Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൂർണമായും ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കുക എന്നത് മാത്രമാണ് പൊലീസിന്റെ കടമ; തീർത്ഥാടകരെ സ്വാമി എന്ന് തന്നെ വിളിക്കണമെന്നും പൊലീസിന് കർശന നിർദ്ദേശം നൽകി രാഹുൽ ആർ നായർ; സന്നിധാനത്തെ സുരക്ഷാ ചുമതലയുള്ള എസ് പി നൽകുന്നത് ഇത്തവണത്തേത് വിലക്കും നിയന്ത്രണവും ഇല്ലാത്ത തീർത്ഥാടനമെന്ന സൂചന; വലിയ നടപ്പന്തലിലും വാവര് നടയ്ക്ക് മുന്നിലും തീർത്ഥാടകർക്ക് വിരിവെക്കാം; ശരണം വിളിക്കാൻ വിലക്കുമില്ല; ശബരീശ സന്നിധിയിലേക്ക് ഒഴുകി അയ്യപ്പ ഭക്തന്മാരും

പൂർണമായും ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കുക എന്നത് മാത്രമാണ് പൊലീസിന്റെ കടമ; തീർത്ഥാടകരെ സ്വാമി എന്ന് തന്നെ വിളിക്കണമെന്നും പൊലീസിന് കർശന നിർദ്ദേശം നൽകി രാഹുൽ ആർ നായർ; സന്നിധാനത്തെ സുരക്ഷാ ചുമതലയുള്ള എസ് പി നൽകുന്നത് ഇത്തവണത്തേത് വിലക്കും നിയന്ത്രണവും ഇല്ലാത്ത തീർത്ഥാടനമെന്ന സൂചന; വലിയ നടപ്പന്തലിലും വാവര് നടയ്ക്ക് മുന്നിലും തീർത്ഥാടകർക്ക് വിരിവെക്കാം; ശരണം വിളിക്കാൻ വിലക്കുമില്ല; ശബരീശ സന്നിധിയിലേക്ക് ഒഴുകി അയ്യപ്പ ഭക്തന്മാരും

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം: വലിയ നടപ്പന്തലിലും വാവര് നടയ്ക്ക് മുന്നിലും ഇത്തവണ തീർത്ഥാടകർക്ക് വിരിവെക്കാം. സന്നിധാനത്തും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞയുമില്ല. ശരണം വിളിച്ചാൽ കേസെടുക്കുകയുമില്ല. വലിയ നടപ്പന്തലിലും വാവര് നടക്ക് മുൻപിലും കഴിഞ്ഞ വർഷം ഏർപ്പെടുത്തിയ പോലെ തീർത്ഥാടകർക്ക് വിരിവെക്കുന്നതിനും വിശ്രമിക്കുന്നതിനും ഇക്കുറി വിലക്കും നിയന്ത്രണങ്ങളും ഇല്ല. യുവതികളെ സന്നിധാനത്ത് എത്തിക്കേണ്ടത്തില്ല എന്ന് സർക്കാർ നിലപാട് സ്വീകരിച്ചതോടെയാണ് സന്നിധാനത്ത് പൊലീസ് നിയന്ത്രണങ്ങൾ പിൻവലിച്ചത്.

പൂർണമായും ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കുക എന്നത് മാത്രമാണ് പൊലീസിന്റെ കടമ എന്നാണ് സന്നിധാനത്തെ സുരക്ഷാ ചുമതലയുള്ള എ ഐ ജി രാഹുൽ ആർ നായർ പ്രതികരിച്ചത്. തീർത്ഥാടകരെ സ്വാമി എന്ന് തന്നെ വിളിക്കണമെന്ന് പൊലീസുദ്യോഗസ്ഥർക്ക് അദ്ദേഹം കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്. ശരണം വിളിച്ചാണ് ശബരിമല സന്നിധാനത്ത് പൊലീസ് ഇക്കുറി പ്രവർത്തനം ആരംഭിച്ചത്. സന്നിധാനത്ത് സായുധ സേനയും സ്‌ട്രൈക്കർ ഫോഴ്‌സും ഡ്യൂട്ടിക്കായി എത്തിയിട്ടുണ്ടെകിലും തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് അവരെ നിയോഗിച്ചിരിക്കുന്നതെന്നാണ് പൊലീസ് അതികൃതർ നൽകുന്ന വിവരം. ഇന്ന് പമ്പയിലെത്തിയ പത്ത് യുവതികളെ പൊലീസ് തന്നെ മടക്കിയിരുന്നു. ഇതിനൊപ്പമാണ് സന്നിധാനത്തെ പൊലീസിനും ഭക്തർക്കൊപ്പം നിൽക്കാനുള്ള നിർദ്ദേശമെത്തുന്നത്.

ശബരിമല ദർശനത്തിനായി പമ്പയിലെത്തിയ പത്ത് യുവതികളെ പൊലീസ് തിരിച്ചയച്ചു. ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശികളായ യുവതികളെയാണ് തിരിച്ചയത്. ഇവരുടെ പ്രായം പരിശോധിച്ച ശേഷമായിരുന്നു പൊലീസ് നടപടി. സുപ്രീംകോടതി വിധിയിൽ അവ്യക്തത നിലനിൽക്കുന്നതിനാൽ യുവതീപ്രവേശം അനുവദിക്കേണ്ടതില്ലെന്ന് സർക്കാർ പൊലീസിന് കർശന നിർദ്ദേശം നൽകിയിരുന്നു. ശബരിമല ആചാരങ്ങൾ സംബന്ധിച്ചും മറ്റു കാര്യങ്ങളും യുവതികളെ ബോധ്യപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. മണ്ഡല ഉത്സവത്തിനായി ഇന്ന് നടതുറക്കും. പ്രധാന ബേസ് ക്യാമ്പായ നിലയ്ക്കലിൽ കഴിഞ്ഞതവണത്തെപ്പോലെ കർശനപരിശോധന തുടരുന്നുണ്ട്. എല്ലാ സ്വകാര്യവാഹനങ്ങളും പരിശോധിക്കും. നിലയ്ക്കൽവരെയാണ് തീർത്ഥാടകവാഹനം അനുവദിച്ചിട്ടുള്ളത്. നിലയ്ക്കലിൽ വാഹനം പാർക്കുചെയ്ത് നിലയ്ക്കൽ-പമ്പ കെ.എസ്.ആർ.ടി.സി. ചെയിൻ സർവീസിൽ തീർത്ഥാടകർക്ക് പമ്പയിലെത്താം.

ശബരിമല മണ്ഡല ഉത്സവവുമായി ബന്ധപ്പെട്ട് സന്നിധാനത്ത് നിയോഗിച്ചിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥർ ചുമതലയേറ്റു കഴിഞ്ഞു. സന്നിധാനത്തെ വലിയ നടപ്പന്തലിൽ നടന്ന ചടങ്ങ് പൊലീസ് കൺട്രോളർ രാഹുൽ ആർ നായർ ഉദ്ഘാടനം ചെയ്തു. പൊലീസ് ഉദ്യോഗസ്ഥർ സേവന മനോഭാവത്തോടെ ഡ്യൂട്ടി ചെയ്യണമെന്ന് രാഹുൽ ആർ നായർ പറഞ്ഞു. പൊലീസിന്റെ പ്രതിച്ഛായ ഉയർത്തിപ്പിടിച്ച് മാതൃകാപരമായ പെരുമാറ്റം ഉണ്ടാകണം. അയ്യപ്പന്മാരുടെ സംശയങ്ങൾ പരിഹരിച്ചു നൽകുകയും വഴികാട്ടിയാകുകയും ആവശ്യമായ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യണം. മോശമായ വാക്കുകൾ പറയാനോ, പ്രവർത്തിക്കാനോ പാടില്ല. ഡ്യൂട്ടിക്ക് ഭംഗം വരുന്ന രീതിയിൽ പൊലീസുകാർ മൊബൈൽ ഉപയോഗിക്കാൻ പാടില്ല. ശബരിമലയിൽ തീർത്ഥാടകർ കൂടുതലായി എത്തുമ്പോൾ സമചിത്തത കൈവിടാതെ സേവനം ചെയ്യണം. പതിനെട്ടാം പടിയിൽ അയ്യപ്പന്മാരെ സൂക്ഷ്മതയോടെ കയറ്റി വിടണമെന്നും പൊലീസ് കൺട്രോളർ പറഞ്ഞു.

പൊലീസ് കൺട്രോളർ രാഹുൽ ആർ നായരുടെ നേതൃത്വത്തിൽ എഎസ്ഒ കെ എൻ സജിക്കു പുറമേ 10 ഡിവൈഎസ്‌പിമാരെ വിവിധ സെക്ടറുകളായി തിരിച്ചാണ് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളത്. 30 ഇൻസ്‌പെക്ടർമാർ, എസ്‌ഐ/എഎസ്‌ഐ 120 പേർ, എച്ച്‌സി/ പിസി 1400 പേർ എന്നിവർക്കു പുറമേ 135 അർഎഎഫ്, 45 എൻഡിആർഎഫ്, അന്ധ്രയിൽ നിന്നുള്ള 10 പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെയാണ് സന്നിധാനത്ത് നിയോഗിച്ചിട്ടുള്ളത്. വിശ്വാസമുള്ളവരെയാണ് ഇത്തവണ ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. ഭക്തരോട് ഒരു തരത്തിലും ആരും മോശമായി പെരുമാറില്ല. ദേവസ്വം ബോർഡും ഇതിൽ പ്രത്യേക ശ്രദ്ധ നൽകും.

ശബരിമല യുവതീ പ്രവേശനത്തിൽ പുതിയ നിലപാട് തുറന്ന് പറഞ്ഞ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്ത് വന്നിരുന്നു. പുനഃപരിശോധന ഹർജികൾ തീർപ്പ് പറയാതെ മാറ്റിവച്ച സുപ്രീംകോടതി വിധിയിൽ അവ്യക്തതകൾ മുഴുവൻ നീങ്ങിയിട്ടില്ല. ഒരു തരത്തിലും പ്രശ്‌നങ്ങൾ ഉണ്ടാകാതെ മണ്ഡലകാലം കഴിയുമെന്നാണ് പ്രതീക്ഷ. അതിന് എല്ലാവരുടേയും സഹകരണം വേണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മലകയറാൻ സ്ത്രീകളെത്തിയാൽ സുരക്ഷണം നൽകില്ല. ആക്റ്റിവിസ്റ്റുകൾക്ക് കയറി അവരുടെ ആക്റ്റിവിസം പ്രചരിപ്പിക്കാനുള്ള ഇടമല്ല ശബരിമല. ശബരിമലയിലേക്ക് ആരെങ്കിലും വരുന്നുണ്ടെങ്കിൽ അവർ കോടതി ഉത്തരവുമായി വരണം. അല്ലാതെ പൊലീസ് സംരക്ഷണം നൽകില്ലെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി. ഇത് തന്നെയാണ് പൊലീസ് നടപ്പാക്കുന്നതും.

ശബരിമലയിൽ യുവതി പ്രവേശനം വേണ്ടെന്നാണ് സർക്കാരിന് നിയമോപദേശവും കിട്ടിയിട്ടുണ്ട്. പുനപരിശോധന ഹർജികളിൽ തീർപ്പ് വൈകുന്ന സാഹചര്യത്തിലാണ് സർക്കാർ നിയമോപദേശം തേടിയത്. അന്തിമ വിധി വരുന്നത് വരെ മുൻപത്തെ സ്ഥിതി തുടരുന്നതാകും ഉചിതമെന്നാണ് സർക്കാരിന് കിട്ടിയ നിയമോപദേശം. മുതിർന്ന അഭിഭാഷകൻ ജയദീപ് മേത്തയാണ് നിയമോപദേശം നൽകിയത്.

മണ്ഡല-മകരവിളക്ക് ഉത്സവങ്ങളോടനുബന്ധിച്ച് സുഗമമായ തീർത്ഥാടനത്തിനായി ശബരിമലയിലും പരിസര പ്രദേശങ്ങളിലും കർശനസുരക്ഷാ സംവിധാനം ഏർപ്പെടുത്തിയതായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ജി ജയദേവ് അറിയിച്ചിട്ടുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മൂന്ന് എസ്‌പി മാരുടെ നേതൃത്വത്തിലും പരിസര പ്രദേശങ്ങളിലും പൊലീസിനെ വിന്യസിച്ചു. മൂന്നു സ്ഥലങ്ങളിലും എസ്‌പിമാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ഇന്നലെ ചുമതലയേറ്റു. കൂടാതെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ റിസർവ്ഡ് ഫോഴ്സും സ്ട്രൈക്കിങ് ഫോഴ്സും പ്രവർത്തിക്കും. മൊത്തം 2800 പൊലീസിനെയാണ് നിലവിൽ നിയോഗിച്ചിരിക്കുന്നത്.

ഗതാഗത പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിനായി നിലയ്ക്കലാണ് തീർത്ഥാടകരുടെ വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്. പമ്പയിലേക്ക് സ്വകാര്യവാഹനങ്ങൾ കടത്തിവിടില്ല. നിലയ്ക്കലിൽ നിന്നും പമ്പ വരെ കെഎസ്ആർടിസി ബസുകൾ മാത്രമാകും കടത്തിവിടുക. നിലയ്ക്കലിൽ നിന്നും തീർത്ഥാടകരെ പമ്പ വരെ എത്തിക്കാൻ ഇന്ന് രാവിലെ 11 മുതൽ കെഎസ്ആർടിസി ചെയിൻ സർവീസ് ആരംഭിക്കും. വൈകിട്ട് അഞ്ചിന് ശബരിമല നട തുറക്കുന്നതിനാൽ ഉച്ചകഴിഞ്ഞ് രണ്ടു മുതലാകും പമ്പയിൽ നിന്ന് തീർത്ഥാടകരെ കടത്തി വിടുന്നത്.

ജില്ലയിലെ എല്ലാ ഇടത്താവളങ്ങളിലും പ്രത്യേക പൊലീസ് ഫോഴ്സിനെയും ട്രാഫിക് പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ഭക്തർ വരുന്ന പന്തളം പോലുള്ള ഇടത്താവളങ്ങളിൽ പ്രത്യേക സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കി. പന്തളം കൊട്ടാരം സന്ദർശനം, തിരുവാഭരണ ദർശനം എന്നിവ സുഗമമാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. തീർത്ഥാടനകാലത്ത് അഞ്ചുഘട്ടങ്ങളിലായാണ് പൊലീസ് ഉദ്യോഗസ്ഥർ സുരക്ഷയൊരുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP