ ഓടിയിറങ്ങി..

അവിടുത്തെ മികച്ച വിദ്യാർത്ഥി ആയിരുന്നിട്ടു കൂടി ആ കോഴ്‌സ് അവസാനിപ്പിക്കുമ്പോൾ പക്ഷേ, തോറ്റു പോയിട്ടാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല... ഇതിനിടയിൽ 'ഇത്തരം കാര്യങ്ങൾക്കൊക്കെ പഠിത്തം നിർത്തണോ?, കാര്യങ്ങൾ പോസിറ്റീവ് ആയി കണ്ടൂടെ?, ധൈര്യം വേണ്ടേ?, ജീവിതത്തോടുള്ള perspective മാറ്റണം, ' എന്നെല്ലാം പറഞ്ഞു കേറി വരുന്ന ആൾക്കാരുണ്ട്.. എന്റെ പടച്ചോനെ.. എന്തൊരു ദുരന്തമാണ്.. കേൾക്കുമ്പോഴുണ്ടല്ലോ, അടീന്നങ്ങു കേറും..

ഈ positivity പുഴുങ്ങി നെല്ലാക്കാൻ പറ്റിയിരുന്നെങ്കിൽ കുറേപ്പേരുടെ വിശപ്പെങ്കിലും മാറ്റായിരുന്നു..

Fathima, I know you..
You're me..and I'm you..

My name is Harsha. M
And M stands for Mohammad Iqbal..

Thank you

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP