Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇൻഡോറിൽ ഇന്ത്യ നേടുന്നത് കൂറ്റൻ സ്‌കോർ; ഇരട്ട സെഞ്ച്വറിയുമായി മായങ്ക് ബംഗ്ലാദേശിനെതിരായ ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ താരമായി; ഇന്ത്യ മുന്നേറുന്നത് 343 റൺസിന്റെ ലീഡുമായി

ഇൻഡോറിൽ ഇന്ത്യ നേടുന്നത് കൂറ്റൻ സ്‌കോർ; ഇരട്ട സെഞ്ച്വറിയുമായി മായങ്ക് ബംഗ്ലാദേശിനെതിരായ ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ താരമായി; ഇന്ത്യ മുന്നേറുന്നത് 343 റൺസിന്റെ ലീഡുമായി

മറുനാടൻ ഡെസ്‌ക്‌

ഇൻഡോർ: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസം മായങ്ക് അഗർവാളിന്റെ ഇരട്ടസെഞ്ചുറിയുടെയും ചേതേശ്വർ പൂജാര (54), അജിൻക്യ രഹാനെ (86), രവീന്ദ്ര ജഡേജ (60) എന്നിവരുടെ അർധ സെഞ്ചുറികളുടെയും ബലത്തിൽ ആറ് വിക്കറ്റിന് 493 റൺസ് എന്ന നിലയിൽ ഇന്ത്യ മേധാവിത്വം ഉറപ്പിച്ചു. രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 493 റണ്ണെടുത്തിട്ടുണ്ട്. സ്‌കോർ: ബംഗ്ലാദേശ് ഒന്നാം ഇന്നിങ്സ് 150. ഇന്ത്യ ആറിന് 493.

ഒന്നാം ഇന്നിങ്സിൽ ബംഗ്ലാദേശിന്റെ സ്‌കോറായ 150 റൺസിനേക്കാൾ 343 റൺസ് മുന്നിലാണ് ഇന്ത്യ. ഇരട്ട സെഞ്ചുറിയുടെ കരുത്തിൽ ടെസ്റ്റിന്റെ രണ്ടാം ദിവസം തന്റെ പേരിലാക്കുകയായിരുന്നു മായങ്ക് അഗർവാൾ. ഇരട്ടസെഞ്ചുറി കുറിച്ച മായങ്ക് ടെസ്റ്റിലെ തന്റെ ഉയർന്ന സ്‌കോറും കുറിച്ചാണ് മടങ്ങിയത്. കരിയറിലെ എട്ടാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന മായങ്കിന്റെ രണ്ടാമത്തെ ഇരട്ട സെഞ്ചുറിയാണിത്. നേരത്തെ ദക്ഷിണാഫ്രിക്ക് എതിരെ മായങ്ക് ഡബിൾ തികച്ചിരുന്നു. 330 പന്തിൽ 28 ഫോറും 8 സിക്സും അടക്കം 243 റൺസ് എടുത്ത മായങ്ക് അഗർവാളിനെ ഹസ്സൻ മിർസയാണ് പുറത്താക്കിയത്.

ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് പൂജാരയും അഗർവാളും ചേർന്ന് നൽകിയത്. ഒന്നിന് 86 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ക്യാപ്റ്റൻ വിരാട് കോലി പൂജ്യത്തിനു പുറത്തായെങ്കിലും ചേതേശ്വർ പൂജാരയും മായങ്ക് അഗർവാളും കളം നിറഞ്ഞ് കളിക്കുകയായിരുന്നു. രണ്ടു പന്തു മാത്രം നേരിട്ട കോലിയെ അബു ജായെദാണ് അക്കൗണ്ട് തുറക്കും മുന്നേ പുറത്താക്കിയത്. ജായെദിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയാണ് കോലി പുറത്തായത്.

68 പന്തിൽനിന്ന് അർധസെഞ്ചുറി കുറിച്ച പൂജാര നാല് റൺകൂടി കൂട്ടിച്ചേർത്ത് മടങ്ങി. തന്റെ 23- ാം ടെസ്റ്റ് അർധസെഞ്ചുറിയാണ് പൂജാര ഇന്ദോറിൽ നേടിയത്. 72 പന്തിൽ ഒൻപതു ഫോർ സഹിതം 54 റൺസെടുത്ത പൂജാരയെയും അബു ജായെദാണ് പുറത്താക്കിയത്. അജിൻക്യ രഹാനെ അർധ സെഞ്ചുറി നേടി പുറത്തായി. 172 പന്തിൽ ഒൻപത് ഫോർ അടക്കം 86 റൺസ് എടുത്ത രഹാനെയെ അബു ജായെദാണ് പുറത്താക്കിയത്. 11 പന്തിൽ 12 റൺസ് എടുത്ത വൃദ്ധിമാൻ സാഹയെ ഇബാദത്ത് ഹുസൈനും പുറത്താക്കി. ബംഗ്ലാദേശിനായി അബു ജായേദ് നാലും ഇബാദത്ത് ഹുസൈൻ, ഹസ്സൻ മിർസ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

43 റൺസെടുത്ത മുഷ്ഫിഖുർ റഹീമും 37 റൺസെടുത്ത ക്യാപ്റ്റൻ മോമിനുൽ ഹഖും മാത്രമാണ് ഇന്ത്യൻ ബൗളർമാർക്കെതിരേ അൽപ്പമെങ്കിലും പിടിച്ചുനിന്നത്. ഷദ്മാൻ ഇസ്ലാം (6), ഇമ്രുൾ കൈസ് (6), മുഹമ്മദ് മിഥുൻ (13), ലിട്ടൺ ദാസ് (21), മഹ്മദുള്ള (10), മെഹ്ദി ഹസൻ (0), തൈജുൾ ഇസ്ലാം (1), ഇബാദത്ത് ഹുസൈൻ (2) എന്നിവരാണ് പുറത്തായ താരങ്ങൾ.

ഒന്നാം ഇന്നിങ്‌സിൽ ദയനീയമായ ബാറ്റിങ് തകർച്ചയാണ് ബംഗ്ലാദേശിന് നേരിട്ടത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സന്ദർശകർ ഒന്നാം ദിനം തന്നെ ഓൾഔട്ടായി. ഇന്ത്യൻ ബൗളർമാരെ നേരിട്ട് തകർന്ന ബംഗ്ലാദേശിന് 58.3 ഓവറിൽ 150 റൺസ് മാത്രമാണ് നേടാനായത്. മൂന്നു വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് ഷമി, രണ്ടു വിക്കറ്റ് വീതമെടുത്ത ഇഷാന്ത് ശർമ, ഉമേഷ് യാദവ്, ആർ. അശ്വിൻ എന്നിവരാണ് സന്ദർശകരെ തകർത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP