Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുവതികളെ നിലയ്ക്കലിൽ കണ്ടെത്തി തിരിച്ചയയ്ക്കും; വിധി നടപ്പാക്കാൻ സുപ്രീംകോടതിക്ക് ഏകാഭിപ്രായം ഇല്ലെന്നിരിക്കെ രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുന്ന ഒരു സമീപനവും വേണ്ടെന്ന നിലപാടിൽ മുഖ്യമന്ത്രി; സർക്കാർ സുപ്രീംകോടതിയ സമീപിക്കുകയും യുവതീപ്രവേശ വിധി നടപ്പാക്കാമെന്ന് പറയുകയും ചെയ്താൽ അത് വിശ്വാസ വികാരത്തെ മുറിവേൽപ്പിക്കുമെന്ന് സിപിഎം; വിട്ടേ പറ്റൂവെന്ന് തൃപ്തി ദേശായി; ആചാര സംരക്ഷണത്തിന് പ്രാധാന്യമെന്ന് മേൽശാന്തി; ശബരിമലയിൽ സർക്കാരും വിശ്വാസികളും ഒരുപക്ഷത്ത്

യുവതികളെ നിലയ്ക്കലിൽ കണ്ടെത്തി തിരിച്ചയയ്ക്കും; വിധി നടപ്പാക്കാൻ സുപ്രീംകോടതിക്ക് ഏകാഭിപ്രായം ഇല്ലെന്നിരിക്കെ രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുന്ന ഒരു സമീപനവും വേണ്ടെന്ന നിലപാടിൽ മുഖ്യമന്ത്രി; സർക്കാർ സുപ്രീംകോടതിയ സമീപിക്കുകയും യുവതീപ്രവേശ വിധി നടപ്പാക്കാമെന്ന് പറയുകയും ചെയ്താൽ അത് വിശ്വാസ വികാരത്തെ മുറിവേൽപ്പിക്കുമെന്ന് സിപിഎം; വിട്ടേ പറ്റൂവെന്ന് തൃപ്തി ദേശായി; ആചാര സംരക്ഷണത്തിന് പ്രാധാന്യമെന്ന് മേൽശാന്തി; ശബരിമലയിൽ സർക്കാരും വിശ്വാസികളും ഒരുപക്ഷത്ത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശബരിമലയിൽ ഇത്തവണ യുവതികൾ വന്നാൽ വേണ്ട നടപടി സ്വീകരിക്കുമെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ വിശദീകരിക്കുമ്പോൾ വ്യക്തമാകുന്നത് യുവതി പ്രവേശനത്തെ പൊലീസ് തുണക്കില്ലെന്ന് തന്നെയാണ്. ശബരിമല വിധിയിൽ അഡ്വക്കേറ്റ് ജനറലിനോടു പൊലീസും നിയമോപദേശം തേടും. സുപ്രീംകോടതി വിധിയിൽ വ്യത്യസ്ത വാദമുഖങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഇത്. പമ്പയിൽ ഇത്തവണ പൊലീസ് ചെക്‌പോസ്റ്റുകൾ ഉണ്ടാകില്ലെന്നും ഡിജിപി അറിയിച്ചു. അതിനിടെ ശബരിമല വിധിയിൽ വ്യക്തത തേടി സർക്കാരോ ദേവസ്വം ബോർഡോ സുപ്രീംകോടതിയെ സമീപിക്കില്ലെന്ന തീരുമാനവും പുറത്തു വന്നു. സ്വന്തം വിധി നടപ്പാക്കാൻ സുപ്രീംകോടതിക്ക് ഏകാഭിപ്രായം ഇല്ലെന്നിരിക്കെ അതിന്റെ പേരിൽ രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുന്ന ഒരു സമീപനവും വേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്നു തുറക്കാനിരിക്കെയാണ് സർക്കാരിന്റെ മലക്കം മറിച്ചിൽ. ഇതാണ് പൊലീസിലും പ്രതിഫലിക്കുന്നത്. യുവതീപ്രവേശ വിധിയിലെ സർക്കാർ നിലപാട് മയപ്പെടുത്തിയ സാഹചര്യത്തിൽ ശാന്തമായ തീർത്ഥാടനമാണു പ്രതീക്ഷിക്കുന്നത്. വിവാദങ്ങളും സംഘർഷങ്ങളും ഒഴിവാക്കാൻ സർക്കാർ സംവിധാനങ്ങൾ അതീവ ജാഗ്രത പുലർത്തുന്നുണ്ട്. സന്നിധാനത്ത് ഇത്തവണ വനിതാ പൊലീസിനെ വിന്യസിക്കേണ്ടെന്നു നേരത്തെ തീരുമാനിച്ചിരുന്നു. കടുത്ത നിയന്ത്രണങ്ങളോ വലിയ സേനാ വിന്യാസമോ ഇല്ല. ഏതെങ്കിലും തരത്തിൽ ദർശനത്തിനു യുവതികളെത്തിയാൽ തടയാൻ തന്നെയാണു പ്രതിഷേധിക്കുന്നവരുടെ നീക്കം. നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യം ഇല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അധികൃതർ അത് ഒഴിവാക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷം നേരിട്ട വലിയ വരുമാന നഷ്ടം ഇത്തവണ മറികടക്കാം എന്ന പ്രതീക്ഷയിലാണു തിരുവിതാംകൂർ ദേവസ്വം ബോർഡും. യുവതികൾ എത്തിയാൽ തടയുന്ന പൊലീസ് നിലപാടിനെ ചോദ്യം ചെയ്യുകയുമില്ല. യുവതീപ്രവേശത്തെ എതിർത്തുള്ള പുനഃപരിശോധനാ ഹർജികൾ തീർപ്പാക്കാതെ കഴിഞ്ഞ ദിവസം സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിൽ വ്യക്തതയില്ലെന്നു മുഖ്യമന്ത്രിയും മന്ത്രിമാരും ഒരേ സ്വരത്തിൽ പറഞ്ഞിരുന്നു. വ്യക്തതയില്ലെന്ന പൊതുവികാരം ഉണർന്നതോടെ വിധിയിൽ വ്യക്തത തേടി സർക്കാർ സുപ്രീംകോടതിയെ സമീപിക്കുമോ എന്നുള്ള ചർച്ച സജീവമായി. സർക്കാർ സുപ്രീംകോടതിയ സമീപിക്കുകയും യുവതീപ്രവേശ വിധി നടപ്പാക്കാമെന്ന് പറയുകയും ചെയ്താൽ അത് വീണ്ടും തിരിച്ചടിയാകും. അതുകൊണ്ട് തൽകാലം റിസ്‌ക് എടുക്കില്ല.

യുവതികളെ പ്രവേശിപ്പിക്കാൻ പറഞ്ഞാൽ, അതിനുവേണ്ടിയാണു സർക്കാർ കോടതിയിൽ പോയതെന്നും ആക്ഷേപം ഉയരും. സുപ്രീംകോടതിക്കു പോലും സ്വന്തം വിധി നടപ്പാക്കുന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിൽ സർക്കാർ പിന്നാലെ പോകേണ്ട എന്നാണു മുഖ്യമന്ത്രിയുടെ നിലപാട്. ഇക്കാര്യം ബന്ധപ്പെട്ട വകുപ്പുകളിലെ മന്ത്രിമാരോടു മുഖ്യമന്ത്രി സൂചിപ്പിച്ചു. സിപിഎമ്മും ഇതേ നിലപാടിലാണ്. നവോത്ഥാന കൂട്ടായ്മയ്ക്കു മുന്നിട്ടിറങ്ങിയ പല സംഘടനകളും സർക്കാരിന്റെ സമീപനത്തിൽ അതൃപ്തരാണ്. അതുകൊണ്ട് തന്നെ പ്രതിഷേധക്കാർ ശബരിമലയിലേക്ക് എത്താൻ സാധ്യത ഏറെയുണ്ട്. അതുകൊണ്ട് തന്നെ ക്രമസമാധാന ചുമതലുള്ള ഉന്നത ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാൻ ഡിജിപി നിർദ്ദേശം നൽകി. 'നവോത്ഥാന കേരളം ശബരിമലയിലേക്ക്' എന്ന സംഘടന യുവതീപ്രവേശത്തിനു നീക്കം നടത്തുന്നതായി രഹസ്യന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുണ്ട്. മാവോയിസ്റ്റ് സംഘടനകളുമായി അടുപ്പമുള്ള ചില നേതാക്കളും കരുക്കൾ നീക്കുന്നുണ്ടെന്ന് പൊലീസ് തിരിച്ചറിയുന്നു.

ശബരിമലയിൽ എത്തുന്ന യുവതികൾക്ക് ഇക്കുറി പൊലീസ് സംരക്ഷണം നൽകരുതെന്നു സിപിഎം നിലപാട് എടുത്തിരുന്നു. വിഷയം വിശാല ബെഞ്ചിനു വിട്ടുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കുശേഷം ബിജെപിയും യു.ഡി.എഫും വീണ്ടും രാഷ്ട്രീയമുതലെടുപ്പ് നടത്താതിരിക്കാൻ സിപിഎം. ജാഗ്രത പുലർത്തും. ഇതിന്റെ ഭാഗമായി, ആക്ടിവിസ്റ്റുകൾക്കോ ഫെമിനിസ്റ്റുകൾക്കോ ശബരിമലയിൽ പൊലീസ് സംരക്ഷണമൊരുക്കരുതെന്നാണു സിപിഎം. സെക്രട്ടേറിയറ്റിന്റെ ആവശ്യം. മനീതിസംഘം ഉൾപ്പെടെയുള്ള ആക്ടിവിസ്റ്റുകൾ ശബരിമലയിലെത്തിയാൽ ഉത്തരവാദിത്വം അവർക്കു മാത്രമായിരിക്കും. 2018 സെപ്റ്റംബർ 28-ലെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ ഇക്കുറിയും യുവതീപ്രവേശം വിലക്കാനാവില്ല. എന്നാൽ, ക്രമസമാധാനപ്രശ്നം ചൂണ്ടിക്കാട്ടി പിന്തിരിപ്പിക്കാൻ സർക്കാരിനു കഴിയും. മുൻവർഷത്തെ നിലപാടിൽനിന്നു സിപിഎം. പിൻവാങ്ങിയെന്നാണു സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനവും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയും വ്യക്തമാക്കുന്നത്. ആക്ടിവിസ്റ്റുകൾക്ക് 'ആക്ടിവിസം' പ്രകടിപ്പിക്കാനുള്ള ഇടമല്ല ശബരിമലയെന്നാണു കടകംപള്ളിആവർത്തിച്ചു വ്യക്തമാക്കിയത്.

മണ്ഡലതീർത്ഥാടനം നാളെ ആരംഭിക്കാനിരിക്കേ, യുവതികളുടെ വരവ് നിരീക്ഷിക്കാൻ അതിർത്തികളിൽ പരിശോധന ശക്തമാക്കാനാണു സർക്കാർ തീരുമാനം. വെർച്വൽ ക്യൂവിലൂടെ ദർശനത്തിന് അപേക്ഷ നൽകിയ സ്ത്രീകളുടെ പശ്ചാത്തലവും പരിശോധിക്കും. യുവതികളെത്തിയാൽ ബേസ് ക്യാമ്പായ നിലയ്ക്കലിൽത്തന്നെ സ്ഥിതിഗതികൾ ബോധ്യപ്പെടുത്താൻ ശ്രമിക്കും. ശബരിമല വിഷയത്തിൽ സുപ്രീം കോടതിയിൽ ഹർജി നൽകിയവരുടെ യോഗം വിളിക്കാനും സർക്കാർ ആലോചിക്കുന്നു. യുവതീപ്രവേശവിഷയത്തിൽ ഇക്കുറി ജാഗ്രത പുലർത്തണമെന്നു നിയമോപദേശം ലഭിച്ചെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ തന്ത്രപരമായ പ്രതിരോധത്തിലാണ്. സുപ്രീം കോടതിയുടെ പഴയവിധി സ്റ്റേ ചെയ്തിട്ടില്ലെന്ന ഓർമപ്പെടുത്തലിലൂടെ, തന്റെ നിലപാടിൽ ഇളക്കമില്ലെന്ന സൂചനയാണു മുഖ്യമന്ത്രി നൽകിയത്. ദേവസ്വംബോർഡ് പ്രസിഡന്റ് എൻ. വാസുവും ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്കൊപ്പമാണ്.

അതിനിടെ ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി പ്രതികരിച്ചിട്ടുണ്ട്. വിധി സ്റ്റേ ചെയ്തിട്ടില്ല. യുവതീ പ്രവേശം അനുവദിക്കണമെന്നും തൃപ്തി മുംബൈയിൽ പറഞ്ഞു. എന്നാൽ ശബരിമലയിൽ യുവതീ പ്രവേശനം അനുവദിക്കരുതെന്ന് ശബരിമല മേൽശാന്തി വിഎൻ വാസുദേവൻ നമ്പൂതിരി. ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കണമെന്നും ബുദ്ധിമുട്ടേറിയ വർഷമാണ് കടന്നുപോയതെന്നും നിലവിൽ സ്ഥാനമൊഴിയുന്ന മേൽശാന്തി വാസുദേവൻ നമ്പൂതിരി പറഞ്ഞു. 'ആചാരങ്ങൾ നിലനിൽക്കണമെന്ന ആഗ്രഹം ഉള്ളിലുണ്ട്. സ്ത്രീകൾ കയറാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ആലോചിച്ച് തീരുമാനമെടുക്കേണ്ടതുണ്ട്'. ശബരിമലയുടെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത സംഭവങ്ങളുണ്ടായ വർഷമാണ് കടന്നുപോയത്. യുവതികൾ നടപ്പന്തൽ വരെ കയറിയപ്പോൾ വിഷമമുണ്ടായിയെന്നും ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.

'ശബരിമല വിശ്വാസമെന്ന് പറയുന്നത് നൂറ്റാണ്ടുകൾ നിലനിൽക്കുന്ന ആചാരമാണ്. ആചാരങ്ങളും അനാചാരങ്ങളും തമ്മിലുള്ള വ്യത്യാസം കണ്ടെത്തുന്നതിലും അപാകതകളുണ്ട്. അനാചാരമാണോ എന്ന് കണ്ടെത്താൻ പഠനങ്ങളാവശ്യമാണ്. അയ്യപ്പന്റെ കാര്യത്തിലുള്ളത് ആരെയും ഉപദ്രവിക്കാത്ത ആചാരമാണ്. അതിനാൽ ആചാരങ്ങൾ നിലനിൽക്കണം, സ്ത്രീപ്രവേശനം പാടില്ല എന്ന് തന്നെയാണ് എന്റെ നിലപാട്', വാസുദേവൻ നമ്പൂതിരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP