Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊലീസ് ഇത്തവണ മലകയറുക വിശ്വാസ സംരക്ഷണത്തിന്; എടുത്ത ചാട്ടമില്ലാത്ത ദർവേസ് സാഹിബിനെ ചീഫ് കോഓർഡിനേറ്ററാക്കിയത് പേരു ദോഷം വരാതിരിക്കാൻ; സുരക്ഷാ പ്ലാൻ തയ്യറാക്കുന്നത് ഐജി അജിത് കുമാർ; മനോജ് എബ്രഹാമിനും വിജയ് സാഖറെയ്ക്കും ഹരിശങ്കറിനും ഇത്തവണ ചുമതല നൽകില്ല; ക്ഷോഭിക്കുന്ന പൊലീസ് പുലികൾക്കും വിലക്ക്; സന്നിധാനത്തെ സുരക്ഷാ ചുമതല ഏറ്റെടുത്ത് രാഹുൽ ആർ നായർ; വിശ്വാസം വീണ്ടെടുക്കാൻ കരുതലോടെ പിണറായി സർക്കാരും

പൊലീസ് ഇത്തവണ മലകയറുക വിശ്വാസ സംരക്ഷണത്തിന്; എടുത്ത ചാട്ടമില്ലാത്ത ദർവേസ് സാഹിബിനെ ചീഫ് കോഓർഡിനേറ്ററാക്കിയത് പേരു ദോഷം വരാതിരിക്കാൻ; സുരക്ഷാ പ്ലാൻ തയ്യറാക്കുന്നത് ഐജി അജിത് കുമാർ; മനോജ് എബ്രഹാമിനും വിജയ് സാഖറെയ്ക്കും ഹരിശങ്കറിനും ഇത്തവണ ചുമതല നൽകില്ല; ക്ഷോഭിക്കുന്ന പൊലീസ് പുലികൾക്കും വിലക്ക്; സന്നിധാനത്തെ സുരക്ഷാ ചുമതല ഏറ്റെടുത്ത് രാഹുൽ ആർ നായർ; വിശ്വാസം വീണ്ടെടുക്കാൻ കരുതലോടെ പിണറായി സർക്കാരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴിഞ്ഞ തവണത്തെ നടപടികളിൽ കുറ്റബോധമില്ലെങ്കിലും ഈ തീർത്ഥാടനകാലത്ത് സർക്കാരിന്റെ ഇടപെടൽ കരുതലോടെ മാത്രം. കഴിഞ്ഞ സീസണിൽ വിവാദ പുരുഷന്മാരായ ഐപിഎസുകാരെ ആരേയും സന്നിധാനത്ത് ഡ്യൂട്ടിക്ക് നിയോഗിക്കില്ല. എഡിജിപി മനോജ് എബ്രഹാം അടക്കമുള്ളവരെ ശബരിമലയിലെ ചുമതലയിൽ നിന്ന് മാറ്റി. ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ പല നടപടികൾക്കും നേതൃത്വം നൽകിയ ഉദ്യോഗസ്ഥനായ ഐജി വിജയ് സാഖറെയും ശബരിമലയിൽ ഇത്തവണ ചുമതലയിൽ ഉണ്ടാകില്ല. പൊലീസിൽ എടുത്തു ചാട്ടക്കാരനല്ലാത്ത എഡിജിപി ഷേയ്ക് ദർവേസ് സാഹിബിനാണ് ചീഫ് കോഓഡിനേറ്ററുടെ ചുമതല. ഇതടക്കമുള്ള കാര്യങ്ങളിൽ വളരെ കരുതലോടെയുള്ള തീരുമാനമാണ് സർക്കാർ എടുത്തത്.

ശബരിമലയിലെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്ന ചുമതല ഐജിയും തിരുവനന്തപുരം കമ്മീഷണറുമായ എംആർ അജിത് കുമാറിനാണ്. ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നതും മറ്റും അജിത് കുമാറാണ്. ശബരിമലയിൽ യുവതികൾ തുടക്കത്തിൽ എത്തുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സുപ്രീംകോടതി വിധിയിൽ വ്യക്തതയില്ലാത്തതുകൊണ്ടാണ് ഇത്. ഈ സാഹചര്യത്തിൽ സന്നിധാനത്തെ സുരക്ഷ നിയന്ത്രിക്കുക രാഹുൽ ആർ നായരാണ്. എസ് പിമാരിൽ ഏറ്റവും സീനിയറായ രാഹുൽ തികഞ്ഞ വിശ്വാസിയാണെന്നതാണ് ഇതിന് കാരണം. ശബരിമലയിൽ എത്തി രാഹുൽ സുരക്ഷാ ചുമതല ഏറ്റെടുത്തിട്ടുണ്ട്. അതിന് ശേഷം മറ്റൊരു വിശ്വാസിയായ ശ്രീനിവാസാകും ശബരിമലയിൽ കാര്യങ്ങൾ നിയന്ത്രിക്കുക. അങ്ങനെ വിശ്വാസത്തെ ഹനിക്കുന്നതൊന്നും നടക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് സർക്കാർ. പമ്പയിലും നിലയ്ക്കലും ഇത്തവണ എസ്‌പിമാർ മാത്രമേ ഉണ്ടാകൂ.

കഴിഞ്ഞ സീസണിൽ യുവതി പ്രവേശത്തിന് കരുക്കൾ നീക്കിയ കോട്ടയം എസ് പിയായിരുന്ന ഹരിശങ്കർ അടക്കമുള്ളവർക്ക് ഇത്തവണ ചുമതലുണ്ടാകില്ല. എഡിജിപിയായിരുന്ന മനോജ് എബ്രാഹിമന്റെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ തവണ ശബരിമലയിൽ സുരക്ഷാ ക്രമീകരണങ്ങൾ നടത്തിയത്. നിലയ്ക്കലിൽ യതീഷ് ചന്ദ്രയും മറ്റും നടത്തിയ നീക്കങ്ങളും വിവാദമായി. രഹ്ന ഫാത്തിമയെ മലകയറ്റി തിരിച്ചറക്കി വിവാദത്തിലായ ഐപിഎസുകാരൻ ശ്രീജിത്തിനും ഇത്തവണ ചുമതലയുണ്ടാകില്ല. അയ്യപ്പന് മുമ്പിൽ നിറകണ്ണീരുമായി ശ്രീജിത്ത് തൊഴുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. ഇതുകൊണ്ട് മാത്രമാണ് വിശ്വാസിയായ ശ്രീജിത്തിന് ഇത്തവണ ഉത്തരവാദിത്തം നൽകാത്തത്. ചീഫ് പൊലീസ് കമ്മീഷണറുടെ ചുമതലയിൽ എല്ലാം ഷേയ്ക് ദർവേസ് സാഹിബ് നിയന്ത്രിക്കുമ്പോൾ അജിത് കുമാറാണ് ഡെപ്യൂട്ടി. ശബരിമലയിലെ പരിചയം കണക്കിലെടുത്ത് അജിത് കുമാറിനാകും സേനാ വിന്യാസത്തിന്റെ ചുമതല.

ശബരിമല യുവതി പ്രവേശനത്തിൽ പുതിയ നിലപാട് വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്ത് വന്നിട്ടുണ്ട്. മല കയറാൻ യുവതികൾ എത്തിയാൽ സംരക്ഷണം നൽകാനില്ല. പൊലീസ് സംരക്ഷണയിൽ യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകില്ല. അങ്ങനെ പോകണമെന്നുണ്ടെങ്കിൽ അവർ കോടതി ഉത്തരവുമായി വരട്ടെയെന്നു മന്ത്രി പറഞ്ഞു. പുനഃപരിശോധന ഹർജികൾ തീർപ്പ് പറയാതെ മാറ്റിവച്ച സുപ്രീംകോടതി വിധിയിൽ അവ്യക്തതകൾ മുഴുവൻ നീങ്ങിയിട്ടില്ല. ഒരു തരത്തിലും പ്രശ്‌നങ്ങൾ ഉണ്ടാകാതെ മണ്ഡലകാലം കഴിയുമെന്നാണ് പ്രതീക്ഷ. അതിന് എല്ലാവരുടേയും സഹകരണം വേണമെന്നും മന്ത്രി വ്യക്തമാക്കി. ഇത് തന്നെയാണ് പൊലീസുകാരുടെ ചുമതല നിശ്ചയിക്കലിലും പ്രതിഫലിക്കുന്നത്. ഭക്തരോട് ചേർന്ന് നിൽക്കുന്നവർ മാത്രമാകും ഇത്തവണ കാര്യങ്ങൾ നിയന്ത്രിക്കാൻ ശബരിമലയിലും പമ്പയിലും സന്നിധാനത്തും ഉണ്ടാവുക.

ആക്റ്റിവിസ്റ്റുകൾക്ക് കയറി അവരുടെ ആക്റ്റിവിസം പ്രചരിപ്പിക്കാനുള്ള ഇടമല്ല ശബരിമലയെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിശദീകരിച്ചിട്ടുണ്ട്. തൃപ്തി ദേശായിയെപ്പോലെയുള്ള ആക്ടിവിസ്റ്റുകൾക്ക് അവരുടെ ശക്തി തെളിയിക്കുവാനുള്ള ഇടമായി ശബരിമലയെ കാണേണ്ടതില്ല. ഞങ്ങളിതാ ശബരിമലയിലേക്ക് വരാൻ പോകുന്നുവെന്ന് ചിലർ വാർത്താ സമ്മേളനം നടത്തുന്നതാണ് പ്രശ്നം. തങ്ങളുടെ വ്യക്തിപ്രഭാവം പ്രദർശിപ്പിക്കുക എന്നതല്ലാതെ ഭക്തിയൊന്നുമല്ല അവരുടെ ലക്ഷ്യം. അത്തരം വ്യക്തിതാത്പര്യങ്ങൾക്കൊന്നും ഗവൺമെന്റ് കൂട്ടുനിൽക്കില്ല. ഇത്തരക്കാരുടെ പ്രസ്താവനകളുടെ പ്രസ്താവനകളും, ഇതിന് എതിർ നിൽക്കുന്നവരുടെ പ്രസ്താവനകളും വാങ്ങി തീർത്ഥാടനത്തെ അലങ്കോലമാക്കരുതെന്നും മന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്.

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് നാളെ തുടക്കമാകും. നാളെ വൈകുന്നേരമാണ് നട തുറക്കുക. നട തുറക്കുന്നതിനു പിന്നാലെ പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ അവരോധിക്കുന്ന ചടങ്ങുകൾ നടക്കും. വൃശ്ചികപ്പുലരിയായ 17നു രാവിലെ നട തുറന്നു മണ്ഡലകാല പൂജകളാരംഭിക്കും. മണ്ഡലകാലവും മകരവിളക്കും കഴിഞ്ഞ് ജനുവരി 20 വരെയാണ് തീർത്ഥാടനകാലം. കഴിഞ്ഞ വർഷം യുവതികൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് ശേഷം നടന്ന മണ്ഡലകാല തീർത്ഥാടനത്തിൽ വലിയ സംഭവ വികാസങ്ങളാണ് ഉണ്ടായത്. ഇതിനിടെ പൊലീസ് സംരക്ഷണയിൽ രണ്ടു സ്ത്രീകൾ മലചവിട്ടുകയും സുപ്രീം കോടതി വിധി നടപ്പിലാക്കുകയും ചെയ്തു. ഇതൊന്നും ഇത്തവണയുണ്ടാകില്ല.

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് സുപ്രീംകോടതി വിശാലബെഞ്ച് ഹർജികൾ പരിശോധിക്കുന്ന സാഹചര്യത്തിൽ ശബരിമലയിലേക്ക് തൽക്കാലം യുവതികളെ പ്രവേശിപ്പിക്കേണ്ടെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. കഴിഞ്ഞ വർഷം ശബരിമലയിൽ എത്തുന്ന യുവതികൾക്ക് സംരക്ഷണം നൽകുമെന്ന പിണറായി സർക്കാരിന്റെ നിലപാടിനെതിരെ സംസ്ഥാനത്തെ ഭക്തർക്കിടയിൽ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇത് വിവാദമാവുകയും ലോക്സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പിനെ ഇത് പ്രതികൂലമായി ബാധിക്കുകയും കേസ് ഏഴംഗ ബെഞ്ചിന് കൈമാറുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കാർ നിലപാട് മാറ്റുന്നക്, മതാചാരം കോടതിയാണോ നിർണ്ണയിക്കേണ്ടെതടക്കമുള്ള കാര്യങ്ങളാണ് വിശാല ബഞ്ചിന്റെ പരിഗണനക്ക് വിട്ടത്.

ഈ സാഹചര്യത്തിൽ യുവതീ പ്രവേശനവിധി കർശനമായി പാലിച്ചാൽ തിരിച്ചടിയുണ്ടാകുമെന്നാണ് സർക്കാറിന്റെ പൊതുവിലയിരുത്തൽ. മണ്ഡലകാലം തുടങ്ങാനിരിക്കെ സംഘർഷം ഒഴിവാക്കാനാണ് സർക്കാറിന്റെ പ്രഥമ പരിഗണന. യുവതികളെത്തിയാൽ പൊലീസിനെ കൊണ്ട് അനുനയിപ്പിച്ച് തിരിച്ചയക്കുന്ന രീതി തുടരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP