Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വെൺമണിയിൽ ജോലിക്കെത്തിയത് പത്ത് ദിവസം മുമ്പ്; വൈകുന്നേരത്തെ നടത്തത്തിനിടെ കണ്ടപ്പോൾ ജോലി അന്വേഷിക്കൽ; തെങ്ങിന്റെ ചുവട്ടിലുള്ള വേര് നീക്കം ചെയ്യാൻ ചോദിച്ച കമ്പിപ്പാര എടുക്കാൻ സ്റ്റോർ മുറിയിലേക്ക് കയറിയ ചെറിയാനെ കൊന്നത് ഒറ്റയടിക്ക്; വെള്ളമെടുക്കാൻ ലില്ലി അടുക്കളയിലേക്ക് പോയപ്പോൾ പുറകിലൂടെ ചെന്ന് തൂമ്പ ഉപയോഗിച്ച് നിരവധി തവണ അടിച്ചു വീഴ്‌ത്തി; മഴ കാരണം നിലവിളി പുറത്ത് എത്തിയുമില്ല; വെൺമണിയിലെ ഇരട്ട കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം കവർച്ച

വെൺമണിയിൽ ജോലിക്കെത്തിയത് പത്ത് ദിവസം മുമ്പ്; വൈകുന്നേരത്തെ നടത്തത്തിനിടെ കണ്ടപ്പോൾ ജോലി അന്വേഷിക്കൽ; തെങ്ങിന്റെ ചുവട്ടിലുള്ള വേര് നീക്കം ചെയ്യാൻ ചോദിച്ച കമ്പിപ്പാര എടുക്കാൻ സ്റ്റോർ മുറിയിലേക്ക് കയറിയ ചെറിയാനെ കൊന്നത് ഒറ്റയടിക്ക്; വെള്ളമെടുക്കാൻ ലില്ലി അടുക്കളയിലേക്ക് പോയപ്പോൾ പുറകിലൂടെ ചെന്ന് തൂമ്പ ഉപയോഗിച്ച് നിരവധി തവണ അടിച്ചു വീഴ്‌ത്തി; മഴ കാരണം നിലവിളി പുറത്ത് എത്തിയുമില്ല; വെൺമണിയിലെ ഇരട്ട കൊലപാതകത്തിന് പിന്നിലെ ലക്ഷ്യം കവർച്ച

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: ആഞ്ഞിലിമൂട്ടിലെ ഇരട്ട കൊലപാതകത്തിൽ നിറയുന്നത് കവർച്ചാ ശ്രമം തന്നെ. വെൺമണി ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ രോഷാകുലരായി നാട്ടുകാർ. പൊലീസ് ലാത്തി വീശി. വെൺമണി ആഞ്ഞിലിമൂട്ടിൽ എ.പി. ചെറിയാൻ(കുഞ്ഞുമോൻ-75), ഭാര്യ ലില്ലി(70) എന്നിവരെ മോഷണശ്രമത്തിനിടെ കമ്പിവടിയും മൺവെട്ടിയും കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളും ബംഗ്ലാദേശ് സ്വദേശികളുമായ ലബല്ലുഹസൻ, ജുവൽഹസൻ എന്നിവരെയാണ് പൊലീസ് സംഘം തെളിവെടുപ്പിനായി എത്തിച്ചത്. കവർച്ച ലക്ഷ്യമാക്കി ആസൂത്രണത്തോട് കൂടിയാണ് ഇവർ വീട്ടിൽ കയറിപ്പറ്റിയത്. വെൺമണിയിൽ ഇവർ ജോലിക്കെത്തിയിട്ട് പത്തു ദിവസമേ ആയുള്ളെന്ന് പൊലീസ് പറഞ്ഞു.

ആദ്യം കൊലപ്പെടുത്തിയത് ചെറിയാനെയും രണ്ടാമത് ലില്ലിയെയുമാണെന്ന് പ്രതികളുടെ മൊഴി പൊലീസിന് കിട്ടിയിട്ടുണ്ട്. ജുവൽ ഹസന്റെ അടിയേറ്റ് ചെറിയാനും ലബലു ഹസന്റെ അടിയേറ്റ് ലില്ലിയും മരിച്ചെന്നാണ് പ്രതികൾ വെളിപ്പെടുത്തിയത്. ഉച്ചയ്ക്ക് ശേഷമായിരുന്നു കൊലപാതകം. ഈ സമയത്ത് ശക്തമായ മഴയും ഉണ്ടായിരുന്നു. തെങ്ങിന്റെ ചുവട്ടിലുള്ള വേര് നീക്കം ചെയ്യാൻ കമ്പിപ്പാര ജുവൽ ആവശ്യപ്പെട്ടു. സ്റ്റോർ മുറിയിലേക്ക് ചെറിയാൻ കയറിയപ്പോൾ ജുവൽ ഹസൻ പുറകെ പാഞ്ഞു ചെന്ന് പാര കൈക്കലാക്കി തലയുടെ പിന്നിൽ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മഴ ശക്തമായതിനാൽ ചെറിയാന്റെ നിലവിളി ഭാര്യയ്ക്ക് കേൾക്കാനായില്ല. സ്റ്റോർ റൂമിൽ നിന്നും തൂമ്പ കൈക്കലാക്കി അടുക്കളയിലേക്ക് ചെന്ന ലബലു ഹസൻ ലില്ലിയോട് വെള്ളം ആവശ്യപ്പെട്ടു.

വെള്ളമെടുക്കാൻ ലില്ലി അടുക്കളയിലേക്ക് പോയപ്പോൾ ലബലു പുറകിലൂടെ ചെന്ന് തൂമ്പ ഉപയോഗിച്ച് തലയ്ക്ക് നിരവധി തവണ അടിക്കുകയായിരുന്നു. ലില്ലി ഉറക്കെ നിലവിളിച്ചെങ്കിലും മഴ കാരണം ശബ്ദം പുറത്തു കേട്ടില്ല. അടുക്കളയിൽ വച്ചിരുന്ന കുപ്പിവെള്ളം ഉപയോഗിച്ച് കൈയിലെ രക്തക്കറ ഇരുവരും കഴുകി. പിന്നീട് മൂന്നു മുറികളിലുമുള്ള അലമാരയിൽ സൂക്ഷിച്ചിരുന്ന 42 പവൻ സ്വർണാഭരണങ്ങളും അയ്യായിരത്തോളം രൂപയും കവർന്നു. മഴയത്ത് തന്നെ ഇരുവരും അരക്കിലോമീറ്റർ അകലെയുള്ള പാറച്ചന്ത ജങ്ഷനിലേക്ക് നടന്ന് ചെന്ന് ഓട്ടോറിക്ഷ പിടിച്ച് റെയിൽവേ സ്റ്റേഷനിലേക്ക് പോയി. വൈകിട്ടത്തെ ചെന്നൈ മെയിലിൽ കയറിയ ഇവർ ട്രെയിനിൽ വച്ചാണ് രക്തക്കറ പുരണ്ട ഷർട്ടുകൾ മാറിയതെന്നും ഇവർ പറഞ്ഞു.

ലബലുവും ജുവലും കോടുകുളഞ്ഞി കരോട് എത്തിയത് നാട്ടുകാരനെ തേടി. ഇയാൾ വഴിയാണ് ഇവർ ഈ വീട്ടിൽ ജോലിക്ക് കയറിയത് എന്നാണ് വിവരം. കോടുകുളഞ്ഞി കരോട് താമസിച്ചിരുന്ന ബംഗ്ലാദേശ് സ്വദേശിയും പ്രതികളും തമ്മിലുള്ള ബന്ധം പൊലീസ് അന്വേഷിക്കുന്നുണ്ട്. നിരീക്ഷണത്തിലുള്ള ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇയാൾക്കൊപ്പം താമസിക്കുന്നതിനിടെയാണ് പ്രതികൾ ചെറിയാനെ പരിചയപ്പെട്ടത്. വൈകുന്നേരത്തെ നടത്തത്തിനിടെ ചെറിയാനെ കണ്ടപ്പോൾ ജോലി അന്വേഷിച്ചു. അപ്പോഴാണ് ചെറിയാൻ പറമ്പ് വൃത്തിയാക്കാനായി ഇരുവരെയും ജോലിക്ക് വിളിച്ചത്. ഞായറാഴ്ച ജോലിക്ക് വരേണ്ട എന്ന് ചെറിയാൻ പറഞ്ഞിരുന്നെങ്കിലും ഇരുവരും എത്തുകയായിരുന്നു. ഇത് ഗൂഢാലോചനയുടെ ഭാഗമായിരുന്നു. വെൺമണിയിലെത്തിയ പ്രതികൾ അവിടെയുണ്ടായിരുന്ന ബംഗ്ലാദേശ് സ്വദേശിക്കൊപ്പം ക്യാംപിലാണ് താമസിച്ചിരുന്നതെങ്കിലും അതിനു മുൻപ് ചെങ്ങന്നൂരിലെ ഏതോ ക്യാംപിലും ഇവർ കഴിഞ്ഞതായി വിവരമുണ്ട്. ഇത് എവിടെ എന്ന് ഇനിയും കണ്ടെത്തിയിട്ടില്ല.

ബംഗ്ലാദേശ് സ്വദേശികളായ ഇവരിൽ ലബലുവിന് നാട്ടിൽ ഭാര്യയും രണ്ടുകുട്ടികളുമുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച വസ്തുക്കൾ മൃതദേഹത്തിനരികിൽ ഉപേക്ഷിച്ചാണ് ഇവർ രക്ഷപെട്ടത്. പൊലീസ് പ്രതികളുടെ സഹതൊഴിലാളികളിൽ നിന്ന് ഫോട്ടോ ശേഖരിച്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കൊലപാതകത്തിന്റെ തലേദിവസം പ്രതികളും സഹതൊഴിലാളികളും ചേർന്ന് ചെറിയാന്റെ വീട്ടിൽ വച്ചെടുത്ത സെൽഫിയിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. ചെന്നൈയിൽ നിന്നും കോറമാണ്ഡൽ എക്സ്പ്രസിൽ കൊൽക്കത്തിയിലേക്ക് പോവുകയായിരുന്ന ഇവരെ വിശാഖപട്ടണത്ത് വച്ചാണ് ആർ.പി.എഫ് പിടികൂടി കേരളാ പൊലീസിന് കൈമാറിയത്. തുടർന്ന് വിമാന മാർഗം വ്യാഴാഴ്ച രാത്രി നെടുമ്പാശേരിയിൽ എത്തിച്ചതിന് ശേഷം ഇന്നലെ വൈകിട്ട് അഞ്ചേ കാലോടെ കോടുകുളഞ്ഞി കരോട് ആഞ്ഞിലിമൂട്ടിൽ വീട്ടിൽ തെളിവെടുപ്പിനായി കൊണ്ടുവന്നു.

പ്രതികളെ തെളിവെടുപ്പിന് കൊണ്ടു വന്നപ്പോൾ ആഞ്ഞിലിമൂട്ടിലെ വീടും പരിസരവും ജനങ്ങളെക്കൊണ്ട് നിറഞ്ഞു. നൂറുകണക്കിന് പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷാ വലയത്തിലാണ് പ്രതികളെ പൊലീസ് വാഹനത്തിൽ എത്തിച്ചത്. ഈ സമയം നാട്ടുകാർ രോഷാകുലരാവുകയായിരുന്നു. 20 മിനിട്ട് കൊണ്ട് തെളിവെടുപ്പ് പൂർത്തിയാക്കി പ്രതികളുമായി വീട്ടിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ നാട്ടുകാർ പ്രതികൾക്ക് നേരെ അസഭ്യവർഷം ചൊരിഞ്ഞു. ഇതേത്തുടർന്നാണ് പൊലീസ് ലാത്തിവീശിയത്. മക്കളെയും ബന്ധുക്കളെയും പ്രതികളെ കാണിക്കണമെന്ന് അവർ ആവശ്യം ഉന്നയിച്ചെങ്കിലും സാഹചര്യം മോശമായതിനാൽ പ്രതികളെ ഉടൻ പൊലീസ് വാഹനത്തിൽ കയറ്റി. ഇതേത്തുടർന്ന് ചെറിയാന്റെ ബന്ധുക്കളും മക്കളും പൊലീസുമായി വാക്കുതർക്കമുണ്ടായി. ഡി.വൈ.എസ്‌പി അനീഷ്.വി.കോര ബന്ധുക്കളെയും മക്കളെയും വെൺമണി പൊലീസ് സ്റ്റേഷനിലെത്തിച്ച് പ്രതികളെ കാണിക്കാം എന്ന ഉറപ്പിലാണ് സംഘർഷത്തിന് അയവ് വന്നത്. ഈ സമയം തിക്കിലും തിരക്കിലുംപെട്ട് ആഞ്ഞിലിമൂട്ടിൽ വീടിന്റെ മതിലിന്റെ ഒരു ഭാഗം തകർന്നു.

പ്രതികളെ കുടുക്കിയതു കേരള പൊലീസിന്റെ ചടുലനീക്കമാണ്. ആഞ്ഞിലിമൂട്ടിൽ എ.പി.ചെറിയാനും ഭാര്യ ലില്ലിയും കൊല്ലപ്പെട്ട വിവരം അറിഞ്ഞതു മുതൽ പ്രതികൾ പിടിയിലാകുന്നതു വരെ പൊലീസ് കാട്ടിയ ജാഗ്രതയാണു കുറ്റവാളികളെ വിലങ്ങണിയിച്ചത്. രാവിലെ 7 മണിയോടെയാണു ആഞ്ഞിലിമൂട്ടിൽ വീട് അടഞ്ഞു കിടക്കുന്നെന്ന വിവരം വെൺമണി പൊലീസ് സ്റ്റേഷനിലെത്തുന്നത്. വൈകാതെ എസ്‌ഐ. യു. രാജീവ്കുമാറിന്റെ നേതൃത്വത്തിൽ സംഘം സ്ഥലത്തെത്തി. പരിശോധനയിൽ മൃതദേഹങ്ങൾ കണ്ടെത്തി. കൊലപാതകത്തിന്റെ രീതി കണ്ടപ്പോൾ ഇതര സംസ്ഥാന തൊഴിലാളികളാണു പിന്നിലെന്നു സംശയം തോന്നി. ഉടൻ തിരക്കിയത് അത്തരക്കാർ ഈ വീട്ടിൽ വന്നിട്ടുണ്ടോ എന്നാണ്. 2 ദിവസം എത്തി എന്നു മറുപടി കിട്ടിയ ഉടൻ സമീപത്തെ, ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തെത്തി അന്വേഷണം നടത്തി.

ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന്. ഇവിടെയുണ്ടായിരുന്ന ബംഗ്ലാദേശിയാണ് ഒപ്പമുണ്ടായിരുന്നു തന്റെ 2 സുഹൃത്തുക്കളെ കാണാനില്ലെന്നും ചെന്നൈയിൽ ജോലി കിട്ടിയെന്ന് അവർ വിളിച്ച് അറിയിച്ചെന്നും പറഞ്ഞത്. കൊലപാതക വിവരമറിഞ്ഞ് അധികം വൈകാതെ ജില്ലാ പൊലീസ് മേധാവി കെ.എം.ടോമി, എഎസ്‌പി ബി.കൃഷ്ണകുമാർ, ഡിവൈഎസ്‌പി അനീഷ് വി.കോര എന്നിവർ സ്ഥലത്തെത്തി അന്വേഷണം വേഗത്തിലാക്കി. കോടുകുളഞ്ഞി കരോട്ടെ ലേബർ ക്യാംപിലുള്ള ബംഗ്ലാദേശുകാരന്റെ ഫോണിൽ പ്രതികളുടെ ഫോട്ടോ ഉണ്ടായിരുന്നു. ഇതു വാങ്ങിയ പൊലീസ് ഉടൻ തിരച്ചിൽ നോട്ടിസ് തയാറാക്കി റെയിൽ അലർട്ടിൽ നൽകി. ഇതിൽ നിന്നാണ് ആർപിഎഫ് പ്രതികളെ തിരിച്ചറിഞ്ഞു പിടികൂടുന്നത്.

കോടുകുളഞ്ഞി കരോട് താമസിക്കുന്ന ബംഗ്ലാദേശുകാരന്റെ മൊബൈൽ ഫോണിലേക്കു പ്രതികൾ വിളിച്ചെന്ന വിവരത്തെ തുടർന്നാണു പൊലീസ് മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ തിരഞ്ഞു പോയത്. എന്നാൽ സംസാരിച്ചയാൾ ചെന്നൈയിലായിരുന്നു. സഹയാത്രികനായ ഇയാളുടെ ഫോൺ വാങ്ങി പ്രതികൾ വിളിക്കുകയായിരുന്നെന്നാണു കരുതുന്നത്. സ്വന്തം ഫോണുകൾ പ്രതികൾ യാത്രയിൽ ഉപയോഗിച്ചിട്ടേയില്ലെന്നാണു പൊലീസിന്റെ നിഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP