Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശബരിമലയിൽ ഈ മണ്ഡലകാലം യുവതികളെ കയറ്റേണ്ടതില്ല; പുനപരിശോധനാ ഹർജികളിൽ സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് തീർപ്പ് ഉണ്ടാക്കിയിട്ടില്ല; നിലവിലെ യുവതീ പ്രവേശന വിധി സ്റ്റേ ചെയ്തിട്ടുമില്ല; വിധിയിൽ അവ്യക്തത നിലനിൽക്കുന്ന സാഹചര്യത്തിലാണ് അന്തിമ തീർപ്പിന് ശേഷം മതി യുവതീ പ്രവേശനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; വിശ്വാസികളെ സർക്കാരിനെതിരെ തിരിക്കാനുള്ള ശ്രമം വിലപ്പോകില്ല, മാന്തി പുണ്ണാക്കാൻ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി എ കെ ബാലൻ

ശബരിമലയിൽ ഈ മണ്ഡലകാലം യുവതികളെ കയറ്റേണ്ടതില്ല; പുനപരിശോധനാ ഹർജികളിൽ സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് തീർപ്പ് ഉണ്ടാക്കിയിട്ടില്ല; നിലവിലെ യുവതീ പ്രവേശന വിധി സ്റ്റേ ചെയ്തിട്ടുമില്ല; വിധിയിൽ അവ്യക്തത നിലനിൽക്കുന്ന സാഹചര്യത്തിലാണ് അന്തിമ തീർപ്പിന് ശേഷം മതി യുവതീ പ്രവേശനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; വിശ്വാസികളെ സർക്കാരിനെതിരെ തിരിക്കാനുള്ള ശ്രമം വിലപ്പോകില്ല, മാന്തി പുണ്ണാക്കാൻ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി എ കെ ബാലൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം പുനപ്പരിശോധിക്കണം എന്ന ഹർജികളിൽ വ്യക്തത വരും വരെ ശബരിമല യുവതീപ്രവേശനം അനുവദിക്കേണ്ടെന്ന് സിപിഎം. തിരുവനന്തപുരത്ത് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനം എടുത്തത്. പുനപരിശോധന ഹർജികളിൽ സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് തീർപ്പ് ഉണ്ടാക്കിയിട്ടില്ല. നിലവിലെ യുവതീ പ്രവേശന വിധി സ്റ്റേ ചെയ്തിട്ടുമില്ല. ഈ സാഹചര്യത്തിൽ സുപ്രീംകോടതി വിധിയിൽ അവ്യക്തത നിലനിൽക്കുന്ന സാഹചര്യത്തിലാണ് അന്തിമ തീർപ്പിന് ശേഷം മതി യുവതീ പ്രവേശം എന്ന നിലപാടിലേക്ക് സിപിഎം എത്തുകയായിരുന്നു. അല്ലാത്ത പക്ഷം യുവതികളെ കയറ്റിയാൽ രാഷ്ട്രീയമായി എതിരാളികൾ മുതലെടുക്കുമെന്ന് സിപിഎമ്മിന് വ്യക്തമാക്കി.

കോടതി വിധിയിൽ അവ്യക്തത നീങ്ങിയിട്ടില്ലെന്ന് നിയമ മന്ത്രി ഏകെ ബാലനും സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. സർക്കാർ വിശദമായ നിയമോപദേശം തേടിയിട്ടുണ്ട്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ മലകയറാൻ യുവതികൾ എത്തിയാൽ പൊലീസ് സംരക്ഷണം നൽകില്ല. അതല്ലെങ്കിൽ ശബരിമലയിലേക്ക് എത്തുന്ന യുവതികൾ കോടതി വിധി കൊണ്ടു വരണമെന്നും മന്ത്രി എകെ ബാലൻ പറഞ്ഞു. വിശ്വാസികളെ സർക്കാരിനെതിരെ തിരിക്കാൻ ബോധപൂർവ്വം നടക്കുന്ന ശ്രമം ഇനി വിലപ്പോകില്ലെന്നും മാന്തി പുണ്ണാക്കാൻ ആരെയും അനുവദിക്കില്ലെന്നും എകെ ബാലൻ പറഞ്ഞു,

അതേസമയം യുവതികൾക്ക് സംരക്ഷണം നൽകില്ല, പോകാൻ ആഗ്രഹിക്കുന്നവർ കോടതി ഉത്തരവുമായി വരണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വ്യക്തത വരുത്തിയതിന് ശേഷം മാത്രമേ യുവതീ പ്രവേശനത്തിൽ തുടർനടപടി സ്വീകരിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് കൂടുതൽ കടുപ്പിച്ച് ദേവസ്വം മന്ത്രിയും രംഗത്തെത്തിയത്. ദർശനം നടത്താനെത്തുമെന്ന് പ്രഖ്യാപിച്ച തൃപ്തി ദേശായി ഉൾപ്പടെയുള്ളവരെ രൂക്ഷമായി വിമർശിച്ചാണ് കടകംപള്ളി സുരേന്ദ്രൻ സർക്കാർ നയം വ്യക്തമാക്കിയത്.

ആക്ടിവിസ്റ്റുകൾക്ക് കയറി അവരുടെ ആക്ടിവിസം പ്രദർശിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല. ഇത് തന്റെ തുടക്കം മുതലുള്ള നിലപാടാണ്. ഞങ്ങളിതാ ശബരിമലയിലേക്ക് വരാൻ പോകുന്നുവെന്ന് വാർത്താ സമ്മേളനം നടത്തുന്നവർക്ക് വ്യക്തിപ്രഭാവം പ്രദർശിപ്പിക്കുക മാത്രമാണ് ലക്ഷ്യമെന്നും ദേവസ്വം മന്ത്രി വിമർശിച്ചു. യുവതീ പ്രവേശന വിധി നിലനിൽക്കുമോ എന്ന കാര്യത്തിൽ നിയമ വിദഗ്ദ്ധർക്കിടയിൽ വിരുദ്ധ അഭിപ്രായമുണ്ട്. പഴയവിധി അസ്ഥിരപ്പെട്ടുവെന്ന് ഒരു വിഭാഗം. ആ വിധി നിലനിൽക്കുന്നുവെന്ന് മറ്റൊരു കൂട്ടർ. ഇത് സംബന്ധിച്ച് വ്യക്തത വരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

അതിനിടെ ദർശനത്തിനെത്തുന്ന യുവതികളെ തടയുമെന്ന് ആചാര സംരക്ഷണസമിതി പ്രഖ്യാപിച്ചിരിക്കെ ക്രമസമാധാന പ്രശ്‌നങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ പൊലീസിന്റെ ഭാഗത്തു നിന്നും ശ്രമം തുടങ്ങി. എത്തുന്ന യുവതികൾക്ക് സംരക്ഷണം നൽകില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുക. അതേസമയം, സർക്കാരിന്റെ നിലപാട് അറിഞ്ഞശേഷം അനുയോജ്യമായ തീരുമാനം എടുക്കുമെന്നാണ് ഉന്നത പൊലീസ് വൃത്തങ്ങൾ പറഞ്ഞത്.

ദുബായിലെ ഔദ്യോഗിക സന്ദർശനത്തിന് ശേഷം ഡി.ജി.പി ലോക് നാഥ് ബെഹ്‌റ ഇന്ന് പുലർച്ചെ മടങ്ങിയെത്തിയിട്ടുണ്ട്. ഡി.ജി.പിയും മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം ഇക്കാര്യത്തിൽ വ്യക്തത വരുത്തും. കഴിഞ്ഞവർഷം ശബരിമല സീസണിലുണ്ടായ സംഘർഷങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും നിർഭാഗ്യകരമായ സംഭവങ്ങളും സർക്കാരിനും പൊലീസിനുമെതിരെ വിമർശനങ്ങൾക്ക് ഇടവരുത്തിയിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തിരിച്ചടിയും നേരിട്ടിരുന്നു. അതിനാൽ, ഇക്കുറി നിയമോപദേശം ഉൾപ്പെടെ തേടിയശേഷമാവും സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.അതേസമയം, മണ്ഡലകാല പൂജകൾക്കായി ശബരിമല നട നാളെ തുറക്കുമ്പോൾ യുവതികൾ ദർശനത്തിന് എത്തിയാലുള്ള സ്ഥിതിയെ പൊലീസ് ഗൗരവമായി വീക്ഷിക്കുന്നുണ്ട്.

അതിനിടെ ആക്ടിവിസ്റ്റുകൾ ഉൾപ്പെടെയുള്ളവർ ദർശനത്തിന് എത്തിയേക്കുമെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് ചെയ്യുന്നു. ഇവരെ ക്രമസമാധാന പ്രശ്‌നങ്ങളും സാഹചര്യങ്ങളും ബോദ്ധ്യപ്പെടുത്തി പമ്പയിൽ നിന്ന് തിരിച്ചയയ്ക്കാനാകും പൊലീസ് ശ്രമിക്കുക. ദർശനത്തിന് എത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് സ്ഥാപകയും ആക്ടിവിസ്റ്റുമായ തൃപ്തി ദേശായി അറിയിച്ചിട്ടുണ്ട്.ദർശനം നടത്താൻ 36 യുവതികൾ ഓൺലൈനായി രജിസ്റ്റർ ചെയ്തിട്ടുള്ളതായി അഭ്യൂഹങ്ങളുണ്ടെങ്കിലും ദർശനത്തിന് ബുക്ക് ചെയ്തിരിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടില്ലെന്നും യുവതികൾ ബുക്ക് ചെയ്തവരുടെ കൂട്ടത്തിലുണ്ടോയെന്ന് അറിയില്ലെന്നുമാണ് പൊലീസിന്റെ ഔദ്യോഗിക വിശദീകരണം.

യുവതികൾക്ക് കയറാൻ പൊലീസ് സംരക്ഷണം ഒരുക്കിയാൽ ഈ മണ്ഡലകാലവും കടന്നുപോവുക സംഘർഷങ്ങളിലൂടെയായിരിക്കും.അതേസമയം, ക്രമസമാധാനത്തിൽ ഒരു തരത്തിലും ഭംഗം വരുന്ന പ്രവൃത്തികൾ ഉണ്ടാകരുതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. സുപ്രീംകോടതി വിധിയെ തുടർന്ന് കഴിഞ്ഞ മണ്ഡലകാലത്ത് 15,000 ത്തിലധികം പൊലീസുകാരാണ് സുരക്ഷയ്ക്കായി ഉണ്ടായിരുന്നത്. അൻപത് വയസ് കഴിഞ്ഞ അഞ്ഞൂറോളം വനിതാ പൊലീസുകാരെയും നിയോഗിച്ചിരുന്നു. എന്നാൽ ഇത്തവണ അഞ്ച് ഘട്ടങ്ങളായി 10,017 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. 1500 ലധികം സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും ഡ്യൂട്ടിയിലുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP