Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രിയ വാര്യർ എന്ന വ്യക്തിക്ക് ഉള്ളതിന്റെ നൂറിലൊന്ന് പ്രശസ്തി ഇല്ലാത്ത ഒരാൾക്ക് അവരോട് തോന്നിയ അസൂയ ആയൊന്നും ഇതിനെ കാണുന്നില്ല; ഭാഷ വേറെയാണെങ്കിലും, അദ്ദേഹവും പ്രിയ വാര്യരും ചെയ്യുന്നത് ഒരേ തൊഴിൽ ആണെന്ന് ചിന്തിക്കാനുള്ള സാമാന്യബോധം പോലും ഇല്ലാത്ത ജഗ്ഗു സ്വയം വിളിക്കുന്നത് 'നവരസനായകൻ' എന്നാണ്: പ്രിയാ വാര്യരെ കളിയാക്കിയ കന്നഡ നടൻ ജഗ്ഗേഷിന് അത്യുഗ്രൻ മറുപടി; ബംഗളുരു നഗരത്തിൽ പന്ത്രണ്ട് വർഷമായി താമസിക്കുന്ന സുകന്യ കൃഷ്ണ എഴുതുന്നു

പ്രിയ വാര്യർ എന്ന വ്യക്തിക്ക് ഉള്ളതിന്റെ നൂറിലൊന്ന് പ്രശസ്തി ഇല്ലാത്ത ഒരാൾക്ക് അവരോട് തോന്നിയ അസൂയ ആയൊന്നും ഇതിനെ കാണുന്നില്ല; ഭാഷ വേറെയാണെങ്കിലും, അദ്ദേഹവും പ്രിയ വാര്യരും ചെയ്യുന്നത് ഒരേ തൊഴിൽ ആണെന്ന് ചിന്തിക്കാനുള്ള സാമാന്യബോധം പോലും ഇല്ലാത്ത ജഗ്ഗു സ്വയം വിളിക്കുന്നത് 'നവരസനായകൻ' എന്നാണ്: പ്രിയാ വാര്യരെ കളിയാക്കിയ കന്നഡ നടൻ ജഗ്ഗേഷിന് അത്യുഗ്രൻ മറുപടി; ബംഗളുരു നഗരത്തിൽ പന്ത്രണ്ട് വർഷമായി താമസിക്കുന്ന സുകന്യ കൃഷ്ണ എഴുതുന്നു

സുകന്യ കൃഷ്ണ

ന്നട സിനിമയിൽ ജഗ്ഗേഷ് എന്നൊരു നടനുണ്ട്. അദ്ദേഹം ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. രണ്ട് സിനിമ സംവിധാനവും ചെയ്തിട്ടുണ്ട്.

ഇതൊക്കെ അദ്ദേഹത്തിന്റെ പേര് ഗൂഗിൾ ചെയ്തപ്പോൾ കിട്ടിയ വിവരങ്ങളാണ്. കന്നട സിനിമയുടെ ഈറ്റില്ലമായ ബംഗളുരു നഗരത്തിൽ പന്ത്രണ്ട് വർഷമായി താമസിക്കുന്ന എനിക്ക് പക്ഷേ അൽപസമയം മുൻപ് വരെ, കന്നട സിനിമയിൽ ഇങ്ങനെ ഒരു നടൻ ഉണ്ടെന്ന് അറിയില്ലായിരുന്നു. സത്യം.

എനിക്ക് അദ്ദേഹത്തെ അറിയില്ലായിരുന്നു എന്ന് പറയുമ്പോൾ, അത്യാവശ്യം കന്നട സിനിമകൾ കാണുന്ന... കന്നട മനസ്സിലാകുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ എന്ന വിവരം കൂടി ഇവിടെ ചേർക്കുന്നു.

ഇതൊക്കെ എന്തുകൊണ്ട് ഇവിടെ പറയുന്നു എന്നല്ലേ?

ഒരു കന്നടക്കാരി സുഹൃത്ത് ഇന്നെനിക്ക് ഇദ്ദേഹത്തിന്റെ ഒരു ഫേസ്‌ബുക്ക് പോസ്റ്റിന്റെ ലിങ്ക് അയച്ചു തന്നു. കന്നടയിൽ ഉള്ള ഒരു പോസ്റ്റാണ്. അല്പം പണിപ്പെട്ടാണ് അത് മുഴുവൻ വായിച്ചത്... സംഭവം ചുരുക്കിപ്പറയാം.

അദ്ദേഹം പങ്കെടുത്ത ഒരു പൊതുപരിപാടിയിൽ മറ്റു വിശിഷ്ടാതിഥികളോടും അദ്ദേഹത്തോടുമൊപ്പം നമ്മുടെ പ്രിയ വാര്യർ കൂടി വേദിയിലുണ്ടായിരുന്നു. അത് പുള്ളിക്ക് അത്ര ഇഷ്ടമായില്ല. കാരണം, ഒരു വിശിഷ്ടാതിഥി ആകുവാനുള്ള യോഗ്യതകളുടെ ഒരു ലിസ്റ്റ് അദ്ദേഹത്തിന്റെ കയ്യിലുണ്ട്. അവയിൽ ചിലത് ഇങ്ങനെയാണ്...

1. മിനിമം 100 സിനിമകളിൽ അഭിനയിച്ചിരിക്കണം. (കാരണം 37 വർഷം എടുത്തെങ്കിലും അദ്ദേഹം 120 ചിത്രങ്ങളിൽ അഭിനയിച്ച് കഴിഞ്ഞു. വിക്കിപീഡിയയിൽ അതിന്റെ ലിസ്റ്റ് ഉണ്ടെങ്കിലും, പല സിനിമകൾക്കും ഒരു വിക്കി പേജ് പോലുമില്ല എന്നത് തുണി ഉടുക്കാത്ത ഒരു സത്യം മാത്രം.)

2. സാഹിത്യകാരിയോ/കാരനോ ആയിരിക്കണം

3. അനാഥ മക്കളുടെ സംരക്ഷകയോ/സംരക്ഷകനോ ആയിരിക്കണം

4. പിന്നെ കന്നടയിലെ ചില മഹത് വ്യക്തികളുടെ പേരുകൾ എടുത്തുപറഞ്ഞിട്ടുണ്ട്. വേണമെങ്കിൽ അവരിൽ ആരെങ്കിലും ആവാം. ലാറ്ററൽ എൻട്രി കിട്ടിയത് ഝാൻസിയിലെ റാണിക്ക് മാത്രം.

5. മിനിമം ഒരു 'ആധുനിക' മദർ തെരേസ എങ്കിലും ആയിരിക്കണം. അദ്ദേഹം ഉദ്ദേശിച്ച 'ആധുനികം' എന്താണെന്നത് ഒരു അവസരം കിട്ടിയാൽ ചോദിച്ചറിയണം എന്ന് അതിയായ ആഗ്രഹമുണ്ട്.

'ഈ പറഞ്ഞ യോഗ്യതകളിൽ എന്തൊക്കെയാണ് ജഗ്ഗുവിന് ഉള്ളത്?' എന്ന് ചോദിക്കില്ലെങ്കിൽ ബാക്കി പറയാം...

ഒറ്റ സ്‌കാനിൽ, ഈ യോഗ്യതകളിൽ പറഞ്ഞിട്ടുള്ള മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്ന ഒരാളല്ല പ്രിയ വാര്യർ എന്ന് പുള്ളി മനസ്സിലാക്കിയെടുത്തു. പിന്നെ വിടുമോ?

ചില കന്നടക്കാരുണ്ട്... അവർക്ക് മറ്റു ഭാഷകളോടും ഭാഷക്കാരോടും ഭയങ്കര പുച്ഛമാണ്. എന്തെന്നറിയില്ല... അവരുടെ കണ്ണിൽ അന്യഭാഷക്കാർ, അന്യഗ്രഹങ്ങളിൽ നിന്നുള്ളവരാണ്... കന്നടക്കാരെ ഇല്ലാതാക്കാൻ അവരുടെ നാട്ടിൽ വന്നു തക്കം പാർത്തിരിക്കുന്നവരാണ്...

ഇത്തരം ചിന്താഗതി വച്ചുപുലർത്തുന്ന റോക്കറ്റുകളുടെ, 'കീ ജയ്' വിളിയാണ് ഈ മഹാനടന്റെ ലക്ഷ്യം. അത് വെളിവാകുന്ന അദ്ദേഹത്തിന്റെ പ്രയോഗം പരിഭാഷപ്പെടുത്തിയാൽ, പ്രിയ വാര്യരെ കുറിച്ച് അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഇതാണ്... 'അവൾ 'വെറുമൊരു മലയാളി' പെണ്ണാണ്.'

ഞാൻ സിനിമയിൽ വന്നിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ... ഇനി ഒരു സിനിമ കൂടി ചെയ്യുമോ എന്നു കൂടി അറിയില്ല... പക്ഷേ, കന്നടക്കാരന്റെ ഈ പുച്ഛം 12 വർഷമായി അനുഭവിക്കുന്ന ഒരാളാണ് ഞാൻ. ഈ അടുത്ത് എന്റെ ഒരു സുഹൃത്തിനോടൊപ്പം യാത്ര ചെയ്യവേ ഉണ്ടായ ഒരു അനുഭവം കൂടി പറയാം.

ബാംഗ്ലൂർ നഗരത്തിൽ ജനിച്ചുവളർന്ന ഒരാളാണ് എന്റെ സുഹൃത്ത്. മലയാളത്തേക്കാൾ കൂടുതലായി കന്നട കൈകാര്യം ചെയ്യുന്ന ഒരാൾ. അദ്ദേഹത്തിന്റെ മാതൃഭാഷ തന്നെ കന്നടയാണെന്ന് പറയാം.

ഞങ്ങൾ ബൈക്കിൽ വരികയായിരുന്നു. ഞങ്ങളുടെ സംസാരം മലയാളത്തിലാണ്. റോഡരികിലുള്ള ഒരു കടയുടെ മുന്നിൽ ഞങ്ങളുടെ മറ്റൊരു സുഹൃത്തിനെ കണ്ടപ്പോൾ, ബൈക്ക് നിർത്തി ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.

കടയുടെ മുന്നിൽ മറ്റു ബൈക്കുകളും പാർക്ക് ചെയ്തിട്ടുണ്ട്. ഞങ്ങൾ ബൈക്ക് സ്റ്റാൻഡിൽ വച്ച് ഇറങ്ങിയതും, കടക്കാരൻ ഞങ്ങളുടെ നേർക്ക് ആക്രോശിച്ചുകൊണ്ട് ഇറങ്ങിവന്നു. ഒരു കാര്യവുമില്ലാതെ അയാൾ ഞങ്ങളോട് വളരെ ദേഷ്യത്തിൽ സംസാരിച്ചുകൊണ്ടിരുന്നു. അയാളുടെ രോഷത്തിന്റെ കാരണം തിരക്കിയ സുഹൃത്തിനോട് അയാൾ പറഞ്ഞ മറുപടി ഇങ്ങനെയാണ്... 'നീ ഒന്നും സംസാരിക്കണ്ട, ഇത് നിന്റെ കേരളമല്ല... കന്നഡമണ്ണാണ്...' എന്നാണ്.

അത് കേട്ടതും, അതുവരെ മിണ്ടാതിരുന്ന ഞാൻ ഇടപെട്ട് ഇപ്രകാരം മൊഴിഞ്ഞു...

'എന്റെ കയ്യിൽ ഉള്ളത് ഗവൺമെന്റ് ഓഫ് ഇന്ത്യ തന്ന പാസ്‌പോർട്ട് ആണ്. ഞാൻ പാലിക്കുന്ന നിയമം ഇന്ത്യൻ പീനൽ കോഡും. ഇതൊക്കെ മാറി ഗവൺമെന്റ് ഓഫ് കർണാടക പാസ്‌പോർട്ട് ഇഷ്യു ചെയ്യുകയും, കർണാടക പീനൽ കോഡ് നിലവിൽ വരികയും ചെയ്യുന്ന ഒരു കാലം ഉണ്ടായാൽ അന്ന് ഞാൻ ഇവിടേയ്ക്ക് വരാനും ഇവിടെ താമസിക്കാനും വിസ എടുക്കാം. അതുവരെ ഇന്ത്യ മഹാരാജ്യത്തിലെ നിയമങ്ങളാണ് ഞാൻ ഇവിടെയും പാലിക്കാൻ ഉദ്ദേശിക്കുന്നത്.'

ഈ കടക്കാരന്റെ അതേ ശ്രേണിയിലുള്ള ആളുകളുടെ പിന്തുണ കിട്ടുവാനാണ് ജഗ്ഗേഷിനെ പോലുള്ള റോക്കറ്റുകൾ, 'നമ്മുടെ നാട്, നമ്മുടെ കോക്കനട്ട്' എന്നും പറഞ്ഞിറങ്ങുന്നത്...

പ്രിയ വാര്യർ എന്ന വ്യക്തിക്ക് ഉള്ളതിന്റെ നൂറിലൊന്ന് പ്രശസ്തി ഇല്ലാത്ത ഒരാൾക്ക് അവരോട് തോന്നിയ അസൂയ ആയൊന്നും ഇതിനെ കാണുന്നില്ല. സ്വയം എന്തോ ഒരു സംഭവം ആണ് താൻ എന്ന് കരുതുന്ന ജഗ്ഗുവിന്, ക്ഷണിക്കപ്പെട്ട ഒരു അതിഥിയെ എന്നല്ല ഒരു വ്യക്തിയെ (അത് സ്ത്രീയോ പുരുഷനോ ട്രാൻസ്‌ജെൻഡർ വ്യക്തിയോ മൃഗങ്ങളോ പക്ഷികളോ, ആരുമാകട്ടെ എന്തുമാകട്ടെ) അപമാനിക്കാൻ പാടില്ല എന്ന സാമാന്യ മര്യാദ പോലും അറിയില്ല എന്ന് മനസ്സിലാക്കുവാനുള്ള ഒരു അവസരമായി ഈ സംഭവത്തെ വിലയിരുത്തുന്നു.

ഭാഷ വേറെയാണെങ്കിലും, അദ്ദേഹവും പ്രിയ വാര്യരും ചെയ്യുന്നത് ഒരേ തൊഴിൽ ആണെന്ന് ചിന്തിക്കാനുള്ള സാമാന്യബോധം പോലും ഇല്ലാത്ത ജഗ്ഗു സ്വയം വിളിക്കുന്നത് 'നവരസനായകൻ' എന്നാണ്.

അടിപൊളി... ബാ പോവാം...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP