Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എന്തുവില കൊടുത്തും സിബിഐ അന്വേഷണത്തെ ചെറുക്കും; പെരിയ ഇരട്ടക്കൊലക്കേസിൽ നേരറിയാൻ സിബിഐ വരേണ്ടെന്ന് വാദിക്കാൻ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിങ്ങിന് ഓരോ ഹിയറിങ്ങിനും 20 ലക്ഷം; ഒപ്പം സഹായിയായി വരുന്ന ജൂനിയർ അഭിഭാഷകൻ പ്രഭാഷ് ബജാജിന് ഒരു ലക്ഷവും; മുൻ സോളിസിറ്റർ രഞ്ജിത് കുമാറിന് നേരത്തെ നൽകിയത് കാൽക്കോടി; സർക്കാർ ഖജനാവിലെ നികുതിപ്പണം എടുത്തുള്ള ധൂർത്തിനായി ഉത്തരവ് പുറത്തിറക്കി ധനവകുപ്പ്

എന്തുവില കൊടുത്തും സിബിഐ അന്വേഷണത്തെ ചെറുക്കും; പെരിയ ഇരട്ടക്കൊലക്കേസിൽ നേരറിയാൻ സിബിഐ വരേണ്ടെന്ന് വാദിക്കാൻ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിങ്ങിന് ഓരോ ഹിയറിങ്ങിനും 20 ലക്ഷം; ഒപ്പം സഹായിയായി വരുന്ന ജൂനിയർ അഭിഭാഷകൻ പ്രഭാഷ് ബജാജിന് ഒരു ലക്ഷവും; മുൻ സോളിസിറ്റർ രഞ്ജിത് കുമാറിന് നേരത്തെ നൽകിയത് കാൽക്കോടി; സർക്കാർ ഖജനാവിലെ നികുതിപ്പണം എടുത്തുള്ള ധൂർത്തിനായി ഉത്തരവ് പുറത്തിറക്കി ധനവകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ വൻതിരിച്ചടി നേരിട്ടതോടെ സിബിഐ അന്വേഷണത്തെ എതിർക്കാൻ സർക്കാർ ചെലവിടുന്നത് ലക്ഷങ്ങൾ. കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ ഡിവിഷൻ ബഞ്ചിൽ സർക്കാർ നൽകിയ അപ്പീലിൽ ഹാജരാകുന്നത് വിലപിടിപ്പുള്ള അഭിഭാഷകരെ. അതും ലക്ഷങ്ങൾ ഓരോ ഹിയറിംഗിനും വാങ്ങുന്നവരെ. സർക്കാർ ഏർപ്പാടാക്കിയ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗിന് ഓരോ ഹിയറിങ്ങിനും നൽകുന്നത് 20 ലക്ഷം രൂപയാണ്. ധനകാര്യ വകുപ്പിന്റെ ഉത്തരവ് പുറത്തിറക്കിയതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. നേരത്തെ ഇതേ കേസിൽ ഹാജരായ മുൻ സോളിസിറ്റർ രഞ്ജിത്ത് കുമാറിന് 25 ലക്ഷം രൂപയാണ് സർക്കാർ നൽകിയത്. 25 ലക്ഷത്തിൽ അഞ്ച് ലക്ഷം രൂപ രഞ്ജിത്ത് കുമാറിന്റെ കൺസൾട്ടേഷൻ ഫീസായിരുന്നു.

സർക്കാർ ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നതോടെ, ജനങ്ങളുടെ നികുതി പണം എടുത്ത് ഇത്രയും ലക്ഷങ്ങൾ സിബിഐ എതിർക്കാൻ വേണ്ടി ചെലവഴിക്കുന്നത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്. സിപിഎം പ്രവർത്തകർ പ്രതികളായ കേസിൽ ശരിയായ രീതിയിലൂള്ള അന്വേഷണത്തെ ചെറുക്കാനാണ് സർക്കാർ വൻതുക മുടക്കുന്നതെന്നും വിമർശനം ഉയർന്നിട്ടുണ്ട്. വൻസാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന സമയത്തുള്ള ഇത് ധൂർത്ത് മാത്രമല്ല, വൻകൊള്ളയാണെന്നും ആരോപണമുണ്ട്.

പെരിയയിലെ ശരത് ലാൽ, കൃപേഷ് എന്നിവരുടെ കൊലപാതക കേസിലാണ് കുറ്റപത്രം റദ്ദാക്കി സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും സർക്കാറിന് വേണ്ടി ഹാജരായത് മുതിർന്ന അഭിഭാഷകനായ മനീന്ദർ സിങ് ആയിരുന്നു. മനീന്ദർ സിംഗിനെ പ്രതിഫലം നിശ്ചയിച്ച് ധനവകുപ്പ് കഴിഞ്ഞ ദിവസമാണ് ഉത്തരവ് പുറത്തിറക്കിയത്. 20 ലക്ഷം രൂപയാണ് ഓരോ ഹിയറിങ്ങിനും മനീന്ദർ സിംഗിന് നൽകുക. അദ്ദേഹത്തോടൊപ്പമുള്ള ജൂനിയർ അഭിഭാഷകൻ പ്രഭാസ് ബജാജിന് ഒരു ലക്ഷം രൂപ നൽകാനും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.

നേരത്തെ ഹൈക്കോടതി കേസ് സിബിഐ അന്വേഷണത്തിന് വിട്ടത് പൊലീസ് അന്വേഷണത്തെ നിശിതമായി വിമർശിച്ചുകൊണ്ടാണ്്. കേസിൽ കൃത്യമായ അന്വേഷണം നടന്നില്ലെന്നും, സാക്ഷികളേക്കാൾ പ്രതികളെ പൊലീസ് വിശ്വാസത്തിലെടുത്തെന്നും കോടതി പറഞ്ഞു.\ഫൊറൻസിക് സർജന്റെ മൊഴി യഥാസമയം രേഖപ്പെടുത്തിയില്ല. ആദ്യപ്രതിയുടെ മൊഴിവച്ചാണ് കുറ്റപത്രം തയാറാക്കിയതെന്നും കോടതി പരാമർശിച്ചു. പ്രതികളെ അറസ്റ്റ് ചെയ്തതല്ല, അവർ കീഴടങ്ങിയതാണെന്ന് നിരീക്ഷിച്ച കോടതി ഈ കുറ്റപത്രം അനുസരിച്ച് വിചാരണ നടന്നാൽ പ്രതികൾ ശിക്ഷിക്കപ്പെടില്ലെന്നും വിമർശിച്ചു. പൊലീസ് അന്വേഷണം നീതിപൂർവകമല്ലെന്നും രാഷ്ട്രീയ ചായ്‌വുണ്ടായതായും കോടതി നിരീക്ഷിച്ചു.

ഇരട്ടക്കൊല ആസൂത്രണം ചെയ്തത് സിപിഎം ആകാൻ സാധ്യതയുണ്ടെന്നും രാഷ്ട്രീയകൊലപാതകമെന്ന് എഫ്‌ഐആറിൽത്തന്നെ വ്യക്തമെന്നും പ്രതികൾ കൊലയ്ക്കുശേഷം പാർട്ടി ഓഫിസിൽ പോയത് പൊലീസ് ഗൗരവമായെടുത്തില്ലെന്നും കോടതി പറഞ്ഞു.അതേസമയം, പെരിയ ഇരട്ടക്കൊലക്കേസിൽ സിപിഎം ഉന്നത നേതാക്കളുടെ പങ്കിനു തെളിവില്ലെന്നു ക്രൈംബ്രാഞ്ച് വിശദീകരണം നൽകിയിരുന്നു. മുൻ എംഎൽഎ കെ. വി. കുഞ്ഞിരാമനെയോ കല്യാട്ടെ സിപിഎം നേതാവ് വി. പി. പി. മുസ്തഫയെയോ കേസുമായി ബന്ധിപ്പിക്കാനായിട്ടില്ല. സിപിഎമ്മിനോട് ഔദാര്യമൊന്നും കാണിച്ചിട്ടില്ല. അന്വേഷണത്തിൽ ബാഹ്യ ഇടപെടലില്ല. സിബിഐക്കു വിടേണ്ട സാഹചര്യമില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, ഹൈക്കോടതി ഈ വാദം മുഖവിലയ്‌ക്കെടുത്തില്ല.

കാസർകോട് പെരിയ ഇരട്ടക്കൊല കേസിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യമില്ലെന്നും കുറ്റപത്രം സമർപ്പിച്ചതാണെന്നുമാണ് അപ്പീലിൽ സർക്കാരിന്റെ വാദം. കൃത്യത്തിന് പിന്നിൽ സിപിഎമ്മിന്റെ ഗൂഢാലോചനയുണ്ടെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നുമാണ് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടത്. കേസിൽ എല്ലാ പ്രതികളെയും പിടികൂടിയതാണെന്നും ഗൂഢാലോചന അടക്കം മുഴുവൻ കാര്യങ്ങളും നേരത്തെ തന്നെ അന്വേഷിച്ചതാണെന്നുമാണ് ഇക്കാര്യത്തിൽ സർക്കാരിന്റെ വാദം. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമാണെന്നും ഹർജിയിൽ സർക്കാർ വ്യക്തമാക്കുന്നു.

കേസിലെ ഉന്നതതല ഗൂഢാലോചന കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് കൊല്ലപ്പെട്ട കൃപേഷ്, ശരത് ലാൽ എന്നിവരുടെ അച്ഛന്മാർ ഹൈക്കോടതിയെ സമീപിച്ചത്. ഫെബ്രുവരി 17 ന് ആയിരുന്നു പെരിയ കല്യോട്ട് ക്ഷേത്രത്തിലെ ആഘോഷ കമ്മിറ്റി രൂപീകരണത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP